
പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോള്‍ സര്‍ച്ചാര്‍ജില്ല. സര്‍ക്കാര്‍ സബ്സിഡി നല്‍കിയാണ് ഈ വിഭാഗക്കാര്‍ക്ക് ഇളവു ലഭ്യമാക്കിയത്. എന്നാല്‍, ഇപ്പോഴത്തെ ഉത്തരവു പ്രകാരം 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ള ഗാര്‍ഹിക ഉപയോക്താക്കളെ സര്‍ച്ചാര്‍ജ് പിരിവില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കമ്മീഷന് ശുപാര്‍ശയെന്നറിയുന്നു. പ്രതിമാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ ഒഴിവാക്കണമെങ്കില്‍ സബ്സിഡി അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ആവശ്യമാണ്.
2011 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ താപവൈദ്യുതി മൂലമുണ്ടായ അധികബാധ്യത നികത്തുന്നതിന് ഉപയോക്താക്കളില്‍നിന്ന് ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്നു നവംബറില്‍ റഗുലേറ്ററി കമ്മിഷനോടു വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഈ കാലയളവിലെ 165.68 കോടി രൂപയുടെ ബാധ്യത നികത്തിക്കിട്ടണമെന്നാ യിരുന്നു ആവശ്യം. ബോര്‍ഡ് സമര്‍പ്പിച്ച കണക്കുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയും ഹിയറിങ് നടത്തുകയും ചെയ്ത ശേഷമാണു സര്‍ചാര്‍ജ് സംബന്ധിച്ചു കമ്മിഷന് തീരുമാനം എടുത്തത്.
2010 ഒക്ടോബര്‍ മുതല്‍ 2011 മാര്‍ച്ച് വരെയുള്ള ബാധ്യത ഈടാക്കുന്നതിനാണ് ഇപ്പോള്‍ 25 പൈസ പിരിക്കുന്നത്. സര്‍ചാര്‍ജ് പിരിച്ചാലും വൈദ്യുതി ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണു പോകുന്നത്. ഈ സാമ്പത്തിക വര്‍ഷം 2100 കോടി രൂപയുടെ നഷ്ടമാണു പ്രതീക്ഷിക്കുന്നത്. തൊട്ടു മുന്‍പുള്ള മൂന്നു വര്‍ഷങ്ങളില്‍ ഏകദേശം 3500 കോടിയുടെ നഷ്ടം ഉണ്ടായെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ നിരക്കു വര്‍ധിപ്പിക്കാതെ മുന്നോട്ടു പോവുകയായിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷം 3500 കോടിയുടെ നഷ്ടം പ്രതീക്ഷിക്കുന്നു.
നിരക്കു വര്‍ധിപ്പിക്കാതെ മുന്നോട്ടു പോകാനാവാത്ത സാഹചര്യമാണെന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ നഷ്ടം നികത്തണമെങ്കില്‍ വന്‍തോതില്‍ നിരക്കു കൂട്ടേണ്ടി വരും. ഇത് അസാധ്യമായതിനാല്‍ ബോര്‍ഡിന്റെ നഷ്ടം നികത്താന്‍ നിരക്കു വര്‍ധനയ്ക്കു പുറമെ മറ്റു മാര്‍ഗങ്ങള്‍ കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു.
Source- Mathrubhumi