KSEBOA - KSEB Officers' Association

Sunday
Jun 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഉപഭോക്തൃ സംതൃപ്തിക്കുതകുന്ന ചില സംഭവ ചിത്രങ്ങള്‍

ഉപഭോക്തൃ സംതൃപ്തിക്കുതകുന്ന ചില സംഭവ ചിത്രങ്ങള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Consumer satisfactionസംതൃപ്തരായ ഉപഭോക്താക്കള്‍ ഏതൊരു സ്ഥാപനത്തിന്റെയും നിലനില്‍പിന്റെ അനിവാര്യ ഘടകമാണ്. ഇക്കാര്യം കണക്കിലെടുത്ത് ഉപഭോക്തൃ സംതൃപ്തി ലക്ഷ്യം വെച്ച് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു വരുകയുമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ വൈദ്യുതി അദാലത്ത്, ഒക്ടോബര്‍ , നവംബര്‍ മാസങ്ങളില്‍ നടത്തിയ വോള്‍ട്ടേജ് അദാലത്ത്, വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചുകൊണ്ടു പുറപ്പെടുവിച്ച ഉത്തരവുകള്‍ , ഒരുമയിലൂടെ പൂര്‍ത്തീകരിച്ച ബില്ലിംഗ് കമ്പ്യൂട്ടറൈസേഷന്‍, മോഡല്‍ സെക്ഷനുകള്‍ , കാഷ് കൌണ്ടറുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കല്‍ ....... എന്നിങ്ങനെ കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി കെ.എസ്.ഇ.ബി നടപ്പാക്കിവരുന്ന പരിഷ്കാരങ്ങള്‍ ഏറെയാണ്. ഇതോടൊപ്പം പ്രസരണ-വിതരണ മേഖലകളില്‍ മുതല്‍മുടക്ക് വര്‍ദ്ധിപ്പിച്ചു നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി നല്‍കുന്നതിനും ബോര്‍ഡ് ശക്തമായ നടപടികളെടുത്തുവരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കപ്പെട്ട 11 കെ.വി ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ബോര്‍ഡിന്റെ അന്നേവരെ യുള്ള നേട്ടത്തിന്റെ നാലിലൊന്നോളം വരുന്നു വെന്നതും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.


ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കുള്ള ധാരണയിലും നല്ല മാറ്റമുണ്ടായിട്ടുണ്ട്. ഉപഭോക്തൃ കേന്ദ്രീകൃതമായ പ്രവര്‍ത്തന ശൈലിയിലേക്കുള്ള വൈദ്യുതി ബോര്‍ഡിന്റെ മാറ്റവും ഉപഭോക്താക്കളിലുണ്ടായ സൌഹാര്‍ദ്ദ സമീപനവും യോജിപ്പിച്ച് കാര്യക്ഷമ മായി മുന്നോട്ടു പോകാനായാല്‍ വൈദ്യുതി സേവന രംഗത്ത് മാതൃകാപരമായൊരു മുന്നേറ്റം സാദ്ധ്യമാകുമെന്നുറപ്പാണ്.


എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വന്നിട്ടുള്ള വേഗതയും പൊതു നടപടികമ്രങ്ങളില്‍ ഉണ്ടായിട്ടുള്ള അടുക്കും ചിട്ടയും പൂര്‍ണ്ണതോതില്‍ സംവേദനം ചെയ്യപ്പെടുന്നതിന് ചില തടസ്സങ്ങളു മുണ്ടെന്നത് കാണാതെ പറ്റില്ല. സ്ഥാപനത്തിന്റെ മുന്‍ഗണനയില്‍ വന്നിട്ടുള്ള മാറ്റം വേണ്ട നിലയില്‍ സ്ഥാപന മനസ്സിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യം.

നാളിതുവരെ ശീലിച്ചുവന്ന കാര്യങ്ങളില്‍നിന്ന് മാറുക എന്നത് അത്രയെളുപ്പമല്ല. ഈ ശീലങ്ങ ളില്‍ നിന്ന് രൂപപ്പെടുന്ന അമൂര്‍ത്തമായ ഒരന്തരീ ക്ഷമുണ്ട്. നടപടിക്രമങ്ങളിലും മറ്റും വരുത്തുന്ന മാറ്റങ്ങള്‍ ജീവനക്കാരിലും ഓഫീസര്‍മാരിലും സംവദനം ചെയ്യപ്പെടാതെ പോകാന്‍ ഇങ്ങനെ രൂപപ്പെടുന്ന സ്ഥാപന മനസ്സ് കാരണമാകുന്നുണ്ട്. ശക്തമായ പരിശീലന പരിപാടികളിലൂടെ മാറ്റത്തിന്റെ സന്ദേശം സ്ഥാപനത്തിനുള്ളില്‍ വ്യാപിപ്പിച്ചുകൊണ്ടു മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവുകയുള്ളു. അതോടൊപ്പം മാറ്റ മുള്‍ക്കൊള്ളാനാകും വിധം സ്വയം സജ്ജമാകാന്‍ ജീവനക്കാര്‍ക്കും ഓഫീസര്‍ മാര്‍ക്കും സാധി ക്കണം.

എന്തുമാറ്റം? എങ്ങിനെ മാറണം? തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉയിക്കാന്‍ ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നില്ല. ചില സംഭവ ചിത്രങ്ങള്‍ സംഗതികളുടെ കിടപ്പ് ബോധ്യപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുകയാണ്. ശേഷം വായനക്കാര്‍ കൂട്ടിചേര്‍ക്കട്ടെ.

സാവിത്രി വൈദ്യുതി ഓഫീസിലെത്തിയത് ഒരു പുതിയ വൈദ്യുതി കണക്ഷനാണ്. അവര്‍ക്ക് വീടിനോടനുബന്ധമായി കിണറില്ല. അതിനാല്‍ വീട്ടില്‍നിന്ന് കാല്‍കിലോമീറ്ററോളം അകലെ രണ്ട് സെന്റ് സ്ഥലം വാങ്ങി ഒരു കിണര്‍ കുഴിച്ചു. വീട്ടിലേക്ക് വെള്ളം പമ്പുചെയ്യാന്‍ ഒരു മോട്ടോര്‍ വെച്ചു. ഇതിന് കണക്ഷന്‍ കിട്ടണം. അപേക്ഷ അസി. എഞ്ചിനീയര്‍ക്ക് നല്‍കിയ സാവിത്രി കാര്യം പറഞ്ഞു.

"ഇത് കുറച്ച് കോംപ്ളിക്കേറ്റഡ് ആണല്ലോ; അടുത്ത ആഴ്ച വരൂ''

എ.ഇ സാവിത്രിയെ തല്‍ക്കാലം മടക്കി അയച്ചു. അടുത്താഴ്ച ചെന്നപ്പോള്‍ നാലഞ്ചു ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞു. വീട്ടില്‍ നിന്നും ഇത്ര ദൂരെ കണക്ഷന്‍ തരാന്‍ ചില പ്രയാസങ്ങ ളുണ്ടെന്ന് മാത്രമാണ് പാവം ഉപഭോക്താവിന് മനസ്സിലായത്. ഈ പരാതിയുമായി അവര്‍ ഒടുവിലെത്തിയത് വൈദ്യുതി മന്ത്രിയുടെ സമീപത്താണ്.

ഏതു താരീഫില്‍ അപേക്ഷ സ്വീകരിക്കുമെ ന്നതാണ് എ.ഇ.യെ അലട്ടിയ പ്രശ്നമെന്ന് വിളിച്ചു ചോദിച്ചപ്പോള്‍ മനസ്സിലായി. ഇതുസംബന്ധിച്ച് എക്സി. എഞ്ചിനീയറോട് ഉപദേശം ചോദിച്ച എ.ഇ.ക്ക് രേഖാമൂലം മറുപടി കിട്ടി.

"എല്‍ .ടി. 7.എ.യില്‍ പെടുത്തിക്കൊള്ളുക''.

സ്ഥിരം കണക്ഷന് കിട്ടാവുന്ന ഏറ്റവും വലിയ താരീഫ് ചുമത്തിയാല്‍ താരീഫ് കുറഞ്ഞു പോയെന്ന കുഴപ്പം വരില്ലല്ലോ എന്നായിരിക്കണം എക്സി. എഞ്ചിനീയറെ നയിച്ച വികാരം. താരീഫ് തീരുമാനമായതിനാല്‍ അപേക്ഷ സ്വീകരിക്കപ്പെട്ടു.

പക്ഷേ സാവിത്രയുടെ ദരിദ്ര കുടുംബത്തിന് 7.എ താരീഫില്‍ കുടിവെള്ളം നിലനിര്‍ത്താ നാവുമോ? വീട്ടിലേക്കുളള വെള്ളത്തിന് ഗാര്‍ഹിക താരീഫ് നല്‍കേണ്ടതല്ലേ?
അങ്ങിനെ തീരുമാനിക്കാന്‍ അസി. എഞ്ചിനീയര്‍ക്ക് എന്തു പരിമിതിയാണു ണ്ടായിരുന്നത്?

ഒടുവില്‍ ബോര്‍ഡ് മെമ്പര്‍ നേരിട്ടിടപെട്ട് താരീഫ് മാറ്റി നല്‍കി പ്രശ്നം തീര്‍ത്തെങ്കിലും നിരവധി ഓഫീസുകള്‍ നിരവധി തവണ കയറിയിറങ്ങേണ്ടിവന്ന ഉപഭോക്താവിന് സംതൃപ്തനാവാനാകുമോ?

ഗീതയുടെ വീടിന് 1970 ല്‍ അവരുടെ അച്ഛന്‍ കണക്ഷന്‍ എടുത്തതാണ്. 1720 വാട്ട് കണക്ടഡ് ലോഡ്. ഇതിനിടെ രണ്ടു വര്‍ഷംമുമ്പ് അവരുടെ ഭര്‍ത്താവിനെ കാണാതെയായി. ജീവിക്കാന്‍ ഒരു മാര്‍ഗ്ഗം തേടിയ ഗീത വീട്ടില്‍ നാലഞ്ച് തയ്യല്‍ മെഷീന്‍ വാങ്ങിയിട്ടു. കുറച്ചു കുട്ടികള്‍ക്ക് തയ്യല്‍ പഠിപ്പിക്കാന്‍ തുടങ്ങി. യാതൊരു വൈദ്യുതി ആവശ്യകതയും ആവശ്യമുള്ള മെഷീനുകളല്ല ഉപയോഗിച്ചത്. ഇന്‍സ്റിറ്റ്യൂട്ടിന്റെ ഒരു ബോര്‍ഡ് വീടിനുമുന്നില്‍ സ്ഥാപിക്കുകയും ചെയ്തു. വീടിന്റെ ഡ്രായിംഗ് റൂമിലെ ഫാനും ലൈറ്റും ഇന്‍സ്റിറ്റ്യൂട്ടിന്റെ ആവശ്യത്തിനുകൂടി ഉപയോഗി ക്കുന്നുവെന്ന് വേണമെങ്കില്‍പറയാം.

ഏതായാലും കെ.എസ്.ഇ.ബി.യുടെ സെക്ഷന്‍ സ്ക്വാഡിന്റെ പരിശോധനയില്‍ ഗീതയുടെ വീടും പെടുന്നു. ഇതൊരു വീടല്ല ഒരു തയ്യല്‍ പരിശീലന ഇന്‍സ്റിറ്റ്യൂട്ടാണെന്ന് ഉടന്‍ കണ്ടെത്തുന്നു. ഡ്രായിംഗ് റൂമിലെ ഫാന്‍, ലൈറ്റ്, പ്ളഗ്പോയിന്റ്, വീട്ടില്‍ കണ്ടെത്തിയ ഇസ്തിരിപ്പെട്ടി തുടങ്ങിയ വയൊക്കെ ഇന്‍സ്റിറ്റൂട്ടിന്റെ ലോഡാണെന്നും താരീഫ് മിസ് യൂസ് ഇനത്തില്‍ 46,000 രൂപയോളം പിഴയടക്കേണ്ടതുണ്ടെന്നും തീരുമാനമാകുന്നു. വീടിന്റെ താരീഫ് 7.എ ആക്കിമാറ്റുകയും ചെയ്യുന്നു.

തന്റെ വീട്ടില്‍ യാതൊരു പുതിയ വൈദ്യുതി ഉപകരണങ്ങളും കണക്ട് ചെയ്തിട്ടിലെന്നും മുമ്പ് ഉപയോഗിച്ചു വരുന്നവ മാത്രമാണ് ഇപ്പോഴു മുള്ളതെന്നും ഉപജീവനത്തിന് അഞ്ച് തയ്യല്‍ മെഷീന്‍ വീട്ടില്‍ വാങ്ങിയിട്ടതിന് ഇത്ര വലിയ പിഴയിട്ടാല്‍ തനിക്ക് അടക്കാനാവാത്തതാണുെം പറഞ്ഞു നല്‍കിയ പുനഃപരിശോധനാ ഹര്‍ജി അസിസ്റന്റ് എഞ്ചിനീയറുടെ പരിശോധനയില്‍ കഴമ്പില്ലാത്തതായതിനാല്‍ തള്ളുന്നു.

ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് അപ്പീല്‍ നല്‍കണമെങ്കില്‍ പകുതി പണമടക്കണം. കുട്ടികളില്‍ നിന്ന് മാസാമാസം ആകെ 2000-3000 രൂപയോളം ഫീസുകിട്ടി കുടുംബം പുലര്‍ത്തിവന്ന ഗീതക്ക് 23000 രൂപ അടച്ച് അപ്പീല്‍ പോകാനാ കുമോ എന്നത് ‘സാങ്കേതിക’ വിദഗ്ധന്‍മാര്‍ക്ക് വിഷയമാവേണ്ടതുണ്ടോ?

സജീഷ് ഒരു പുതിയ വീടുവാങ്ങി. വീട്ടിലെ വയറിംഗില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തണം. വൈദ്യുതി ഓഫീസില്‍ നിന്ന് അനുമതി വാങ്ങിക്കളയാം എന്നുകരുതി അതിനൊരപേക്ഷ നല്‍കുന്നു.

"അപേക്ഷയിലെ പേരും ഓഫീസിലെ രജിസ്ററിലെ കണ്‍സ്യൂമറുടെ പേരും ഒന്നല്ലാത്ത തിനാല്‍ കണ്‍സ്യൂമറുടെ പേരു മാറ്റത്തിനു ശേഷമേ അപേക്ഷയില്‍ നടപടി എടുക്കാനാവൂ''  അസി. എഞ്ചിനീയര്‍ മറുപടി നല്‍കി.

പേരുമാറ്റുന്നതിന് പഴയ കണ്‍സ്യൂമറില്‍നിന്ന് വീട് എങ്ങിനെ സജീഷിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുവെന്നതിന് രേഖകള്‍ വേണം. പക്ഷേ അവിടെയുമുണ്ടൊരു പ്രശ്നം. വീടിന്റെ പഴയ ഉടമയുടെ പേരിലല്ല വൈദ്യുതി കണക്ഷന്‍. അതെങ്ങിനെയാണ് സംഭവിച്ചതെന്ന് സജീഷിനറിയില്ല. ഇപ്പോള്‍ വീട് തന്റെ കയ്യിലാണ്. അതിന് രേഖയുമുണ്ട്. പക്ഷേ എന്തുചെയ്യാം? രേഖകളിലൂടെ കൈമാറ്റ ചരിത്രം വ്യക്തമായാലേ പേരുമാറ്റം കഴിയുകയുള്ളു.

ഇപ്പോള്‍ വീട്ടുടമയല്ലാത്തയാളുടെ പേരില്‍ കണക്ഷന്‍ നിലനിര്‍ത്തുന്നതുകൊണ്ട് വൈദ്യുതി ബോര്‍ഡിന് എന്തു ഗുണമാണുള്ളത്?

യഥാര്‍ത്ഥ ഉടമയുമായി ഒരു കരാറുണ്ടാ കേണ്ടത് ഉപഭോക്താവിനോ വൈദ്യുതി ബോര്‍ഡിനോ, ആര്‍ക്കാണ് കൂടുതല്‍ ആവശ്യം?

ഇതൊന്നും അധികാരപ്പെട്ട ഓഫീസര്‍ക്ക് പ്രശ്നമല്ല. പേരുമാറ്റത്തിന് ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന ഒരു കൈവശ സര്‍ട്ടിഫിക്കറ്റ് മതിയെന്ന ബോര്‍ഡ് സര്‍ക്കുലര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുമില്ല. എന്തുചെയ്യും? എത്ര നീണ്ട ഇടപെടലുകള്‍ക്കൊടുവിലാണ് ഇതൊന്നു ശരിയായി വരുക?

ഒരപേക്ഷ കിട്ടിയാല്‍ അത് നിരസിക്കാനെന്തു കാരണമുണ്ട് എന്നു തിരയുന്ന സമീപനത്തില്‍ ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല. അപേക്ഷ പരിശോധിക്കുക എന്നതിന്റെ അര്‍ത്ഥം അതിലെ തെറ്റുകുറ്റങ്ങള്‍ കണ്ടെത്തലാണെന്ന കൊളോണിയല്‍ മനോഭാവം മാറ്റമില്ലാതെ നിലനില്‍ക്കുന്നു. അപേക്ഷകന്റെ ഇച്ഛ നടപ്പാ ക്കാന്‍ എന്തെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ അത് താമസംവിനാ നടപ്പാക്കി നല്‍കലാണ് അപേക്ഷ തീര്‍പ്പാക്കലിന്റെ യഥാര്‍ത്ഥ അര്‍ത്ഥമാവേണ്ടത്. ഇത് ബോധ്യപ്പെട്ടാല്‍ "കണ്‍സന്റില്ലാത്തതിനാല്‍ കണക്ഷന്‍ നല്‍കാനാവില്ല'' എന്നുപറയാന്‍ ഒരു ഉദ്യോഗസ്ഥനും കഴിയില്ല. കണ്‍സന്റ് കിട്ടാത്ത അപേക്ഷയില്‍ കണ്‍സന്റ് നേടേണ്ടത് വൈദ്യുതി അപേക്ഷകനല്ല, കണക്ഷന്‍ നല്‍കാന്‍ ഉത്തര വാദിത്തമുള്ള വൈദ്യുതി ബോര്‍ഡാണ്. ഇതിന് ജില്ലാ കലക്ടറെ സമീപിക്കേണ്ടതുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും മറ്റാര്‍ക്കുമല്ല. കാഷ് ഡിപ്പോസിറ്റിനോടൊപ്പം സ്െപഷ്യല്‍ ഡിപ്പോ സിറ്റും അടക്കുന്നതില്‍ അപേക്ഷകന്റെ ഉത്തരവാദിത്തം തീരുന്നു.

ബി.പി.എല്‍ ഉപഭോക്താക്കളോട് വളരെ മര്യാദ കാട്ടുന്ന ഉദ്യോഗസ്ഥന്‍ തന്നെ വലിയ ഷോപ്പിംഗ് കോംപ്ളക്സ് ഉടമയോട് തട്ടിക്കയറുന്നത് ഒരു പക്ഷേ സാമൂഹ്യ നീതിയെ സംബന്ധിച്ച ഒരുതരം മിഥ്യാ ധാരണയില്‍ നിന്നാവണം. ഇത്തരം ശേഷിയുള്ള ഉപഭോക്താക്കളില്‍ നിന്നുള്ള വരുമാനം ഉണ്ടായാലേ ബി.പി.എല്‍ ഉപഭോ ക്താവിന് താങ്ങാവുന്ന നിരക്കില്‍ വൈദ്യുതി നല്‍കാനാവൂ എന്നത് ഇതോടൊപ്പം കാണാന്‍ കഴിയേണ്ടതല്ലേ? ശേഷികൂടിയ ഉപഭോക്താ ക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പരമാവധി ശ്രമിക്കേണ്ടത് ഈ സ്ഥാപനത്തിന്റെ സാമൂഹ്യ ധര്‍മ്മം നിറവേറ്റാന്‍ അനിവാര്യമല്ലേ? എന്നാല്‍ ഇത്തരം അപേക്ഷകര്‍ക്ക് പവര്‍ അലോക്കേഷന്‍ നല്‍കാന്‍ പോലും വര്‍ഷങ്ങളോളം കാലതാമസ മുണ്ടാകുന്നതിന് എന്ത് ന്യായീകരണമുണ്ട്?

ഉപഭോക്തൃ സംതൃപ്തി ലക്ഷ്യം വെക്കുമ്പോള്‍ ഉണ്ടാവേണ്ട 'മൈന്റ് സെറ്റ്' മാറ്റത്തെ സംബന്ധിച്ച ചില സൂചനകള്‍ മാത്രമാണിവിടെ ഉദ്ദേശിച്ചത്. ഇനിയും ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ പറയാനുണ്ട്. അവയെല്ലാം ഇപ്പോള്‍ പറഞ്ഞു തീര്‍ക്കുന്നില്ല.  'ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ ഉദ്ദേശിച്ചാണ്' എന്ന നിലയില്‍ ആര്‍ക്കെങ്കിലും തോന്നുവെങ്കില്‍ അവര്‍ക്ക് ഇത് ചിന്തിക്കാന്‍ എന്തെങ്കിലും വക നല്‍കും എന്നു പ്രതീക്ഷിച്ചുകൊണ്ട് തല്‍ക്കാലം ചുരുക്കുന്നു.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2240
mod_vvisit_counterYesterday5105
mod_vvisit_counterThis Month106597
mod_vvisit_counterLast Month141147

Online Visitors: 65
IP: 54.92.153.90
,
Time: 10 : 55 : 44