KSEBOA - KSEB Officers' Association

Wednesday
May 22nd
Text size
 • Increase font size
 • Default font size
 • Decrease font size
Home KSEB പ്രളയ വിവാദം ചില വസ്തുതകള്‍

പ്രളയ വിവാദം ചില വസ്തുതകള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
 • Flood Keralaകേരളം വലിയൊരു പ്രളയത്തെയാണ് നേരിട്ടത്. ജാതി മത രാഷ്ട്രീയ പരിഗണനകളില്ലാതെ ജനങ്ങള്‍ കൂട്ടായി ഇടപെട്ടു. ലോകത്തിന് മാതൃകയായ രക്ഷാദൗത്യമാണ് സംസ്ഥാനം കാഴ്ച വെച്ചത്. ദുരിതാശ്വാസം എത്തിക്കുന്നതിലും ശുചീകരണപ്രവര്‍ത്തനങ്ങളിലുമൊക്കെ ഈ കൂട്ടായ്മ തുടരുകയാണ്. പ്രവര്‍ത്തനങ്ങളെയാകെ ഏകോപിപ്പിച്ചുകൊണ്ട് ഫലപ്രദമായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നു. ഉണ്ടായ നാശനഷ്ടങ്ങള്‍ വലുതാണ്. പക്ഷേ നമുക്ക് തോല്‍ക്കാന്‍ കഴിയില്ല.

 • ഇതിനിടയില്‍ ചില വിവാദങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. അതിലൊന്ന് പ്രളയത്തിന് കാരണം അന്വേഷിച്ചെത്തിയ ചിലരുടെ കണ്ടെത്തലുകളാണ്. ഡാമുകളാണ് പ്രളയത്തിന് കാരണമായതെന്നാണ് അതിലൊരു കണ്ടെത്തല്‍. ഡാം മാനേജ്മെന്റില്‍ വന്ന പിശകാണ് പ്രശ്നമായതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ഇക്കാര്യം മുഖ്യപ്രശ്നമായി ഉന്നയിച്ച് പ്രളയം സര്‍ക്കാര്‍ നിര്‍മ്മിതമാണെന്നാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല പറഞ്ഞത്. മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയും ഇതേ ആരോപണം ഉന്നയിക്കുകയുണ്ടായി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയായ മേധാപട്‌കറും ഡാമുകളാണ് പ്രളയത്തിന് കാരണമായതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഡാമുകളെ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നതിന് ഇത്തരം അഭിപ്രായപ്രകടങ്ങള്‍ സഹായിച്ചിട്ടുണ്ട്.

   

പ്രളയം 1924ലും 2018ലും

 • കേരളത്തില്‍ 1924ലുണ്ടായ പ്രളയവുമായി ഇപ്പോഴത്തേതിനെ താരതമ്യപ്പെടുത്തിയുള്ള ചില ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നാല്‍ ഈ കാലയളവില്‍ കേരളത്തിന്റെ ആവാസവ്യവസ്ഥയിലോ ഭൂവിനിയോഗത്തിലോ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ചര്‍ച്ചകളില്‍ വേണ്ടത്ര ഉന്നയിക്കപ്പെടുന്നതായി കാണുന്നില്ല. ഭൂവിനിയോഗത്തിലും മറ്റും വന്നിട്ടുള്ള മാറ്റങ്ങളില്‍ സാധാരണ ഗതിയില്‍ ആശങ്ക പ്രകടിപ്പിക്കാറുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ പോലും ഇക്കാര്യങ്ങളൊന്നും കണക്കിലെടുക്കാതെ ഇപ്പോഴുണ്ടായ പ്രളയത്തിന്റെ ഉത്തരവാദിത്തം ഡാമുകളില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കാണാം. എന്തായാലും വനഭൂമിയിലും വയലുകള്‍ അടക്കമുള്ള തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതിയിലും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ വെള്ളപ്പൊക്കത്തെ സംബന്ധിച്ച് ചര്‍ച്ചകളില്‍ പരിഗണിക്കപ്പെടേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ്Kerala flood 2018

 • 1920ലെ കണക്കനുസരിച്ച് കേരളത്തില്‍ ഏകദേശം 27300.കി.മീ. വനഭൂമിയാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 10336 .കി.മീ. ആയി കുറഞ്ഞിരിക്കുന്നു. അതായത് 1924ലെ പ്രളയകാലത്ത് കേരളത്തിലുണ്ടായിരുന്ന വനഭൂമിയുടെ നാല്‍പതു ശതമാനത്തില്‍ താഴെയാണ് ഇപ്പോള്‍ കേരളത്തിലുള്ള വനഭൂമി. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ വയല്‍ വിസ്തീര്‍ണ്ണം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. അതായത് 1980കളില്‍പ്പോലും കേരളത്തില്‍ 9000.കി.മീറ്ററോളം വയല്‍ഭൂമി ഉണ്ടായിരുന്നു. 1920കളില്‍ ഈ അളവ് പതിനായിരം ച.കി.മീറ്ററില്‍ അധികം ഉണ്ടായിരുന്നിരിക്കണം. രേഖകളില്‍ നെല്‍കൃഷി ചെയ്തിരുന്ന ഭൂവിസ്തൃതി മാത്രമേ കൃത്യമായി കാണുന്നുള്ളൂ. കൃഷി ചെയ്യാത്ത വയലുകളും തണ്ണീര്‍ത്തടങ്ങളും കൂടി പരിഗണിച്ചാലേ പ്രളയജലം പരക്കുന്നതിനുള്ള വിസ്തീര്‍ണ്ണം കിട്ടുകയുള്ളൂ എന്നതിനാലാണ് ഇങ്ങിനെ ഒരു കണക്ക് എടുക്കുന്നത്.

 • വനത്തില്‍ പെയ്യുന്ന മഴ ഒറ്റയടിക്ക് കുത്തിയൊഴുകി താഴേക്ക് പോകില്ല. വയല്‍ ഭൂമിയില്‍ വെള്ളം പരന്ന് പ്രളയജലത്തിന്റെ ആഴം കുറക്കും. രണ്ടും പ്രളയദുരന്തം ലഘൂകരിക്കുന്ന ഘടകങ്ങളാണ്. വനഭൂമിയും വയല്‍ഭൂമിയും ഇന്നുള്ളതിന്റെ മൂന്നിരട്ടിയായിരുന്നു എന്ന രണ്ട് അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും 1924ല്‍ കേരളത്തിലുണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമായിരുന്നു.

 • തിരുവിതാംകൂര്‍ ഔദ്യോഗിക രേഖകള്‍ പ്രകാരം അന്നത്തെ വെള്ളപ്പൊക്കത്തില്‍ ആലുവ പെരുമ്പാവൂര്‍ റോഡില്‍ പത്തടി ഉയരത്തില്‍ വെള്ളം കയറി. മൂന്നാര്‍ പട്ടണം വെള്ളത്തിനടിയിലായി. അവിടുത്തെ റെയില്‍വേ സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നു. കുട്ടനാട് മാസങ്ങളോളം വെള്ളത്തിനടിയിലായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ കേരളത്തില്‍ അങ്ങോളമിങ്ങോളം എല്ലായിടത്തും പ്രളയം ബാധിച്ചിരുന്നു എന്നാണ് രേഖകള്‍ പറയുന്നത്. ഇടുക്കി, നിലമ്പൂര്‍, വയനാട് മലനിരകളിലാകെ വ്യാപകമായ ഉരുള്‍പൊട്ടലുകളുണ്ടായി. പഴയ ആലുവ മൂന്നാര്‍ റോഡ് തകര്‍ന്ന് ഉപയോഗ ശൂന്യമായത് ഇത്തരം ഉരുള്‍പൊട്ടലുകളെ തുടര്‍ന്നാണ്. നന്നാക്കിയെടുക്കാന്‍ കഴിയാത്തവിധം തകര്‍ന്നു പോയതിനാല്‍ ഈ റോഡ് ഉപേക്ഷിക്കേണ്ട സ്ഥിതി വന്നു. ആയിരക്കണക്കിന് മനുഷ്യരും വളര്‍ത്തു മൃഗങ്ങളൊക്കെ വെള്ളപ്പൊക്കത്തില്‍ മരണപ്പെട്ടു.

 • ഇപ്പോഴത്തെ പ്രളയവും സംസ്ഥാനവ്യാപകമായിരുന്നു. പതിനഞ്ചു ലക്ഷത്തോളം പേരെ ബാധിച്ച പ്രളയം പന്ത്രണ്ടു ലക്ഷത്തിലധികം പേരെ ദുരിതാശ്വാസക്യാമ്പുകളിലാക്കി. ഉരുള്‍പൊട്ടലുകളിലും മറ്റുമായി ഒട്ടേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായി. കാലവര്‍ഷം ആരംഭിച്ച മെയ് 29മുതല്‍ റിപ്പോര്‍ട്ടുചെയ്ത, പ്രളയവുമായി ബന്ധപ്പെട്ട മരണങ്ങള്‍ 400ഓളമാണ്. ഈ പ്രളയം സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ ഇതുണ്ടാക്കിയിട്ടുള്ള പ്രത്യാഘാതം ഗുരുതരമാണ്. ഇങ്ങിനെയൊക്കെ ആണെങ്കിലും 1924ലെ പ്രളയവുമായി താരതമ്യപ്പെടുത്തിയാല്‍ ഇപ്പോഴത്തെ പ്രളയത്തിന്റെ തീവ്രത കുറവായിരുന്നു എന്നതാണ് വാസ്തവം.

 • 1924ലെ വെള്ളപ്പൊക്കം മൂന്നാഴ്ചയിലേറെ നീണ്ടു നിന്ന ഒന്നായിരുന്നുവെങ്കില്‍ പത്തു ദിവസത്തിനുള്ളില്‍തന്നെ കുട്ടനാട് അടക്കം ചിലയിടങ്ങളൊഴിച്ച് ഭൂരിഭാഗം പ്രദേശത്തു നിന്നും വെള്ളമിറങ്ങിയിട്ടുണ്ട്. ഭൂവിനിയോഗത്തിലും വനവിസ്തൃതിയിലുമൊക്കെ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ വെച്ച് കണക്കാക്കിയാല്‍ പ്രതീക്ഷിക്കുന്ന നാശനഷ്ടം നമുക്കുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. നദീതടം തന്നെ കെട്ടിയെടുത്തും വയലുകള്‍ നികത്തിയുമൊക്കെ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങളും സ്ഥാപനങ്ങളുമൊക്കെ വ്യാപകമായിട്ടും പഴയ തോതില്‍ വെള്ളം ഉയര്‍ന്നില്ല.

മഴ കുറവായിരുന്നുവോ?

 • 1924ലേത് ഒരു പ്രകൃതിക്ഷോഭമായിരുന്നുവെന്നും ഇപ്പോഴുണ്ടായത് ഒരു സര്‍ക്കാര്‍ നിര്‍മ്മിതിയാണെന്നുമുള്ള പതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയുടെ വാദം ഊന്നുന്നത് 2018ലെ മഴ 1924ലേതിലും കുറവായിരുന്നു എന്നതിലാണ്. അദ്ദേഹത്തിന്റെ കണക്കുപ്രകാരം 1924ല്‍ കേരളത്തില്‍ ആകെ പെയ്ത ശരാശരി മഴ3368 മില്ലീമീറ്ററായിരുന്നു. ഈ കണക്ക് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള 122 ദിവസത്തെ മഴയുടേതാണെന്ന് രേഖകളില്‍ കാണുന്നു. അതായത് ദിവസ ശരാശരി 27.6മില്ലീമീറ്റര്‍. 2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 20 വരെ ആകെ പെയ്ത ശരാശരി മഴ 2500മില്ലീമീറ്റര്‍ ആണെന്നാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇന്ത്യ മെറ്റിരിയോളജിക്കല്‍ വകുപ്പ് (IMD) നല്‍കുന്ന കണക്ക് പ്രകാരം മഴ ഇതിലും കുറവാണ്. ഈ കാലയലവില്‍ കേരളത്തില്‍ ആകെ പെയ്ത ശരാശരി മഴ 2400മില്ലീമീറ്ററോളം മാത്രമാണെന്നാണ് ഐ.എം.ഡി.യുടെ കണക്ക് . ഇതിനെ ദിവസങ്ങളുടെ എണ്ണമായ 81കൊണ്ടു ഹരിച്ചാല്‍ കിട്ടുക 29.62 മില്ലീമീറ്ററാണ്. 1924ലേതിനേക്കാള്‍ രണ്ടു മില്ലീമീറ്ററിലധികം കൂടുതല്‍. അതായത് ഇത്തവണ മഴ കുറവാണെന്ന വാദം വസ്തുതയല്ല. Kerala rain

 • കേരളത്തില്‍ ഈ വര്‍ഷം ലഭ്യമായ കാലവര്‍ഷം ആഗസ്റ്റ് പകുതിയോടെതന്നെ സാധാരണ വര്‍ഷങ്ങളിലേതിനേക്കാള്‍ നാല്‍പതു ശതമാനത്തിലധികം കൂടുതലായെന്നാണ് ഐ.എം.ഡി. നല്‍കുന്ന കണക്കുകള്‍ കാണിക്കുന്നത്. പദ്ധതി പ്രദേശങ്ങളിലാകട്ടെ പെയ്തമഴ ഈ ശരാശരിയേക്കാളും വളരെ കൂടുതലും ആയിരുന്നു. ഉദാഹരണത്തിന് ഇടുക്കിയില്‍ 4038മില്ലീ മീറ്റര്‍ മഴയാണ് ഈ കാലയലവില്‍ പെയ്തത്. ഇടമലയാറാകട്ടെ 3618 മില്ലീമീറ്റര്‍ മഴ പെയ്തു.

 

 

ശരാശരി മഴയില്‍ ഉണ്ടായ വര്‍ദ്ധനവുകൊണ്ടു മാത്രം പ്രളയമുണ്ടാകില്ല.

 • ഈവര്‍ഷത്തെ ശരാശരി മഴ മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതലായിരുന്നു. എന്നാല്‍ ഇതുകൊണ്ടുമാത്രം പ്രളയം ഉണ്ടാകണം എന്നില്ല. ഉദാഹരണത്തിന് ആഗസ്റ്റ് ഇരുപതുവരെ ഇടുക്കിയില്‍ പെയ്ത 4038 മില്ലീമീറ്റര്‍ മഴ പോലും എല്ലാദിവസവും ഒരേ അളവിലാണ് പെയ്തിരുന്നതെങ്കില്‍ ദിവസം 51 മില്ലീമീറ്ററില്‍ താഴെയേ ഉണ്ടാകൂ. ഇത് വലിയ വെള്ളപ്പൊക്കത്തിനൊന്നും ഇടവരുത്തില്ല. എന്നാല്‍ മഴ എല്ലാ ദിവസവും അങ്ങിനെ ഒരേ അളവിലല്ല പെയ്യുക. അത് ചിലപ്പോള്‍ കൂടുകയും മറ്റു ചിലപ്പോള്‍ കുറയുകയും ചെയ്യും. സാധാരണ നിലയിലുള്ള ഏറ്റക്കുറച്ചിലുകളും വലിയ കുഴപ്പം സൃഷ്ടിക്കാറില്ല. എന്നാല്‍ ഇത്തവണ കേരളത്തില്‍ പെയ്ത മഴയുടെ പ്രത്യേകത ചില ഘട്ടങ്ങളില്‍ അത് അതി രൂക്ഷമായിരുന്നു എന്നതാണ്. ആഗസ്റ്റ് രണ്ടും മൂന്നും വാരങ്ങളില്‍ പെയ്ത മഴയുടെ അളവ് സാധാരണത്തേതിലും വളരെ വലുതായിരുന്നു. ആഗസ്റ്റ് 14മുതല്‍ 17 വരെയുള്ള നാലു ദിവസത്തിനുള്ളില്‍ ഇടുക്കിയില്‍ 811മില്ലീമീറ്ററോളം മഴയാണ് പെയ്തത്. ഇതേ കാലയലവില്‍ ശബരിഗിരി പദ്ധതിപ്രദേശമായ കക്കിയില്‍ 915 മില്ലീമീറ്റര്‍ മഴയും കുറ്റ്യാടിയില്‍ 954മില്ലീമീറ്റര്‍ മഴയും പെയ്തതായാണ് കണക്ക്. മേഘവിസ്പോടനം എന്നു വിശേഷിപ്പിക്കാന്‍ കഴിയുന്ന ഈ പ്രതിഭാസം പെട്ടെന്ന് വെള്ളം തടിച്ചു കൂടുന്നതിനും കടുത്ത പ്രളയത്തിനും കാരണമാകുകയായിരുന്നു.

ഡാമുകള്‍ ചെയ്തത്

 • ഡാമുകളാണ് പ്രളയത്തിന് കാരണമായതെന്ന വാദം ഉന്നയിക്കുന്നവര്‍ അതെങ്ങിനെ എന്ന് ഇതുവരെ വിശദീകരിച്ചു കണ്ടിട്ടില്ല. ഡാമുകള്‍ ഒന്നിച്ചു തുറന്നു വിട്ടതിനാല്‍ പ്രളയമുണ്ടായി എന്നാണ് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമൊക്കെ പ്രസ്താവിച്ചത്.

 • ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായ 1924ല്‍ കേരളത്തില്‍ ആകെ മുല്ലപ്പെരിയാര്‍ എന്ന ഒരൊറ്റ ഡാം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 42 മേജര്‍ ഡാമുകളടക്കം 82 ഡാമുകളാണ് കേരളത്തിലുള്ളത്. എന്നിട്ടും 1924നെ അപേക്ഷിച്ച് ചെറിയ വെള്ളപ്പൊക്കമാണ് ഇപ്പോഴുണ്ടായത് എന്നതുതന്നെ ഡാമുകളാണ് വെള്ളപ്പൊക്കത്തിന് കാരണം എന്ന വാദത്തെ പൊളിക്കുന്നതാണ്. മഴയുടെ അളവ്, മഴയുടെ തീവ്രത, വനഭൂമിയിലും വയല്‍ഭൂമിയിലുമുണ്ടായ കുറവ് തുടങ്ങി ഒട്ടേറെ പ്രതികൂല ഘടകങ്ങള്‍ നിലനിന്നപ്പോഴും വെള്ളപ്പോക്കത്തിന്റെ രൂക്ഷത കുറക്കുന്നതില്‍ സഹായിച്ചത് കേരളത്തിലെ ഡാമുകളായിരുന്നു എന്നതാണ് സത്യം.

സംഭരിച്ചു വെച്ച വെള്ളം തുറന്നു വിട്ടിട്ടില്ല

 • ഡാമുകള്‍ തുറന്നു വിട്ടു എന്നു കേള്‍ക്കുമ്പോള്‍ സാധാരണക്കാര്‍ ധരിക്കുക ഡാമുകളില്‍ സംഭരിച്ചു വെച്ചിരുന്ന വെള്ളമപ്പാടെ തുറന്നു വിടുകയായിരുന്നു എന്നാണ്. ഓരോ സമയത്തും മഴപെയ്ത് ഒഴുകി വന്ന വെള്ളം പോലും പൂര്‍ണ്ണമായി ഒഴുക്കി വിട്ടിരുന്നില്ല എന്നതാണ് വസ്തുത. ഉദാഹരണത്തിന് ഇടുക്കിയിലും ഇടമലയാറിലുമൊക്കെ സംഭരിച്ചു വെക്കപ്പെട്ട വെള്ളം കൂടി താഴേക്ക് ഒഴുകിയിരുന്നു എന്നിരിക്കട്ടെ എന്തായിരിക്കുമായിരുന്നു പെരിയാര്‍ തീരങ്ങളിലെ അവസ്ഥ. പ്രളയം കുറേക്കൂടി നേരത്തെ വരുമായിരുന്നു, ഇപ്പോഴുണ്ടായതിനേക്കാള്‍ ഗുരുതരമാകുമയിരുന്നു.

 • Cheruthoni damകടുത്ത മഴ പെയ്ത് ഡാമുകളിലേക്ക് ഒഴുകിയെത്തിയ വെള്ളം അതേ അളവില്‍ താഴേക്ക് ഒഴുകിയിരുന്നെങ്കില്‍ എന്താണ് സംഭവിക്കുക എന്നതാണ് ആലോചിക്കേണ്ട മറ്റൊരു വിഷയം. ഉദാഹരണത്തിന് പ്രളയം ഏറ്റവും രൂക്ഷമായ ഓഗസ്റ്റ് 14മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഇടുക്കി ഡാമില്‍ ഒഴുകിയെത്തിയത് 1186 MCM വെള്ളമാണ്. എന്നാല്‍ ഇതേ സമയത്ത് ഇടുക്കി ഡാമില്‍ നിന്നും പെരിയാറിലേക്ക് ഒഴുക്കി വിട്ട വെള്ളം കേവലം 525 MCM വെള്ളം മാത്രമാണ്. അതായത് 661 MCM വെള്ളം ഇടുക്കി ഡാമില്‍ തടഞ്ഞു നിര്‍ത്തി. ഇങ്ങിനെ കുറേ ജലം തടഞ്ഞു നിര്‍ത്തി നദിയിലെ ഒഴുക്ക് ഒരു പരിധി വരെയെങ്കിലും നിയന്ത്രിക്കാന്‍ കഴിഞ്ഞതിനാല്‍ പ്രളയക്കെടുതി അത്രകണ്ട് കുറക്കാന്‍ കഴിഞ്ഞു. ഇത് ഇടുക്കിയിലെ മാത്രം സ്ഥിതിയല്ല. മറ്റൂ പ്രദേശങ്ങളിലും പ്രളയക്കെടുതി കുറക്കാനാണ് ഡാമുകള്‍ സഹായകമായത്.

 • ഇത്തവണ ഡാമുകള്‍ക്ക് താങ്ങാവുന്നതിലുമധികം മഴയാണ് പെയ്തത്. അതും കുറഞ്ഞ സമയം കൊണ്ട്. സംഭരണ ശേഷിക്കപ്പുറമുള്ള വെള്ളം നദിയിലേക്ക് ഒഴുക്കിക്കളയുകയല്ലാതെ മറ്റു മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അപ്പോഴും കഴിയുന്നത്ര സംഭരിച്ച് നിയന്ത്രിതമായ അളവിലുള്ള വെള്ളം മാത്രമേ ഡാമുകളില്‍ നിന്നും പുറത്തേക്ക് വന്നിട്ടുള്ളൂ.

 • മുമ്പ് പെരിയാര്‍ തീരത്ത് വെള്ളപ്പൊക്കമില്ലാത്ത കാലമില്ലായിരുന്നു. 1976ല്‍ ഇടുക്കി ഡാം വന്നതിന് ശേഷമാണ് ഇതിന് ഒരറുതിയാത്. സ്ഥിരം വെള്ളപ്പൊക്കമുണ്ടാക്കി നാശം വിതച്ചിരുന്ന കുറ്റ്യാടിപ്പുഴ ശാന്തമായത് കക്കയം, പെരുവണ്ണാമൂഴി ഡാമുകള്‍ വന്നതിന് ശേഷമാണ്. ഇതു തന്നെയാണ് ചാലക്കുടി, പമ്പ തുടങ്ങി കേരളത്തിലെ മറ്റു നദീതീരങ്ങളുടേയും സ്ഥിതി. ഡാമുകളുടെ വെള്ളപ്പൊക്ക നിയന്ത്രണമെന്ന ലക്ഷ്യം നിറവേറ്റപ്പെട്ടിരുന്നു എന്നതാണിത് കാണിക്കുന്നത്.

 • ഡാമുകള്‍ തുറന്നു എന്നതല്ല, ഒന്നിച്ചു തുറന്നു എന്നതിലാണ് ചിലര്‍ ഊന്നുന്നത്. ഡാമുകള്‍ വെള്ളം വന്ന് നിറയുമ്പോഴാണ് തുറക്കുന്നത്. എല്ലാ ഡാമും ഒന്നിച്ച് നിറഞ്ഞാല്‍ ഒന്നിച്ച് തുറക്കേണ്ടിയും വരും. അത് മാറ്റിവെക്കാനാകില്ല. ഒന്നിച്ചു തുറന്നോ ഇല്ലയോ എന്നതല്ല ഡാമുകള്‍ തുറന്നതിനാലാണോ വെള്ളപ്പൊക്കമുണ്ടായത് എന്നതാണ് പരിശോധിക്കേണ്ടത്.

നദികളില്‍ വന്ന വെള്ളം ഡാമുകളില്‍ നിന്ന് മാത്രമല്ല

 • കാലടി, ആലുവ, പറവൂര്‍ തുടങ്ങി ഒരുപാടു പ്രദേശങ്ങളെ വെള്ളത്തിലാഴ്ത്തിയ പ്രളയമാണ് പെരിയാര്‍ നദിയിലുണ്ടായത്. ഈ വെള്ളമാകെ ഇടുക്കി, ഇടാലയാര്‍ എന്നീ ഡാമുകളില്‍ നിന്നു വന്നതാണെന്ന നിലയിലൊരു വാദം ഉയര്‍ന്നു വരുന്നുണ്ട്. പമ്പയിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം പമ്പ, ആനത്തോട്-കക്കി ഡാമുകളില്‍ നിന്നും ഒഴുകിയെത്തിയ വെള്ളമാണെന്നും വയനാട്ടിലെ വെള്ളപ്പൊക്കത്തിന് കാരണം ബാണാസുരസാഗര്‍ അണയില്‍ നിന്നുള്ള വെള്ളമാണെന്നും പറയുന്നതും സമാനമായ വാദങ്ങളാണ്. നദികളില്‍ വന്ന വെള്ളം ഡാമുകളില്‍ നിന്നുള്ളത് മാത്രമാണെന്ന ധാരണയാണ് ഈ വാദങ്ങള്‍ക്ക് ആധാരം. എന്നാല്‍ പ്രളയമുണ്ടായ സമയത്തെ സ്ഥിതി പരിശോധിച്ചാല്‍ കാണുക മറ്റൊരു വസ്തുതയാണ്.

 • പമ്പ, കക്കി-ആനത്തോട് ഡാമുകളില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന് പുറമേ മൂഴിയാര്‍, കക്കാട് വൈദ്യുതി നിലയങ്ങളില്‍ നിന്ന് വൈദ്യുതി ഉല്‍പാദനത്തിനു ശേഷം പുറത്തു വരുന്ന വെള്ളവും പമ്പാ നദിയില്‍ തന്നെയാണ് എത്തുന്നത്. പ്രളയം രൂക്ഷമായ, റാന്നിയടക്കം പലയിടത്തും വന്‍തോതില്‍ വെള്ളം കയറിയ ആഗസ്റ്റ് 15, 16 തീയതികളില്‍ ഈ മാര്‍ഗ്ഗങ്ങളിലെല്ലാം പമ്പയില്‍ എത്തിയ വെള്ളം സെക്കന്റില്‍ 1473 ഘനമീറ്ററാണ്. ഇനം തിരിച്ച് പറഞ്ഞാല്‍, പമ്പ ഡാമില്‍ നിന്ന് സെക്കന്റില്‍ 249 ഘനമീറ്റര്‍, ആനത്തോട്-കക്കി ഡാമുകളില്‍ നിന്ന് 844ഘനമീറ്റര്‍, മൂഴിയാര്‍ വൈദ്യുതി നിലയത്തില്‍ നിന്ന് 330 ഘനമീറ്റര്‍, കക്കാട് വൈദ്യുതി നിലയത്തില്‍ നിന്ന് 50 ഘനമീറ്റര്‍ എന്നിങ്ങനെ. ഈ ഡാമുകള്‍ക്ക് താഴെ പമ്പ നദിയുടെ രണ്ടു കൈവഴികളില്‍ റാന്നി പെരുനാട്, പെരുന്തേനരുവി എന്നിവിടങ്ങളില്‍ നദിയിലെ നീരൊഴുക്ക് അളക്കുന്നതിനുള്ള റിവര്‍ഗേജ് സംവിധാനങ്ങളുണ്ട്. റാന്നി പെരുനാടില്‍ സെക്കന്റില്‍ 2600ഘനമീറ്ററും പെരുന്തേനരുവിയില്‍ സെക്കന്റില്‍ 2480ഘനമീറ്ററുമാണ് അളക്കാവുന്ന പരിധി. ഈ ദിവസങ്ങളില്‍ ഈ രണ്ടു റിവര്‍ഗേജുകളും കവിഞ്ഞ് ഒഴുകുകയായിരുന്നു. അതായത് പമ്പ നദിയില്‍ ആകെ ഒഴുകിയ വെള്ളം സെക്കന്റില്‍ 5080 ഘനമീറ്ററില്‍ അധികമായിരുന്നു. ഇത് 5080 എന്നുതന്നെ എടുത്താല്‍പ്പോലും ഡാമുകളില്‍ നിന്നും വൈദ്യുതി നിലയങ്ങളില്‍ നിന്നുമായി ആകെ പുഴയിലെത്തിയ സെക്കന്റില്‍ 1473 ഘനമീറ്റര്‍ വെള്ളം പുഴയിലൂടെ ഒഴുകിയ ആകെ വെള്ളത്തിന്റെ 29%ത്തില്‍ താഴെ മാത്രമായിരുന്നു. അതായത് വെള്ളപ്പൊക്കമുണ്ടാക്കിയത് ഡാമുകളില്‍ നിന്നുള്ള വെള്ളമായിരുന്നില്ല. അല്ലാതെ തന്നെ പുഴയിലെത്തിയ സ്വാഭാവികമായ മഴവെള്ളമായിരുന്നു. Periyar Flood

 • പെരിയാറിന്റെ കാര്യത്തിലും ഇതേ പരിശോധന ആകാവുന്നതാണ്. ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്നും പെരിയാറിലേക്ക് തുറന്നു വിട്ട പരമാവധി വെള്ളം സെക്കന്റില്‍ 1500 ഘനമീറ്റര്‍ ആയിരുന്നു. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമടക്കം സെക്കന്റില്‍ 2700 ഘനമീറ്ററിലധികം വെള്ളം ഡാമില്‍ എത്തിയപ്പോഴും ഈ അളവില്‍ അധികം വെള്ളം താഴേക്ക് ഒഴുക്കുകയുണ്ടായില്ല. ഇടമലയാറില്‍ നിന്ന് പെരിയാറിലേക്ക് തുറന്നു വിട്ട പരമാവധി വെള്ളം സെക്കന്റില്‍ 1400 ഘനമീറ്റര്‍ വെച്ചായിരുന്നു. രണ്ടും കൂടി ചേര്‍ന്നാല്‍ ആകെ സെക്കന്റില്‍ 2900ഘനമീറ്റര്‍. ഇടുക്കിയില്‍ നിന്നും ഇടമലയാറില്‍ നിന്നുമുള്ള വെള്ളം ഭൂതത്താന്‍കെട്ട് ബാരേജിലെത്തിയാണ് പെരിയാറിന്റെ താഴ്ഭാഗങ്ങളിലേക്ക് ഒഴുകുന്നത്. പ്രളയം രൂക്ഷമായ സമയത്ത് ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്നും പെരിയാറിലേക്ക് പോയ വെള്ളം സെക്കന്റില്‍ 7700 ഘനമീറ്റര്‍ ആയിരുന്നു. അതായത് ഇടുക്കി, ഇടമലയാര്‍ അണകളില്‍ നിന്നു വന്നത് ഭൂതത്താന്‍കെട്ടില്‍ നിന്നും പെരിയാറിലേക്ക് ഒഴുകിയ വെള്ളത്തിന്റെ 37% മാത്രമായിരുന്നു. ഭൂതത്താന്‍ കെട്ട് ബാരേജിന് താഴെയും നദിയിലേക്ക് വെള്ളം എത്തുന്നുണ്ട്. പെരിയാറിന്റെ വൃഷ്ടി പ്രദേശത്തിന്റെ 56%മാത്രമേ ഭൂതത്താന്‍കെട്ടിന് മുകളിലുള്ളൂ. 44%വും ബാരേജിന് താഴെയാണ്. ഈ പ്രദേശങ്ങളില്‍ നിന്നുള്ള വെള്ളംകൂടി കണക്കിലെടുത്താല്‍ ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍നിന്ന് പെരിയാറിലെത്തിയ വെള്ളം വെള്ളപ്പൊക്കമുണ്ടാക്കിയതിന്റെ 15%മാത്രമായിരുന്നു എന്നത് വ്യക്തമാണ്.

 • വയനാട്ടില്‍ ഏറ്റവും കൂടുതല്‍ മഴപെയ്ത ആഗസ്റ്റ് 9ന് ബാണാസുരസാഗര്‍ ഡാമില്‍ നിന്ന് സെക്കന്റില്‍ 2250ഘനമീറ്റര്‍ വെള്ളമാണ് കബനീ നദിയിലേക്ക് ഒഴുകിയത്. എന്നാല്‍ വയനാട്ടില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം ശേഖരിക്കുന്നതിന് കബനീ നദിയില്‍ കര്‍ണ്ണാടക കെട്ടിയ ബീച്ചനഹള്ളി ഡാമില്‍ അന്ന് ഒഴുകിയെത്തിയ വെള്ളം സെക്കന്റില്‍ 19400ഘനമീറ്റര്‍ വീതമായിരുന്നു. അതായത് കബനിയുടെ വയനാട് ഭാഗത്ത് ഒഴുകിയ വെള്ളത്തിന്റെ 12% വെള്ളംമാത്രമായിരുന്നു ബാണാസുരസാഗറിന്റെ സംഭാവന. മറ്റു നദികളിലെ കണക്കുകള്‍ പരിശോധിച്ചാലും ഡാമുകളില്‍ നിന്നു വന്ന വെള്ളമല്ല, നദീതടത്തിലാകെ പെയ്ത കനത്ത മഴയില്‍ ഒഴുകിയെത്തിയ സ്വാഭാവിക നീരൊഴുക്കാണ് ഈ വര്‍ഷം കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണമെന്നത് വ്യക്തമാണ്.

ഡാം മാനേജ്മെന്റില്‍ പിശക് വന്നോ?

 • കാലാവസ്ഥാ പ്രവചനങ്ങള്‍ കണക്കിലെടുത്തുകൊണ്ട് കനത്ത മഴ പ്രതീക്ഷിച്ച് ഡാമുകള്‍ നേരത്തെ തന്നെ തുറന്നു വെക്കുകയും അങ്ങിനെ ഒഴിഞ്ഞ ഡാമുകളില്‍ പെയ്യുന്ന മഴ പരമാവധി ശേഖരിക്കാന്‍ കഴിയുകയും ചെയ്തിരുന്നെങ്കില്‍ പ്രളയം ഒഴിവാക്കാമായിരുന്നു എന്ന നിലയീലുള്ള ചില വാദങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ഇതില്‍ ഒന്നാമത് പരിശോധിക്കേണ്ടത് ആഗസ്റ്റ് രണ്ടും മൂന്നും വാരങ്ങളിലുണ്ടായ മഴ സംബന്ധിച്ച് പ്രവചനങ്ങളുണ്ടായിരുന്നോ എന്നതാണ്.

 • ഇന്ത്യ മെറ്റിരിയോളജിക്കല്‍ വകുപ്പിന്റെ, കേരളത്തില്‍ പ്രളയമുണ്ടായ ആഗസ്റ്റ് രണ്ട്, മൂന്ന് വാരങ്ങളെ സംബന്ധിച്ചുള്ള കാലാവസ്ഥാപ്രവചനങ്ങള്‍ ജൂലൈ 26മുതലുള്ള പ്രതിവാര ബുള്ളറ്റിനുകളില്‍ ലഭ്യമാണ്. 26-07-18ന്റെ ബുള്ളറ്റിനില്‍ തുടര്‍ന്നുള്ള രണ്ടാഴ്ചത്തെ കാലാവസ്ഥ സംബന്ധിച്ച് നല്‍കിയിട്ടുള്ള പ്രവചനം അനുസരിച്ച് കേരളത്തെ കുറിച്ച് പ്രത്യേക പരാമര്‍ശങ്ങളൊന്നുമില്ല. 26-07-18തീയ്യതി വെച്ചുള്ള രണ്ടാം വാരത്തില്‍ അതായത് ആഗസ്റ്റ് 2 മുതല്‍ 8വരെയുള്ള വാരത്തില്‍ രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും തേക്കേ അറ്റം ഉള്‍പ്പെടുന്ന ഉപദ്വീപിലും സാധാരണത്തേതില്‍ നിന്നും കൂടിയ മഴ തുടരാന്‍ സാദ്ധ്യത ഉണ്ട് എന്നതാണ് ഇതില്‍ കേരളത്തെ സംബന്ധിച്ച് പ്രസക്തമായ ഏക പരാമര്‍ശം. ഇതില്‍ കനത്ത മഴയൊന്നും പ്രവചിക്കുന്നില്ല.

 • അടുത്ത ബുള്ള്റ്റിന്‍ ആഗസ്റ്റ് രണ്ടിലേതാണ്. ആഗസ്റ്റ് 2ന് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പശ്ചിമഘട്ട മേഖലകളില്‍ ഉണ്ടാകാനിടയുള്ള മഴയെപ്പറ്റിയുള്ള പരാമര്‍ശം അതേപടി ഉദ്ദരിക്കട്ടെ. ആഗസ്റ്റ് 2മുതല്‍ 8 വരെയുള്ള ആഴ്ചയെ സംബന്ധിച്ച് "Fairly widespread to widespread rainfall with heavy rainfall at isolated places is also very likely along west coast during most days of the 1 st week.” എന്നാണ് പ്രവചിച്ചിട്ടുള്ളത്. ആഗസ്റ്റ് 9 മുതല്‍ 15 വരെയുള്ള ആഴ്ചയെ സംബന്ധിച്ച് “During week 2, normal to above normal rainfall activity is very likely to confine over northwest & east India and extreme south Peninsula” എന്നും പ്രവചിച്ചിട്ടുണ്ട്.

 • എല്ലാ വര്‍ഷവും ഉണ്ടാകുന്ന പ്രവചനത്തിനപ്പുറം എന്തെങ്കിലും പ്രതീക്ഷിക്കാനുള്ള കാരണമൊന്നും ഈ പ്രവചനങ്ങളില്‍ കാണുന്നില്ല. ഒറ്റപ്പെട്ട കനത്ത മഴ കേരളത്തില്‍ ഇടക്കിടെ ഉണ്ടാകാറുള്ളതു മാത്രമാണ്. അതായത് ആഗസ്റ്റ് ആദ്യവാരത്തില്‍പ്പോലും പ്രളയത്തിന് കാരണമായ നിലയിലുള്ള അതികഠിനമായ മഴയുടെ സൂചന പോലും കേരളത്തില്‍ ഉണ്ടായിരുന്നില്ല.

 • ജൂലൈ മാസത്തില്‍ കേരളത്തില്‍ പരക്കെ നല്ല മഴ കിട്ടിയിരുന്നു. ഇത് കാലവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന മഴയാണ്. ഇതിന്റെ ഭാഗമായി നമ്മുടെ ഡാമുകളില്‍ സാമാന്യം നന്നായി മഴ ഒഴുകി എത്തുകയും ചെയ്തു. എന്നാല്‍ ജൂലൈ അവസാനമായപ്പോഴേക്കും മഴ കുറഞ്ഞു. ഡാമൊക്കെ തുറന്നു വിട്ട് വരാന്‍ പോകുന്ന പ്രളയ ജലത്തെ ശേഖരിക്കാന്‍ തയ്യാറായി നില്‍ക്കേണ്ട യാതൊരു സാഹചര്യവും ആഗസ്റ്റ് ആദ്യവാരത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. എന്നാലും ജൂലൈ മാസത്തില്‍ ലഭിച്ച നല്ല മഴയുടെ സാഹചര്യത്തില്‍ ജലനിരപ്പുകള്‍ പരിശോധിക്കുകയും ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പ്രധാനപ്പെട്ട ഡാമുകളുടെ വിവിധ അലര്‍ട്ടുകള്‍ ഏതൊക്കെ നിരപ്പുകളിലാണ് പുറപ്പെടുവിക്കേണ്ടത് എന്നതടക്കം എല്ലാ കാര്യങ്ങളിലും എല്ലാവര്‍ക്കും നല്ല വ്യക്തത ഉണ്ടായിരുന്നു. ഇവയൊക്കെ അതതു സമയങ്ങളില്‍ മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. ഈ നിബന്ധനകളൊക്കെ ശരിയായി പാലിച്ചു കൊണ്ടുതന്നെയാണ് ഡാമുകള്‍ തുറന്നിട്ടുള്ളത്. ഇതില്‍ നിന്നും ഡാം മാനേജ്മെന്റില്‍ എന്തെങ്കിലും പിശക് സംഭവിച്ചിട്ടില്ല എന്നത് വ്യക്തമാണ്.

 • ഇനി ഒരു സാങ്കല്‍പ്പിക ചോദ്യത്തിന് കൂടി ഉത്തരം തേടേണ്ടതുണ്ടെന്ന് തോന്നുന്നു. ആഗസ്റ്റ് രണ്ടാംവാരം മുതല്‍ കടുത്ത മഴ ഉണ്ടാകും എന്ന കാലാവസ്ഥാപ്രവചനം ഉണ്ടായിരുന്നെങ്കില്‍ ഡാമുകള്‍ നേരത്തെ തുറന്നു വെക്കുമായിരുന്നോ എന്നതാണത്. എല്ലാവരും കൗതുക പൂര്‍വ്വം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഇടുക്കി തന്നെ ഉദാഹരണമായെടുക്കാം. ഇടുക്കി ജലസംഭരണിയുടെ ചെറുതോണി ഡാമിലെ ഷട്ടറുകള്‍ തുറന്നത് ആഗസ്റ്റ് 9നായിരുന്നു. അത് അതിനുമുമ്പേ തുറക്കണമായിരുന്നു എന്നാണ് ചില വിദഗ്ദ്ധന്‍മാര്‍ പറയുന്നത്. എപ്പോള്‍ തുറക്കണമായിരുന്നു?

 • ചെറുതോണീ ഡാമിന്റെ ഷട്ടറിന്റെ ഏറ്റവും താഴെ ഭാഗം അതായത് ഷട്ടര്‍ മുട്ടി നില്‍ക്കുന്ന ക്രെസ്റ്റ് 2373അടി നിരപ്പിലാണ്. അതായത് ഷട്ടര്‍ തുറന്നാലും വെള്ളം ഒഴുകിത്തുടങ്ങണമെങ്കില്‍ ഡാമില്‍ 2373 അടിക്ക് മുകളീല്‍ വെള്ളം ഉണ്ടാകണം. ഈ വര്‍ഷം ഈ നിരപ്പില്‍ വെള്ളം എത്തിയത് 17-07-18നാണ്. അതായത് ജൂലൈ 17ന് ശേഷം മാത്രമേ ഡാം തുറന്ന് വെള്ളമൊഴുക്കിക്കളയാന്‍ കഴിയുമായിരുന്നുള്ളൂ. അന്നു മുതല്‍ തന്നെ വെള്ളം ഒഴുക്കി തുടങ്ങിയിരുന്നു എന്ന് സങ്കല്‍പ്പിക്കുക. എത്ര വെള്ളം വീതം ഒഴുക്കാമായിരുന്നു. ചെറുതോണി അങ്ങാടിയിലെ ചപ്പാത്തിനടിയിലൂടെ ചപ്പാത്തിന് അപകടമൊന്നും വരുത്താതെ ഒഴുക്കാവുന്ന വെള്ളം മാത്രമേ തുറന്നു വിടാന്‍ കഴിയുമായിരുന്നുള്ളൂ. അല്ലാതെ വലിയ മഴ വരാന്‍ പോകുന്നു എന്നു പറഞ്ഞുകൊണ്ട് ചപ്പാത്ത് തകര്‍ക്കുന്ന നിലയിലുള്ള വലിയൊരു നീരൊഴുക്ക് സാദ്ധ്യമാകുമായിരുന്നില്ല. ജനങ്ങള്‍ അത് സമ്മതിക്കുമായിരുന്നുമില്ല. മഴ കനത്തപ്പോള്‍ മറ്റു മാര്‍ഗ്ഗമില്ലാതെ വരുമ്പോള്‍ തുറക്കുന്നതുപോലെ അല്ലല്ലോ അത്തരമൊരു സാഹചര്യവും നിലവില്ലാത്ത സമയത്തെ കാര്യം. അതായത് സെക്കന്റില്‍ 50മുതല്‍ 100 ഘന അടിവരെ വെള്ളം തുറന്നുവിടാം. ഈ അളവില്‍ തുറക്കുമ്പോഴും കുറേയേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു എന്നതും കൂട്ടത്തില്‍ കാണണം.

 • ജൂലൈ മാസത്തില്‍ ലഭിച്ച നല്ല മഴയെ തുടര്‍ന്ന് ജല നിരപ്പ് 2397 അടി എത്തുമ്പോള്‍ ട്രയല്‍ അടിസ്ഥാനത്തില്‍ ചെറുതോണീ ഡാം തുറക്കാം എന്ന തീരുമാനിച്ചിരുന്നു. സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളം നാലു മണിക്കൂര്‍ തുറന്നു വിടാനാണ് ഇതിന്റെ ഭാഗമായി തീരുമാനിച്ചിരുന്നത്. ആഗസ്റ്റിലെ കനത്ത മഴയെ കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നു എന്ന് സങ്കല്‍പ്പിച്ച് 17-07-18 മുതല്‍ തന്നെ ഇങ്ങിനെ സെക്കന്റില്‍ 50 ഘന മീറ്റര്‍ വെള്ളം തുറന്നു വിട്ടിരുന്നു എങ്കില്‍ ഡാം യഥാര്‍ത്ഥത്തില്‍ തുറന്ന 09-08-18 വരെ എത്ര വെള്ളം ഡാമില്‍ നിന്ന് പുറത്തു പോകുമായിരുന്നു? ആകെ 9.5 കോടി ഘനമീറ്റര്‍. അഥവാ 95 എം.സി.എം.

 • ആഗസ്റ്റ് 10 മുതല്‍ 20 വരെ ഇടുക്കി ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കേണ്ടി വന്ന വെള്ളത്തിന്റെ അളവ് 800 എം.സി.എം. ആണ്. അതായത് മുന്‍കൂട്ടി ഒഴുക്കിക്കളയാമായിരുന്ന പരമാവധി വെള്ളം ആകെ തുറന്നു വിട്ട വെള്ളത്തിന്റെ കേവലം 11% മാത്രമായിരുന്നു. ഇതുകൊണ്ട് എന്തു ഗുണമാണ് ഉണ്ടാകുക? ഒരു പക്ഷേ ഇപ്പോള്‍ കണ്ടതു പോലെ വലിയൊരു മഴ വന്നിരുന്നില്ല എങ്കില്‍ കിട്ടിയ വെള്ളമൊക്കെ ഒഴുക്കി വിട്ട് വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം ഉന്നയിക്കാന്‍ അവസരമൊരുക്കാമായിരുന്നു. അതിനപ്പുറം ഗുണമൊന്നും ഇങ്ങിനെ ചെയ്തിരുന്നുവെങ്കിലും ഉണ്ടാകുമായിരുന്നില്ല.

വൈദ്യുതി ബോര്‍ഡിന് ലാഭക്കൊതിയോ?

 • വൈദ്യുതി ബോര്‍ഡിന്റെ ലാഭക്കൊതിയാണ് പ്രളയത്തിന് കാരണമായത് എന്നാണ് ചിലരുടെ കണ്ടുപിടുത്തം. ലാഭക്കൊതി മൂലം അണക്കെട്ട് തുറക്കാന്‍ മടിച്ച് വെള്ളം സംഭരിക്കാന്‍ ശ്രമിച്ചതാണത്രേ പ്രശ്നമായത്. അണക്കെട്ട് എപ്പോള്‍ തുറക്കണം എത്രത്തോളം തുറക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഒട്ടേറെ കാര്യങ്ങള്‍ കണക്കിലെടുത്താണ്. അണയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം, മഴയുടെ പ്രവണത തുടങ്ങിയ കര്യങ്ങളാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇടുക്കി അണക്കെട്ടിന്റെ കാര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്ഥിതി കൂടി ഇക്കാര്യത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ എഫ്.ആര്‍.എല്‍. എന്നാല്‍ 2408.5 അടിവരെ വെള്ളം സംഭരിക്കാന്‍ കഴിയും. അഞ്ചര അടിയുടെ ഈ കുഷ്യന്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് 2390 അടിയില്‍ ബ്ലൂ, 2395 അടിയില്‍ ഓറഞ്ച്, 2399അടിയില്‍ റെഡ് എന്നിങ്ങനെയുള്ള അലര്‍ട്ടുകളൊക്കെ തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ചുള്ള എല്ലാ അലര്‍ട്ടുകളും നല്‍കിക്കൊണ്ടാണ് ഡാം തുറന്നതും. 2399നു ശേഷം 9.5 അടി കൂടി വെള്ളം താങ്ങാന്‍ കഴിയും എന്നതു കണക്കിലെടുത്താണ് റെഡ് അലര്‍ട്ട് നിരപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യത്തിലൊക്കെ ശാസ്ത്രീയമായ കണക്കുകൂട്ടലുകള്‍ക്കപ്പുറം ലാഭനഷ്ടക്കണക്കല്ല പരിഗണിച്ചിരിക്കുന്നത്.

 • വൈദ്യുതി ബോര്‍ഡ് ഒരു പൊതുമേഖലാസ്ഥാപനമാണ്. ഇതിന്റെ ലാഭവും നഷ്ടവും ജനങ്ങളുടെ ലാഭവും നഷ്ടവുമാണ്. ഈ സ്ഥാപനം നഷ്ടത്തിലായാല്‍ അത് വൈദ്യുതി നിരക്കിലാണ് പ്രതിഫലിക്കുക. ലാഭത്തിലായാലും അങ്ങിനെ തന്നെയാണ്. പൊതുജനങ്ങള്‍ താങ്ങാവുന്ന നിലക്കില്‍ ഗുണമേന്‍മയുള്ള വൈദ്യുതി ലഭ്യമാക്കുക എന്നതാണ് വൈദ്യുതി ബോര്‍ഡ് മുന്നോട്ടുവെച്ചിട്ടുള്ള ലക്ഷ്യം. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്. ഡാമുകളുടെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിലും ഇതേ നിലപാടാണ് ബോര്‍ഡ് സ്വീകരിക്കുന്നത്.

ഡാമുകള്‍ തുറക്കുമ്പോള്‍ മുന്നറിയിപ്പുകള്‍ നല്‍കാഞ്ഞതാണോ അപകടങ്ങള്‍ക്ക് കാരണമായത്?

 • യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഡാമുകള്‍ തുറന്നത് എന്നാണ് പ്രളയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള മറ്റൊരാരോപണം. ഇങ്ങിനെ മുന്നറിയിപ്പില്ലാഞ്ഞതിനാല്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചുവെന്ന വാദവുമുണ്ട്. റാന്നി, ആറന്‍മുള തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് കക്കി, പമ്പ ഡാമുകള്‍ തുറക്കുന്നതു സംബന്ധിച്ച് മുന്നറിയിപ്പോന്നും കിട്ടിയില്ലെന്ന് അങ്ങിനെ മുന്നറിയിപ്പ് ലഭിക്കാതിരുന്നതിനാല്‍ മുന്‍കൂറായി രക്ഷാ പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ പമ്പ, കക്കി ഡാമുകള്‍ തുറന്ന് വെള്ളം ഒഴുക്കി തുടങ്ങിയത് ആഗസ്റ്റ് 9 മുതലാണ്. കക്കിയില്‍ 29-07-18ന് ബ്ലൂ അലര്‍ട്ടും 31-07-18ന് ഓറഞ്ച് അലര്‍ട്ടും നല്‍കി. പിന്നീട് മഴ കുറഞ്ഞു. അതിനാല്‍ റെഡ് അലര്‍ട്ടിന് കൂടുതല്‍ നാളെടുത്തു. റെഡ് അലര്‍ട്ട് നല്‍കിയത് 8-08-18നാണ്. പമ്പയില്‍ 17-07-18ന് ബ്ലൂ അലര്‍ട്ടും 26-07-18ന് ഓറഞ്ച് അലര്‍ട്ടും നല്‍കി. പിന്നീട് മഴ കുറഞ്ഞതിനാല്‍ ഓറഞ്ച് അലര്‍ട്ട് ലെവലിന് താഴേക്കു ജലനിരപ്പ് കുറഞ്ഞു. അങ്ങിനെ 30-07-18ന് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ 08-08-18ന് ഉണ്ടായ വലിയ മഴയില്‍ വീണ്ടും നിരപ്പുയര്‍ന്നു. ഓറഞ്ച് അലര്‍ട്ട് വീണ്ടും പുറപ്പെടുവിക്കേണ്ടി വന്നു. അന്നുതന്നെ റെഡ് അലര്‍ട്ടും വേണ്ടി വന്നു. അങ്ങിനെയാണ് 09-08-18ന് ഈ ഡാമുകളില്‍ നിന്ന് വെള്ളം ഒഴുക്കി തുടങ്ങിയത്. പക്ഷേ അപ്പോഴൊന്നും എവിടേയും വെള്ളപ്പൊക്കം ഉണ്ടായില്ല. 15-08-18 മുതല്‍ ആരംഭിച്ച അതി കഠിനമായ മഴയോടെയാണ് പമ്പയാറ്റില്‍ വെള്ളം കയറുകയും റാന്നിയും മറ്റും വെള്ളത്തിനടിയിലാകുകയും ചെയ്തത്. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ ഡാമില്‍ നിന്നു വന്ന വെള്ളമല്ല ഈ പ്രളയത്തിന് കാരണമായത്. പെട്ടെന്നുണ്ടായ അതി കഠിന മഴ നദിയില്‍ നീരൊഴുക്ക് കൂട്ടുകയും അത്രയും വേള്ളത്തിനുള്ള നിര്‍ഗമനമാര്‍ഗ്ഗം ഇല്ലാതെ വന്നതിനാല്‍ വെള്ളം തടിച്ചു കൂടി വെള്ളപ്പൊക്കമുണ്ടാക്കുകയുമായിരുന്നു. ആഗസ്റ്റ് 14-ാം തീയ്യതി വരെ നദിയിലൂടെ ഒഴുകിക്കൊണ്ടിരുന്ന വെള്ളത്തിന്റെ അളവ് 15-ാം ആയപ്പോഴേക്കും വലിയ തോതില്‍ വര്‍ദ്ധിച്ചത് ഡാം കൂടുതലായി തുറന്നു വിട്ടതുമൂലമായിരിക്കാമെന്ന ഒരു ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായി എന്നത് വസ്തുതയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അതല്ല.

ബാണാസുരസാഗര്‍

 • വയനാട്ടിലെ ബാണാസുരസാഗര്‍ ഡാം തുറന്നതു സംബന്ധിച്ചാണ് മറ്റൊരു ആക്ഷേപം ഉയര്‍ന്നു വന്നത്. നേരത്തെ വിശദീകരിച്ചതു പോലെ അവിടേയും പ്രളയ കാരണമായത് ഡാമില്‍ നിന്നുള്ള വെള്ളമല്ല. ഈ വര്‍ഷം ബാണാസുര സാഗര്‍ ഡാം ആദ്യമായി തുറന്നത് ജൂലൈ മാസം 14നാണ്. ആഗസ്റ്റ് 5 വരെ അവിടെ നിന്നും വെള്ളം പുറത്തു വിട്ടുകൊണ്ടിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ഇല്ലാതായ സാഹചര്യത്തില്‍ 05-08-18ന് ഡാമില്‍ നിന്നു പുറത്തേക്ക് വെള്ളം ഒഴുക്കുന്നതും അവസാനിപ്പിച്ചു. എന്നാല്‍ 06-08-18ന് വൈകീട്ട് വൃഷ്ടിപ്രദേശത്ത് വീണ്ടും മഴ പെയ്തു. നീരൊഴുക്കിലുള്ള വര്‍ദ്ധനകണക്കിലെടുത്ത് 07-08-18ന് രാവിലെ ആറര മണിയോടെ വീണ്ടും ഡാം തുറക്കേണ്ടി വന്നു. മഴ ശമനമില്ലാതെ തുടര്‍ന്നതിനാല്‍ ഘട്ടം ഘട്ടമായി ഷട്ടറിന്റെ വിടവ് വര്‍ദ്ധിപ്പിക്കേണ്ടി വന്നു.

 • ബാണാസുരസാഗര്‍ ഡാം മണ്ണു കൊണ്ട് നിര്‍മ്മിച്ചതാണ്. ഇതിന്റെ ഫുള്‍ റിസര്‍വോയര്‍ ലെവലും മാക്സിമം റിസര്‍വോയര്‍ ലെവലും 775.6 മീറ്ററാണ്. അതായത് ഇടുക്കിയില്‍ കണതുപോലെ ഫുള്‍ റിസര്‍വോയര്‍ ലെവലിന് മുകളില്‍ വെള്ളം കയറാന്‍ പാടുള്ളതല്ല. ഫുള്‍ റിസര്‍വോയര്‍ ലെവലിന് മുകളില്‍ വെള്ളം എത്തിയാല്‍ പിന്നീട് ഒഴുകി വരുന്ന മുഴുവന്‍ ജലവും പുഴയിലേക്ക് ഒഴുക്കിക്കളയുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. അതുകൊണ്ടാണ് ഡാമിന്റെ ഷട്ടര്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തേണ്ടി വന്നത്. അതായത് 06-08-18 എന്ന ഒരു ദിവസമൊഴിച്ച് ജൂലൈ 14 മുതല്‍ എല്ലാ ദിവസവും ബാണാസുരസാഗറില്‍ നിന്നും വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. മഴ കനത്തതിനാല്‍ 07-08-18ന് നദിയില്‍ ജല നിരപ്പ് ഉയരുകയും വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തു. ഇക്കാര്യത്തില്‍ ബാണാസുരസാഗര്‍ ഡാം പ്രത്യേകിച്ച് യാതൊരു പങ്കും വഹിച്ചിട്ടില്ല. ബാണാസുരസാഗര്‍ ഡാമില്‍ നിന്നുള്ള വെള്ളമെത്താത്ത കല്‍പ്പറ്റ അടക്കമുള്ള പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി.

 • ഡാം തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കാത്തതാണ് വെള്ളപ്പൊക്ക ദുരിതങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായത് എന്ന വാദം ശരിയല്ലെന്ന് മേല്‍ വസ്തുതകളില്‍ നിന്ന് വ്യക്തമാണ്.

ഇടുക്കിയിലെ ട്രയല്‍ റണ്‍

 • ജൂലൈ മാസത്തില്‍ നല്ല മഴ ലഭിക്കുകയും ഇടുക്കി ഡാമിലെ ജല നിരപ്പ് ഉയരുകയും ചെയ്തുകൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന ധാരണ ഉയര്‍ന്നു വന്നു. 1992ലാണ് ഇതിനു മുമ്പ് ഡാം തുറക്കേണ്ടി വന്നത്. അതുകൊണ്ടു തന്നെ 26 വര്‍ഷത്തോളമായി വെള്ളം ഒഴുകാത്ത പ്രദേശത്തുകൂടി വീണ്ടും വെള്ളമൊഴുകേണ്ടി വരുമ്പോള്‍ അതിന്റെ ആഘാതം എത്രത്തോളമായിരിക്കും, മാറ്റിപ്പാര്‍പ്പിക്കേണ്ട വീടുകള്‍ എത്ര തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടായി. ഈ സാഹചര്യത്തിലാണ് 2399അടിയാണ് റെഡ് അലര്‍ട്ട് ലെവലെങ്കിലും ജല നിരപ്പ് 2397 അടി എത്തുമ്പോള്‍ ട്രയല്‍ എന്ന നിലയില്‍ 4 മണിക്കൂര്‍ നേരം സെക്കന്റില്‍ 50 ഘന മീറ്റര്‍ വെള്ളം ഒഴുക്കി വിടാം എന്ന തീരുമാനം എടുക്കുന്നത്. എന്നാല്‍ ജല നിരപ്പ് 2397 അടി എത്താതെ തന്നെ ജൂലൈ അവസാനിച്ചു. മഴ നന്നായി കുറയുകയും ചെയ്തു. എങ്കിലും 2397 അടിയില്‍ ട്രയല്‍ റണ്‍ നടത്തുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുമായാണ് വൈദ്യുതി ബോര്‍ഡ് മുന്നോട്ടുപോയത്.

 • ആഗസ്റ്റ് 7ന് വീണ്ടും കനത്ത മഴ വന്നു. ഇടുക്കിയേക്കാള്‍ നേരത്തെ ഇടമലയാര്‍ ഡാമില്‍ ജല നിരപ്പ് കൂടി. ആഗസ്റ്റ് 8ന് തന്നെ ഇടമലയാറില്‍ റെഡ് അലര്‍ട്ട് നല്‍കി. ഡാം തുറക്കേണ്ട സ്ഥിതി വന്നു. ഇടുക്കി ഡാമിലെ ജല നിരപ്പ് 2397 അടി എത്തിയതും ആഗസ്റ്റ് 8നാണ്. ഇടമലയാറില്‍ നിന്നും ഇടുക്കിയില്‍ നിന്നുമുള്ള വെള്ളം പെരിയാറിലൂടെ കാലടി, ആലുവ മേഖലകളിലേക്കാണ് പോകുന്നത് എന്നതിനാല്‍ ഇടുക്കി കൂടി തുറക്കുന്നത് ഇടമലയാര്‍ തുറന്നതിന്റെ ആഘാതം മനസ്സിലാക്കിയിട്ട് മതി എന്ന റവന്യൂ വകുപ്പിന്റെ ശരിയായ നിര്‍ദ്ദേശം അനുസരിച്ച് ട്രയല്‍ റണ്‍ ഒരു ദിവസം മാറ്റി വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങിനെ 09-08-18ന് ഉച്ചക്ക് എല്ലാ മുന്നറിയിപ്പുകളോടും കൂടി 12.30ന് 2398.5 അടി ജല നിരപ്പ് ആയപ്പോള്‍ ട്രയല്‍ റണ്‍ നടത്തുകയും ചെയ്തു. 4 മണിക്കൂര്‍ നേരത്തെ ട്രയല്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും 09-08-18ന് വൈകീട്ടോടെ ജലനിരപ്പ് റെഡ് അലര്‍ട്ട് നിരപ്പായ 2399 കടന്നതിനാല്‍ ഷട്ടര്‍ അടക്കാതെ വെള്ളമൊഴുക്കല്‍ തുടരേണ്ടി വരുകയും ചെയ്തു. ട്രയല്‍ തുറക്കല്‍ ഒരു ദിവസം മാറ്റി വെച്ചുവെന്നത് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയിട്ടില്ല.

വാച്ചിമരം ഗേറ്റ്

 • ഇടമലയാര്‍ തുറക്കേണ്ടി വന്നതാണ് ഇടുക്കിയിലെ ട്രയല്‍ റണ്‍ മാറ്റാന്‍ കാരണമായത് എന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഉന്നയിച്ച മറ്റൊരു പ്രശ്നം ഷോളയാറില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് പോകുന്ന വെള്ളം ഇടമലയാറിലേക്ക് തിരിച്ചു വിടുന്ന വാച്ചിമരം ഗേറ്റ് അടക്കാഞ്ഞതാണ് ഇടമലയാര്‍ പെട്ടെന്ന് നിറയാന്‍ ഇടയാക്കിയത് എന്നാണ്. വാച്ചിമരത്ത് എന്തോ ഗേറ്റ് ഉണ്ടെന്നും അത് അടക്കാഞ്ഞതാണ് പ്രശ്നമായതെന്നുമാണ് ഇതു കേള്‍ക്കുമ്പോള്‍ പലര്‍ക്കും തോന്നുക. എന്നാല്‍ വാച്ചിമരത്ത് അങ്ങിനെ ഒരു ഗേറ്റും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. പൊരിങ്ങല്‍ക്കൂത്ത് ഡാം ചാലക്കുടി പുഴയിലേക്ക് നിറഞ്ഞൊഴുകുമ്പോള്‍ അങ്ങിനെ നഷ്ടമാകുന്ന വെള്ളത്തില്‍ ഒരു ഭാഗം ഇടമലയാറിലേക്ക് എത്തിക്കാന്‍ വാച്ചിമരം എന്ന സ്ഥലത്ത് ഒരു സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. ഒരു മീറ്റര്‍ വ്യാസമുള്ള 18 ഇരുമ്പു പൈപ്പുകള്‍ മണ്ണില്‍ കുഴിച്ചിട്ട് ഉണ്ടാക്കിയ ഒരു ഡൈവേര്‍ഷന്‍ ടണല്‍ ആണിത്. ഈ പൈപ്പികളിലൂടെ കുറച്ചു വെള്ളം ഇടമലയാറില്‍ എത്തുമെന്നത് വസ്തുതയാണ്. അല്ലെങ്കില്‍ ചാലക്കുടിപ്പുഴയില്‍ പോകുന്ന വെള്ളമാണിത്. ഈ കുഴലുകള്‍ അടക്കാന്‍ യാതൊരു സംവിധാനവും വാച്ചിമരത്തില്ല.

വൈദ്യുതി ബോര്‍ഡിനും വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്

 • ഡാമുകളൊക്കെ നിറഞ്ഞു കവിഞ്ഞു എന്നും അതിലൂടെ കോടിക്കണക്കിന് രൂപയുടെ ലാഭമാണ് വൈദ്യുതി ബോര്‍ഡിന് ഉണ്ടായതെന്നും ധരിക്കുന്ന ചിലരെങ്കിലും ഉണ്ട്. എന്നാല്‍ ഇത് വസ്തുതയല്ല. മുന്‍ വര്‍ഷങ്ങളേക്കാള്‍ മെച്ചപ്പെട്ട മഴ കിട്ടിയത് ജല വൈദ്യുതി ഉല്‍പാദനം കൂട്ടാന്‍ സഹായിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ മുപ്പതു ശതമാനം വൈദ്യുതിയേ കേരളത്തിനുള്ളിലെ ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് ലഭ്യമാകുകയുള്ളൂ എന്നത് നാം മറക്കുകയാണ്. എത്ര വലിയ മഴ പെയ്താലും ഡാമില്‍ കൊള്ളുന്ന വെള്ളത്തിന് ഒരു പരിധിയുണ്ട്. അത് നിറഞ്ഞാല്‍ കവിഞ്ഞൊഴുകയല്ലാതെ മാര്‍ഗ്ഗമൊന്നുമില്ല. അതുകൊണ്ടു തന്നെ വലിയൊരു ഉല്‍പാദന വര്‍ദ്ധനവൊന്നും ഉണ്ടായ മഴകൊണ്ട് ലഭിക്കുകയില്ല. എന്നാല്‍ സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കം വൈദ്യുതി ബോര്‍ഡിന് വരുത്തി വെച്ച നഷ്ടം ചില്ലറയല്ല. 4000ത്തിലധികം ട്രാന്‍സ്ഫോര്‍മറുകളും അന്നുബന്ധ ലൈനുകളും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലിലും മറ്റുമായി നിരവധി വൈദ്യുതി ലൈനുകള്‍ ഒലിച്ചു പോയി. 25 ലക്ഷത്തിലധികം വൈദ്യുതി കണക്ഷനുകള്‍ നഷ്ടമായി. 40 ഓളം സബ്സ്റ്റേഷനുകള്‍ വെള്ളത്തില്‍ മുങ്ങി പ്രവര്‍ത്തനം നിലച്ചു. ആഡ്യന്‍ പാറ, പെരുന്തേനരുവി, റാന്നി പെരുനാട്, പന്നിയാര്‍, ലോവര്‍പെരിയാര്‍ തുടങ്ങി പതിനാറോളം ചെറുതും വലുതുമായ ജല വൈദ്യുതി പദ്ധതികള്‍ വെള്ളത്തിനടിയിലായി. പദ്ധതികളില്‍ ഉണ്ടായ ഉല്‍പാദന നഷ്ടം കൂടി കണക്കിലെടുത്താല്‍ പ്രളയം മൂലം കെ.എസ്..ബി.ക്കുണ്ടായ ആകെ നഷ്ടം 800കോടി രൂപയിലധികമാണ്.

നാം അതിജീവിക്കുക തന്നെ ചെയ്യും.

 • വൈദ്യുതി ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളുമൊക്കെ ശരിപ്പെടുത്തി വൈദ്യുതി കണക്ഷനുകള്‍ പുന:സ്ഥാപിക്കുന്നതിനുള്ള വലിയ ശ്രമമാണ് വൈദ്യുതി ബോര്‍ഡ് നടത്തുന്നത്. വെള്ളത്തില്‍ മുങ്ങിപ്പോയ വീടുകളില്‍ വയറിംഗ് സംവിധാനങ്ങള്‍ അപകടരഹിതമാണെന്ന് ഉറപ്പുവരുത്തി മാത്രമേ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ കഴിയൂ. ഇക്കാര്യങ്ങളില്‍ പല കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി ബോര്‍ഡിന് നല്ല സഹായം ലഭിക്കുന്നുണ്ട്. വയര്‍മാന്‍മാര്‍, എഞ്ചിനീയറിംഗ് കോളേജ്, പോളിടെക്നിക്ക്, .ടി.. വിദ്യാര്‍ത്ഥികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരൊക്കെ വലിയ സഹായം നല്‍കുന്നുണ്ട്. തെലുങ്കാനയില്‍ നിന്നും ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെ വൈദ്യുതി ജീവനക്കാര്‍ കേരളത്തിലെത്തി പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നുണ്ട്. ഈ കൂട്ടായ്മ നല്‍കുന്ന ഊര്‍ജ്ജം അതാണ് കേരളം പ്രതിസന്ധിയില്‍ നിന്നും കരകയറും എന്നതിന്റെ ഉറപ്പ്.

 • വസ്തുതാ വിരുദ്ധ വാദങ്ങളുയര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് ഗുണകരമാകില്ല. അത്തരം പ്രചരണങ്ങളെ പ്രതിരോധിക്കാന്‍ വസ്തുതകള്‍ പരമാവധി ജനങ്ങളിലെത്തണം. പുതിയൊരു കേരളം നിര്‍മ്മിക്കുകയെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് ജനങ്ങളെ ഒന്നായി അണിനിരത്താന്‍ കഴിയണം. തീര്‍ച്ചയായും നമുക്കതിന് കഴിയും. നാം അതിജീവിക്കുക തന്നെ ചെയ്യും.

 

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday877
mod_vvisit_counterYesterday5017
mod_vvisit_counterThis Month99511
mod_vvisit_counterLast Month140412

Online Visitors: 66
IP: 18.212.83.37
,
Time: 04 : 21 : 20