28-06-13ന്റെ പ്രതിഷേധ പരിപാടി മാറ്റി വച്ചു

Thursday, 27 June 2013 13:00 Suresh Kumar MG
Print

Protestതസ്തികകള്‍ വെട്ടിക്കുറക്കുന്നതിനും അഴിമതിനിറഞ്ഞ കൂട്ടസ്ഥലംമാറ്റങ്ങള്‍ക്കുമെതിരെ 28-6-2013ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും നടത്തുന്നതിന് കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ ആഹ്വാനം ചെയ്തിരുന്നുവല്ലോ. അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ അറുന്നൂറോളം തസ്തികകള്‍ വെട്ടിക്കുറക്കുന്നതിന് ബോര്‍ഡ് തലത്തില്‍ തീരുമാനമെടുക്കുകയും അതനുസരിച്ച് പ്രസരണ ഓഫിസുകളില്‍ നിന്ന് ഓഫീസര്‍മാരെ വ്യാപകമായി സ്ഥലം മാറ്റുന്നതിനും തീരുമാനിക്കപ്പെട്ട സാഹചര്യത്തിലാണ് അടിയന്തിരമായി ഇത്തരമൊരു പ്രതിഷേധ പരിപാടി തീരുമാനിക്കപ്പെട്ടത്.


സിവില്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികളിലെ സ്ഥലംമാറ്റത്തില്‍ നടന്ന വ്യാപകമായ മാനദണ്ഡ ലംഘനവും പോസ്റ്റിങ്ങ് അപാകതകളും ബോര്‍ഡ് സമീപനം വെളിവാക്കുന്നതായിരുന്നു. വ്യാപകമായി സ്ഥലം മാറ്റം നടത്തി ബുദ്ധിമുട്ടുണ്ടാക്കുകയും പിന്നീട് പലവിധ പരിഗണനകള്‍ക്ക് വിധേയമായി ചിലര്‍ക്ക് മാത്രം തിരിച്ചുകൊടുക്കകയുമെന്ന അഭ്യാസത്തിനാണ് ചില കേന്ദ്രങ്ങളില്‍ ശ്രമമുണ്ടായത്. സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികകളില്‍ ഇത്തരം നീക്കങ്ങള്‍ ശക്തമാണെന്ന് ബോധ്യപ്പെടുത്തുന്ന ചില ഇടപെടലുകള്‍ ഉണ്ടാകുകയും ചെയ്തു. കരിയര്‍ സ്റ്റാഗ്നേഷന്‍, പ്രമോഷനുകള്‍ നടക്കാത്തത് തുടങ്ങിയ വിഷയങ്ങളും ഓഫീസര്‍മാരില്‍ വലിയതോതിലുള്ള പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. കാര്യങ്ങളാകെ ഉയര്‍ത്തിക്കൊണ്ട് അസോസിയേഷന്‍ നടത്തിയ പ്രചാരണ പരിപാടികള്‍ക്ക് സംഘടനാവ്യത്യാസമന്യേ നല്ല പ്രതികരണവും ലഭിച്ചു.

ഇതിനിടയില്‍ സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എഞ്ചിനീയര്‍(ഇലക്ട്രിക്കല്‍)തസ്തികകളിലെ പൊതു സ്ഥലം മാറ്റ ഉത്തരവുകള്‍ വന്നു കഴിഞ്ഞു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി വലിയ ഉത്തരവുകളാണ് വന്നിട്ടുള്ളത്. പല ജില്ലകളിലും അവിടേക്ക് സ്ഥലം മാറി വന്നവരേക്കാള്‍ ധാരാളം പേരെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റിയതായും ഇങ്ങിനെ സ്ഥലം മാറ്റപ്പെട്ടവരില്‍ ചിലര്‍ക്ക് തൊട്ടടുത്ത ജില്ലകളിലും മറ്റു ചിലര്‍ക്ക് വിദൂരജില്ലകളിലേക്കും സീനിയോറിറ്റി അടക്കമുള്ള യാതൊരു മാനദണ്ഡവും പരിഗണിക്കാതെ നിയമിച്ചതായും കാണുന്നുണ്ട്. മാത്രമല്ല അര്‍ഹതപ്പെട്ട നിരവധിപേര്‍ക്ക് ഉത്തരവ് പ്രകാരം സ്ഥലംമാറ്റം കിട്ടിയിട്ടുമില്ല. എന്നാല്‍ മുന്‍പ് പറഞ്ഞുകേട്ടതുപോലെ വ്യാപകമായ സ്ഥാനചലനം ഉണ്ടാക്കിയിട്ടില്ല എന്നൊരു മാറ്റം ഉത്തരവില്‍ ദൃശ്യവുമാണ്. പ്രസരണ ഓഫീസുകളിലെ തസ്തികകളാകെ ഒഴിച്ചെടുക്കുന്നതിനുള്ള നീക്കവും നടപ്പിലാക്കപ്പെട്ടിട്ടില്ല. ഓഫീസര്‍മാരിലും ജീവനക്കാരിലും ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ സ്വരം കുറെയെങ്കിലും ഉള്‍ക്കൊള്ളാന്‍ അധികാരികള്‍ തയ്യാറായിരിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ സ്ഥലം മാറ്റ ഉത്തരവിന്റെ അനുബന്ധമായി പ്രസരണ ഓഫീസുകളിലെ അംഗീകൃത തസ്തികകള്‍ കണക്കിലെടുത്ത് ഓഫീസര്‍മാരെ ഡിപ്ലോയ് ചെയ്യാന്‍ ചീഫ് എഞ്ചിനീയര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് തസ്തികകള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി നമ്മള്‍ ഉയര്‍ത്തിയ ആശങ്ക ശരിവെക്കുന്നതാണ്. പല ജില്ലകളില്‍നിന്നും ആവശ്യത്തിലേറെപ്പേരെ സ്ഥലം മാറ്റിയിട്ടുള്ളത് ക്രമം തെറ്റിച്ച് ചില "ഇഷ്ടക്കാരേയും" "കാണേണ്ടതുപോലെ കാണുന്നവരേയും" തിരികെക്കൊടുക്കുന്നതിനാണ് എന്ന അഭിപ്രായം വ്യാപകമായുണ്ട്. മുന്‍വര്‍ഷങ്ങളിലേതു പോലെ വര്‍ഷം മുഴുവന്‍ ഉത്തരവുകള്‍ ഇറക്കിക്കൊണ്ടിരിക്കുന്നുന്നതിന് സാധ്യതയുണ്ടാക്കലും ഇതിന്റെ പിന്നിലുണ്ട്. പൊതുസ്ഥലം മാറ്റത്തിന് മാത്രമേ മാനദണ്ഡമൊക്കെയുള്ളൂ എന്ന ചീഫ് എഞ്ചിനീയറുടെ വാദവും ശ്രദ്ധിക്കാതിരിക്കാനാകില്ല.

മേല്‍ സൂചിപ്പിച്ചതുപോലെ അസോസിയേഷന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങളില്‍ ചിലത് ഉള്‍ക്കൊള്ളാന്‍ ബോര്‍ഡ് തയ്യാറായിട്ടുണ്ട്. എന്നാല്‍ പ്രതിലോമകരമായ സമീപനം പൂര്‍ണ്ണമായി തിരുത്താന്‍ തയ്യാറായിട്ടുമില്ല. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അടക്കമുള്ള തസ്തികകളിലെ സ്ഥലംമാറ്റ അപാകതകള്‍ പരിഹാരമില്ലാതെ കിടക്കുകയുമാണ്. കരിയര്‍സ്റ്റാഗ്നേഷന്‍ പരിഹരിക്കുക, പ്രമോഷനുകള്‍ സമയബന്ധിതമായി നടത്തുക തുടങ്ങി ഒട്ടേറെകാര്യങ്ങളില്‍ ഇനിയും തീരുമാനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. സ്ഥലംമാറ്റ ഉത്തരവുകളിലെ അപാകതകള്‍ പരിശോധിക്കാന്‍ പ്രത്യേകം കമ്മിറ്റികളെ ചുമതലപ്പെടുത്തുയത് സംഘടന സ്വാഗതം ചെയ്യുന്നു. ഈ കമ്മിറ്റികള്‍ സംഘടനകളുടെ അഭിപ്രായം കൂടി കേട്ട് തീരുമാനം എടുക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള നല്ല സമീപനങ്ങളെ അംഗീകരിക്കുകയും ബാക്കികാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകാന്‍ സഹായകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യേണ്ടത് അസോസിയേഷന്റെ ചുമതലയാണെന്ന് ഞങ്ങള്‍ കരുതുന്നു. ഇതിന്റെ ഭാഗമായി 28-6-13ന് നിശ്ചയിച്ചിട്ടുള്ള പ്രതിഷേധ പരിപാടികള്‍ നീട്ടിവെക്കാന്‍ തീരുമാനിക്കുന്നു. ഇക്കാര്യങ്ങളില്‍ അനുകൂലമല്ലാത്ത സമീപനമാണുണ്ടാകുന്നതെങ്കില്‍ വീണ്ടും പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗത്തിലേക്കുപോകാന്‍ സംഘടന നിര്‍ബന്ധിതമാകും. അസോസിയേഷന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രക്ഷോഭ പ്രചാരണ പരിപാടികള്‍ പൂര്‍ണ്ണമനസ്സോടെ ഏറ്റെടുത്ത എല്ലാവരോടും സംഘടനക്കുള്ള നന്ദി രേഖപ്പെടുത്തുന്നു.

ബി. പ്രദീപ്                          എം.ജി.സുരേഷ് കുമാര്‍
പ്രസിഡന്റ്                         ജനറല്‍ സെക്രട്ടറി