വൈദ്യുതിവിതരണം സ്വകാര്യമേഖലയ്ക്ക്

Wednesday, 18 July 2012 07:36 Lathish PV
Print
Privatisationവൈദ്യുതിമേഖല സ്വകാര്യവല്‍ക്കരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് ആസൂത്രണ കമീഷന്‍. വൈദ്യുതിവിതരണത്തിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപീകരിക്കണമെന്ന് സംസ്ഥാന ഊര്‍ജമന്ത്രിമാരുടെ സമ്മേളനത്തിലാണ് കമീഷന്‍ ആവശ്യപ്പെട്ടത്. ഇതിനുള്ള കര്‍മസമിതി റിപ്പോര്‍ട്ടും സമ്മേളനത്തില്‍ അവതരിപ്പിച്ചു.

 വിതരണമേഖല സ്വകാര്യവല്‍ക്കരിക്കുന്നതോടെ വൈദ്യുതിനിരക്ക് കുത്തനെ ഉയരും. കേരളത്തില്‍നിന്ന് വൈദ്യുതിമന്ത്രി യോഗത്തില്‍ പങ്കെടുത്തില്ല. വൈദ്യുതിമേഖലയിലെ പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരം പൊതു-സ്വകാര്യ പങ്കാളിത്തമാണെന്നാണ് ആസൂത്രണ കമീഷന്‍ അംഗം ബി കെ ചതുര്‍വേദി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട്. ടെന്‍ഡറിലൂടെ തെരഞ്ഞെടുക്കുന്ന സ്വകാര്യകമ്പനിക്ക് വിതരണം, അറ്റകുറ്റപ്പണി, വിതരണശൃംഖല വിപുലപ്പെടുത്തല്‍ എന്നിവയടക്കമുള്ള ചുമതല നല്‍കണം. നിയന്ത്രണ മേല്‍നോട്ടം സര്‍ക്കാര്‍ ഏജന്‍സിക്കായിരിക്കും. വിതരണസംവിധാനത്തിലെ ട്രാന്‍സ്ഫോമര്‍, ലൈനുകള്‍ എന്നിവയടക്കമുള്ള ഉപകരണങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറും. ഡിസൈന്‍, ബില്‍ഡ്, ഫൈനാന്‍സ്, ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ (ഡിബിഎഫ്ഒടി) മാതൃക ആണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിന് സ്വീകരിക്കുക. 2003ലെ വൈദ്യുതി നിയമത്തിന്റെ പരിധിയിലായിരിക്കും പൊതു-സ്വകാര്യ പങ്കാളിത്തം. നിയമത്തിലെ 14-ാം വകുപ്പനുസരിച്ച് വിതരണക്കമ്പനി ഇതിനുള്ള ലൈസന്‍സ് നേടണം. വൈദ്യുതി വിലയും വിതരണക്കമ്പനിയുടെ സേവനത്തിന് വേണ്ടിവരുന്ന ചെലവുമടങ്ങുന്നതാകും വൈദ്യുതിനിരക്ക്. വിതരണക്കമ്പനി രൂപീകരിച്ചശേഷമുള്ള ആദ്യവര്‍ഷങ്ങളില്‍ നിരക്ക് വളരെ കൂടുതലായിരിക്കുമെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കണമെന്നും നിര്‍ദേശിക്കുന്നു. സബ്സിഡി തുക ബില്ലില്‍ പ്രത്യേകം സൂചിപ്പിക്കും. ഇന്നുള്ളതിനേക്കാള്‍ കൂടുതലാകരുത് സബ്സിഡി.

നിലവില്‍ വൈദ്യുതിവിതരണം നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരില്‍നിന്ന് ആവശ്യമുള്ളവരെ മാത്രം പുതിയ കമ്പനിക്ക് ഡെപ്യൂട്ടേഷനില്‍ നിയമിക്കാം. ബാക്കിയുള്ള ജീവനക്കാരെ സര്‍ക്കാര്‍ ഏറ്റെടുക്കണം. വിതരണചുമതല വഹിക്കുന്ന കമ്പനിക്ക് ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് കടമെടുക്കാം. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായവും കമ്പനിക്ക് ലഭിക്കും. വിപണിയില്‍നിന്ന് വൈദ്യുതി വാങ്ങി വിതരണംചെയ്യുക, പവര്‍കട്ട് കുറയ്ക്കുക, പ്രസരണനഷ്ടം കുറയ്ക്കുക, ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് വൈദ്യുതി നല്‍കുക എന്നിവയാണ് ലക്ഷ്യമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. ഈ കമ്പനിയില്‍ സര്‍ക്കാരിന് ഓഹരിയുണ്ടാകില്ല. ഗോള്‍ഡന്‍ ഷെയറിലൂടെ(സര്‍ക്കാരിന് വീറ്റോ അധികാരം നല്‍കുന്ന നാമമാത്രമായ ഓഹരിവിഹിതം) കമ്പനിയുടെ ഉടമസ്ഥത മറ്റൊരു സ്ഥാപനത്തിന് കൈമാറുന്നത് സര്‍ക്കാരിന് തടയാന്‍ കഴിയും.