KSEBOA - KSEB Officers' Association

Saturday
May 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ റിലയന്‍സിനു അനധികൃത ആനുകൂല്യം - 1.20 ലക്ഷം കോടി നഷ്ടമെന്ന് സി.എ.ജി.

റിലയന്‍സിനു അനധികൃത ആനുകൂല്യം - 1.20 ലക്ഷം കോടി നഷ്ടമെന്ന് സി.എ.ജി.

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Reliance Power2ജി സ്‌പെക്‌ട്രം അഴിമതി വിവാദത്തില്‍നിന്നു തലയൂരാന്‍ പാടുപെടുന്ന കേന്ദ്രസര്‍ക്കാരിനു തലവേദനയായി വീണ്ടുമൊരു സി.എ.ജി. റിപ്പോര്‍ട്ട്‌. സ്വകാര്യകമ്പനിയായ റിലയന്‍സ്‌ പവര്‍ ലിമിറ്റഡിന്‌ അടുത്ത 25 വര്‍ഷത്തേക്ക്‌ 1.20 ലക്ഷം കോടി രൂപയുടെ അനധികൃതനേട്ടമുണ്ടാക്കാന്‍ കേന്ദ്ര ഊര്‍ജമന്ത്രാലയം കൂട്ടുനിന്നതായി കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി.  മധ്യപ്രദേശിലെ റിലയന്‍സിന്റെ സാസന്‍ അള്‍ട്രാ മെഗാ പവര്‍ പ്രോജക്‌ടിലും ഝാര്‍ഖണ്ഡിലെ തിലൈയ പദ്ധതിയിലുമാണു ക്രമക്കേടു കണ്ടെത്തിയത്‌. അള്‍ട്രാ മെഗാ പവര്‍ പ്രോജക്‌ടുകള്‍ അനുവദിക്കുന്നതിനൊപ്പം കമ്പനികള്‍ക്ക്‌ ഒരു കല്‍ക്കരി ബ്ലോക്കും അനുവദിക്കാറുണ്ട്‌. അവിടെനിന്നുള്ള കല്‍ക്കരി അതതു പദ്ധതിക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന കേന്ദ്രധനമന്ത്രി പ്രണബ്‌കുമാര്‍ മുഖര്‍ജിയും ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയും നേതൃത്വം നല്‍കുന്ന രണ്ടു മന്ത്രിസഭാ സമിതികള്‍ റിലയന്‍സിന്‌ അനുകൂലമായി അട്ടിമറിച്ചെന്നാണു സി.എ.ജിയുടെ കണ്ടെത്തല്‍.

റിലയന്‍സ് പവറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ 25 വര്‍ഷത്തേക്കുള്ള കരാര്‍ വിലയിരുത്തിയാണ് നഷ്ടം കണക്കാക്കിയത്. ഊര്‍ജ മന്ത്രാലയത്തോട് ഇതുസംബന്ധിച്ച് സി.എ.ജി. വിശദീകരണം തേടിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ മറുപടികൂടി കണക്കിലെടുത്തായിരിക്കും അന്തിമ റിപ്പോര്‍ട്ട്. സി.എ.ജി.യുടെ കരട് റിപ്പോര്‍ട്ട് സംബന്ധിച്ച പരാമര്‍ശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ മറുപടി നല്‍കുമെന്നും കേന്ദ്ര ഊര്‍ജ സെക്രട്ടറി പി. ഉമാശങ്കര്‍ അറിയിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ സാസനിലും ജാര്‍ഖണ്ഡിലെ തിലയ്യയിലുമുള്ള ഊര്‍ജപദ്ധതികള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ കല്‍ക്കരി നയത്തില്‍ മാറ്റം വരുത്തിയതാണ് റിലയന്‍സിന് വന്‍ നേട്ടം കൊയ്യാന്‍ സഹായകമായതെന്നാണ് സി.എ.ജി.യുടെ റിപ്പോര്‍ട്ട്. ഇതുവഴി അധികമായി ലഭിക്കുന്ന കല്‍ക്കരി മറ്റ് ഊര്‍ജ പദ്ധതികളിലേക്ക് വഴിമാറ്റാന്‍ റിലയന്‍സിനെ സഹായിച്ചു. ഇതുകൊണ്ടുതന്നെ സാസനിലെ പദ്ധതിയില്‍ നിന്ന് അടുത്ത 25 വര്‍ഷത്തിനുള്ളില്‍ 42,009 കോടി രൂപയുടെ അധികവരുമാനമാണ് റിലയന്‍സിനുണ്ടാവുക. തിലയ്യ പദ്ധതിയില്‍ നിന്നാകട്ടെ 78,078 കോടി രൂപയുടെ അധികലാഭവും ഇക്കാലയളവില്‍ ലഭിക്കും.

സാസന്‍ താപവൈദ്യുതനിലയത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 1.19 രൂപയാണ് വില. എന്നാല്‍ , ഇതേ കല്‍ക്കരി ഉപയോഗിക്കുന്ന റിലയന്‍സിന്റെ തന്നെ മധ്യപ്രദേശിലെ ചിത്തരാംഗി പദ്ധതിയില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് 2.45 രൂപയാണ് ഈടാക്കുന്നത്. ഒരു യൂണിറ്റില്‍ 1.26 പൈസയുടെ ലാഭമാണ് റിലയന്‍സിന് ലഭിക്കുന്നത്. കൂടിയ വിലയില്‍ വിവിധ സര്‍ക്കാരുകള്‍ തന്നെയാണ് വൈദ്യുതി വാങ്ങുന്നത്. ഇത്തരത്തില്‍ കരാര്‍ കാലമായ 25 വര്‍ഷത്തേക്ക് സര്‍ക്കാരിനുണ്ടാകുന്ന നഷ്ടമാണ് സിഎജി കണക്കാക്കിയത്.

2007ലാണ് സാസന്‍ പദ്ധതിക്കായി കരാറില്‍ എത്തിയത്. എന്നാല്‍ 2008ല്‍ വൈദ്യുതിമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി മിച്ചമുള്ള കല്‍ക്കരി മറ്റ് പദ്ധതികള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിച്ചു. റിലയന്‍സ് പവര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിതലസമിതി അക്കാര്യം ചര്‍ച്ചചെയ്തതും അനുകൂലമായ തീരുമാനമെടുത്തതും. ഇതനുസരിച്ച് സാസന്‍ പദ്ധതിക്കായി കുഴിച്ചെടുത്ത കല്‍ക്കരി ചിത്തരാംഗി പദ്ധതിക്കായി ഉപയോഗിക്കുന്നു. മറ്റ് വെദ്യുതിനിലയങ്ങള്‍ക്കായി കോള്‍ ഇന്ത്യ ലിമിറ്റഡില്‍നിന്ന് പൊതുവിപണിയിലെ വിലയ്ക്ക് കല്‍ക്കരി വാങ്ങുകയാണ് ചെയ്യേണ്ടത്. ഇവിടെ സാസന്‍ നിലയത്തിന് അനുവദിച്ച കല്‍ക്കരിയുടെ മിച്ചം മധ്യപ്രദേശിലെ തന്നെ ചിത്തരാംഗി പദ്ധതിയില്‍ ഉപയോഗിക്കാന്‍ അനുവദിച്ചതുവഴി കല്‍ക്കരി വില്‍പന ഇനത്തില്‍ സര്‍ക്കാരിന് വന്‍നഷ്ടമുണ്ടാകും. കൂടുതല്‍ വൈദ്യുതിനിലയങ്ങള്‍ക്കായി പുതിയ ഖനികളുടെ ലൈസന്‍സ് റിലയന്‍സിന് എടുക്കേണ്ടിവരാത്തതിനാല്‍ ഈയിനത്തിലും സര്‍ക്കാരിന് വരുമാനനഷ്ടമുണ്ടാകും.

വന്‍കിട ഊര്‍ജ പദ്ധതികള്‍ (4000 മെഗാവാട്ടിനപ്പുറം ശേഷിയുള്ളവ) ആരംഭിക്കുന്നതിനായി കല്‍ക്കരി ഖനികള്‍ സ്വകാര്യകമ്പനികള്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ ഖനികളില്‍ നിന്ന് ആവശ്യത്തിലധികം കല്‍ക്കരി ഉത്പാദിപ്പിച്ച് മറ്റ് പദ്ധതികള്‍ക്ക് നീക്കിവെക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.

എന്നാല്‍ 2008 ആഗസ്തില്‍ കേന്ദ്ര ഊര്‍ജ മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അധ്യക്ഷനായുള്ള മന്ത്രിതല സമിതി സാസന്‍ പദ്ധതിക്ക് ആവശ്യമായി വരുന്നതിനേക്കാള്‍ കല്‍ക്കരി ഉത്പാദിപ്പിക്കാനും അത് മറ്റ് പദ്ധതികള്‍ക്ക് കൈമാറാനും റിലയന്‍സിന് അനുമതി നല്‍കി. സാസന്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്‍ക്കരി ഖനനത്തിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് എന്നും അതിനാല്‍ കൂടുതല്‍ കല്‍ക്കരി ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നും കാണിച്ച് റിലയന്‍സ് നല്‍കിയ കത്താണ് ഈ തീരുമാനമെടുക്കാനുള്ള ന്യായീകരണമായി മന്ത്രിസഭാ സമിതി ചൂണ്ടിക്കാണിച്ചത്.

ഊര്‍ജോത്പാദനം ആത്യന്തികമായി രാജ്യത്തിന് പ്രയോജനം ചെയ്യുന്നതാണ് എന്നതുകൊണ്ട് , ഊര്‍ജ പദ്ധതികള്‍ വികസിപ്പിക്കുന്നവര്‍ കൂടുതലായി ഖനനം ചെയ്യുന്ന കല്‍ക്കരി മറ്റ് പദ്ധതികള്‍ക്ക് നല്‍കുന്നത് നല്ലതുതന്നെയെന്ന് സി.എ.ജി.യുടെ കരടുറിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ റിലയന്‍സിന്റെ കാര്യത്തില്‍ ഇത് നേരത്തേയുള്ള കരാറിന് വിരുദ്ധവും അവിഹിത ലാഭമുണ്ടാക്കാന്‍ സഹായിക്കുന്ന തരത്തിലുമാണെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.

സി.എ.ജിയുടെ നിരീക്ഷണം ശ്രദ്ധയില്‍പ്പെട്ടെന്നും അതു സംബന്ധിച്ചു പരിശോധന നടത്തിവരികയാണെന്നും ഊര്‍ജമന്ത്രാലയ സെക്രട്ടറി പി. ഉമാശങ്കര്‍ പ്രതികരിച്ചു. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ പ്രതികരണങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. നേരത്തേ, കൃഷ്‌ണ-ഗോദാവരി തടത്തിലെ കെജി-ഡി6 വാതകപ്പാടത്ത്‌ മുതല്‍മുടക്കു പെരുപ്പിച്ചു കാട്ടിയ റിലയന്‍സ്‌ നടപടിക്ക്‌ അനുമതി നല്‍കിയത്‌ എണ്ണ മന്ത്രാലയത്തെ വിവാദത്തിലാക്കിയിരുന്നു. സര്‍ക്കാരിന്റെ വരുമാനം കുറയ്‌ക്കുന്ന തരത്തിലുള്ള ലാഭം പങ്കുവയ്‌ക്കല്‍ പുനഃപരിശോധിക്കണമെന്ന്‌ സി.എ.ജി. ആവശ്യപ്പെടുകയും ചെയ്‌തതാണ്‌.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday853
mod_vvisit_counterYesterday4600
mod_vvisit_counterThis Month129683
mod_vvisit_counterLast Month152890

Online Visitors: 65
IP: 54.198.118.102
,
Time: 04 : 32 : 03