വൈദ്യുതി ബോര്‍ഡ് ആദ്യമായി സൗരോര്‍ജ ഉത്‌പാദനത്തിലേക്ക്‌

Tuesday, 23 July 2013 08:08 Lathish PV
Print

Solarഇതാദ്യമായി കേരള വൈദ്യുതി ബോര്‍ഡ് സൗരോര്‍ജ ഉത്പാദനത്തിലേക്ക് കടക്കുന്നു. ബോര്‍ഡിന്റെ സ്വന്തം ചെലവില്‍ നിര്‍മിക്കുന്ന ആദ്യ സൗരവൈദ്യുതി പദ്ധതിക്ക് അനുമതിയായി. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് ബോര്‍ഡിന്റെ വെറുതെകിടക്കുന്ന സ്ഥലത്താണ് പദ്ധതി സ്ഥാപിക്കുന്നത്.

ഒരു മെഗാവാട്ട് ശേഷിയുള്ള ഈ സൗരവൈദ്യുതി പ്ലാന്റിന് എട്ടുകോടി രൂപ ചെലവിടാനാണ് കഴിഞ്ഞദിവസം ബോര്‍ഡ് അനുമതി നല്‍കിയത്. ഊര്‍ജോത്പാദന രംഗത്ത് പ്രതിസന്ധിയിലായ കേരളത്തില്‍ സൗരോര്‍ജ ഉത്പാദനത്തിലേക്ക് ബോര്‍ഡ് കടക്കുന്നത് നിര്‍ണായകമായ മാറ്റമാണ്. സോളാര്‍ തട്ടിപ്പിനെത്തുടര്‍ന്ന് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി നേരിടുമ്പോള്‍ വൈദ്യുതിബോര്‍ഡ് തന്നെ ഈ രംഗത്തേക്ക് വരുന്നത് ഊര്‍ജസംരക്ഷണ ശ്രമങ്ങള്‍ക്ക് പ്രചോദനമാവും.

നിലവില്‍ ഉപയോഗമില്ലാത്ത സ്ഥലങ്ങള്‍ സൗരവൈദ്യുതി പ്ലാന്റുകള്‍ക്ക് പ്രയോജനപ്പെടുത്താനാണ് ബോര്‍ഡിന്റെ തീരുമാനം. ഇതിനായി സബ്‌സ്റ്റേഷനുകള്‍, പവര്‍ഹൗസുകള്‍ എന്നിവയോട് ചേര്‍ന്ന് വെറുതെകിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. കഞ്ചിക്കോട്ടെ പ്ലാന്റിന്റെ വിജയം വിലയിരുത്തിയ ശേഷമായിരിക്കും പദ്ധതി വ്യാപകമാക്കുക. ഇത്തരം പദ്ധതികളില്‍ നിന്ന് ഗ്രിഡിലേക്ക് നേരിട്ട് വൈദ്യുതി സ്വീകരിക്കും. ഇങ്ങനെയുള്ള പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ എട്ടുകോടിരൂപ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിരുന്നു.

കഞ്ചിക്കോട്ടെ പദ്ധതി നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന വികസന ഫണ്ടില്‍ നിന്നുള്ള പണംകൊണ്ട് നടപ്പാക്കാനായിരുന്നു ആദ്യം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ സൗരോര്‍ജ പദ്ധതികള്‍ക്ക് ഈ ഫണ്ട് ചെലവിടാന്‍ കേന്ദ്രത്തിന്റെ അനുമതി കിട്ടിയില്ല. ഇതിനെത്തുടര്‍ന്നാണ് ബജറ്റില്‍ അനുവദിച്ച എട്ടുകോടി രൂപ ഇതിനായി ചെലവിടാന്‍ തീരുമാനിച്ചത്. സ്ഥലം ലഭ്യമായതിനാല്‍ പ്ലാന്റിന് ഇത്രയും പണം വേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍.

ടെന്‍ഡര്‍ വിളിച്ച് പ്ലാന്റ് നിര്‍മിക്കാന്‍ പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളിലെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്.

Source- Mathrubhumi