വൈദ്യുതി പ്രതിസന്ധി രൂക്ഷം , സര്‍ചാര്‍ജ് കുത്തനെ കൂടും

Monday, 17 October 2011 09:50 Harikumar B
Print

Power Tariff Hikeവൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് വലിയ വില കൂടുതലുള്ള വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചത് ജനങ്ങള്‍ക്ക് അധികഭാരമാകും. പ്രതിസന്ധിയുണ്ടാകുമെന്നു കണ്ട് നേരത്തെ തന്നെ വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയിരുന്നെങ്കില്‍ ഇതിലും കുറഞ്ഞ നിരക്കില്‍ വൈദ്യുതി കിട്ടുമായിരുന്നു. പ്രതിസന്ധിയുടെ മൂര്‍ധന്യത്തില്‍ വൈദ്യുതി വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ സ്വകാര്യ കമ്പനികള്‍ വില കൂട്ടുക സ്വാഭാവികം. വൈദ്യുതിക്ക് ബോര്‍ഡ് അധികമായി നല്‍കുന്ന പണം ഈടാക്കാന്‍ അടുത്തവര്‍ഷം യൂണിറ്റിന് 50 പൈസയോ അതില്‍ കൂടുതലോ സര്‍ചാര്‍ജ് ചുമത്തേണ്ടിവരുമെന്ന സ്ഥിതിയാണ്. മാസം 200 യൂണിറ്റ് ഉപയോഗിക്കുന്ന ഉപയോക്താവിന് 100 രൂപ ഇതുമൂലം കൂടുതലായി നല്‍കേണ്ടിവരും.

അതേസമയം, ദിവസേന 100 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ ഛത്തീസ്ഗഢുമായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് ഉണ്ടാക്കിയ കരാറാണ് ഇപ്പോള്‍ ബോര്‍ഡിന് താങ്ങായത്. യൂണിറ്റിന് 3.50 രൂപ നിരക്കിലുണ്ടാക്കിയ കരാറിലെ വില കൂടുതലാണെന്ന് ആരോപിച്ച് യുഡിഎഫ് സര്‍ക്കാര്‍ വന്നയുടന്‍ ഇതു റദ്ദാക്കിയിരുന്നു. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ഇത് പുനഃസ്ഥാപിച്ചത്.

പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വില ദിനംപ്രതി കൂടുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എട്ട് രൂപ വരെയായിരുന്നു യൂനിറ്റിന്‍െറ വില. നാല് ദിവസം കൊണ്ട് അത് 12രൂപയിലെത്തുകയായിരുന്നു. ഇത്രയും വില കൂടിയ വൈദ്യുതി വാങ്ങി ഏറെ നാള്‍ മുന്നോട്ടു പോകാന്‍ പറ്റിയ സാമ്പത്തിക നിലയിലല്ല ബോര്‍ഡ്. പക്ഷേ, നിയന്ത്രണം ഒഴിവാക്കലും ഏര്‍പ്പെടുത്തലും രാഷ്ട്രീയമായ വിഷയമായി മാറുന്നതിനാല്‍ ശക്തമായ തീരുമാനം എടുക്കാന്‍ ബോര്‍ഡിനും കഴിയുന്നില്ല.
3.50 പൈസ നിരക്കില്‍ ഛത്തീസ്ഗഢില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന വൈദ്യുതി വേണ്ടെന്നുവച്ച ശേഷമാണ് പ്രതിസന്ധിയുണ്ടായപ്പോള്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് 7.20 പൈസയ്ക്കും കായംകുളം വൈദ്യുതി നിലയത്തില്‍ നിന്ന് 10.20 രൂപയ്ക്കും ബോര്‍ഡ് വൈദ്യുതി വാങ്ങുന്നത്.

സാധാരണ ജനുവരി മുതല്‍ ഏപ്രില്‍ മെയ് വരെയാണ് കൂടിയ വിലയ്ക്ക് പുറമെനിന്ന് വൈദ്യുതി വാങ്ങേണ്ടിവരിക. ഇതുമൂലം വൈദ്യുതി ബോര്‍ഡിന് ഉണ്ടാകുന്ന നഷ്ടം കണക്കാക്കി യൂണിറ്റിന് ചുമത്തേണ്ട സര്‍ചാര്‍ജും വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് നിശ്ചയിക്കുക. കഴിഞ്ഞ ജനുവരിയില്‍ ജെഎസ്ഡബ്ല്യൂ എന്ന കമ്പനിയില്‍ നിന്ന് യൂണിറ്റിന് 3.90 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കരാറുണ്ടാക്കിയിരുന്നത്. ചുരുങ്ങിയ ദിവസം കായംകുളത്തുനിന്ന് വൈദ്യുതി വാങ്ങി. ഇതുമൂലം 181.14 കോടി രൂപ അധികബാധ്യതയുണ്ടായെന്നാണ് റഗുലേറ്ററി കമ്മീഷൻ കണക്കാക്കിയിരുന്നത്.

എന്നാല്‍ , ഈവര്‍ഷം മഴ കനത്തിട്ടും ഒക്ടോബര്‍ മുതല്‍തന്നെ വൈദ്യുതി വാങ്ങേണ്ടിവന്നു. മെയ് വരെയെങ്കിലും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരും. എട്ടുമാസം ഈ നിരക്കില്‍ വൈദ്യുതി വാങ്ങിയാല്‍ ചുരുങ്ങിയത് 500 കോടി രൂപയെങ്കിലും ബോര്‍ഡിന് അധികബാധ്യത വരും. ബാധ്യത നികത്താന്‍ സര്‍ക്കാര്‍ 100-200 കോടി രൂപ സബ്സിഡി നല്‍കിയാല്‍ പോലും യൂണിറ്റിന് 50 പൈസയെങ്കിലും സര്‍ചാര്‍ജ് ഈടാക്കേണ്ടിവരും.

തെലങ്കാന സമരം വീണ്ടും രൂക്ഷമായത് കല്‍ക്കരിയുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ രാമഗുണ്ടത്തെ വൈദ്യുതി ഉല്‍പ്പാദനം ഇക്കാരണത്താല്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ സംസ്ഥാനം പൂര്‍ണ ഇരുട്ടിലേക്കാകും പോകുക. സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയുണ്ടെങ്കിലേ വൈദ്യുതി നല്‍കൂവെന്ന് പവര്‍ എക്സ്ചേഞ്ചിലെ ഏജന്റുമാരുടെ നിലപാടാണ് കേരളത്തിന് തിരിച്ചടിയായതെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.

 

Source-  Deshabhimani