
ഫെബ്രുവരി 28 ന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടന്നുവരുകയാണല്ലോ. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറേക്കൂടി വിശാലമായ യോജിപ്പാണ് ഇത്തവണ ദേശീയ തലത്തില്‍ പണിമുടക്കിന് കൈവന്നിരിക്കുന്നത്. എല്ലാ കേന്ദ്ര തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുകയാണ്. പണിമുടക്കിന് മുന്നോടിയായി 2011 നവംബര്‍ 8 ന് നടന്ന ജയില്‍ നിറക്കല്‍ സത്യാഗ്രഹ സമരങ്ങളില്‍ ദേശവ്യാപകമായി നല്ല പങ്കാളിത്തമുണ്ടായി. പത്തുകോടിയിലേറെ തൊഴിലാളികളാണ് ഈ സമരത്തില്‍ പങ്കെടുത്തത്. നവ ഉദാരവല്‍ക്കരണ പരിഷ്കാരങ്ങളുടെ കെടുതികള്‍ തൊഴിലെടുത്തുജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളേയും പോരാട്ടമല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല എന്ന ബോധത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവായിരുന്നു നവംബര്‍ എട്ടിന്റെ പ്രക്ഷോഭം. എന്നാല്‍ ഇതൊന്നും കേന്ദ്ര ഭരണാധികാരികളുടെ കണ്ണുതുറപ്പിച്ചതായി കാണുന്നില്ല. പരിഷ്കാരങ്ങള്‍ കൂടുതല്‍ തീവ്രമായി മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇന്ത്യന്‍ സമ്പദ്ഘടന വന്‍തോതില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന ഭരണാധികാരികളുടെ അവകാശവാദങ്ങള്‍ക്കിടയിലും കര്‍ഷക ആത്മഹത്യകളടക്കമുള്ള ദുരന്തങ്ങള്‍ വ്യാപകമാകുകയാണ്. ഉണ്ടായിക്കൊണ്ടിരിക്കുന്ന "തൊഴില്‍രഹിത വളര്‍ച്ച" രാജ്യത്തെ കടുത്ത സാമൂഹ്യ പ്രതിസന്ധിയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലാളി സമരങ്ങളോട് ആഭിമുഖ്യമൊന്നും കാട്ടാതെ സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് പൊതുവേ പിന്തുണ നല്കിവന്നിരുന്ന ഒരു വിഭാഗമായിരുന്നു ഇന്ത്യന്‍ വ്യാപരി സമൂഹം. വ്യാപാരമേഖലയിലേക്ക് വാള്‍മാര്‍ട്ട് പോലുള്ള ആഗോള കുത്തകകള്‍ക്ക് തുറന്നു കൊടുക്കാനെടുത്ത തീരുമാനത്തോടെ ഈ വിഭാഗവും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

വിലക്കയറ്റം തടയുക, സംരംഭക പാക്കേജുകള്‍ക്കൊപ്പം തൊഴില്‍ സുരക്ഷക്കുള്ള ശക്തമായ നടപടികളും ഉള്‍ച്ചേര്‍ക്കുക, അടിസ്ഥാന തൊഴില്‍ നിയമങ്ങളില്‍ ഇളവുകള്‍ വരുത്താതിരിക്കുകയും തൊഴില്‍ നിയമലംഘനത്തിന് കര്‍ശന ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക, അസംഘടിത തൊഴില്‍ മേഖലകളിലടക്കമുള്ള എല്ലാ തൊഴിലാളികളേയും ഉള്‍പ്പെടുത്തി സര്‍വത്രിക സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുകയും ആവശ്യമായ സാമ്പത്തിക സ്രോതസുകളോടെ ദേശീയ സാമൂഹ്യസുരക്ഷാ ഫണ്ട് രൂപീകരിക്കുകയും ചെയ്യുക പൊതുമേഖലാ സ്വകാര്യവല്‍ക്കരണവും ഓഹരി വില്‍പ്പനയും അവസാനിപ്പിക്കുക എന്നീ അഞ്ച് ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് തൊഴിലാളി സംഘടനകളുടെ സംയുക്തവേദി പ്രക്ഷോഭരംഗത്തുള്ളത്. ഈ ആവശ്യങ്ങള്‍ക്കൊപ്പം സ്ഥിരവും സ്ഥിര സ്വഭാവമുള്ളതോ ആയ ജോലികളിലെ കരാര്‍ വല്‍ക്കരണം പൂര്‍ണ്ണമായും അവസാനിപ്പിക്കുകയും കരാര്‍തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികളുടെ വേതനം ഉറപ്പുവരുത്തുകയും ചെയ്യുക, എല്ലാ തൊഴിലാളികള്‍ക്കും പ്രതിമാസം പതിനായിരം രൂപ മിനിമം കൂലി ഉറപ്പുവരുത്തും വിധം മിനിമം കൂലി നിയമം ഭേദഗതി ചെയ്യുക, ഗ്രാറ്റുവിറ്റി വര്‍ദ്ധിപ്പിക്കുകയും പ്രൊവിഡന്റ് ഫണ്ട്, ബോണസ്സ് എന്നിവക്കുള്ള പരിധികള്‍ എടുത്തുകളയുകയും ചെയ്യുക, എല്ലാവര്ക്കും പെന്ഷന് ഉറപ്പുവരുത്തുക, 87,98 ഐ.എല്‍.ഒ കണ്വെന്ഷന് തീരുമാനങ്ങള്‍ അടിയന്തിരമായി അംഗീകരിക്കുകയും 45 ദിവസപരിധിക്കുളളില് തൊഴിലാളി സംഘടനകള്‍ രജിസ്റര്‍ ചെയ്യുന്നത് കര്‍ശനമായി ഉറപ്പുവരുത്തുകയും ചെയ്യുക എന്നിങ്ങനെ അഞ്ച് ആവശ്യങ്ങള്‍ കൂടി ഉയര്‍ത്തിയാണ് ഫെബ്രുവരി 28 ന്റെ പണിമുടക്ക് നടക്കുന്നത്.
വൈദ്യുതി മേഖലയിലും എല്ലാ വിഭാഗം ജീവനക്കാരും ഓഫീസര്‍മാരും ദേശവ്യാപകമായി പണിമുടക്കില്‍ അണിചേരുകയാണ്. പണിമുടക്ക് വലിയ വിജയമാകുമെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ പണിമുടക്കിനാധാരമായി വിഷയങ്ങള്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും ബഹുജനങ്ങളെയാകെ ഈ സന്ദേശത്തോടൊപ്പം അണിചേര്‍ക്കുകയുമാണ് നമ്മുടെ മുന്നിലുള്ള പ്രധാന കടമ. എന്നാല്‍ പ്രക്ഷോഭത്തിന് ആധാരമായ വിഷയങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന പിന്തുണ കണ്ടില്ലെന്ന് നടിക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയുകയില്ല.
അമേരിക്കയില്‍ നടക്കുന്ന വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരവും യൂറോപ്പിലാകെ ആഞ്ഞടിക്കുന്ന തൊഴിലാളി സമരങ്ങളും ലാറ്റിനമേരിക്കയിലെ നവ ഇടതുപക്ഷ മുന്നേറ്റവുമൊക്കെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ ഒരു സാര്‍വ്വദേശീയ പോരാട്ടത്തിന്റെ സാധ്യത മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഈ സാഹചര്യം ഫെബ്രുവരി 28 ന്റെ ദേശീയ പണിമുടക്കിന് ഒരു സാര്‍വ്വദേശിയ മാനവും നല്‍കുന്നുണ്ട്. ഇതില്‍ നമുക്കുള്ള കടമ ഏറെ വലുതാണ്. സ്ഥാപനത്തിനുള്ളിലും പുറത്തും പ്രക്ഷോഭത്തിന്റെ പ്രാധാന്യം എത്തിക്കുക എന്ന ഉത്തരവാദിത്വം മാറ്റാരേയും ഏല്‍പ്പിക്കാനില്ല. നാം ഓരോരുത്തരും അത് സ്വന്തം വ്യക്തിപരമായ ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതുണ്ട്. അത് നിര്‍വ്വഹിക്കാന്‍ എല്ലാ സംഘടനാംഗങ്ങളും മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു.