
2403 അടി വരെ വെള്ളം സംഭരിക്കാമെങ്കിലും 2400 അടിയാകുമ്പോള്‍ മുതല്‍ വെള്ളം പുറത്തേക്കു വിടുകയാണു മുന്‍വര്‍ഷങ്ങളില്‍ ചെയ്തിരുന്നത്. ഡാം നിറഞ്ഞതിനെ തുടര്‍ന്നു രണ്ടുതവണ ചെറുതോണി ഡാം തുറന്നുവിട്ടിരുന്നു. ഇന്നലെയും 10.57 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഡാമില്‍ ഒഴുകിയെത്തി. 15.53 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കു സമാനമാണിത്. 1875.13 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാന് ആവശ്യമായ വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്. നിറയുമ്പോള്‍ 2148 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാന് ആവശ്യമായ വെള്ളമാണു ഡാമില്‍ ഉണ്ടാവുക.
സംഭരണശേഷിയുടെ 87.29% വെള്ളം ഇപ്പോള്‍ ഡാമിലുണ്ട്.മാട്ടുപ്പെട്ടി ഡാമില്‍ ജലനിരപ്പുയര്‍ന്നാല്‍ വെള്ളം തുറന്നുവിടുന്നത് മൂന്നാര്‍ ഹെഡ് വര്‍ക്സ് ഡാമിലേക്കാണ്. ഈ വെള്ളമാണു പള്ളിവാസല്‍ പവര്‍ ഹൌസിലെ വൈദ്യുതി ഉല്പാദനത്തിന് ഉപയോഗിക്കുന്നത്.കുണ്ടള ഡാം നിറഞ്ഞു. 1758.70 ആണു ജലനിരപ്പ്. ഡാമിന്റെ സ്പില്‍വേയിലെ നാലും അഞ്ചും ഷട്ടറുകള്‍ തുറന്നുവിട്ടിരിക്കുകയാണ്.
മാട്ടുപ്പെട്ടി ഡാമിലേക്കാണു കുണ്ടള ഡാമിലെ ജലം തുറന്നുവിടുന്നത്.മുല്ലപ്പെരിയാര്‍ പ്രദേശത്തു ശക്തമായ മഴ ലഭിച്ചാല്‍ മാത്രമേ സംഭരണശേഷിയായ 136 അടിയിലെത്തുകയുള്ളൂ. ഇപ്പോള്‍ ഒഴുകിയെത്തുന്നതിലും കൂടുതല്‍ വെള്ളം തമിഴ്നാട്ടിലേക്കു തുറന്നുവിട്ടിരിക്കുകയാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു മഴ ദുര്‍ലഭമാണ്. കല്ലാര്‍കുട്ടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു ഷട്ടര്‍ തുറന്നു. നിലവില്‍ 456.50 മീറ്റര്‍ വരെ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി.
Source - Manorama