ഇത്തവണത്തെ വരവുചിലവ് കണക്കുകളും സ്ഥാപനത്തിന്റെ ഭാവിയും

Thursday, 26 June 2014 08:16 Bose Jacob
Print

KSEBഓരോ വിതരണ ലൈസന്‍സിയുടെയും വരും സാമ്പത്തിക വര്‍ഷത്തെ വരവുചിലവു കണക്കുകള്‍ (ARR & ERC) മുന്‍കൂറായി റഗുലേറ്ററി കമ്മീഷനു് സമര്‍പ്പിച്ച് അനുമതി വാങ്ങേണ്ടതുണ്ട്. ഇതോടൊപ്പം വരുമാനത്തിലെ കമ്മി നികത്തുന്നതിനാവശ്യമുള്ള താരിഫ് പെറ്റീഷനും നല്‍കേണ്ടതുണ്ട്. കമ്മീഷന്‍ ഇതു പരിശോധിച്ച ശേഷം ഇതു സംബന്ധിച്ച് ജനങ്ങളില്‍ നിന്നും പൊതു തെളിവെടുപ്പ് നടത്തുകയും ആവശ്യമായ മാറ്റങ്ങളോടെ വരവുചിലവു കണക്കുകള്‍ അംഗീകരിക്കുകയും താരിഫ് ഉത്തരവ് ഇറക്കുകയും ചെയ്യും.


2014-15 വര്‍ഷത്തെ വരവുചിലവ് കണക്കുകള്‍ കെ.എസ്.ഇ.ബി ലിമിറ്റഡ് 2014 മെയ് മാസത്തില്‍ കമ്മീഷനു് സമര്‍പ്പിച്ചു. മൊത്തം 12057.62 കോടി രൂപ ചിലവും 9126.41 കോടി രൂപ വരവും 2931.21 കോടി രൂപ കമ്മിയും കാണിക്കുന്ന കണക്കാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച പൊതു തെളിവെടുപ്പുകള്‍ ജൂണ്‍ 30, ജൂലൈ 2, ജൂലൈ 4 തീയതികളിലായി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കുകയാണ്. ഇത് എല്ലാ വര്‍ഷവും നടക്കുന്ന ഒരു ചടങ്ങാണെങ്കിലും ഇത്തവണത്തെ വരവുചിലവു കണക്കുകളുടെ അംഗീകാരം വൈദ്യുതി ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ള ഒന്നാണ്.ബോര്‍ഡ് കമ്പനിയായി മാറിയതിനുശേഷമുള്ള ആദ്യ വരവ് ചിലവ് കണക്കാണ് ഇത്തവണത്തേത്. ഇതുസംബന്ധിച്ച ചില പ്രധാനപ്പെട്ട വസ്തുതകള്‍ ജീവനക്കാരിലെത്തിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.


2013 നവംബര്‍ ഒന്നു മുതല്‍ നമ്മുടെ സ്ഥാപനം കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് എന്ന പേരില്‍, ഗവണ്മെന്റ് ഉടമസ്ഥതയില്‍ കമ്പനീസ് ആക്ട് 1956 പ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായി മാറി . ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് 2013 ഒക്ടോബര്‍ 31-ന് പുറത്തിറങ്ങി. ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത നിറവേറ്റുന്ന കാര്യത്തിലായിരുന്നു പ്രധാന ആശങ്ക നിലനിന്നിരുന്നത്. ഭാവി പെന്‍ഷന്‍ ബാധ്യതയുടെ ഇപ്പോഴത്തെ മൂല്യം ഒരു ആക്ചൂറിയന്‍ വാല്യുവേഷനിലൂടെ കണ്ടെത്തണമെന്നും അങ്ങനെ കണ്ടെത്തുന്ന തുകയ്ക്ക് പുതിയ കമ്പനിയുടെ ബാലന്‍സ്ഷീറ്റില്‍ വ്യവസ്ഥയുണ്ടാകണമെന്നും കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടുന്ന സംഘടനാ സംയുക്ത സമിതി ആവശ്യപ്പെട്ടിരുന്നു. 2011 സെപ്തംബര്‍ 30 പ്രകാരം ഇങ്ങനെ കണക്കാക്കിയ തുക 7584 കോടി രൂപയാണെന്ന് മേല്‍പ്പറഞ്ഞ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. പെന്‍ഷന്‍ ബാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു മാസ്റ്റര്‍ ട്രസ്റ്റ് രൂപീകരിക്കുമെന്നും 7584 കോടി രൂപയുടെ ബാധ്യത നിറവേറ്റുന്നതിന് താഴെപ്പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്:


(1) 10 ശതമാനം കൂപ്പണ്‍ റേറ്റുള്ള 5021 കോടി രൂപയ്ക്കുള്ള ഒരു 20 വര്‍ഷ ബോണ്ടും 9 ശതമാനം കൂപ്പണ്‍ റേറ്റുള്ള 2039 കോടി രൂപയ്ക്കുള്ള ഒരു 10 വര്‍ഷ ബോണ്ടും കെ.എസ്.ഇ.ബി ലിമിറ്റഡ് മാസ്റ്റര്‍ ട്രസ്റ്റിന് ഇഷ്യൂ ചെയ്യും.
(2) കേരള സര്‍ക്കാരിന്റെ ബജറ്റ് വിഹിതമായി 10 വര്‍ഷത്തേയ്ക്ക് 524 കോടി രൂപ നല്‍കും.
30.10.2013 തീയതി വച്ച് വീണ്ടും ആക്ചൂറിയന്‍ വാല്യുവേഷന്‍ നടത്തുമെന്നും കൂടുതലായി വരുന്ന തുക സര്‍ക്കാരും കെ.എസ്.ഇ.ബി ലിമിറ്റഡും 35.4 : 64.6 അനുപാതത്തില്‍ വഹിക്കുമെന്നും കൈമാറ്റ പദ്ധതി ഉറപ്പുനല്‍കുന്നു. 31.10.2013 പ്രകാരമുള്ള തുക 12419 കോടി രൂപയായി ഇപ്പോള്‍ കണക്കാക്കിയിട്ടുണ്ട്. ഇതുകൂടാതെ വര്‍ഷാവര്‍ഷം ആക്ചൂറിയന്‍ വാല്യുവേഷന്‍ നടത്തി കൂടുതലായി വരുന്ന തുക പെന്‍ഷന്‍ ഫണ്ടിലേക്ക് കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ വിഹിതമായി നല്‍കുമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. 31.10.2013 പ്രകാരം കണക്കാക്കിയിട്ടുള്ള തുകയ്ക്ക് സമാനമായി ബോണ്ടുകളുടെ മൂല്യം 8144.41 കോടി രൂപയും 3750.59 കോടി രൂപയുമായി നിജപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ആദ്യത്തേതിന്റെ സര്‍വ്വീസിംഗ് കെ.എസ്.ഇ.ബി ലിമിറ്റഡ് ചെയ്യേണ്ടതും രണ്ടാമത്തേത് ഗവണ്മെന്റ് ചെയ്യുന്നതുമാണ്.
മേല്‍പ്പറഞ്ഞ സംവിധാനത്തില്‍ പെന്‍ഷനു് വേണ്ട കാഷ്‌ഫ്ലോ ഉണ്ടാവേണ്ടത് ARR & ERC-ല്‍ ഇക്കാര്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതിലൂടെയാണെന്നതാണ് കമ്പനിയായി മാറിയതിനു് ശേഷമുള്ള ആദ്യത്തെ ARR & ERC യുടെ പ്രാധാന്യം.
ARR-ല്‍ ഇത് എങ്ങിനെ പ്രതിഫലിക്കും എന്നു മനസ്സിലാക്കണമെങ്കില്‍ ഗവണ്മെന്റ് ഉത്തരവു പ്രകാരം കമ്പനിയായി മാറിയപ്പോഴുള്ള ബാലന്‍സ്ഷീറ്റ് പരിശോധിക്കണം.
കമ്പനിയായി മാറിയപ്പോള്‍ ബാലന്‍സ്ഷീറ്റിലെ ആസ്തി ബാദ്ധ്യതകളില്‍ വന്ന മാറ്റങ്ങളില്‍ ARR-ല്‍ പ്രതിഫലിക്കുന്നവ താഴെ പറയുന്നു:
(1) ആസ്തികള്‍ പുനര്‍നിര്‍ണ്ണയം ചെയ്തതിന്റെ ഫലമായി ആസ്തി മൂല്യം 4000 കോടി രൂപ കണ്ടു വര്‍ദ്ധിച്ചു.
(2) ഇക്വിറ്റി ക്യാപ്പിറ്റല്‍ (മൂലധനം) 1946 കോടി രൂപ കണ്ടു വര്‍ദ്ധിച്ചു.
(3) ടെര്‍മിനല്‍ ബനഫിറ്റ് ഫണ്ട് ഇനത്തില്‍ 7584 കോടി രൂപ (2011 സെപ്തംബര്‍ 30-ന്റെ ആക്ചുറിയന്‍ വാല്യുവേഷന്‍ പ്രകാരമുള്ളത്) പുതുതായി ചേര്‍ക്കപ്പെട്ടു. ഇതില്‍ 524 കോടി രൂപ സര്‍ക്കാരിന്റെ വിഹിതവും ബാക്കി 7060 കോടി രൂപ മുന്‍ സൂചിപ്പിച്ച പ്രകാരം രണ്ടു ബോണ്ടുകളും ആണ്. ഇത് പിന്നീട് 31.10.2013ലെ ആക്ചുറിയന്‍ വാല്യുവേഷന്‍ പ്രകാരം 8144.41 കോടി രൂപയുടെയും 3750.59 കോടി രൂപയുടെയും ബോണ്ടുകളായി പുനര്‍നിര്‍ണ്ണയിച്ചു.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ബോര്‍ഡ് സമര്‍പ്പിച്ച ARR-ല്‍ താഴെ പറയുന്ന പ്രകാരം പ്രതിഫലിച്ചിട്ടുണ്ട്.
(1) വര്‍ദ്ധിച്ച മൂലധനത്തിന്റെ 15.5% ആയ 301.63 കോടി രൂപ, റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി എന്ന ഇനത്തില്‍
(2) പെന്‍ഷന്‍ ഫണ്ടിനു് വേണ്ട 8144.41 കോടി രൂപയുടെ ബോണ്ടിന്റെ 10% പലിശയായി 'Interest & Finance Charges' എന്ന ഇനത്തില്‍ കൂടുതലായി 814.44 കോടി രൂപ. താരിഫ് ഷോക്ക് ഒഴിവാക്കുന്നതിനായി ബോണ്ടിന്റെ പ്രിന്‍സിപ്പല്‍ തിരിച്ചടവ് ARR-ല്‍ ചേര്‍ത്തിട്ടില്ല. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റിയില്‍ നിന്നു ലഭിക്കുന്ന തുകയില്‍ നിന്ന് ഇത് നടത്താനാണ് കണക്കു കൂട്ടിയിരിക്കുന്നത്.
(3) വര്‍ദ്ധിച്ച ആസ്തിയായ 4000 കോടി രൂപയുടെ തേയ്മാനച്ചിലവ് 'Depreciation' എന്ന ഇനത്തില്‍ ആവശ്യപ്പെടാമെങ്കിലും താരിഫ്ഷോക്ക് ഒഴിവാക്കുന്നതിനായി ഇത് ചോദിച്ചിട്ടില്ല.
(4) ഇതിനു പുറമേ കെ എസ് ഇ ബി ലിമിറ്റഡിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ജീവനക്കാരുടെ ഓരോ വര്‍ഷത്തെയും പെന്‍ഷന്‍ വിഹിതം അക്ച്യൂറിയന്‍ വാല്യുവേഷന്‍ പ്രകാരം മാസ്റ്റര്‍ ട്രസ്റ്റില്‍ നല്‍കേണ്ടതാണ്.അപ്രകാരം കണക്കാക്കിയ 101.12 കോടി രൂപ എംപ്ളോയി കോസ്റ്റ് എന്ന ഇനത്തില്‍ 2014-15 ലെ ARR -ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍, മേല്‍പ്പറഞ്ഞ ഇനങ്ങളിലായി 1216.07 കോടി രൂപ ARR-ല്‍ അനുവദിച്ചു കിട്ടേണ്ടത് പെന്‍ഷന്‍ ബാധ്യത നിറവേറ്റുന്നതിനാവശ്യമാണ്. മാത്രമല്ല തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇപ്പോഴെടുക്കുന്ന മാനദണ്ഡങ്ങള്‍ സ്വാധീനം ചെലുത്തും. ഇതിനായി സംഘടനകള്‍ പൊതു തെളിവെടുപ്പുകളില്‍ ഹാജരായി കാര്യങ്ങള്‍ അവതരിപ്പിക്കുകയും സംയുക്ത സമിതിക്കായി കമ്മീഷനോട് പ്രത്യേകം സമയം ചോദിച്ച് കാര്യങ്ങള്‍ സംസാരിക്കേണ്ടതും ആണ്. എന്തു തന്നെയായാലും കൈമാറ്റ പദ്ധതിയും കരടു തൃകക്ഷി കരാറും സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിന് സംയുക്ത സമിതി കാണിച്ച ശുഷ്കാന്തി ഇക്കാര്യത്തിലും ഉണ്ടായെങ്കില്‍ മാത്രമേ നമ്മുടെ ശ്രമങ്ങള്‍ പൂര്‍ണ്ണ ഫലപ്രാപ്തിയിലെത്തുകയുള്ളു.