വൈദ്യുതി ആനുകൂല്യങ്ങള്‍ നിര്‍ത്താന്‍ റഗുലേറ്ററി കമീഷന്‍ നീക്കം

Monday, 08 February 2010 05:04 ആര്‍ സാംബന്‍
Print
KSERC Chairmanസംസ്ഥാനത്തെ സാധാരണക്കാരായ വൈദ്യുതി ഉപയോക്താക്കളുടെ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമീഷന്റെ നീക്കം. വൈദ്യുതി വിതരണത്തിലെ സൌജന്യങ്ങള്‍ അവസാനിപ്പിക്കുകയെന്ന കേന്ദ്ര നയത്തിന്റെ ചുവടുപിടിച്ചാണിത്. നയപരമായ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയില്ലെന്ന് കാണിച്ച് റെഗുലേറ്ററി കമീഷന്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കയാണ്. ക്രോസ് സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ അട്ടിമറിക്കുകയാണ് ലക്ഷ്യം. കേന്ദ്രവൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളില്‍ റഗുലേറ്ററി കമ്മീഷനെ നിയോഗിച്ചിട്ടുള്ളത്. വൈദ്യുതി നിരക്ക് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാനുള്ള അധികാരം കമീഷനാണ് ലൈസന്‍സ് ഫീസ് ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡിനു നല്‍കിയ കത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ നിര്‍ദേശങ്ങള്‍ റെഗുലേറ്റി കമീഷന്‍ തള്ളിയത്.

2003ലെ വൈദ്യുതി നിയമത്തിലെ 108ാം വകുപ്പ് അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കമീഷന്‍ പറയുന്നു. നിര്‍ദേശം അനുസരിക്കാന്‍ ബാധ്യതയില്ലെന്നും അറിയിച്ചു. ലൈസന്‍സ് ഫീസ് ഇനത്തില്‍ ബോര്‍ഡില്‍നിന്ന് കോടികള്‍ കിട്ടാനുണ്ടെന്നും ഇത് ഉടന്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ലൈസന്‍സ് ഫീസ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പും നല്‍കി.

വന്‍കിട ഉപയോക്താക്കളില്‍നിന്ന് കൂടിയ നിരക്ക് ഈടാക്കി സാധാരണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതാണ് ക്രോസ് സബ്സിഡി സമ്പ്രദായം. 2003ലെ കേന്ദ്ര വൈദ്യുതി നിയമപ്രകാരം വൈദ്യുതി ബോര്‍ഡുകള്‍ ഇത് നിര്‍ത്തലാക്കേണ്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമത്തിലെതന്നെ 108ാം വകുപ്പനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ റെഗുലേറ്ററി കമീഷന് നയപരമായ നിര്‍ദേശം നല്‍കിയത്. സംസ്ഥാന സര്‍ക്കാരും റെഗുലേറ്ററി കമീഷനും വിയോജിക്കുന്ന വിഷയങ്ങളില്‍ അവസാനവാക്ക് സര്‍ക്കാരിന്റേതാണെന്ന്് ഈ വകുപ്പ് അനുശാസിക്കുന്നു.

ക്രോസ് സബ്സിഡി തുടരണം, ലൈസന്‍സ് ഫീസ് നല്‍കുന്നതില്‍നിന്ന് ബോര്‍ഡിനെ ഒഴിവാക്കണം തുടങ്ങിയവയായിരുന്നു സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പ്രധാനം. ഇത് റെഗുലേറ്ററി കമീഷന്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ , പുതിയ ചെയര്‍മാന്‍ വന്നതോടെയാണ് നിലപാട് മാറ്റിയത്. വൈദ്യുതി വിതരണ ഏജന്‍സി എന്ന നിലയ്ക്ക് ലൈസന്‍സ് ഫീസ് നല്‍കണമെന്ന വ്യവസ്ഥ നടപ്പാക്കാനാണ് റെഗുലേറ്ററി കമീഷന്‍ ശ്രമിക്കുന്നത്.

കോടിക്കണക്കിനു രൂപ ഫീസ് നല്‍കിയാല്‍ വൈദ്യുതി നിരക്ക് വര്‍ധിക്കാന്‍ ഇടയാകും. അതിനാലാണ്് നയപരമായ നിര്‍ദേശം നല്‍കി സംസ്ഥാനസര്‍ക്കാര്‍ ഇത് ഒഴിവാക്കിയത്. പകരം, റെഗുലേറ്ററി കമീഷന്റെ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ നയപരമായ നിര്‍ദേശം നല്‍കുന്നതിന്റെ സാധുത എച്ച്ടിഎല്‍ടി ഉപയോക്താക്കള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ , നയപരമായ നിര്‍ദേശം നിലനില്‍ക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസ് തള്ളി.

അവലംബം -  ദേശാഭിമാനി