KSEBOA - KSEB Officers' Association

Tuesday
May 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഷുംഗ്ളു കമ്മിറ്റി റിപ്പോര്‍ട്ട് ഉയര്‍ത്തുന്ന വെല്ലുവിളികള്‍

ഷുംഗ്ളു കമ്മിറ്റി റിപ്പോര്‍ട്ട് ഉയര്‍ത്തുന്ന വെല്ലുവിളികള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Shungluവൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് പഠിച്ച മുന്‍ സി.എ.ജി വി.കെ. ഷുംഗ്ളുവിന്റെ നേതൃത്വത്തിലുള്ള പാനലിന്റെ റിപ്പോര്‍ട്ട് ഇതിനകം പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്. 2005 മുതല്‍ 2010 വരെയുള്ള കണക്കുകളാണ് കമ്മിറ്റി പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ 2.48 ലക്ഷം കോടി രൂപയുടെ വര്‍ദ്ധനവാണ് വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകളില്‍ ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ വിതരണ യുട്ടിലിറ്റികള്‍ മൊത്തമായി എടുത്താല്‍, സഞ്ചിത നഷ്ടത്തില്‍ 88000 കോടി രൂപയുടെ വര്‍ദ്ധനവാണ് ഈ കാലഘട്ടത്തില്‍ ഉണ്ടായത്. സര്‍ക്കാര്‍ സബ്സിഡി പരിഗണിക്കാതിരുന്നാല്‍ സഞ്ചിത നഷ്ടം 1.79 ലക്ഷം കോടി രൂപയായി ഉയരും. ഓരോ വര്‍ഷവും യൂട്ടിലിറ്റികള്‍ക്ക് നല്‍കേണ്ടുന്ന സര്‍ക്കാര്‍ ധന സഹായം വര്‍ദ്ധിക്കുകയാണ്. 2009 - 10 വര്‍ഷത്തില്‍ മാത്രം 30,000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരുകള്‍ വൈദ്യുതി വിതരണ മേഖലയ്ക്ക് സബ്സിഡിയായി നല്‍കിയത്. ഇത് ആകെ റവന്യു വരുമാനത്തിന്റെ 20 ശതമാനം വരെ വരുമെന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. എന്നിട്ടുപോലും യൂണിറ്റിന് 60 പൈസയുടെ നഷ്ടമാണ് വൈദ്യുതി വിതരണ മേഖലയില്‍ ഉണ്ടാകുന്നത്.

കുടിശിക പിരിച്ചെടുക്കുക, പ്രസരണ വിതരണ നഷ്ടം കുറയ്ക്കുക തുടങ്ങിയ മേഖലകളിലൊന്നും കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 645 ദിവസംവരെ കാലതാമസമാണ് ബില്ല് പിരിച്ചെടുക്കുന്നതിന് ഉണ്ടാകുന്നത്. പൊതുവേ മനസ്സിലാക്കിയിട്ടുള്ളതിലും വലിയ എ.ടി.ആന്റ്സി.ലോസ് യഥാര്‍ത്ഥത്തിലുണ്ടെന്ന് കമ്മറ്റി അഭിപ്രായപ്പെടുന്നു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി സാധാരണ നിലയില്‍ 30 ശതമാനം എ.ടി.ആന്റ്സി. ലോസാണ് കണക്കിലെടുക്കാറുള്ളത്. എന്നാല്‍ പല സംസ്ഥാനങ്ങളിലും കാര്‍ഷിക കണക്ഷനുകള്‍ മീറ്ററുകള്‍ ഇല്ലാതെയാണ് നല്‍കുന്നതെന്നത് ഈ കണക്കുകളെ അപ്രസക്തമാക്കുന്നു.
വൈദ്യുതി യൂട്ടിലിറ്റികളുടെ വര്‍ദ്ധിച്ച് വരുന്ന നഷ്ടം പ്രധാനമായും കടത്തിന്റെ വര്‍ദ്ധനവിലേക്കാണ് നയിക്കുന്നത്. 2010 മാര്‍ച്ച് 31 ന്റെ കണക്കു വെച്ച് 51851 കോടി രൂപയുടെ ബാദ്ധ്യതയാണ് ബാങ്ക് വായ്പ്പകളായി ഇന്ത്യയിലെ വിതരണ യൂട്ടിലിറ്റികള്‍ക്ക് ഉള്ളത്. എന്നാല്‍ കടം വര്‍ദ്ധിക്കുകയല്ലാതെ അത് വീട്ടുന്നതിനുള്ള മാര്‍ഗങ്ങളൊന്നും ഈ സ്ഥാപനങ്ങളുടെ മുന്നില്‍ നിലവിലില്ല. വര്‍ദ്ധിച്ചുവരുന്ന കടബാദ്ധ്യത വൈദ്യുതി മേഖലയുടെ വികസന പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി നിയമം 2003 പ്രകാരമുള്ള പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കപ്പെട്ട 5 വര്‍ഷങ്ങളാണ് ഷുംഗ്ളു കമ്മിറ്റി പഠന വിധേയമാക്കിയത് എന്നത് പരിഷ്കരണ നടപടികളുടെ യഥാര്‍ത്ഥ അവസ്ഥ വെളിപ്പെടാന്‍ സഹായകമായിട്ടുണ്ട്. കേരളംപോലെ പരിഷ്കരണ നടപടികളെ ചെറുത്തുനിന്ന സംസ്ഥാനങ്ങളിലാണ് കുറേയെങ്കിലും മെച്ചപ്പെട്ട സ്ഥിതിയുള്ളത്. റിപ്പോര്‍ട്ടിലെ കണക്കുകള്‍ ഇക്കാര്യങ്ങള്‍ ഭംഗ്യന്തരേണ അംഗീകരിക്കുന്നുമുണ്ട്.

നയസമീപനങ്ങളിലെ പിശകാണ് വൈദ്യുതി മേഖലയിലെ തകര്‍ച്ചയ്ക്ക് കാരണമെന്നത് രാഷ്ട്രീയ കാരണങ്ങളാല്‍ അംഗീകരിക്കാന്‍ ഷുംഗ്ളു കമ്മിറ്റിക്ക് കഴിയുന്നില്ല. അതുകൊണ്ട് തന്നെ പരിഷ്കരണങ്ങള്‍ വേണ്ടത്ര ഫലപ്രദമായി നടപ്പാക്കാത്തതാണ് കാരണമെന്നാണ് അവര്‍ കണ്ടെത്തുന്നത്. വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ കട ഭാരവും സഞ്ചിത നഷ്ടവും ഒരു പ്രത്യേക സംവിധാനം ഉണ്ടാക്കി മാറ്റുകയും ഫ്രാഞ്ചൈസി സമ്പ്രദായം വ്യാപിപ്പിച്ച് ഈ മേഖലയില്‍ സ്വകാര്യവല്‍ക്കരണം ഏര്‍പ്പെടുത്തുകയുമാണ് പരിഹാര നിര്‍ദ്ദേശമായി കമ്മിറ്റി മുന്നോട്ട് വെയ്ക്കുന്നത്. റിസര്‍വ് ബാങ്ക്, സംസ്ഥാന സര്‍ക്കാരുകള്‍, വായ്പ്പ നല്‍കിയ ധനകാര്യ സ്ഥാപനങ്ങള്‍, വിതരണ യൂട്ടിലിറ്റികള്‍ എന്നിവരുള്‍പ്പെട്ട ചര്‍ച്ചകളിലൂടെ കടബാദ്ധ്യത പരമാവധി നെഗോഷ്യേറ്റ് ചെയ്ത് കുറക്കുകയും അത് ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കമ്പനിയിലേക്ക് മാറ്റുകയും ചെയ്യുക എന്നതാണ് പ്രാഥമികമായി ചെയ്യാവുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ കട ബാധ്യത ഇത്തരമൊരു പ്രത്യേക സംവിധാനം ഉണ്ടാക്കി പരിഹരിക്കുന്നത് നല്ലത് തന്നെ. പക്ഷേ ഫ്രാഞ്ചൈസി സമ്പ്രദായം വ്യാപകമായി അടിച്ചേല്‍പ്പിക്കാനുള്ള പരിപാടിയായാണ് ഇത് മുന്നോട്ട് വെയ്ക്കപ്പെടുന്നത് എന്നത് അംഗീകരിക്കാനാവില്ല.

പത്ത് ലക്ഷത്തിലേറെ ജന സംഖ്യയുള്ള 255 പട്ടണങ്ങളുടെ ഒരു പട്ടിക കമ്മറ്റി റിപ്പോര്‍ട്ടിന്റെ അനുബന്ധമായി നല്‍കിയിട്ടുണ്ട്. കേരളത്തിലെ പത്ത് നഗരങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പൊതുവേ വൈദ്യുതി വിതരണം ലാഭകരമായി നടക്കുന്ന ഇത്തരം നഗരങ്ങള്‍ ഉടനെതന്നെ ഫ്രാഞ്ചൈസികളെ ഏല്‍പ്പിക്കണമെന്നും ഇങ്ങനെ കടന്നുവരുന്ന സ്വകാര്യ കമ്പനികള്‍ക്ക് താല്പ്പര്യമുണര്‍ത്തുന്ന നിലയില്‍ നിശ്ചിത കാലപരിധിക്കുള്ളില്‍ ഫ്രാഞ്ചൈസികളെ ലൈസന്‍സികളാക്കി മാറ്റുമെന്ന് പ്രഖ്യാപിക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.

നഗരങ്ങളില്‍ ഫ്രാഞ്ചൈസി പോലുള്ള വളഞ്ഞ വഴിക്കുള്ള സ്വകാര്യവല്‍ക്കരണമല്ല വേണ്ടതെന്നും പൊതു സ്വകാര്യ കൂട്ടുകച്ചവടമെന്ന നിലയില്‍ (പി.പി.പി) നേരിട്ടുതന്നെ സ്വകാര്യ ലൈസന്‍സുകള്‍ അനുവദിക്കുന്നതാണ് അഭികാമ്യം എന്നും ഗജേന്ദ്ര ഹാള്‍ഡിയയുടെ നേതൃത്വത്തിലുള്ള പ്ളാനിംഗ് കമ്മീഷന്റെ ഉപ സമിതി റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. ഷുംഗ്ളു കമ്മിറ്റി റിപ്പോര്‍ട്ടും ഹാള്‍ഡിയ കമ്മിറ്റി റിപ്പോര്‍ട്ടും തമ്മില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ പാത സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കിലും രണ്ടും വൈദ്യുതി വിതരണം അത്യന്തികമായി സ്വകാര്യ മേഖലയ്ക്ക് കൈമാറേണ്ടതാണെന്ന കാര്യത്തില്‍ വിയോജിക്കുന്നില്ല.

വൈദ്യുതി മേഖലയുടെ യഥാര്‍ത്ഥ സ്ഥിതി എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍ ഏറെക്കാലമായി നാം പറഞ്ഞുവരുന്ന കാര്യങ്ങള്‍ ശരിവെയ്ക്കുകയാണ്. രണ്ട് ദശാബ്ദത്തിലധികമായി നടപ്പാക്കിവരുന്ന നവ ലിബറല്‍ പരിഷ്കരണങ്ങളുടെ പരാജയം അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കപ്പെടുകയാണ്. ഇത് വൈദ്യുതി മേഖലയുടെ മാത്രം സ്ഥിതിയല്ല. കൊട്ടി ഘോഷിക്കപ്പെടുന്ന സാമ്പത്തിക വളര്‍ച്ചാവാദത്തിനിടയിലും കാര്‍ഷിക വ്യവസായ മേഖലകള്‍ തകരുകയാണെന്ന യാഥാര്‍ത്ഥ്യം മറച്ചുവെക്കാന്‍ കഴിയാത്തവിധം പുറത്തുവരുന്നു. വസ്തുതാപരമായി ഉല്‍പ്പാദന പ്രക്രിയയുടെ ഭാഗമാക്കാന്‍ കഴിയാത്ത കെട്ടിട നിര്‍മ്മാണം അടക്കമുള്ള തുറകള്‍ ഉള്‍പ്പെട്ടിട്ടും ഇന്ത്യയുടെ ദ്വിതീയ സാമ്പത്തിക മേഖല കേവല മൂല്യത്തില്‍ തകര്‍ച്ചയെ നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇതാണ് കാണിക്കുന്നത്. ഈ വസ്തുതകള്‍ പഠിച്ചും പഠിപ്പിച്ചും മാത്രമേ ചെറുത്തുനില്‍പ്പുകള്‍ ഫലപ്രദമാക്കാന്‍ കഴിയൂ. അത്തരം ഒരു പഠന പ്രക്രിയയില്‍ നാമോരോരുത്തരും പങ്കാളികളാകേണ്ടതുണ്ട്.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1524
mod_vvisit_counterYesterday4799
mod_vvisit_counterThis Month97840
mod_vvisit_counterLast Month132633

Online Visitors: 76
IP: 23.20.7.34
,
Time: 07 : 36 : 31