റിലയന്‍സിനായി ഏതറ്റംവരെയും

Thursday, 25 July 2013 09:52 പി രാജീവ്
Print

Realiance and UPA2 - Cartoonഏതൊരു ഉല്‍പ്പന്നത്തിന്റെ വില നിശ്ചയിക്കുന്നതിനും മുതലാളിത്തത്തിന് അതിന്റേതായ രീതിയുണ്ട്. ഉല്‍പ്പാദനച്ചെലവിനെ ആധാരമാക്കിയാണ് അടിസ്ഥാനവില നിശ്ചയിക്കപ്പെടുന്നത്. ഇതിനു ചുറ്റുമായിരിക്കും കമ്പോളത്തിന്റെ ചലനങ്ങള്‍ക്ക് അനുസരിച്ച് വില കയറിയിറങ്ങുന്നത്. ഉല്‍പ്പാദനച്ചെലവ് കണക്കാക്കുന്ന രീതിയെ സംബന്ധിച്ച് വ്യത്യസ്ത ചിന്തകളുണ്ട്. എന്നാല്‍, അതല്ല ഇവിടത്തെ തര്‍ക്കവിഷയം. സാധാരണ വിലനിര്‍ണയ രീതിയെ അടിസ്ഥാനമാക്കാതെ പുതിയ ഫോര്‍മുലകളിലൂടെ ജനങ്ങളുടെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്ന ചില ഉല്‍പ്പന്നങ്ങളുണ്ട്. അതില്‍ പ്രധാനം പെട്രോളിയം ഉല്‍പ്പന്നങ്ങളാണ്. അന്താരാഷ്ട്ര കമ്പോളത്തിലെ വിലയെ അടിസ്ഥാനമാക്കിയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില നിര്‍ണയിക്കുന്നത്. ഇന്ത്യ പെട്രോളും ഡീസലും ഇറക്കുമതി ചെയ്യുന്നില്ലെന്നത് പരിഗണനപോലും അര്‍ഹിക്കുന്നില്ല. അസംസ്കൃത എണ്ണയുടെ വിലയും അത് സംസ്കരിച്ചെടുക്കുന്നതിനുള്ള ചെലവും മറ്റു ചെലവുകളെയും അടിസ്ഥാനമാക്കി വില നിര്‍ണയിക്കുന്നതിനു പകരം അന്താരാഷ്ട്ര വിപണിയിലെ ഉല്‍പ്പന്നത്തിന്റെ വില ഇവിടത്തെ ഉല്‍പ്പന്നത്തിനു നിശ്ചയിക്കുകയും ആ വിലയ്ക്ക് വില്‍ക്കാത്തതുകൊണ്ടുള്ള നഷ്ടം നികത്തുന്നതിന് കൂടുതല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയുംചെയ്യുന്നു. ഇവിടെനിന്ന് ഒഎന്‍ജിസി കുഴിച്ചെടുക്കുന്ന അസംസ്കൃത എണ്ണയുടെ വില നിശ്ചയിക്കുന്നതും അന്താരാഷ്ട്ര വിപണിയിലെ വിലയുടെ അടിസ്ഥാനത്തിലാണ്.


ഇപ്പോള്‍ ഈ കൂട്ടത്തിലേക്ക് വന്നിരിക്കുന്ന മേഖലയാണ് പ്രകൃതിവാതകം. പുതിയ സാമ്പത്തിക നയം നടപ്പാക്കുന്നതിന്റെ തുടര്‍ച്ചയില്‍ 1999ലാണ് പുതിയ ലൈസന്‍സിങ് പോളിസി നടപ്പാക്കുന്നത്. കൃഷ്ണ ഗോദാവരി നദീതടത്തില്‍ ഖനനത്തിനായി റിലയന്‍സ് അനുമതി സംഘടിപ്പിച്ചു. തുടക്കം മുതല്‍തന്നെ ഈ കരാര്‍ വിവാദമായിരുന്നു. ഒരു കാലത്ത് ഒഎന്‍ജിസി ഖനനം നടത്തി എണ്ണസമ്പത്ത് കണ്ടെത്തി ആര്‍ക്കോ വേണ്ടി ഉപേക്ഷിച്ചതാണ് റിലയന്‍സ് കൈയടക്കിയതെന്നായിരുന്നു ആദ്യത്തെ ആരോപണം. റിലയന്‍സ് ആദ്യം ഉണ്ടാക്കിയ പദ്ധതി ഇടക്കാലത്ത് പൊളിച്ചെഴുതി. ആദ്യത്തെ പദ്ധതിയനുസരിച്ച് പ്രതിദിനം 40 മില്യണ്‍ സ്റ്റാന്‍ഡേഡ് ക്യുബിക് മീറ്റര്‍ (എംഎംഎസ്സിഎംഡി) ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കിയിരുന്നത്. ഉല്‍പ്പാദനച്ചെലവ് 247 കോടി ഡോളറാണ് കണക്കാക്കിയത്. പിന്നീട് പുതുക്കി നല്‍കിയ പദ്ധതിയനുസരിച്ച് നേരത്തെ ഉദ്ദേശിച്ചതില്‍നിന്ന് ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി അറിയിച്ചു. അതുകൊണ്ട് ആദ്യം നിശ്ചയിച്ച ചെലവില്‍നിന്ന് 884 കോടി ഡോളറായി ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന പുതിയ പദ്ധതി സമര്‍പ്പിച്ചു. ഉല്‍പ്പാദനം ഇരട്ടിയാകുമ്പോള്‍ ചെലവ് നാലിരട്ടിയായി വര്‍ധിക്കുമെന്ന അത്യസാധാരണ കണക്കില്‍ കേന്ദ്രം ഒരു തെറ്റും കണ്ടില്ല. ഒരു മാസംകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനു അനുമതി നല്‍കിയത്. അതിനായി ഒരു സാങ്കേതിക സാമ്പത്തിക പഠനവും നടത്തിയില്ല. ഇതു വല്ലാതെ പെരുപ്പിച്ച കണക്കാണെന്ന വിമര്‍ശം സര്‍ക്കാര്‍ കണക്കിലെടുത്തില്ല.

റിലയന്‍സും സര്‍ക്കാരും തമ്മിലുള്ള കരാര്‍ അനുസരിച്ച് ഉല്‍പ്പാദനച്ചെലവ് പൂര്‍ണമായും തിരിച്ചുപിടിച്ചതിനുശേഷമാണ് ലാഭത്തിലുള്ള പങ്കുവയ്ക്കല്‍ ആരംഭിക്കുന്നത്. ഉല്‍പ്പാദനചെലവ് ഉയര്‍ത്തിക്കാണിച്ചാല്‍ സര്‍ക്കാരിലേക്കുള്ള തിരിച്ചടവ് വൈകിക്കാം. അതിനുള്ള സമയമാകുമ്പോഴേക്കും സ്രോതസ്സുതന്നെ അവസാനിച്ചെന്നുവരാം. അല്ലെങ്കില്‍ പുതിയ എളുപ്പമാര്‍ഗങ്ങള്‍ അവര്‍ കണ്ടെത്തുകയുംചെയ്യാം. ആദ്യപദ്ധതിയില്‍ വിഭാവനംചെയ്തിരുന്നതിന്റെ ഇരട്ടി ഉല്‍പ്പാദനം നടത്താന്‍ കഴിയുന്ന പരിഷ്കരിച്ച പദ്ധതി നടപ്പാക്കാന്‍ അനുമതി സംഘടിപ്പിച്ചവര്‍ ഉല്‍പ്പാദനം കുറഞ്ഞതിന് ഒരു ന്യായവും പറയുന്നില്ല. 2009-10ല്‍ 33.83 എംഎംഎസ്സിഎംഡി ഉല്‍പ്പാദനം കണക്കുകൂട്ടിയിരുന്ന റിലയന്‍സ് 41.38 എംഎംഎസ്സിഎംഡിയാണ് ഉല്‍പ്പാദിപ്പിച്ചത്. 2010-11ല്‍ ഇത് യഥാക്രമം 62.10ഉം 55.89ഉം 2011-12ല്‍ 70.38ഉം 42.65ഉം ആയി. 2012-13ല്‍ 86.73 ഉണ്ടാക്കുമെന്ന് പറഞ്ഞവര്‍ക്ക് കേവലം 42.655 മാത്രമാണ് ഉല്‍പ്പാദിപ്പിച്ചത്. ഇപ്പോള്‍ അത് കേവലം 14.73 എംഎംഎസ്സിഎംഡിയായി. വില കൂട്ടികിട്ടുമെന്നും അപ്പോള്‍ ഉല്‍പ്പാദനം ശരിയാംവിധം നടത്തിയാല്‍ മതിയെന്നതുമായിരുന്നു ഈ തന്ത്രത്തിന്റെ പുറകിലെ ബുദ്ധി. അതാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കികൊടുത്തത്. ഒഎന്‍ജിസിയുടെയും ഓയില്‍ ഇന്ത്യാ ലിമിറ്റഡിന്റെയും കണക്കനുസരിച്ച് ഒരു എംഎംബിടിയു പ്രകൃതിവാതകം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ചെലവ് 3.59 ഡോളറാണ്. അപ്പോഴാണ് എട്ടു ഡോളര്‍ വില സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കിയത്. സ്വത്തുതര്‍ക്കത്തിന്റെ ഘട്ടത്തില്‍ റിലയന്‍സ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നതു പ്രകാരം ഒരു എംഎംബിടിയു പ്രകൃതി വാതകം കെജി ബേസില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ചെലവ് രണ്ടു ഡോളറില്‍ താഴെയാണ്. എന്നാല്‍, യഥാര്‍ഥ ഉല്‍പ്പാദനച്ചെലവ് എത്രയാണെന്ന് അറിയില്ലെന്നാണ് ആസൂത്രണകമീഷന്‍ പറയുന്നത്. വില നിശ്ചയിക്കുന്നതിനായി ഉല്‍പ്പാദനത്തിന് എത്ര ചെലവ് വരുമെന്ന് അറിയണമെന്ന നാട്ടിന്‍പുറത്തെ കച്ചവടക്കാരുടെ രീതിപോലും ഇത്രയും ഗൗരവമായ പ്രശ്നത്തില്‍ സ്വീകരിച്ചില്ലെന്നത് തട്ടിപ്പ് വ്യക്തമാക്കുന്നു. ഇതാണ് ഇപ്പോള്‍ സിഎജിയും ചൂണ്ടിക്കാട്ടിയത്. അമേരിക്കയില്‍ പ്രകൃതിവാതകത്തിന്റെ ശരാശരി വില കേവലം 2.76 ഡോളറാണ്.

കനഡയില്‍ ഇത് 2.27 മാത്രമാണ്. ഇവയൊന്നും പ്രകൃതി വാതകത്താല്‍ സമ്പന്നമായ രാഷ്ട്രങ്ങളല്ല. ഖത്തര്‍പോലെ ഈ ഗണത്തില്‍പ്പെടുന്ന രാജ്യങ്ങളില്‍ ഒരു ഡോളറില്‍ താഴെയാണ് വില. ഇന്ത്യക്ക് ഇതേ നിരക്കില്‍ പ്രകൃതിവാതകം നല്‍കാമെന്നും അവിടെ രാസവള ഉല്‍പ്പാദനം നടത്തിക്കൊള്ളാനും ഖത്തര്‍ അനുമതി നല്‍കിയെങ്കിലും അതിന്റെ തുടര്‍നടപടികള്‍ എടുക്കുന്നതില്‍ അസാധാരണമായ കാലതാമസമാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയത്. റിലയന്‍സിനു കൊള്ളലാഭം ഉണ്ടാക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതമുളവാക്കും. രാസവള മന്ത്രാലയത്തിന്റെ കണക്കു പ്രകാരംതന്നെ ഒരു എംഎംബിടിയു പ്രകൃതിവാതകത്തിനു ഒരു രൂപ വര്‍ധിച്ചാല്‍ ഒരു ടണ്‍ യൂറിയയുടെ ഉല്‍പ്പാദനച്ചെലവില്‍ 1384 രൂപയുടെ വര്‍ധനയാണ് ഉണ്ടാകുന്നത്. ഇത് സര്‍ക്കാരിന്റെ സബ്സിഡിച്ചെലവുകള്‍ ഭീമമായി വര്‍ധിപ്പിക്കും. ഇപ്പോള്‍തന്നെ പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയിലെ അവസ്ഥ കൂടുതല്‍ രൂക്ഷമാക്കും. സര്‍ക്കാരിന്റെ ധനകമ്മിയില്‍ വീണ്ടും വലിയ വര്‍ധനയുണ്ടാകും. ഒരു വശത്ത് വര്‍ധിച്ചുവരുന്ന ധനകമ്മിയെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുകയും മറുവശത്ത് വന്‍കിടകുത്തകകള്‍ക്ക് കൊള്ളലാഭം നല്‍കുന്ന തീരുമാനം എടുക്കുകവഴി അത് വര്‍ധിപ്പിക്കുകയുംചെയ്യുന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ്. ഉല്‍പ്പാദനം കുറച്ചതുവഴിയും മറ്റും ഈ മേഖലയില്‍നിന്നുള്ള സര്‍ക്കാരിന്റെ വരുമാന നഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8817 കോടി രൂപയാണ്. 2011-12ല്‍ അത് 7999 കോടി രൂപയും 2010-11ല്‍ 3626 കോടി രൂപയും ആയിരുന്നു. കമ്മി കൂടുന്നതിനെക്കുറിച്ചുള്ള ആശങ്ക ഉയര്‍ത്തുന്നവര്‍ക്ക് ഇതൊന്നും ഒരു പ്രശ്നമല്ല.

രാസവളംപോലെതന്നെ പ്രകൃതിവാതകത്തെ ആശ്രയിക്കുന്ന പ്രധാനപ്പെട്ട രണ്ടു മേഖല ഊര്‍ജോല്‍പ്പാദനവും സ്റ്റീലുമാണ്. 18713 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 56 നിലയങ്ങളാണ് പ്രകൃതിവാതകത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നത്. റിലയന്‍സ് ഉല്‍പ്പാദനം കുറച്ചതിന്റെ ഭാഗമായി ഇവയ്ക്കൊന്നും പ്രകൃതിവാതകം ലഭിക്കുന്നില്ല. ഇത് സാമ്പത്തികമായി ഇവയെയെല്ലാം പ്രതിസന്ധിയിലാക്കിയിരിക്കുന്നു.

വായ്പകളുടെ തിരിച്ചടവ് പ്രതിസന്ധിയിലായി. ഈ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വായ്പകള്‍ കിട്ടാക്കടത്തിന്റെ പട്ടികയിലേക്ക് വന്നിരിക്കുന്നു. കൂടുതല്‍ ഊര്‍ജോല്‍പ്പാദനമെന്ന ലക്ഷ്യം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന പരാതി ഊര്‍ജ മന്ത്രാലയംതന്നെ സ്വീകരിച്ചിരിക്കുന്നു. ഇപ്പോള്‍ നടത്തിയ വര്‍ധന ഉല്‍പ്പാദനച്ചെലവില്‍ വലിയ മാറ്റമുണ്ടാക്കും. ഇത് വൈദ്യുതിയുടെ വില കൂട്ടും. അതിന്റെ പരിണതഫലങ്ങള്‍ വിവിധ മേഖലകളെ പ്രതികൂലമായി ബാധിക്കും. പ്രകൃതിവാതകം അടിസ്ഥാനമാക്കിമാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുള്ള മൂന്നു വലിയ സ്റ്റീല്‍ പ്ലാന്റുകളാണ് ഉള്ളത്. റിലയന്‍സിന്റെ സമീപനംമൂലം ഈ സ്ഥാപനങ്ങള്‍ക്ക് ഉല്‍പ്പാദനം നടത്താന്‍ കഴിയുന്നില്ല. അടച്ചുപൂട്ടലിനെ നേരിടുന്ന വ്യവസായങ്ങളെ കുടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ പ്രഖ്യാപനം. സ്റ്റീലിന്റെ വിലവര്‍ധന നിര്‍മാണമേഖലയിലും പശ്ചാത്താല നിര്‍മാണത്തിലും ചെലവ് വര്‍ധനയുണ്ടാക്കും. ഇത് രാജ്യത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും.


സമ്പദ്ഘടന ആഴത്തിലുള്ള പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ അതൊന്നും പരിഗണിക്കാതെ കുത്തകയുടെ താല്‍പ്പര്യംമാത്രം സംരക്ഷിക്കുന്നതിനാണ് ഇപ്പോള്‍ വിലവര്‍ധന പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനാണ് ഇത്തരം തീരുമാനങ്ങള്‍ എന്നും പറയുന്നു. 2005നുശേഷം ഈ വര്‍ധനവരെയുള്ള കാലയളവില്‍ 300 ശതമാനം വര്‍ധനയാണ് പ്രകൃതിവാതകവിലയില്‍ നടത്തിയത്. എന്നാല്‍, ഒരു നിക്ഷേപവും ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെന്നതു പകല്‍പോലെ വ്യക്തം. അങ്ങേയറ്റം ജനവിരുദ്ധവും രാജ്യതാല്‍പ്പര്യത്തിന് എതിരും കുത്തകയുടെ കൊള്ളലാഭം ഉറപ്പുവരുത്താന്‍മാത്രം ലക്ഷ്യംവച്ചിട്ടുള്ളതുമാണ് ഇപ്പോഴത്തെ തീരുമാനം.

Source- Deshabhimani