KSEBOA - KSEB Officers' Association

Thursday
May 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അറിവിനു ചങ്ങല തീര്‍ക്കുമ്പോള്‍

അറിവിനു ചങ്ങല തീര്‍ക്കുമ്പോള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
SOPAഇന്റര്‍നെറ്റിലും സമരമോ? 2012 ജനുവരി 18നു വിക്കിപീഡിയയുടെ ഇംഗ്ലിഷ് സൈറ്റ് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 7000വെബ്‌സൈറ്റുകള്‍ 24 മണിക്കൂര്‍ നേരത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവച്ച് പ്രതിഷേധിച്ചപ്പോള്‍ ജനം മൂക്കത്ത് വിരല്‍ വച്ചു. ഇന്റര്‍നെറ്റിലെ ആവിഷ്കാരസ്വാതന്ത്യത്തെ ഹനിക്കുന്ന യു.എസ് കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ള സ്‌റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട് (സോപ), പ്രൊട്ടക്ട് ഐ.പി ആക്ട് (പിപ) എന്നീ ബില്ലുകള്‍ക്കെതിരെയുള്ള സമരത്തില്‍ മോസില്ല ഫയർഫോക്സും വാര്‍ത്താ സൈറ്റായ റെഡിറ്റും, വേഡ്പ്രസ് ബ്ലോഗും ബോയിംഗ് ബോയിംഗ് ബ്ലോഗുമുള്‍പ്പെടെ സൈറ്റുകള്‍ പങ്കെടുത്തു. വിക്കിപീഡിയയുടെ ഇംഗ്ലീഷ് സൈറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ചവരെ കറുത്ത പ്രതലത്തില്‍ എഴുതിയ ഈ വാക്കുകളാണ് സ്വീകരിച്ചത്. ‘ സ്വതന്ത്ര വിജ്ഞാനകോശമില്ലാത്ത ഒരു ലോകത്തെ സങ്കല്‍പ്പിക്കൂ'. ബില്ലിന്‍റെ വിശദാംശങ്ങളും വിക്കിപീഡിയ നല്‍കി.

ലോഗോയില്‍ കറുത്ത ബാനര്‍ മൂടി സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ പ്രതിഷേധിച്ചു.. പൈറസി തടയേണ്ടതു ആവശ്യമാണെന്നും എന്നാല്‍ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിന്റെ മറ്റൊരു പതിപ്പാണിതെന്നും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടി. ബില്ലിനെതിരെ സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധക്കുറിപ്പ് പോസ്റു ചെയ്തു രണ്ടു മണിക്കൂറിനിടെ 280,000 പേരാണ് ഇതിനു പിന്തുണ നല്‍കി 'ലൈക്ക്' ചെയ്തത്. ലോകത്തെ ബന്ധിപ്പിക്കാന്‍ തുറന്ന വേദിയൊരുക്കുകയാണ് ഇന്റര്‍നെറ്റ് ചെയ്യുന്നതെന്നും ഇന്റര്‍നെറ്റിനെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങളെ എതിര്‍ക്കുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തേക്കാളുപരി ഇത് മനുഷ്യാവകാശത്തിന്റേയും പ്രശ്നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശക്തമായ സമരങ്ങള്‍ കാരണം ജനുവരി 24നു നടക്കാനിരുന്ന അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടക്കാനിരുന്ന പകര്‍പ്പവകാശ നിയമങ്ങള്‍ സംബന്ധിച്ച ചര്‍ച്ച അനിശ്ചിതകാലത്തേയ്ക്ക് മാറ്റി വച്ചു.

എന്താണ് സോപയും പിപയും ?

സ്റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി നിയമം (SOPA), അഥവാ ഹൗസ് ബില്‍ 3261, യു എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് 2011 ഒക്ടോബര്‍ 26ന് മുന്‍പോട്ട് വച്ച ഒരു ബില്ല് ആണ്. ജുഡീഷ്യറി കമ്മിറ്റി പ്രതിനിധിയായ ലമര്‍ എസ്. സ്മിത്തും 12 സഹകാരികളും ചേര്‍ന്നാണ് ഇത് കൊണ്ടുവന്നത്. ഈ ബില്‍ നിയമമായി മാറിയാല്‍ പകര്‍പ്പവകാശസംബന്ധിയായ പ്രശ്നങ്ങളില്‍ വാദികള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ കൈവരുകയും അതുവഴി പകര്‍പ്പവകാശവ്യവസ്ഥ ലഘിക്കുന്നവര്‍ക്ക് കൂടുതല്‍ കണിശമായ നിയമനടപടികള്‍ക്ക് വിധേയമാകേണ്ടിയും വരും.

പകര്‍പ്പവകാശകര്‍ക്ക് തങ്ങളുടെ അനുമതിയില്ലാതെ ഉത്പന്നങ്ങൾ പുനരുപയോഗിക്കുന്നവടെ മേല്‍ നടപടി സ്വീകരിക്കുന്നതിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ വേണ്ടി യു. എസ്. സര്‍ക്കാര്‍ മുന്‍പോട്ട് വച്ച ഒരു നിയമമാണ് പ്രൊട്ടക്ട് ഐ. പി. നിയമം (Preventing Real Online Threats to Economic Creativity and Theft of Intellectual Property Act of 2011 or PIPA), അഥവാ സെനറ്റ് ബില്‍ 968 അല്ലെങ്കില്‍ എസ്. 968. 2011 മെയ് 12ന് സെനറ്ററായ പാട്രിക്ക് ലെഹിയും 11 സഹകാരികളും ചേര്‍ന്നാണ് ഈ ബില്‍ അവതരിപ്പിച്ചത്. പിപ നിയമം പ്രാബല്യത്തിലായാല്‍ പല ഇന്റര്‍നെറ്റ് സംരംഭങ്ങളും ഇരട്ട നിയമത്തിനു കീഴിലാവും. അതാത് രാജ്യത്തെ നിയമവും അമേരിക്കന്‍ നിയമങ്ങളും ഒരേ സമയം അനുസരിച്ചില്ലെങ്കില്‍ നിലനില്‍പ്പ് തന്നെ ഭീഷണിയിലാകും.

ബൌദ്ധിക സ്വത്തിന്റെ വിവിധ രൂപങ്ങള്‍ ഫയല്‍ ഷെയറിങ്ങ് സൈറ്റുകളിലോ ലഭ്യമാക്കുന്നത് തടയാന്‍ പകര്‍പ്പവകാശ, പേറ്റന്റ്, ട്രേഡ്‌മാര്‍ക്ക് ഉടമകള്‍ക്കോ അമേരിക്കയുടെ നീതിന്യായ വകുപ്പിനോ കോടതിയെ സമീപിക്കാന്‍ അവസരം നല്‍കുന്നതാണ് ഈ നിയമങ്ങള്‍ . ഇത്തരം സൈറ്റുകളുടെ പ്രവര്‍ത്തനം നിര്‍തി വയ്പ്പിക്കുക, സേര്‍ച്ച് എഞ്ചിനുകളുടെ ഡാറ്റാബേസില്‍ നിന്നും ഇത്തരം സൈറ്റുകള്‍ നീക്കം ചെയ്യുക, സോഷ്യല്‍ നെറ്റ്റ്വര്‍ക്കിങ്ങ് സൈറ്റുകളില്‍ ഇത്തരം വിവരങ്ങളുടെ വ്യാപനം തടയുക, ഡൊമൈന്‍ നെയിം സര്‍വറുകളില്‍ നിന്ന് ഇത്തരം സൈറ്റുകള്‍ ഒഴിവാക്കുക, ഇന്റര്‍നെറ്റ് സര്‍വീസ് ദാദാക്കള്‍ വഴി ഇത്തരം വെബ് സൈറ്റുകള്‍ തടയുക, ഇത്തരം വെബ്‌സൈറ്റുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള സാമ്പത്തിക സേവനങ്ങള്‍ അവസാനിപ്പിക്കുക, ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴയും ജയില്‍ ശിക്ഷയും നല്‍കുക മുതലായവയും നിയമങ്ങളില്‍ വ്യവസ്ഥ ചെയ്തു. ഇന്റര്‍നെറ്റ് സര്‍വറുകള്‍ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് അമേരിക്കയിലായതിനാല്‍ അമേരിക്കന്‍ നിയമ നിര്‍മ്മാണം ലോകമാകെ ബാധകമാകുമെന്നതാണ് അവസ്ഥ.

അനുകൂലിക്കുന്നവർ ആരൊക്കെ ?

വ്യാജ പകര്‍പ്പുകള്‍ 50 ദശലക്ഷം ഡോളറിലേറെ അമേരിക്കയ്ക്ക് നഷ്ടമുണ്ടാക്കുന്നതായും വിദേശ സൈറ്റുകളെ നിയന്ത്രിക്കാനാണ് നിയമമെന്നും എന്നാണ് അനുകൂലിക്കുന്നവരുടെ വാദം. അമേരിക്കന്‍ കോപ്പിറൈറ്റ് നിയമം ലംഘിക്കുന്ന രാജ്യാന്തര വെബ്‌സൈറ്റുകളെ തടയുക, ഹോളിവുഡ് സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ പ്രചരിക്കുന്നത് തടയുക തുടങ്ങിയവയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അമേരിക്കന്‍ ഭരണകൂടവും പ്രചരിപ്പിക്കുന്നത്. അതുകൊണ്ട്തന്നെ ഹോളിവുഡ് സിനിമാ സംഗീത സ്റ്റുഡിയോകളും ടൈം വാര്‍ണര്‍ അടക്കമുള്ള മാധ്യമ കുത്തകകളും രണ്ടു നിയമങ്ങളെയും പിന്തുണക്കുന്നുണ്ട്.

എന്തുകൊണ്ട് എതിര്‍ക്കുന്നു ?

സോപ, പിപ എന്നീ നിയമങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. നിയമങ്ങള്‍ പാസ്സായാല്‍ സ്വതന്ത്രവും സൗജന്യവുമായ ഇന്റര്‍നെറ്റ് സേവനം സാധ്യമല്ലാതാകുമെന്നും രാജ്യാന്തര വെബ്‌സൈറ്റുകള്‍ സെന്‍സര്‍ഷിപ്പിന് ഇടയാകുമെന്നുമാണ് പ്രധാന ആരോപണം. കൂടാതെ വെബ്‌സൈറ്റുകള്‍ ‘ബ്ലാക്ക് ലിസ്റ്റില്‍ ' ഉള്‍പെടുത്താനും സാധിക്കും. സാഹിത്യമോഷണം തടയുന്നതിന് പര്യാപ്തമായ നിര്‍ദേശങ്ങളൊന്നും ബില്ലിലില്ലെന്ന് ഇതിന്റെ ഉപജ്ഞാതാക്കള്‍ തന്നെ സമ്മതിച്ചതായി വിക്കി പീഡിയ സ്ഥാപകന്‍ ജിമ്മി വെയ്ല്‍സ് മാധ്യമങ്ങളോട് പറഞ്ഞു.

നിയമത്തിലെ പല നിര്‍വചനങ്ങളും കൃത്യമായതല്ലെന്നും പല രീതിയിലും വ്യഖ്യാനിക്കാവുന്നതാണെന്നും വിമര്‍ശകര്‍ പറയുന്നു. വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ സംരംഭങ്ങള്‍ പലതും ചെറിയ മുതല്‍ മുടക്കില്‍ കോളജ് വിദ്യാര്‍ത്ഥികളടക്കം ആരംഭിച്ചതാണ് പിന്നീട് പടര്‍ന്ന് പന്തലിച്ച് വലുതായത്. ഇത്തരം നിയമങ്ങളുണ്ടെങ്കില്‍ ഫേസ്ബൂക്, റെഡിറ്റ്, ട്വിറ്റര്‍ മുതലായ സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാവില്ലായിരുന്നു.. കാരണം ഇത്തരം സൈറ്റുകളിലെ ഉള്ളടക്കം സൈറ്റ് ഉടമയല്ല തീരുമാനിക്കുന്നത്. മറിച്ച് ദശ ലക്ഷക്കണക്കിനു വരുന്ന ഉപയോക്താക്കളാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലെ അറിവു പങ്കു വയ്ക്കലിന്റെ നിയമപരമായ ഉത്തരവാദിത്തം സൈറ്റിന്റേതായാല്‍ തന്നെ ഇത്തരം സൈറ്റുകളുടെ നിലനില്‍പ്പ് ഭീഷണിയിലാകും.

സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനം

റെഡ് ഹാറ്റും ഓപണ്‍ സ്യൂസെയും അടക്കമുള്ള സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം ഈ നിയമങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുണ്ട്. ഇന്റര്‍നെറ്റിലെ ആവിഷ്കാരസ്വാതന്ത്ര്യം സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ ആണിക്കല്ലാണ്. ഇപ്പോള്‍ തന്നെ നിരവധി കുത്തക സോഫ്റ്റ് വെയര്‍ കമ്പനികള്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സംരംഭങ്ങള്‍ക്കെതിരെ പകര്‍പ്പവകാശവ്യവസ്ഥയുടെ പേരു പറഞ്ഞ് നിയമക്കുരുക്കുണ്ടാക്കുന്ന സ്ഥിതിയുണ്ട്. ഇത് രൂക്ഷമാക്കാനേ പുതിയ നിയമം സഹായിക്കൂ..

ഭരണകൂട ങ്ങളുടെ ലക്ഷ്യം

ടുണീഷ്യയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട അറബ് വസന്തത്തിന്റെ പ്രകമ്പനമാണ് അമേരിക്കയെ തലവേദനയിലാഴ്ത്തിയിരിക്കുന്ന ഒക്യുപൈ വാള്‍സ്ട്രീറ്റ് പ്രക്ഷോഭങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. ഇതിന്റെ ചുവടു പിടിച്ച് ലോകത്തെ മുക്കാല്‍ പങ്ക് രാജ്യങ്ങളിലും പ്രക്ഷോഭങ്ങള്‍ നടന്നു. കുത്തക മാധ്യമങ്ങള്‍ പൊതുജനത്തിന്റെ ശബ്ദം പുറത്തറിയാതിരിക്കാല്‍ ശ്രമിച്ചെങ്കിലും പ്രതിഷേധങ്ങളെ ഉറക്കെ കേള്‍പ്പിക്കാന്‍ സഹായിച്ചത് ഇന്റര്‍നെറ്റും അതിലെ സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുമായിരുന്നു. വിക്കിലീക്സ് വഴി അമേരിക്കന്‍ നയതന്ത്ര രേഖകള്‍ ചോര്‍ന്നതും സോഷ്യല്‍ മീഡിയ വഴി ഇതിനു വന്‍ പ്രചരണം കിട്ടിയതും അമേരിക്കന്‍ ഭരണകൂടത്തെ വിറളി പിടിപ്പിച്ചു. ഇന്റര്‍നെറ്റിനെ സ്ഥാപനവല്‍ക്കരിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഈ പാത പിന്തുടര്‍ന്ന് മിക്ക രാജ്യങ്ങളിലും ഭരണകൂടം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്കെതിരെ രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്. ഉള്ളടക്കത്തിന്റെ പേരില്‍ ഫെയ്‌സ്ബുക്ക്, യാഹൂ, ഗൂഗിള്‍ തുടങ്ങിയ 21 വെബ്‌സൈറ്റുകള്‍ക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതും ഇതിന്റെ ഭാഗമായി വേണം കരുതാന്‍.

 

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1162
mod_vvisit_counterYesterday4794
mod_vvisit_counterThis Month107482
mod_vvisit_counterLast Month132633

Online Visitors: 60
IP: 54.81.183.183
,
Time: 05 : 52 : 38