KSEBOA - KSEB Officers' Association

Thursday
May 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home KSEB ഗെയിംസ് വില്ലേജില്‍ കെ.എസ്.ഇ.ബിക്ക് സ്വര്‍ണ്ണം

ഗെയിംസ് വില്ലേജില്‍ കെ.എസ്.ഇ.ബിക്ക് സ്വര്‍ണ്ണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

games Village35-ാമത് ദേശീയ ഗെയിസ് സമാപിച്ചു. ദേശീയ ഗെയിംസ് ഭംഗിയായി നടത്തുന്നതില്‍ കെ.എസ്.ഇ.ബിക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിവിധ ജില്ലകളിലെ വേദികളില്‍ തടസ്സരഹിതമായി വൈദ്യുതി ലഭ്യമാക്കാന്‍ കഴിഞ്ഞു. ഉത്ഘാടന സമാപന ചടങ്ങുകള്‍ നടന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെയും മേനംകുളം ഗെയിംസ് വില്ലേജിന്റെയും വൈദ്യുതീകരണ ജോലികള്‍ സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു എന്നത് കെ.എസ്.ഇ.ബി ലിമിറ്റഡിന് അഭിമാനിക്കാന്‍ കഴിയുന്നതാണ്. കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ വരുന്നതാണ് ഈ രണ്ട് പ്രദേശങ്ങളും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനു് 220 കെ.വി പോത്തന്‍കോട് സബ്സ്റ്റേഷന്‍, 110 കെ.വി കഴക്കൂട്ടം സബ്സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഭഗര്‍ഭ കേബിള്‍ വഴി തടസ്സരഹിതമായി വൈദ്യുതി എത്തിച്ചത്. അതിനാവശ്യമായ തുക 'ഡെപ്പോസിറ്റ്' ഇനത്തില്‍ കെ.എസ്.ഇ.ബിക്ക് ലഭിക്കുകയും ചെയ്തു. തിരുവനന്തപുരം എ.പി.ഡി.ആര്‍.പി. ഡിവിഷന്റെ പൂര്‍ണ്ണ സഹകരണത്തോടെയാണ് 6 കിലോമീറ്റര്‍ നീളത്തില്‍ ഭൂഗര്‍ഭ വൈദ്യുത കേബിള്‍ സ്ഥാപിച്ചത്.


അയ്യായിരം പേര്‍ക്കുള്ള താമസസൗകര്യം ഒരുക്കിയിരുന്ന 'ഗെയിംസ് വില്ലേജ്' തയ്യാറാക്കിയത് മേനംകുളം എന്ന സ്ഥലത്താണ്. ഒന്നര വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായാണ് ഗെയിംസ് വില്ലേജ് യാഥാര്‍ത്ഥ്യമായത്. ആസ്പിരിന്‍ ഗുളികകള്‍ നിര്‍മ്മിച്ചിരുന്ന 'ആസ്പിരിന്‍ പ്ലാന്റ്' നിലനിന്നിരുന്ന പ്രദേശമാണ് ഗെയിംസം വില്ലേജ് ആയി രൂപാന്തരം പ്രാപിച്ചത്. 'പ്രീ ഫാബ്' ടെക്നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച താത്കാലിക വീടുകളാണ് തയ്യാറാക്കിയത്.
2013 ഒക്ടോബറിലാണ് ഗെയിംസ് വില്ലേജിന്റെ വൈദ്യുതീകരണമെന്ന ആവശ്യവുമായി ദേശീയഗെയിംസ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ കഴക്കൂട്ടം സെക്ഷന്‍ ആഫീസിനെ സമീപിക്കുന്നത്. ഓരോ വീടിനും വേണ്ടിവരുന്ന ലോഡും (ത്രീസ്റ്റാര്‍ സൗകര്യമാണ് നല്‍കിയിട്ടുള്ളത്), പൊതു ആവശ്യങ്ങള്‍ക്കുള്ള ലോഡും ചേര്‍ത്ത് മൂന്ന് മെഗാവാട്ട് വൈദ്യുതി വേണ്ടി വരും എന്ന് കണക്കാക്കി. നമ്മുടെ സംഘടനയുടെ മുന്‍ സംസ്ഥാന ഭാരവാഹി വി. സുകുമാരന്‍ തമ്പിയായിരുന്നു ഗെയിംസ് പ്രോജക്ട് ഇഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍).

ആദ്യത്തെ വെല്ലുവിളി


ടെക്നോപാര്‍ക്കിന്റെ വരവോടുകൂടി അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന കഴക്കൂട്ടത്ത് നൂറുകണക്കിന് പാര്‍പ്പിട-വാണിജ്യ സമുച്ചയങ്ങളുണ്ട്. നിര്‍മ്മാണത്തിന്റെ പല ഘട്ടങ്ങളിലായി നിരവധി എണ്ണം വേറെയും. ഇവയ്ക്കെല്ലാം വൈദ്യുതി നല്‍കാന്‍ കഴിയുമോ എന്ന് ആശങ്കപ്പെട്ട് നില്‍ക്കുന്ന അവസരത്തിലായിരുന്നു ഗെയിംസ് വില്ലേജിനായി 3 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യം ഉയര്‍ന്നത്.


മേനംകുളത്ത് വൈദ്യുതി എത്തിയിരുന്നത് 110 കെ.വി. ടേള്‍സ് സബ്സ്റ്റേഷനില്‍ നിന്നുള്ള തുമ്പ ഫീഡറില്‍ നിന്നായിരുന്നു. ഇതില്‍ നിന്നും 3 മെഗാവാട്ട് അധിക വൈദ്യുതി നല്‍കാന്‍ കഴിയില്ല. കഴക്കൂട്ടം സെക്ഷനിലെ സബ്-എഞ്ചിനീയര്‍മാരായ ശ്രീ. റ്റി. സനല്‍കുമാര്‍, എം. നിസാമുദീന്‍ എന്നിവരുമായി ചേര്‍ന്ന് നിരവധി സാധ്യതകള്‍ പരിശോധിച്ചു. അങ്ങിനെയിരിക്കെയാണ് ഗെയിംസ് വില്ലേജിന് സീപത്തായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 'ആശാപുര മൈന്‍ കെം' എന്ന കളിമണ്ണ് ഫാക്ടറി താത്കാലിക മായി പൂട്ടുന്നു എന്ന വാര്‍ത്ത വന്നത്. 2.9 മെഗാവാട്ട് കണക്ടഡ് ലോഡും 2100 കെ.വി.എ കോണ്‍ട്രാക്ട് ഡിമാന്റുമുള്ള പ്രസ്തുത ഫാക്ടറിയിലേക്ക് വൈദ്യുതി എത്തിച്ചിരുന്നത് 110 കെ.വി ടേള്‍സ് സബ്-സ്റ്റേഷനില്‍ നിന്നുള്ള ആശാപുര ഭൂഗര്‍ഭ കേബിള്‍ വഴിയായിരുന്നു. ആശാപുര ഫാക്ടറി പ്രവര്‍ത്തനം മതിയാക്കുന്ന സാഹചര്യത്തില്‍ ആശാപുര ഫീഡറില്‍ നിന്നുള്ള വൈദ്യുതി ഗെയിംസ് വില്ലേജിലേക്ക് നല്‍കിയാല്‍ പ്രശ്നപരിഹാരം സാധ്യമാകും എന്ന് മനസ്സിലാക്കി. ഇക്കാര്യം കഴക്കൂട്ടം ഇല. ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീ. മുഹമ്മദ് ഷെരീഫിനെ അറിയിക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

എസ്റ്റിമേറ്റ് തയ്യാറാക്കല്‍


36 ഏക്കറില്‍ മണല്‍ കൂനകളും കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശത്ത്, ഏകദേശം 350 വീടുകള്‍ (പണി പൂര്‍ത്തിയായപ്പോള്‍ 405 വീടുകള്‍ ആയി), എല്ലാ റോഡുകളുടെയും വശത്തുകൂടി തെരുവ് വിളക്കുകള്‍, വാട്ടര്‍ പമ്പുകള്‍, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, ഫുഡ്കോര്‍ട്ട്, റിസപ്ഷന്‍ കൗണ്ടര്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് താത്കാലിക വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള എസ്റ്റിമേറ്റാണ് തയ്യാറാക്കേണ്ടിയിരുന്നത്. വീടുകളുടെ ഫൗണ്ടേഷന്‍ ജോലികള്‍ പോലും അംഭിച്ചിട്ടില്ലായിരുന്നു. ആഗസ്റ്റ് മാസത്തില്‍ കണ്‍സള്‍ട്ടന്റിന്റെ കൈവശമുള്ള സ്കെച്ചിന്റെ സഹായത്തോടെ എസ്റ്റിമേറ്റ് തയ്യാറാക്കി. ഏകദേശം രണ്ട് ആഴ്ച സമയമെടുത്താണ് എസ്റ്റിമേറ്റ് പൂര്‍ത്തിയാക്കിയത്.

ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍


കഴക്കൂട്ടം ഇല. സെക്ഷന്റെ കരാറുകാരായ ശ്രീ. ജി. വിക്രമന്‍ നായര്‍, ശ്രീ. കെ. രവീന്ദ്രന്‍ എന്നിവരാണ് ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ എടുത്തത്. റോഡുകളുടെ നിര്‍മ്മാണം നടക്കാത്തതു കൊണ്ട് പോസ്റ്റുകള്‍ മണലില്‍ കൂടി വലിച്ചിഴയ്ക്കുകയോ തോളില്‍ ചുമക്കുകയോ വേണ്ടി വന്നു. തുലാമഴ വന്നതോടെ എല്ലായിടത്തും വെള്ളക്കെട്ടായി. വിചാരിച്ച വേഗതയില്‍ പോസ്റ്റുകള്‍ നാട്ടാന്‍ കഴയാതെ വന്നു. ഡിസംബര്‍ 20ഓടു കൂടി ലൈന്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ഡിസംബര്‍ 31 ആയപ്പോഴേക്കും എല്ലാ ട്രാന്‍സ്ഫോര്‍മറും സ്ഥാപിക്കാന്‍ കഴിഞ്ഞു. കെ.എസ്.ഇ.ബി. ലിമിറ്റഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ശ്രീ. ഋഷിരാജ് സിങ്ങ് ഐ.പി.എസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ജനുവരി 20-ഓടു കൂടി വൈദ്യുതി കണക്ഷന്‍ നല്‍കണമെന്നായിരുന്നു ഗെയിംസ് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നത്. ജനുവരി 10ന് തന്നെ 100% പ്രവൃത്തിയും കെ.എസ്.ഇ.ബി പൂര്‍ത്തിയാക്കിയിരുന്നു.


ഗെയിംസ് വില്ലേജ് നിര്‍മ്മാണത്തിന്റെ ആവസാനഘട്ടത്തില്‍ എത്തിയപ്പോഴേയ്ക്കും പുതിയ ചില പ്രവൃത്തികള്‍ കൂടി ഏറ്റെടുക്കേണ്ടതായി വന്നു. ഓരോ സംസ്ഥാനത്തിന്റെയും സംഘത്തെ നയിക്കുന്നവര്‍ക്ക് (ഷെഫ്-ഡി-മിഷന്‍) വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ കെട്ടിടങ്ങള്‍ക്ക് വൈദ്യുതി നല്‍കുക, പതിനൊന്ന് ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുക, വാട്ടര്‍ പമ്പിനും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനും വൈദ്യുതി എത്തിക്കുക എന്നിവയായിരുന്നു ആ പ്രവൃത്തികള്‍. 11 മീറ്റര്‍ പൊക്കമുള്ള 'എ പോള്‍' സ്ട്രക്ചറില്‍ പിടിപ്പിച്ച പ്രത്യേകം രൂപകല്‍പന ചെയ്ത ക്ലാമ്പില്‍ ഇരുപത് ഡബിള്‍ ട്യൂബ് ഫിറ്റിംഗ്സ് സ്ഥാപിച്ചാണ് ഹൈമാസ്റ്റ് ലാമ്പ് ഉണ്ടാക്കിയത്. കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷനിലെ സബ് എഞ്ചിനീയര്‍മാരായ എം. നിസാമുദീന്‍, റ്റി. സനല്‍കുമാര്‍ എന്നിവരായിരുന്നു ഈ ആശയത്തിന് പിന്നില്‍. ജനറേറ്ററില്‍ നിന്നുള്ള ബാക്ക്അപ്പ് വൈദ്യുതി കൂടി നല്‍കത്തക്ക രീതിയിലായിരുന്നു ഹൈമാസ്റ്റ് ലാമ്പുകള്‍, പമ്പുകള്‍, ഷെഫ്-സി-മിഷന്‍ എന്നിവയ്ക്കുള്ള വൈദ്യുതി ലൈനിന്റെ നിര്‍മ്മാണം നടത്തിയത്.


ലൈന്‍ നിര്‍മ്മാണത്തിനാവശ്യമായ സാധനസാമഗ്രികള്‍ സബ് റീജിയണല്‍ സ്റ്റോര്‍ വഴിയും, കഴക്കൂട്ടം ഡിവിഷന്‍, സബ്-ഡിവിഷന്‍ എന്നിവ വഴിയും ലഭിച്ചിരുന്നു. സബ്-റീജിയണല്‍ സ്റ്റോറിലെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജിദ, അസി. എഞ്ചിനീയര്‍ റ്റി. ബിനു എന്നിവര്‍ ഇക്കാര്യത്തില്‍ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. മറ്റ് ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ നിന്നും അത്യാവശ്യ ഘട്ടങ്ങളില്‍ സാധന സാമഗ്രികള്‍ നല്‍കാന്‍ അസിസ്റ്റന്റ് ഏഞ്ചിനീയര്‍മാരും സബ് എഞ്ചിനീയര്‍മാരും തയ്യാറാകുകയും ചെയ്തു. റിട്ടഃ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ശ്രീ. എന്‍. രഘുവരന്‍ ഗയിംസ് വില്ലേജ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം അവസാന ഘട്ടത്തില്‍ ഏറ്റെടുത്തതും സഹായകരമായി.


ഗെയിംസ് വില്ലേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സബ് എഞ്ചിനീയര്‍മാരായ റ്റി. സനല്‍കുമാര്‍, എം. നിസാമുദീന്‍, റ്റി. വി. ജോഷി, ഓവര്‍സീയര്‍മാരായ റ്റി. സതി, സി. തോമസ് തോമസ്, എസ്. സതീഷ്കുമാര്‍, സി. സത്യന്‍, അനില്‍കുമാര്‍, രാജേഷ് എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. സബ് എഞ്ചിനീയര്‍മാരും ഓവര്‍സീയര്‍മാരും അവധി ദിവസങ്ങളും ഡ്യൂട്ടി ഓഫും എടുക്കാതെയാണ് പ്രവര്‍ത്തിച്ചത്. ഇവര്‍ കാണിച്ച ആത്മാര്‍ത്ഥത അനുകരണീയമാണ്. മാത്രവുമല്ല, ദേശീയ ഗെയിംസ് നടന്ന 15 ദിവസവും അടിയന്തിര സാഹചര്യം നേരിടാന്‍ ഗെയിംസ് വില്ലേജില്‍ പ്രത്യേകം കണ്‍ട്രോള്‍ റുമും പ്രവര്‍ത്തിച്ചിരുന്നു.


ഇത്രയും വലിയൊരു പ്രവൃത്തി കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്നത് വലിയ വെല്ലുവിളിയായിരുന്നു. ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട തീയതിയ്ക്ക് മുന്‍പായി തന്നെ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ഇതിന് മേല്‍നോട്ടം വഹിച്ച ജീവനക്കാരുടെയും ജോലിചെയ്ത കരാറുകാരുടെയും അര്‍പ്പണ മനോഭാവവും ആത്മാര്‍ത്ഥതയും കൊണ്ട് മാത്രമാണ്. ദേശീയ ഗെയിംസിന്റെ പ്രവര്‍ത്തനങ്ങളുമായി ജീവനക്കാര്‍ മാറി നിന്നിട്ടും ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു് തടസ്സം ഉണ്ടാകാതെ നോക്കാന്‍ ബാക്കിയുള്ള ജീവനക്കാര്‍ക്കു് കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനം ദേശീയ ഗെയിംസ് വിജയിപ്പിയ്ക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നു് നിസ്സംശയം പറയാം.


കെ. എസ്. ഇ. ബി ലിമിറ്റഡിനൊപ്പം നിരവധി സ്വകാര്യ സ്ഥാപനങ്ങളും ഗെയിംസ് വില്ലേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. പക്ഷേ, ഏറ്റെടുത്ത പ്രവൃത്തി കൃത്യ സമയത്ത് പൂര്‍ത്തിയാക്കാന്‍ പൊതുമേഖലാ സ്ഥാപനമായ കെ. എസ്. ഇ. ബി യ്ക്കു് മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നത് അധികാരികളുടെ കണ്ണ് തുറപ്പിയ്ക്കും എന്നു് പ്രതീക്ഷിയ്ക്കാം. പൊതുമേഖലയുടെ കാര്യക്ഷമതയെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍ക്കു് നല്ല മറുപടിയായി മാറുന്നു മേനംകുളം ഗെയിംസ് വില്ലേജ്.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday641
mod_vvisit_counterYesterday4713
mod_vvisit_counterThis Month103988
mod_vvisit_counterLast Month140412

Online Visitors: 58
IP: 3.88.156.58
,
Time: 03 : 28 : 27