KSEBOA - KSEB Officers' Association

Tuesday
Oct 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി ബോര്‍ഡിന്റെ കാര്യക്ഷമത തകര്‍ക്കുന്ന സമീപനങ്ങളെ ചെറുക്കുക

വൈദ്യുതി ബോര്‍ഡിന്റെ കാര്യക്ഷമത തകര്‍ക്കുന്ന സമീപനങ്ങളെ ചെറുക്കുക

PDF
Hits smaller text tool iconmedium text tool iconlarger text tool icon
ഓഫീസര്‍മാരുടെ ശമ്പളപരിഷ്കരണമടക്കമുള്ള വിവിധ വിഷയങ്ങളില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംഘടന പുറത്തിറക്കിയ നോട്ടീസ്
സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 2008 ജൂലൈ 1 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ പുതുക്കി നിശ്ചയിക്കുന്നതിന് വൈദ്യുതി ബോര്‍ഡ് തീരുമാനിക്കുന്നത് 2011 ഫെബ്രുവരി 28നാണ്. അന്നുതന്നെയാണ് തൊഴിലാളി സംഘടനകളുമായുള്ള ദീര്‍ഘകാലകരാര്‍ പുതുക്കി ഒപ്പിട്ടതും. സാധാരണനിലയില്‍ തൊഴിലാളികളുടെ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ച പൂര്‍ത്തിയാക്കി കരാര്‍ ഒപ്പിട്ടതിനു ശേഷമാണ് ഓഫീസര്‍മാരുടെ ശമ്പളപരിഷ്കരണ ആലോചനകള്‍ നടക്കാറുള്ളത്. എന്നാല്‍ സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി തൊഴിലാളിസംഘടനകളുമായുള്ള ചര്‍ച്ചകള്‍ക്കൊപ്പം തന്നെ ഓഫീസര്‍മാരുടെ ശമ്പളപരിഷ്കരണ കാര്യങ്ങള്‍കൂടി ചര്‍ച്ച ചെയ്യാനും അതില്‍ തീരുമാനമാക്കാനും കഴിഞ്ഞതാണ്, തൊഴിലാളികളുടെ കരാര്‍ ഒപ്പിട്ട ദിവസം തന്നെ ഓഫീസര്‍മാരുടെ ശമ്പള പരിഷ്കരണ നിര്‍ദ്ദേശം ബോര്‍ഡ് അംഗീകരിക്കാന്‍ ഇടയാക്കിയത്. അന്നത്തെ വൈദ്യുതി മന്ത്രിയുടെ ഇടപെടലും അത്തരമൊരു തീരുമാനത്തിന് സഹായകരമായി. ബോര്‍ഡ് അംഗീകരിച്ച ശമ്പളപരിഷ്കരണ നിര്‍ദ്ദേശം 2011 മാര്‍ച്ചില്‍തന്നെ അംഗീകാരത്തിനായി സര്‍ക്കാരിന് സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിനെതുടര്‍ന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന് ഇതില്‍ തീരുമാനമെടുക്കാന്‍ തടസ്സമുണ്ടായി. പുതിയ സര്‍ക്കാര്‍ മെയ് മാസത്തില്‍ അധികാരത്തില്‍ വന്നു. അതിനുശേഷം നാല് മാസം പിന്നിട്ടിട്ടും ശമ്പള പരിഷ്കരണത്തില്‍ ഇപ്പോഴും തീരുമാനമാകാതെ കിടക്കുകയാണ്.

ഓഫീസര്‍ ഗ്രേഡ് കിട്ടിയ നിരവധി തൊഴിലാളികള്‍ ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓഫീസര്‍മാരുടെ ശമ്പളപരിഷ്കരണം നടപ്പിലാവാത്തത് ഈ തൊഴിലാളികളേയും ബാധിച്ചിട്ടുണ്ട്. ശമ്പള പരിഷ്കരണത്തിന് സര്‍ക്കാര്‍ അനുമതി ലഭിക്കാന്‍ മുന്‍കാലങ്ങളിലൊന്നുമില്ലാത്തവിധം കാലതാമസമുണ്ടാകുന്നത് ഓഫീസര്‍മാരിലും ജീവനക്കാരിലും കടുത്ത ആശങ്കയും അതൃപ്തിയുമാണ് സൃഷ്ടിച്ചിട്ടുള്ളത്.

വൈദ്യുതി രംഗം പൊതുവേ അപകടകരമായ ഒരു പ്രവര്‍ത്തന മേഖലയാണ്. ജീവന്‍ പണയംവെച്ചുകൊണ്ടാണ് ഈ രംഗത്ത് ആളുകള്‍ പണിയെടുക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്താകെ മറ്റു തൊഴില്‍മേഖലകളില്‍നിന്ന് വ്യത്യസ്ഥമായി മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകളാണ് വൈദ്യുതി മേഖലയിലെ തൊഴിലാളികള്‍ക്കും ഓഫീസര്‍മാര്‍ക്കും നല്‍കിവരുന്നത്. ഈ തത്വം പൊതുവെ അംഗീകരിച്ചുകൊണ്ടും സംസ്ഥാന വൈദ്യുതിബോര്‍ഡിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തുകൊണ്ടും സാമാന്യം മെച്ചപ്പെട്ട ശമ്പളപരിഷ്കരണ നിര്‍ദ്ദേശമാണ് അംഗീകരിക്കപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ സര്‍വീസിലെ തത്തുല്യ തസ്തികകളിലെ ശമ്പളവുമായി ഈ നിര്‍ദ്ദേശത്തെ താരതമ്യപ്പെടുത്താനും അതുവഴി ബോര്‍ഡ് അംഗീകരിച്ച ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാനുമുള്ള ശ്രമങ്ങളുണ്ടാകുന്നു. മുന്‍കാലങ്ങളിലും ചില കോണുകളില്‍ നിന്ന് ഇത്തരം ശ്രമങ്ങളുണ്ടാകാറുണ്ട്. അവ യഥാസമയം തിരിച്ചറിഞ്ഞ് ഇടപെടാനും എതിര്‍പ്പുകള്‍ മറികടന്ന് അനുമതി നല്‍കാനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കുകയാണ് അത്തരം സന്ദര്‍ഭങ്ങളിലുണ്ടാവാറ്. എന്നാല്‍ സാധാരണ ഫയലുകളുടെ വേഗതപോലുമില്ലാതെ ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയാണ് ഓഫീസര്‍മാരുടെ ശമ്പളപരിഷ്കരണ നിര്‍ദ്ദേശത്തിനുള്ളത്. നീതി ലഭിക്കുക എന്നതിനേക്കാള്‍ പ്രധാനമാണ് നീതി സമയത്തിന് ലഭിക്കുക എന്നത്. വൈദ്യുതി ബോര്‍ഡ് ഓഫീസര്‍മാരെ ഒരു പ്രക്ഷോഭത്തിന്റെ പാതയിലേക്ക് തള്ളിവിടാതെ ഈ പ്രശ്നത്തില്‍ ഇടപെടാനും നടപടികള്‍ ത്വരിതപ്പെടുത്തി പുതുക്കിയ ശമ്പളം കാലതാമസമില്ലാതെ വൈദ്യുതി ബോര്‍ഡിലെ മുഴുവന്‍ ഓഫീസര്‍മാര്‍ക്കും ലഭ്യമാക്കാനും ബോര്‍ഡ് തലത്തിലും സര്‍ക്കാര്‍ തലത്തിലും നടപടിയുണ്ടാകണം.

ശമ്പളപരിഷ്കരണം പോലെ തന്നെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും പ്രവര്‍ത്തനശേഷിയെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് കരിയര്‍ വികസനം. കാലാകാലങ്ങളില്‍ ലഭിക്കേണ്ടുന്ന പ്രമോഷനുകള്‍ ഉറപ്പുവരുത്തുകയെന്നത് ഇതില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ കഴിഞ്ഞ അഞ്ചാറുമാസമായി വൈദ്യുതിബോര്‍ഡില്‍ പ്രമോഷനുകള്‍ക്ക് മൊറട്ടോറിയം നടപ്പാക്കിയ സ്ഥിതിയാണുള്ളത്. അസിസ്റന്റ് എഞ്ചിനീയര്‍മാരില്‍ നിന്ന് അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയിലേക്കും സീനിയര്‍ അസിസ്റന്റുമാരില്‍ നിന്ന് സീനിയര്‍ സൂപ്രണ്ടിലേക്കും, പ്രമോഷനുകള്‍ നടന്നിട്ട് കാലങ്ങളാകുന്നു. സിവില്‍ മേഖലയിലാകട്ടെ ഉള്ള തസ്തികകള്‍ തന്നെ ആവശ്യമില്ല എന്ന സമീപനമാണ് ചിലര്‍ക്കെങ്കിലുമുള്ളത്. സര്‍ക്കിള്‍ ഓഫീസുകളില്‍ സേഫ്റ്റി ഓഫീസര്‍മാരെ പ്രത്യേകമായി നിയമിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിനുപകരം, എല്ലാ അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്കും സേഫ്റ്റി ഓഫീസര്‍മാരുടെ ചുമതല കൂടി നല്‍കി. (സേഫ്റ്റി വിഭാഗം സ്വതന്ത്രമായി കാര്യങ്ങളെ കാണാനും തീരുമാനങ്ങളെടുക്കാനും കഴിയുന്നതാവണമെന്ന അടിസ്ഥാന കാര്യം പോലും ഇവിടെ പരിഗണിക്കപ്പെട്ടിട്ടില്ല).

ഇലക്ട്രിക്കല്‍ അസിസ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള പ്രമോഷന്‍ സംബന്ധിച്ച് നിലനിന്ന ജൂനിയര്‍ സീനിയര്‍ തര്‍ക്കം പരിഹരിക്കുന്നതിന് ബോര്‍ഡ് അംഗീകരിച്ച പോസ്റ് അപ്ഗ്രഡേഷന്‍ നിര്‍ദ്ദേശമാകട്ടെ സര്‍ക്കാര്‍ അംഗീകാരം കിട്ടാത്തതിനാല്‍ അനിശ്ചിതത്വത്തിലാണ്. ബോര്‍ഡിന് പ്രത്യേകിച്ച് സാമ്പത്തിക ബാദ്ധ്യതയൊന്നുമില്ലാത്ത പോസ്റ് അപ്ഗ്രഡേഷന്‍ വലിയ കുഴപ്പമെന്തോ സൃഷ്ടിക്കുമെന്നാണ് ചില കോണുകളില്‍ നിന്ന് ഇതിനെതിരെ വരുന്ന പ്രചാരണം. സിവില്‍ മേഖലയിലടക്കം ഇത്തരത്തില്‍ പരിഹരിക്കപ്പെടേണ്ടുന്ന ഒട്ടേറെ പ്രശ്നങ്ങളുണ്ട്. ഇതിനോടെല്ലാം നിഷേധാത്മകമായൊരു സമീപനമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. കരിയര്‍ സ്റാഗ്നേഷന്‍ എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കാനേ ഇത് ഉപകരിക്കുകയുള്ളൂ.

ശമ്പള പരിഷ്കരണ നിര്‍ദ്ദേശം അംഗീകരിക്കുന്നതിലുണ്ടാകുന്ന കാലതാമസവും പ്രമോഷനുകള്‍ നടക്കാത്തതും കടുത്ത അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അത് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ഇനിയും വലിയ തോതില്‍ ബാധിച്ചിട്ടില്ല. എന്നാല്‍ സംസ്ഥാനത്തുണ്ടായ ഭരണമാറ്റം ഉപയോഗപ്പെടുത്തി വൈദ്യുതി ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊത്ത് കാര്യങ്ങള്‍ നടത്തിയെടുക്കാനുമുള്ള ചില ഞാഞ്ഞൂല്‍ സംഘടനകളുടെ ശ്രമം ബോര്‍ഡ് പ്രവര്‍ത്തനങ്ങളെയാകെ ബാധിക്കുന്ന സ്ഥിതിയുണ്ടാക്കിയിരിക്കുന്നു. കൈവിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമാണ് ഇത്തരം ചില സംഘടനകള്‍ക്കുള്ളതെങ്കിലും അവര്‍ക്ക് ഇഷ്ടപ്പെട്ട ഇരിപ്പിടങ്ങള്‍ കരസ്ഥമാക്കുന്നതിന് വേണ്ടി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്ഥലം മാറ്റ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന രീതി നടപ്പാക്കപ്പെടുകയാണ്. ഇതിനിടയില്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന സമീപനമാണ് ചില കാറ്റഗറി സംഘടനകള്‍ നടത്തുന്നത്. മാനവ വിഭവശേഷി വകുപ്പു മേധാവി പലപ്പോഴും തന്റെ സ്ഥാനം മറക്കുന്ന നാണംകെട്ട സ്ഥിതിയിലുമെത്തുന്നു.

കഴിഞ്ഞ കുറച്ചുകാലമായി കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന് മാതൃകയാകാന്‍ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞിട്ടുണ്ട്. ജീവനക്കാരെയും ഓഫീസര്‍മാരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോയതാണ് ഈ നേട്ടങ്ങള്‍ക്കാധാരം. ഉപഭോക്തൃ സംതൃപ്തി ഉറപ്പു വരുത്തുന്നതില്‍ ബോര്‍ഡ് കൈവരിച്ച നേട്ടം അനാവശ്യ കൈകടത്തലുകളില്ലാതെ പ്രവര്‍ത്തിക്കാന്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് നല്‍കിയ സ്വാതന്ത്യ്രത്തിന്റെ കൂടി ഭാഗമാണ്. എന്നാല്‍ ഈ പ്രവര്‍ത്തന സ്വാതന്ത്യ്രം ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും നഷ്ടപ്പെടുന്ന സ്ഥിതി സംജാതമാകുന്നു. സ്ഥലം മാറ്റ ഭീഷണിയും സംഘടന മാറുന്നതിനുള്ള പ്രലോഭനങ്ങളുമായി പരസ്യ ഇടപെടലുകളാണ് വ്യാപകമായി നടക്കുന്നത്. സ്ഥലംമാറ്റത്തെ ഒരു പ്രധാന ധനസമാഹരണമാര്‍ഗ്ഗമായി കാണുന്ന സമീപനവും ഇതിന്റെ ഭാഗമായുണ്ട്. ഇതൊക്കെ ബോര്‍ഡിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്ന സ്ഥിതിയാണ് സംജാതമാക്കിയിരിക്കുന്നത്.

ബഹു. വൈദ്യുതി മന്ത്രിയുടെ അറിവോ സമ്മതമോ ഇത്തരം നടപടികളില്‍ ഉണ്ടാവുകയില്ല എന്നു തന്നെയാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കരുതുന്നത്. ഇക്കാര്യങ്ങളില്‍ കര്‍ക്കശ നിലപാടാണ് അദ്ദേഹത്തിനുള്ളതെന്ന് അദ്ദേഹത്തെ കണ്ടു സംസാരിച്ച അസോസിയേഷന്‍ ഭാരവാഹികളോട് ബഹു.വൈദ്യുതി മന്ത്രി വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ വേണ്ടവിധം ഇക്കാര്യങ്ങളില്‍ ഇടപെടാനോ നിയന്ത്രിക്കേണ്ടവരെ നിയന്ത്രിക്കാനോ സര്‍ക്കാര്‍ തലത്തില്‍ ശ്രദ്ധയുണ്ടാകുന്നില്ല എന്നത് ആശങ്ക ഉളവാക്കുന്നതാണ്. വൈദ്യുതി ബോര്‍ഡിലെ 80%ത്തോളം ഓഫീസര്‍മാരുടെ പിന്തുണയുള്ള സംഘടനയാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍. സ്വാഭാവികമായും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പ്രതികരിക്കാതെ മൌനം പാലിച്ചുപോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.

രാജ്യവ്യാപകമായി വൈദ്യുതി ബോര്‍ഡുകള്‍ വിഭജിച്ച് കമ്പനികളാക്കുകയും മൂലധന ശക്തികള്‍ക്ക് ആധിപത്യം സ്ഥാപിക്കാനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്തുവരുന്ന സാഹചര്യത്തില്‍ വൈദ്യുതിമേഖലയെ ഒറ്റ സ്ഥാപനമായി പൊതുമേഖലയില്‍ സംരക്ഷിക്കുന്നതിനും ബദല്‍ നയങ്ങളിലൂടെ രാജ്യത്തിന് മാതൃക കാണിക്കാനും കേരളത്തിനായത് ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെയും ബോര്‍ഡിലെ മുഴുവന്‍ ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും ബോധപൂര്‍വ്വമായ ഇടപെടലിന്റെയും ഭാഗമായാണ്. സംസ്ഥാന സര്‍ക്കാരിലുണ്ടായ മാറ്റം ഈ നയങ്ങളില്‍ മാറ്റമൊന്നുമുണ്ടാക്കില്ലെന്ന വൈദ്യുതി മന്ത്രിയുടെ നിലപാടിനെ അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നു.

ബോര്‍ഡിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലുണ്ടാകുന്ന ഏത് താളപ്പിഴയും ആത്യന്തികമായി ഉദാരവല്‍ക്കരണവാദികളെ സഹായിക്കുകയാണ് ചെയ്യുക. അതുകൊണ്ടുതന്നെ വൈദ്യുതി ഓഫീസര്‍മാരേയും ജീവനക്കാരേയും ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ സര്‍ക്കാരില്‍ നിന്നുണ്ടാകണം. ഓഫീസര്‍മാരുടെ ശമ്പളപരിഷ്കരണ നിര്‍ദ്ദേശം കാലതാമസമില്ലാതെ നടപ്പാക്കാനും സമയബന്ധിതമായി പ്രമോഷനുകള്‍ നടപ്പാക്കാനും പോസ്റ് അപ്ഗ്രഡേഷന്‍ അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഓഫീസര്‍മാരുടെ പ്രമോഷന്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി ഇടപെടുന്ന ഞാഞ്ഞൂല്‍ സംഘടനകളെ നിയന്ത്രിക്കാനും സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും തയ്യാറാകണം.

ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നതും ബോര്‍ഡിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതുമായ സമീപനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അനിവാര്യമാണ്. വൈദ്യുതി ബോര്‍ഡിലെ മുഴുവന്‍ ഓഫീസര്‍മാരുടെയും തൊഴിലാളികളുടെയും പിന്തുണ ഇക്കാര്യത്തിലുണ്ടാകുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3471
mod_vvisit_counterYesterday4270
mod_vvisit_counterThis Month75519
mod_vvisit_counterLast Month134230

Online Visitors: 62
IP: 54.224.197.251
,
Time: 18 : 35 : 56