KSEBOA - KSEB Officers' Association

Sunday
Apr 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഇരുളിലേക്ക് വീഴുന്ന കേരളം

ഇരുളിലേക്ക് വീഴുന്ന കേരളം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power Shortageവരുന്ന വേനല്‍ക്കാലത്ത് കേരളം ഇരുട്ടിലാകുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. ഈ വസ്തുത ആര്‍ക്കും അറിയാത്തതല്ല. പക്ഷേ മന്ത്രി പറയുന്നതിലെ ഗൌരവം ആരും ഉള്‍ക്കൊള്ളുന്നുണ്ടെന്നു തോന്നുന്നില്ല. വൈദ്യുതി ഉപഭോഗത്തിന് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാകാം മന്ത്രി ഉദ്ദേശിക്കുന്നത്. എന്നാല്‍ അക്കാര്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതില്‍ മന്ത്രിയും സംസ്ഥാന വിദ്യുച്ഛക്തി വകുപ്പും വിജയിച്ചിട്ടില്ല. മുല്ലപ്പെരിയാര്‍ പ്രശ്നം ഒരു നാടിന്റെ സുരക്ഷിതത്വത്തിന്റെ വിഷയമായി മാറിയതുകൊണ്ടു കൂടിയാണ് തികച്ചും അവിചാരിതമായി വൈദ്യുതി പ്രതിസന്ധി നമുക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. വെള്ളത്തിനും വിദ്യുച്ഛക്തിക്കുമായി കഴിഞ്ഞ നാലു പതിറ്റാണ്ടായി നാം ആശ്രയിക്കുന്ന ഇടുക്കി അണക്കെട്ടിന് കേരളത്തിന്റെ സുരക്ഷാച്ചുമതലകൂടി വഹിക്കേണ്ടിവന്നിരിക്കുകയാണ്. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ അണപൊട്ടി ഒഴുകിയെത്തുന്ന ജലം ഇടുക്കി ആര്‍ച്ച് ഡാമില്‍ തടയുന്നതിനായാണ് അധികൃതര്‍ ഇടുക്കിയിലെ ജലനിരപ്പ് കുറയ്ക്കാന്‍ തീരുമാനിച്ചത്.

വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഇക്കാരണം കൊണ്ടു മാത്രമാണെന്നു കരുതുന്നത് ശരിയല്ല. മുല്ലപ്പെരിയാറിന്റെ കാര്യം മനസിലാക്കാവുന്നതേയുള്ളൂ. അപ്രതീക്ഷിതമായ പ്രതിസന്ധിയുണ്ടാകുമ്പോള്‍ അത് മുന്‍കൂട്ടിക്കണ്ട് പരിഹരിക്കാന്‍ വെമ്പുന്ന സര്‍ക്കാരും ബോര്‍ഡും നേതാക്കളും എന്തുകൊണ്ട് കേരളം ഇരുട്ടിലേക്ക് നീങ്ങുന്ന കാര്യം നേരത്തേ കണ്ടില്ല? നാള്‍ക്കുനാള്‍ വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചുവരുന്നതു മനസിലാക്കി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്തുകൊണ്ട് നടപടികള്‍ ത്വരിതപ്പെടുത്തിയില്ല? പെട്ടെന്ന് ഒരു ദിവസമുണ്ടായതല്ല ഈ പ്രതിസന്ധി. ആസൂത്രണത്തില്‍വന്ന പാളിച്ചകളും നിലയങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ കാണിച്ച അലംഭാവവും പദ്ധതികളുടെ നടത്തിപ്പിലുണ്ടായ കാലതാമസവുമെല്ലാം ഇതിനു വഴിവച്ചിട്ടുണ്ട്. ഇടുക്കി പദ്ധതി കമ്മിഷന്‍ ചെയ്തതിനുശേഷം കായംകുളം താപനിലയം സ്ഥാപിതമാകുന്നതുവരെയുള്ള നീണ്ട ഇടവേള ഉണ്ടായത് എങ്ങ നെയാണെന്ന് അവര്‍ ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ട്.

രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉത്പാദിപ്പിക്കുകയും ഏറ്റവും കുറഞ്ഞ ചെലവില്‍ ജന ങ്ങള്‍ക്കു നല്‍കുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം. തമിഴ്നാടും മറ്റും നിരന്തരം പവര്‍കട്ടില്‍ കഴിഞ്ഞിരുന്ന കാലത്ത് വൈദ്യുതിയുടെ കാര്യത്തില്‍ മിച്ച സംസ്ഥാനമായിരുന്ന കേരളം ഇന്ന് അന്യസംസ്ഥാനങ്ങളുടെ മുന്നിലും കേന്ദ്രത്തിന്റെ മുന്നിലും കരുണയ്ക്ക് യാചിക്കുന്ന കാഴ്ച ദയനീയമാണ്. ജല, താപ വൈദ്യുത നിലയങ്ങളുടെ ഉത്പാദനശേഷി 2229.26 മൊഗാവാട്ടാണ്. ആവശ്യമുള്ളതാകട്ടെ, 3300 മെഗാവാട്ടും. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ആവശ്യം 4574 മെഗാവാട്ട് ആകുമെന്നാണ് കണക്ക്. കുഴപ്പങ്ങള്‍ പലതുണ്ട്. നിലയങ്ങളുടെ ശേഷിയുടെ 70 ശതമാനം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുന്നുള്ളൂ. വൈദ്യുതിയുടെ വിതരണത്തിലും പ്രസരണത്തിലുമുണ്ടാകുന്ന നഷ്ടം ഉത്പാദനത്തിന്റെ 15 ശതമാനത്തോളം വരുന്നു. കേന്ദ്രപൂളില്‍ നിന്ന് അനുവദിക്കപ്പെട്ടതുപോലും കൃത്യമായി ലഭിക്കാറുമില്ല.

ഇടുക്കി, ഇടമലയാര്‍, ശബരിഗിരി എന്നിവിടങ്ങളിലാണ് വേനല്‍ക്കാലത്തെ ഉത്പാദനത്തിനായി ജലം സംഭരിക്കുന്നത്. മാര്‍ച്ച് മുതലുള്ള മാസങ്ങളില്‍ മറ്റ് സംഭരണികളില്‍ വെള്ളമുണ്ടാകാറില്ല. ബോര്‍ഡിന്റെ മൊത്തം സംഭരണശേഷിയുടെ 80 ശതമാനവുംഇടുക്കിയിലാണ്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ പ്രതിദിനം 40 ലക്ഷം യൂണിറ്റ് വരെയേ ഇടുക്കിയില്‍ സാധാരണ ഉത്പാദിപ്പിക്കാറുള്ളൂ. ബാക്കി ജലം കരുതലായി സൂക്ഷിക്കും. എന്നാല്‍ മുല്ലപ്പെരിയാര്‍ ഭീഷണിയെ തുടര്‍ന്ന് പ്രതിദിനം 90 ലക്ഷം മുതല്‍ ഒരു കോടിവരെ യൂണിറ്റ് ഉത്പാദിപ്പിക്കേണ്ടിവന്നു. കഴിഞ്ഞദിവസം ഉത്പാദനത്തില്‍ കുറവ് വരുത്തിയതായി പറയുന്നു. ഇന്നലത്തെ കണക്കനുസരിച്ച് 1562 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇടുക്കിയിലുള്ളത്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 1938 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമുണ്ടായിരുന്നു. ഇന്നലെ സംസ്ഥാനം 51.03 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ അതില്‍ 14.53 ദശലക്ഷം മാത്രമാണ് നമ്മുടെ ജലവൈദ്യുത പദ്ധതികളുടെ സംഭാവന. 35.35 ദശലക്ഷം യൂണിറ്റ് കേന്ദ്രഗ്രിഡില്‍ നിന്നും ബാക്കിയുള്ളത് ഡീസല്‍ നിലയത്തില്‍ നിന്നുമാണ് ലഭിച്ചത്.

ഇതുകൊണ്ടെല്ലാമാണ് വേനല്‍ക്കാലത്ത് വൈദ്യുതിക്ഷാമമുണ്ടാകുമെന്ന് പറയുന്നത്. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി കുറഞ്ഞവിലയ്ക്ക് വിതരണം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത കുറച്ചുകാണരുത്. ബോര്‍ഡ് അത് സ്വാഭാവികമായും അടുത്ത വരവുചെലവു കണക്കില്‍പ്പെടുത്തുകയും ആ നഷ്ടം പരിഹരിക്കാന്‍ ഉയര്‍ന്ന നിരക്ക് ശുപാര്‍ശ ചെയ്യുകയുമാവും ഉണ്ടാവുക. അന്തിമമായി ഇന്നു കാണിക്കുന്ന ധൂര്‍ത്തിന് നാളെ വില നല്‍കേണ്ടത് ഉപഭോക്താവ് തന്നെ.
}
ജനസാന്ദ്രതയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഈ സംസ്ഥാനത്തിന് ആശ്രയിക്കാവുന്ന ഊര്‍ജസ്രോതസ് ജലസമ്പന്നതയാണെന്നതില്‍ തര്‍ക്കമില്ല. അതോടൊപ്പം സൌരോര്‍ജം പോലുള്ള പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളും ഉപയോഗപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകള്‍ ആരായണം. അതിന് വലിയ പ്രചാരണം നല്‍കണം. അതെക്കുറിച്ച് ജനങ്ങളില്‍ അവബോധമുളവാക്കണം. സൌരോര്‍ജം ഉപയോഗിക്കുന്നതു പോലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു കാണുന്നില്ല. ബദല്‍ ഊര്‍ജ സാദ്ധ്യതകള്‍ പരിസ്ഥിതി സൌഹൃദമാണെന്ന് തിരിച്ചറിഞ്ഞ് നിലവില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളും മറ്റും അവ ഉപയോഗപ്പെടുത്തുന്നതായി കാണുന്നു. എന്നാല്‍ സൌരോര്‍ജ വിളക്കുകളും മറ്റ് ഉപകരണങ്ങളും ജനകീയമാക്കേണ്ട ചുമതല സര്‍ക്കാരിന്റേതാണ്. അതിനുള്ള ബൃഹദ് പദ്ധതികളെക്കുറിച്ചുകൂടി ആലോചിക്കേണ്ട സമയമായി എന്ന് ഇടുക്കി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Source- Kerala Kaumudi Editorial

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1620
mod_vvisit_counterYesterday5986
mod_vvisit_counterThis Month95318
mod_vvisit_counterLast Month123110

Online Visitors: 86
IP: 54.81.117.119
,
Time: 08 : 14 : 29