കെ.എസ്.ഇ.ബി താരിഫ് പെറ്റീഷന്‍ നല്‍കേണ്ടെന്ന് വാക്കാല്‍ നിര്‍ദേശം

Tuesday, 19 July 2011 19:48 Lathish PV
Print
Kerala Govtവൈദ്യുതിനിരക്കു വര്‍ധിപ്പിക്കുന്നതിനുള്ള താരിഫ്‌ പെറ്റീഷന്‍ നല്‍കുന്നതില്‍നിന്നു വൈദ്യുതി ബോര്‍ഡിനെ സര്‍ക്കാര്‍ തടഞ്ഞു.ബോര്‍ഡ്‌ സമര്‍പ്പിച്ച കണക്കുകള്‍ പരിശോധിച്ച്‌ 887.81 കോടിയുടെ നഷ്‌ടം 2011-12 വര്‍ഷത്തിലുണ്ടാകുമെന്നും യൂണിറ്റിന്‌ 50 പൈസ നിരക്കുവര്‍ധനയാണ്‌ ആവശ്യമായി വരുകയെന്നും റെഗുലേറ്ററി കമ്മിഷന്‍ വിലയിരുത്തിയിരുന്നു. നഷ്‌ടം പരിഹരിക്കാനുള്ള നിര്‍ദേശം ഉടന്‍ സമര്‍പ്പിക്കണമെന്നു ബോര്‍ഡിനോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. ജൂണ്‍ രണ്ടിനായിരുന്നു കമ്മിഷന്റെ ഉത്തരവ്‌. ഇപ്പോള്‍ താരിഫ്‌ പെറ്റീഷന്‍ നല്‍കേണ്ടെന്നാണു ബോര്‍ഡിനു വാക്കാല്‍ നല്‍കിയ നിര്‍ദേശം. ഇക്കാര്യം രേഖാമൂലം അറിയിച്ചാല്‍ ബോര്‍ഡിനുണ്ടാകുന്ന നഷ്‌ടം സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കേണ്ടിവരും. അതൊഴിവാക്കാനാണു വാക്കാല്‍ നിര്‍ദേശം നല്‍കിയത്‌.

ഒരുമാസത്തിനകം നഷ്‌ടം പരിഹരിക്കാനുള്ള നിര്‍ദേശം നല്‍കണമെന്നാണു ചട്ടം. നിരക്കു കൂട്ടണമെന്ന താരിഫ്‌ പെറ്റീഷനാണു ബോര്‍ഡ്‌ ഇതിനായി നല്‍കുക. യൂണിറ്റിന്‌ എത്ര പൈസ വര്‍ധിപ്പിക്കണമെന്ന ബോര്‍ഡിന്റെ ശിപാര്‍ശ വിലയിരുത്തി, റെഗുലേറ്ററി കമ്മിഷന്‍ നിരക്കു വര്‍ധനയ്‌ക്കുള്ള ഉത്തരവു പുറപ്പെടുവിക്കും. കമ്മിഷനു നല്‍കാനായി ബോര്‍ഡ്‌ താരിഫ്‌ പെറ്റീഷന്‍ തയാറാക്കിയെങ്കിലും സര്‍ക്കാര്‍ ഇടപെടുകയായിരുന്നു. ഇപ്പോഴത്തെ ചുറ്റുപാടില്‍ നിരക്കുവര്‍ധന ജനരോഷമുണ്ടാക്കുമെന്നു ഭയന്നാണിത്‌.  നിരക്കുവര്‍ധനയുടെ ഭാരം കുറയ്‌ക്കാനായി ചെറിയതോതില്‍ സബ്‌സിഡി നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ബോര്‍ഡിന്റെ വരവുചെലവു കണക്കില്‍ റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവു പുറപ്പെടുവിച്ച്‌ ഉടനെ തന്നെ താരിഫ്‌ പെറ്റീഷന്‍ നല്‍കിയില്ലെങ്കില്‍ പിന്നീടു സമര്‍പ്പിക്കുന്ന പെറ്റീഷന്‍ നിരസിക്കപ്പെടാമെന്നതിനാല്‍ ബോര്‍ഡ്‌ പ്രതിസന്ധിയിലായി. ഒന്നരമാസം കഴിഞ്ഞിട്ടും പെറ്റീഷന്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

നഷ്‌ടത്തിനു പകരം സര്‍ക്കാര്‍ സബ്‌സിഡി നല്‍കാമെന്ന്‌ ഉറപ്പും നല്‍കിയിട്ടില്ല. 201112 സാമ്പത്തികവര്‍ഷം 2208.31 കോടി രൂപയുടെ നഷ്‌ടമുണ്ടാകുമെന്നാണു ബോര്‍ഡിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്‌ (7425.05 കോടിയുടെ ചെലവും 5217.10 കോടിയുടെ വരവും). എന്നാല്‍ ഇതു കമ്മിഷന്‍ അംഗീകരിച്ചിരുന്നില്ല. നഷ്‌ടത്തിന്റെ തോത്‌ വെട്ടിക്കുറച്ചതു പ്രതിസന്ധിയിലാക്കുമെന്നാണു ബോര്‍ഡിന്റെ വാദം. പ്രതിമാസം ബോര്‍ഡിന്‌ 75 കോടി രൂപ നഷ്‌ടമുണ്ടാകുന്നുവെന്നാണു കണക്ക്‌.

പുറത്തുനിന്നു വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നതിലൂടെയാണു നഷ്‌ടം വര്‍ധിക്കുന്നത്‌. നിരക്കു കൂട്ടിയില്ലെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും ബോര്‍ഡ്‌ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ രണ്ടും തല്‍ക്കാലം വേണ്ടെന്നാണു സര്‍ക്കാരിന്റെ നിര്‍ദേശം. നിയമസഭാ സമ്മേളനത്തിനു ശേഷം താരിഫ്‌ പെറ്റീഷന്‍ സമര്‍പ്പിക്കുന്നതിനായി വീണ്ടും സര്‍ക്കാരിനെ സമീപിക്കാനാണു ബോര്‍ഡിന്റെ തീരുമാനം. സര്‍ചാര്‍ജ്‌ ഈടാക്കണമെന്നാവശ്യപ്പെട്ടു ബോര്‍ഡ്‌ സമര്‍പ്പിച്ച പെറ്റീഷനില്‍ റെഗുലേറ്ററി കമ്മിഷന്‍ അടുത്തയാഴ്‌ച തീരുമാനമെടുത്തേക്കുമെന്നും സൂചനയുണ്ട്‌.

യൂണിറ്റിന്‌ 25 പൈസയുടെ ഇന്ധന സര്‍ചാര്‍ജാണു ബോര്‍ഡ്‌ ആവശ്യപ്പെടുന്നത്‌.

ആധാരം- മംഗളം വാർത്ത