KSEBOA - KSEB Officers' Association

Wednesday
Sep 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി അപകടങ്ങള്‍ തടയാന്‍ സേഫ്റ്റി ഓഫിസര്‍മാരെ നിയമിക്കും

വൈദ്യുതി അപകടങ്ങള്‍ തടയാന്‍ സേഫ്റ്റി ഓഫിസര്‍മാരെ നിയമിക്കും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Manorama Newsവൈദ്യുതി അപകടങ്ങള്‍ തടയുന്നതിനു വൈദ്യുതി ബോര്‍ഡിന്റെ 23 സര്‍ക്കിള്‍ ഓഫിസുകളിലും സേഫ്റ്റി ഓഫിസര്‍ തസ്തിക സൃഷ്ടിക്കുമെന്നും ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ചു നിര്‍ദേശങ്ങള്‍ നല്‍കുമെന്നും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചതായി  മലയാള മനോരമ. മനോരമ പ്രസിദ്ധീകരിച്ച 'മതിയാക്കാം ഈ മരണക്കളി' ലേഖനപരമ്പര എഴുതിയ ലേഖകരെ തലസ്ഥാനത്തു വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വൈദ്യുതി ബോര്‍ഡില്‍ ഒരു സേഫ്റ്റി കമ്മിഷണറുണ്ടെങ്കിലും അദ്ദേഹത്തിനു കീഴില്‍ സേഫ്റ്റി ഓഫിസര്‍മാരില്ലെന്നു പരമ്പരയില്‍ ചൂണ്ടിക്കാട്ടിയതു പരിഗണിച്ചാണ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ റാങ്കിലുള്ള 23 സേഫ്റ്റി ഓഫിസര്‍ തസ്തിക സൃഷ്ടിക്കുന്നത്. തുടര്‍ന്നു സേഫ്റ്റി ഓഡിറ്റ് നടത്തുമെന്നും മന്ത്രി പറഞ്ഞു. പത്താം ക്ളാസ് തോറ്റവരെ മാത്രം വര്‍ക്കര്‍മാരായി എടുക്കുന്നതു സാങ്കേതിക പ്രശ്നം ഉണ്ടാക്കുന്നതിനാല്‍ വര്‍ക്കര്‍മാര്‍ക്ക് ഐടിഐ യോഗ്യതകൂടി ഉണ്ടാകണമെന്ന വ്യവസ്ഥ കൊണ്ടുവരും.

വര്‍ക്കര്‍, പ്രമോഷന്‍ ലഭിച്ചു ലൈന്‍മാനും ഓവര്‍സീയറുമാകുമ്പോള്‍ സാങ്കേതിക യോഗ്യതയുള്ളത് ഏറെ പ്രയോജനപ്പെടും. ബോര്‍ഡിലെ കരാര്‍ തൊഴിലാളികള്‍ക്കു ലൈനിലെ ജോലികളെക്കുറിച്ചു പ്രത്യേക പരിശീലനം നല്‍കും. ലൈന്‍ പൊട്ടുന്നതു തടയുന്നതിന് അലൂമിനിയം കമ്പി മാറ്റി സ്റ്റീല്‍ ചേര്‍ത്ത കമ്പി പകരം വലിക്കുന്ന ജോലി ത്വരിതപ്പെടുത്തും. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ലൈനുകള്‍ പൂര്‍ണമായും സ്റ്റീല്‍ ചേര്‍ത്ത കമ്പിയാക്കി മാറ്റാന്‍ സാധിക്കുമോയെന്നു പരിശോധിക്കും.

എല്‍ടി ലൈനുകളില്‍ അഞ്ചു പോസ്റ്റ് കൂടുമ്പോള്‍ എര്‍ത്ത് ഇല്ലാത്തത് അപകട കാരണമാകുന്നുവെന്നു പരമ്പരയില്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ കൃത്യമായി എര്‍ത്ത് നല്‍കാന്‍ കര്‍ശന നടപടി സ്വീകരിക്കും. കമ്പി പൊട്ടിയാല്‍പോലും ലൈന്‍ ഓഫാകാത്ത പ്രശ്നത്തിന് ഇതിലൂടെ പരിഹാരമാകും. പവര്‍ഹൌസുകളില്‍ അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാനു നിര്‍ദേശം നല്‍കി. അപകടത്തിനിരയായതായി പരമ്പരയില്‍ പറയുന്ന ആര്‍ക്കെങ്കിലും ഇനിയും നഷ്ടപരിഹാരം നല്‍കിയിട്ടില്ലെങ്കില്‍ ഉടന്‍ നല്‍കും. ഇതു സംബന്ധിച്ചു പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കരാര്‍ തൊഴിലാളികളും അല്ലാത്തവരുമെന്ന വേര്‍തിരിവ് ഒഴിവാക്കി കരാര്‍ തൊഴിലാളികള്‍ മരിച്ചാലും നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കും. വൈദ്യുതി അപകടങ്ങളില്‍പെട്ട് നിത്യരോഗികളായി കഴിയുന്നവര്‍ക്കും ഇതുവരെ കാര്യമായ സഹായം ഒന്നും ലഭിക്കാത്തവര്‍ക്കും പരമാവധി സഹായം നല്‍കും. ബോര്‍ഡ് ജീവനക്കാരന്‍ മരിച്ചാല്‍ വര്‍ക്ക്മെന്‍ കോംപന്‍സേഷന്‍ ആക്ട് അനുസരിച്ച് 8.5 ലക്ഷം രൂപയും സര്‍ക്കാരിന്റെ അപകട ഇന്‍ഷുറന്‍സ് അനുസരിച്ച് എട്ടു ലക്ഷം രൂപയും വെല്‍ഫെയര്‍ ഫണ്ടില്‍നിന്ന് അഞ്ചു ലക്ഷം രൂപയും അപകടത്തിന്റെ ഗൌരവം അനുസരിച്ചു ബോര്‍ഡില്‍നിന്ന് അഞ്ചു ലക്ഷം രൂപവരെയും ലഭിക്കും.

കരാര്‍ തൊഴിലാളിയാണു മരിക്കുന്നതെങ്കില്‍ വര്‍ക്ക്മെന്‍ കോംപന്‍സേഷന്‍ ആക്ട് അനുസരിച്ച് 8.5 ലക്ഷം രൂപ ലഭിക്കേണ്ടതാണ്. ലൈനില്‍ വൈദ്യുതി ഉണ്ടോയെന്നു താഴെനിന്നു തന്നെ അറിയുന്നതിനു ജീവനക്കാര്‍ക്കു ഡിജിറ്റല്‍ ടെസ്റ്റര്‍ നല്‍കണമെന്ന പരമ്പരയിലെ നിര്‍ദേശവും മന്ത്രി അംഗീകരിച്ചു. ഇപ്പോഴത്തെ മുള ഏണികള്‍ക്കു പകരം ഭാരം കുറഞ്ഞ ഫൈബര്‍ ഏണികള്‍ കൂടുതലായി വാങ്ങുന്നതിന്റെ സാധ്യത പരിശോധിക്കും.

ലൈനുകളില്‍ പണി ചെയ്യുന്നതിനു മുന്‍പ് എര്‍ത്ത് നല്‍കുന്നതിന് ആവശ്യമായ എര്‍ത്ത് റോഡുകള്‍ വാങ്ങി നല്‍കും. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണു ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുന്നത്. മോഡല്‍ സെക്ഷനുകള്‍ രൂപീകരിച്ചപ്പോള്‍ സംഭവിച്ച പിഴവു പരിഹരിക്കും. വൈദ്യുതി സംബന്ധിച്ച ഉപയോക്താക്കളുടെ പരാതികള്‍ 537252 എന്ന നമ്പരിലേക്ക് എസ്എംഎസിലൂടെ അറിയിക്കാം. ഇതുകൊണ്ടു പരിഹാരം ഉണ്ടാകാത്ത പക്ഷം 155333 എന്ന ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കാം. കെഎസ്ഇബി, സ്പേസ്, ബില്ലിലുള്ള സെക്ഷന്‍ കോഡ്, സ്പേസ്, കണ്‍സ്യൂമര്‍ നമ്പര്‍ എന്ന ക്രമത്തില്‍ എസ്എംഎസ് അയയ്ച്ചാല്‍ ആ കണ്‍സ്യൂമര്‍ക്കു വൈദ്യുതിയില്ലെന്നു ബോര്‍ഡ് അധികൃതര്‍ മനസ്സിലാക്കുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

Source - Manorama

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2891
mod_vvisit_counterYesterday3631
mod_vvisit_counterThis Month85487
mod_vvisit_counterLast Month148586

Online Visitors: 84
IP: 54.81.44.140
,
Time: 14 : 54 : 18