യൂണിറ്റിന് ഏഴു പൈസ നിരക്കില്‍ ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്കി.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് 32.39 കോടിയുടെ അധിക ബാധ്യത ഉണ്ടായി. ഇത് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. വൈദ്യുതി ലഭ്യത കുറഞ്ഞാല്‍ താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ് ഇന്ധന സര്‍ചാര്‍ജായി ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. ഇതനുസരിച്ചാണ് ബോര്‍ഡിന്റെ അപേക്ഷ.
മൂന്നുമാസം കായംകുളം നിലയത്തില്‍നിന്ന് വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് 135 കോടിയുടെ അധികബാധ്യതയുണ്ടായതായി ബോര്‍ഡ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ തുക ഈടാക്കാന്‍ നിയമപരമായി സാധിക്കില്ല. ഇതൊഴികെയുള്ള അധിക ബാധ്യതയായ 38.97 കോടിയില്‍ 32.39 കോടിയാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. റെഗുലേറ്ററി കമ്മീഷന് അനുവദിച്ചാല്‍ ബോര്‍ഡിന് ഇത് ബില്ലില്‍ ഉള്‍ക്കൊള്ളിച്ച് ഈടാക്കാം.
ഇതിനിടെ, 2012-13 ലെ വാര്‍ഷികക്കണക്കില്‍ ബോര്‍ഡ് ആവശ്യപ്പെട്ട ശമ്പളച്ചെലവ് സംസ്ഥാന റെഗുലേറ്ററി കമ്മീഷന് വെട്ടിക്കുറച്ചത് അസാധുവാക്കി കേന്ദ്ര റെഗുലേറ്ററി കമ്മീഷന് വിധിച്ചത് ബോര്‍ഡിന് ആശ്വാസമായി. ജീവനക്കാരുടെ ശമ്പളച്ചെലവില്‍ 567.80 കോടി രൂപയാണ് സംസ്ഥാന കമ്മീഷന് വെട്ടിക്കുറച്ചത്. ജീവനക്കാരെ പുനര്‍വിന്യസിച്ചും കാര്യക്ഷമത വര്‍ദ്ധിപ്പിച്ചും ചെലവ് കുറയ്ക്കാനാണ് കമ്മീഷന് ഉത്തരവിട്ടത്. ഇതിനെതിരെ കേന്ദ്ര റെഗുലേറ്ററി കമ്മീഷനെ ബോര്‍ഡ് സമീപിച്ചു. ശമ്പളച്ചെലവ് കണക്കാക്കാന്‍ സംസ്ഥാന കമ്മീഷന് സ്വീകരിച്ച രീതി ശരിയല്ലെന്ന് ബോര്‍ഡിന്റെ വാദം അംഗീകരിച്ചാണ് കേന്ദ്ര കമ്മീഷന്റെ ഉത്തരവ്.
ഇത്തവണയും ബോര്‍ഡ് സമര്‍പ്പിച്ച വാര്‍ഷിക ചെലവുകണക്കില്‍ 1838.43 കോടി രൂപ റെഗുലേറ്ററി കമ്മീഷന് വെട്ടിക്കുറച്ചിരുന്നു. ജീവനക്കാരുടെ ശമ്പളച്ചെലവില്‍ 772.34 കോടി രൂപയും കമ്മീഷന് നിഷേധിച്ചു. ഇതിനെതിരെ ബോര്‍ഡ് കമ്മീഷന് പുനപ്പരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിന് മുമ്പ് കമ്മീഷന് പൊതുജനങ്ങളുടെ അഭിപ്രായം ആരായും. ഡിസംബര്‍ നാലിന് രാവിലെ 11ന് കമ്മീഷന്റെ തിരുവനന്തപുരത്തെ ഓഫീസിലാണ് തെളിവെടുപ്പ്.
Source- Mathrubhumi