കാറ്റാടിപാടം കാണാന്‍ ബോഗംപെട്ടിയില്‍

Tuesday, 28 May 2013 23:23 എം.ജി. രാമചന്ദ്രന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍
Print

CDP സി.ഡി.പി. സബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിന് വെളിയില്‍ ആദ്യമായി നടത്തിയ പരിശീലന പരിപാടിയുടെ ഭാഗമായായിരുന്നു മെയ് 17നുള്ള തമിഴ്‌നാട് ബോഗംപെട്ടിയിലെ കാറ്റാടിപാടത്തിലേക്കുള്ള യാത്ര. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി 27 ഓഫീസര്‍മാരാണ് ഇതില്‍ പങ്കെടുത്തത്. മണ്ണാര്‍ക്കാട് സബ് സ്റ്റേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മൂര്‍ത്തി എസ്. ആയിരുന്നു പഠനയാത്രയുടെ ക്യാപ്റ്റന്‍.

 

സുസ്‌ലോണ്‍ കമ്പനിയിലെ എഞ്ചിനീയര്‍ ശ്രീ. നാഗരാജിന്റെ നേതൃത്വത്തില്‍ ഞങ്ങളെ സ്വീകരിച്ചു. വിന്റ്മില്ലിന്റെ പ്രവര്‍ത്തനത്തെ പറ്റിയും ഒരു വിന്റ്മില്‍ സ്ഥാപിക്കുവാന്‍ നടത്തേണ്ട പഠനങ്ങള്‍, സ്ഥലത്തിന്റെ തിരഞ്ഞെടുക്കല്‍, സിവില്‍ വര്‍ക്കുകള്‍, വിന്റ് മില്‍ സ്ഥാപിക്കല്‍ എന്നിവയുടെയെല്ലാം വിവരണം ആനിമേഷന്‍ സാങ്കേതിക വിദ്യയിലൂടെ നടത്തി.


സുസ് ലോണ്‍ കമ്പനിക്ക് 1.25 മെഗാവാട്ടിന്റെയും 2.1 മെഗാവാട്ടിന്റെയും വൈദ്യുതി ഉദ്പാദന വിന്റ്മില്ലുകളാണ് ഉള്ളത്. 2.1 മെഗാവാട്ടിന്റെ വിന്റ് മില്‍ സ്ഥാപിക്കുന്നതിന് സ്ഥലമുള്‍പ്പെടെ 12 കോടി രൂപയാണ് ഏകദേശം ചെലവ് വരുന്നത്. സുസ്‌ലോണ്‍ കമ്പനിയുടെ ബോഗംപെട്ടിയിലെ സ്ഥാപിതശേഷി 200 മെഗാവാട്ട് ആണ്. ഒരു സെന്‍ട്രലൈസ്ഡ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴിയാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. കാറ്റിന്റെ വേഗത സെക്കന്റില്‍ 4 മീറ്റര്‍ ആകുമ്പോള്‍ ഉദ്പാദനമാരംഭിക്കുകയും 25 ആകുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു. 630വി/33കെ.വി ട്രാന്‍സ്‌ഫോര്‍മര്‍ ഉപയോഗിച്ചാണ് ഉദ്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് കൊടുക്കുന്നത്. ഇവിടെ ഉദ്പാദിപ്പിക്കുന്ന ഒരു യൂണിറ്റ് വൈദ്യുതി 3.39 രൂപാ നിരക്കില്‍ തമിഴ്‌നാട് വാങ്ങുന്നു.


1.25 മെഗാവാട്ട് ശേഷിയുള്ള ഒരു വിന്റ്മില്ലിന്റെ സമീപത്തേക്കാണ് ശ്രീ നാഗരാജും സംഘവും തുടര്‍ന്ന് ഞങ്ങളെ കൊണ്ടു പോയത്. ഇതിന്റെ എല്ലാ ഭാഗങ്ങളും സുസ്‌ലോണ്‍ നിര്‍മ്മിതമാണ്. ഒരു വിന്റ്മില്ലിന് പ്രധാനമായും താഴെ പറയുന്ന ഭാഗങ്ങളാണ് ഉള്ളത്.


ജനറേറ്റര്‍, ഗിയര്‍ ബോക്‌സ്, റോട്ടര്‍ പിന്നെ അനുബന്ധ ഉപകരണങ്ങളോടു കൂടിയ നോസില്‍ ബ്ലേഡുകള്‍ വിന്റ് മില്‍ ഉയര്‍ത്തി നിര്‍ത്തുന്ന മാസ്റ്റ്


സ്‌ക്വിരല്‍ കേജ് ഇന്‍ഡക്ഷന്‍ ടൈപ്പ് ത്രീഫേസ്, 690 വോള്‍ട്ട് ജനറേറ്ററാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ആവശ്യമായ സ്പീഡ് കിട്ടുന്നതിന് ഗിയര്‍ബോക്‌സ് വഴിയാണ് ജനറേറ്ററും റോട്ടറും ബന്ധിപ്പിച്ചിരിക്കുന്നത്. 1250 ആര്‍.പി.എം. സ്പീഡില്‍ ജനറേറ്റര്‍ 630വി/33കെ.വി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും വൈദ്യുതി എടുത്ത് ജനറേറ്ററിന്റെ ഫീല്‍ഡ് എക്‌സൈറ്റ് ചെയ്യുന്നു. ജനറേറ്ററില്‍ ഉദ്പാദിപ്പിക്കുന്ന വൈദ്യുതി ഇതേ വഴിയിലൂടെ തന്നെ ഗ്രിഡിലേയ്ക്ക് കൊടുക്കുകയും ചെയ്യുന്നു. റോട്ടറിലാണ് ബ്ലേഡ് ഘടിപ്പിക്കുന്നത്. ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക്കില്‍ നിര്‍മ്മിതമായ ഒരു ബ്ലേഡിന് 32 മീറ്റര്‍ നീളവും 3 ടണ്‍ ഭാരവുമുണ്ട്. ഇത്തരത്തിലുള്ള 3 ബ്ലേഡുകളാണ് ഒരു വിന്റ്മില്ലിന്റെ റോട്ടറിലുള്ളത്. റോട്ടര്‍ ഒരു പ്രാവശ്യം കറങ്ങുമ്പോള്‍ ബ്ലേഡുകള്‍ കവര്‍ ചെയ്യുന്നത് 3217 സ്‌ക്വയര്‍ മീറ്റര്‍ വായുമണ്ഡലമാണ്. ബ്ലേഡിന്റെ പിച്ച് ആംഗിള്‍ അഡ്ജസ്റ്റ് ചെയ്താണ് റഗുലേഷന്‍ സാധ്യമാക്കിയിരിക്കുന്നത്. കൂടാതെ റോട്ടര്‍ 6ീ വരെ മാറ്റാനും കഴിയും. കാറ്റിന്റെ വേഗത അളക്കുവാനായി അനിമോ മീറ്ററും നോസിലില്‍ ഘടിപ്പിച്ചിട്ടുണ്ട്. വിന്റ് മില്‍ ഉയര്‍ത്തി നിര്‍ത്താനായി ആംഗിള്‍ അയേണ്‍ നിര്‍മ്മിതവുമായ രണ്ടുതരം മാസ്റ്റുകള്‍ ഉണ്ട്.


പ്രകൃതിയോടിണങ്ങി, പ്രകൃതിയെ കാര്യമായി മുറിവേല്‍പ്പിക്കാതെ വൈദ്യുതി ഉദ്പാദിപ്പിക്കുന്ന വിന്റ്മില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനുള്ള ഞങ്ങളുടെ യാത്ര ഒട്ടും പാഴായില്ല എന്ന് അംഗങ്ങളുടെ മുഖങ്ങളില്‍ നിന്ന് മനസ്സിലായി. കേരളത്തിലെ പൊന്‍മുടിയിലും, രാമക്കല്‍മേട്ടിലും, ചതുരംഗപ്പാറമേട്ടിലും, അട്ടപ്പാടിയിലും, കഞ്ചിക്കോട്ടും വിന്റ്മില്ലിന് ധാരാളം സാധ്യതകള്‍ ഉണ്ട്. ചിലയിടങ്ങളിലായി നാമമാത്രമായ ഉദ്പാദനം കാറ്റില്‍ നിന്ന് നടത്തുന്നുണ്ട്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള കേരളത്തിന്റെ കടലോരങ്ങളിലും തീരത്തോടടുത്തുള്ള കടലിലും വിന്റ്മില്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാനാകും.