മോഡല്‍ സെക്ഷനെക്കുറിച്ച്

Tuesday, 26 January 2010 23:23 Pradeep B
Print
Model sectionകഴിഞ്ഞ 6 മാസമായി 75 സെക്ഷനുകളില്‍ നടപ്പാക്കി വരുന്ന മോഡല്‍ സെക്ഷന്‍ സംവിധാനത്തെക്കുറിച്ച് വിലയിരുത്തല്‍ നടക്കുന്ന സന്ദര്‍ഭമാണല്ലോ. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ വിവിധ തലങ്ങളിലുള്ള സൂക്ഷ്മമായ പരിശോധനയ്ക്ക് ഈ പരീക്ഷണം വിധേയമായിട്ടുണ്ട്. ബോര്‍ഡില്‍ തുടക്കം മുതല്‍ നിലനിന്നിരുന്ന ജോലി സമ്പ്രദായങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഇതിലൂടെ നടപ്പായിട്ടുണ്ട്. അതുകൊണ്ട് തന്നെ തുടര്‍ച്ചയായ നിരീക്ഷണവും വിശകലനവും ഇവയുടെ ഫലപ്രാപ്തി വിലയിരുത്താന്‍ ആവശ്യമാണ്. ഈ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമെന്ന് കണ്ടെത്തുന്ന പരിഷ്കരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വേണം ഇതിനെ മുന്നോട്ടു കൊണ്ടുപോകേണ്ടത്.

വൈദ്യുതി വിതരണരംഗത്ത് കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന കാര്യത്തില്‍ ജീവനക്കാര്‍ക്കിടയിലും പൊതുസമൂഹത്തിലും വ്യത്യസ്ഥ അഭിപ്രായങ്ങളില്ല. എന്നാല്‍ മാറ്റങ്ങള്‍ എന്തിനു വേണ്ടി, എങ്ങിനെ എന്നീ കാര്യങ്ങളില്‍ പ്രകടമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വൈദ്യുതിരംഗം അടിമുടി പരിഷ്കരിക്കാന്‍ സ്വകാര്യവത്കരണവും മത്സരവും ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നാണ് കേന്ദ്രനിയമവും നയവും മുന്നോട്ടു വയ്ക്കുന്ന വാദം. ആത്യന്തികമായി സ്വകാര്യവല്ക്കരണത്തെയും കേന്ദ്ര നയങ്ങളെയും ഫലപ്രദമായി ചെറുക്കണമെങ്കില്‍ ബദല്‍ വാദം പ്രായോഗികമായി ശരിയാണെന്ന് കൂടി ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തെളിയേണ്ടതുണ്ട്. ഈ നിലയ്ക്ക് നോക്കുമ്പോള്‍ കേരളത്തിന്റെ വൈദ്യുതിരംഗം കാര്യക്ഷമമാക്കാന്‍ നടക്കുന്ന വിവിധ ശ്രമങ്ങള്‍, മോഡല്‍ സെക്ഷന്‍ ഉള്‍പ്പെടെ, നവ ഉദാരവല്ക്കരണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി കാണാന്‍ കഴിയും. ഉപഭോക്തൃ സേവനരംഗത്ത് ഇതര സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകാന്‍ കഴിയുംവിധം കെ.എസ്.ഇ.ബി. മാറുകയെന്നാല്‍ നവഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് പ്രസക്തിയില്ല എന്നാണ് പ്രായോഗിക ജീവിതാനുഭവത്തിലൂടെ പൊതുസമൂഹം  തിരിച്ചറിയുക.

വൈദ്യുതി വിതരണ രംഗത്ത് ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ നിരവധിയുണ്ട്. ജനങ്ങള്‍ക്ക് ലഭിക്കേണ്ട വിവിധ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായും കാര്യക്ഷമമായും ലഭ്യമാക്കാന്‍ മോഡല്‍ സെക്ഷനുകള്‍ എത്രത്തോളം സഹായകരമാണ് എന്നത് ഇത്തരുണത്തില്‍ പരിശോധിക്കേണ്ടതുണ്ട്. മോഡല്‍ സെക്ഷനുകളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ സംഘടന നടത്തിയ അഭിപ്രായ സര്‍വ്വേ ഈ ലക്ഷ്യത്തോടെയായിരുന്നു. തുടര്‍ന്ന് ബോര്‍ഡ് നേരിട്ട് ഉപഭോക്താക്കള്‍ക്കിടയിലും ജീവനക്കാര്‍ക്കിടയിലും അഭിപ്രായസര്‍വ്വേ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ ട്രേഡ് യൂണിയനുകള്‍ ഈ പരിഷ്കരണത്തോട് പ്രതികരിച്ചിട്ടുണ്ട്. മഹാഭൂരിപക്ഷം വരുന്ന ഉപഭോക്താക്കളും ജീവനക്കാരും മോഡല്‍ സെക്ഷന്‍ പ്രവര്‍ത്തനത്തെ സ്വാഗതം ചെയ്യുന്നതായാണ് സര്‍വ്വേഫലം വ്യക്തമാക്കുന്നത്. ഏറ്റവുമധികം അംഗീകാരം നേടിയ രണ്ട് മാറ്റങ്ങള്‍ ക്യാഷ് കളക്ഷന്‍ സമയം ദീര്‍ഘിപ്പിച്ചതും എന്‍ക്വയറി കൌണ്ടര്‍ സംവിധാനവുമാണ്. വിതരണ രംഗത്തെ വിവിധ ജോലികള്‍ നിര്‍വ്വഹിക്കാന്‍ വിവിധ ടീമുകള്‍  എന്ന നിലയ്ക്ക് നടത്തിയ ജോലിവിഭജനത്തെ ജീവനക്കാര്‍ പൊതുവില്‍ സ്വാഗതം ചെയ്തിട്ടുണ്ട്. വൈദ്യുതി തടസ്സങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനും വിവിധ സേവനങ്ങള്‍ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനും പുതിയ സംവിധാനം സഹായകരമായിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്.

പൊതുവായ ചില പോരായ്മകളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സെക്ഷനോഫീസുകളുടെ വലിപ്പം (വിസ്തീര്‍ണം, ഉപഭോക്താക്കളുടെ എണ്ണം, തുടങ്ങിയുള്ളവ പരിഗണിച്ച്) കണക്കിലെടുക്കാതെ ജീവനക്കാരുടെ എണ്ണം നിശ്ചയിക്കുന്നത് ചില സ്ഥലങ്ങളിലെങ്കിലും പ്രയാസമുണ്ടാക്കുന്നുണ്ട്. വാഹനത്തിന്റെ ലഭ്യത/ഉപയോഗം സംബന്ധിച്ചുള്ള ആശയക്കുഴപ്പം നിലനില്ക്കുന്നു. റവന്യൂ വിഭാഗത്തില്‍ കൂടുതല്‍ ജീവനക്കാര്‍ ആവശ്യമുണ്ട് എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എന്‍ക്വയറി കൌണ്ടറിലേക്ക് ആവശ്യമായ കമ്പ്യൂട്ടര്‍ സംവിധാനം വേഗത്തില്‍ ലഭ്യമാക്കേണ്ടതുണ്ട്.

കൂട്ടായ ചര്‍ച്ചകളിലൂടെ ഈ പോരായ്മകള്‍ കൂടി പരിഹരിച്ച് കുറ്റമറ്റ നിലയില്‍ മോഡല്‍ സെക്ഷനുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധിക്കേണ്ടത്. ഇതിനകം തന്നെ അംഗീകൃത ട്രേഡ്യൂണിയന്‍ സംഘടനകളുമായി ബോര്‍ഡ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ജീവനക്കാരും ഉപഭോക്താക്കളും രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ കൂടി ഈ ചര്‍ച്ചകളില്‍ സ്വാഭാവികമായും പ്രതിഫലിക്കും. തീര്‍ച്ചയായും ഇതൊരു പുതിയ തുടക്കമാണ്. വ്യവസായ നടത്തിപ്പില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് വ്യാപകമായ അഭിപ്രായ സ്വരൂപണത്തിലൂടെയും വിശദമായ ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാകുന്നത് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്.

കുറ്റമറ്റ രീതിയില്‍ ഈ നിലയ്ക്ക് രൂപപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങള്‍ ഒരൊറ്റ മനസ്സോടെയും ലക്ഷ്യത്തോടെയും ബോര്‍ഡിലാകെ നടപ്പാക്കേണ്ടതുണ്ട്. പൊതുമേഖലയ്ക്ക് കാര്യക്ഷമതയുള്ള ഉത്തമ സേവനദാതാവാകാന്‍ കഴിയുമെന്നതിന്റെ ഉദാത്ത മാതൃകയായി കെ.എസ്.ഇ.ബി.യെ മാറ്റുകയെന്ന വെല്ലുവിളിയാണ് നാമേറ്റെടുക്കേണ്ടത്. ഈ പരീക്ഷണം വിജയിക്കുന്നത് നവഉദാരവല്കരണ നയങ്ങള്‍ക്കുള്ള മുഖമടച്ച പ്രഹരമായി മാറുമെന്നതില്‍ സംശയം വേണ്ട.