KSEBOA - KSEB Officers' Association

Tuesday
May 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വിവാഹ ധൂര്‍ത്ത്

വിവാഹ ധൂര്‍ത്ത്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
വിവാഹധൂര്‍ത്ത് ഇന്ന് ജനനേതൃത്വങ്ങളുടെ വിവിധ പരിഛേദങ്ങളില്‍ ചര്‍ച്ചകളായി ഉയര്‍ന്നുവന്നിട്ടുണ്ട്. വിവാഹധൂര്‍ത്ത് തടയുന്നതിനെതിരെ 2009-ല്‍ സര്‍വ്വകക്ഷിയോഗം സംഘടിപ്പിക്കാനുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായി. വിവിധ ജാതി-മത സംഘടനകള്‍ വിവാഹധൂര്‍ത്ത് തടയാന്‍ പ്രമേയങ്ങളവതരിപ്പിച്ചു.

എന്നാല്‍ അത്തരം ചര്‍ച്ചകള്‍ ഫലപ്രദമാവുന്നുണ്ടോ? ഇല്ലെന്നാണ് അനുഭവം തെളിയിക്കുന്നത്. വിവാഹ ധൂര്‍ത്തിന്റെ അടിസ്ഥാന കാരണങ്ങളെ, അതിന്റെ പിന്നിലുള്ള മൂല്യങ്ങളെ, അത് സൃഷ്ടിക്കുന്ന സാംസ്കാരിക പരിസരത്തെ വേണ്ടത്ര ഗൌരവത്തില്‍ കാണുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സ്വര്‍ണ്ണത്തിന്റെ വിലയില്‍ ഈയിടെ കാണുന്ന കുതിച്ചുകയറ്റമാണ് വിവാഹധൂര്‍ത്തിനെ ഇപ്പോള്‍ വീണ്ടും മുഖ്യവിഷയമാക്കി മാറ്റിയത്.

ഈയടുത്ത കാലത്ത് ലേഖകന് ഒരു എസ്.എം.എസ് ലഭിച്ചു: സ്വര്‍ണ്ണത്തിന്റെ വില 21000 കടന്നിരിക്കുന്നു.... സ്നേഹിക്കൂ, പ്രേമിക്കൂ, ഒളിച്ചോടൂ...... ഇന്ത്യന്‍ ഫാദേഴ്സ് അസോസിയേഷന്‍. പതിവുപോലെ തമാശയ്ക്ക് തൊടുത്തുവിടുന്നസന്ദേശങ്ങളിലൊന്നാണ് ഇതും. എന്നാല്‍ മറ്റൊരു തരത്തില്‍ ഇതിനെ വായിച്ചാല്‍ വര്‍ത്തമാന കാലത്തെ ദുരന്തയാഥാര്‍ത്ഥ്യത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത് എന്നുകൂടി കാണാന്‍ കഴിയും. പ്രണയ വിവാഹങ്ങളുടെ വ്യതിരക്തത ഇതില്‍ നിന്നും വ്യക്തമാക്കപ്പെടുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ വിവാഹം ഒരു കരാറായി കണക്കാക്കുമ്പോള്‍ ഇന്ത്യയില്‍ ഇത് ഒരു പവിത്ര കര്‍മമായാണ് കാണുന്നത്. എന്നിട്ടെന്തേ സ്വര്‍ണത്തിന്റെ ധാരാളിത്തമടക്കമുള്ള ധൂര്‍ത്ത് ഇവിടുത്തെ വിവാഹങ്ങളില്‍ കാണുന്നത്?

ഇത്തരം ആലോചനകള്‍ ഇതൊരു സാംസ്കാരിക പ്രശ്നം കൂടിയാണെന്ന് കാണിച്ചു തരുകയാണ്. ഇന്ന് നമ്മുടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപകമായി നടക്കുന്നത് സ്വര്‍ണവ്യാപാരത്തോടൊപ്പം മദ്യവ്യാപാരമാണ്. ദേശീയതലത്തിലെന്ന പോലെ കേരളത്തിലും ഈ സ്വര്‍ണ്ണ, സുരപാന സംസ്കാരങ്ങള്‍ക്ക് നവോത്ഥാനകാലത്തും ദേശീയ സ്വാതന്ത്യ്രസമരകാലത്തും കമ്മ്യൂണിസ്റ്-ജനാധിപത്യ ശക്തികള്‍ നടത്തിയ നിരവധി മുന്നേറ്റങ്ങളുടെ കാലത്തും തിരിച്ചടികളുണ്ടായതാണ്. ഗാന്ധിജി കേരളത്തില്‍ വന്നപ്പോള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അഴിച്ചുകൊടുത്ത വനിതാരത്നങ്ങള്‍ ദേശീയബോധത്തെ ആഭരണക്കമ്പത്തിന് മേല്‍ സ്ഥാപിക്കുകയാണ് ചെയ്തത്.

1940 കളില്‍ നടന്ന ദേശീയ വിമോചന പ്രക്ഷോഭങ്ങളും കമ്മ്യൂണിസ്റ്, ജനാധിപത്യ, സാമുദായിക മുന്നേറ്റങ്ങളും ഫ്യൂഡല്‍ മൂല്യങ്ങള്‍ക്കെതിരെ ശക്തമായി ആഞ്ഞടിച്ചതിന്റെ ഫലമായി വിവാഹച്ചടങ്ങുകള്‍ ലളിതമാക്കാന്‍ വിവിധ മതങ്ങള്‍ക്കും ജാതികള്‍ക്കും തയ്യാറാകേണ്ടി വന്നു. വിവാഹം ലളിതമായിരിക്കണമെന്ന് ശ്രീനാരായണഗുരു നിര്‍ദ്ദേശിച്ചു. വിവാഹച്ചടങ്ങുകള്‍ ലളിതമാക്കുക വഴി ആചാരങ്ങള്‍ മാത്രമല്ല, ആര്‍ഭാടങ്ങള്‍ കൂടിയാണ് നായര്‍ സമുദായത്തില്‍ മന്നത്ത് പത്മനാഭന്‍ പരിമിതപ്പെടുത്തിയത്. കമ്മ്യൂണിസ്റുകാര്‍ക്കിടയില്‍ പാര്‍ട്ടിക്കല്ല്യാണങ്ങള്‍ നിരവധി നടന്നിരുന്നു. ജനാധിപത്യ-പുരോഗമന വിശ്വാസികള്‍ കല്ല്യാണച്ചടങ്ങുകളിലെ ഭൌതിക ഘടകങ്ങള്‍ കൂടി ലളിതമാവാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

എന്നാല്‍ 90-കളില്‍ നടപ്പാക്കപ്പെട്ട ആഗോളീകരണവും നവ ഉദാരീകരണ നയങ്ങളും സൃഷ്ടിച്ച മൂലധനത്തിന്റെയും കമ്പോളത്തിന്റെയും നൂതനമായ ചലനങ്ങള്‍ സാംസ്കാരിക രംഗത്ത് ശക്തമായ പിന്നോട്ടടിയാണ് സൃഷ്ടിച്ചത്. ഏതും കമ്പോളവല്‍ക്കരിക്കുക എന്ന ലക്ഷ്യമാണ് ആഗോളീകരണ-ഉദാരീകരണ നയങ്ങള്‍ ലക്ഷ്യം വെച്ചത്. ഇതിന്റെ ഫലമായി പഴയ ഫ്യൂഡല്‍ മൂല്യങ്ങള്‍ കമ്പോളത്തിന് അനുഗുണമാകുന്ന രീതിയില്‍ പുനരവതരിപ്പിക്കപ്പെട്ടു. ഇപ്രകാരം സാമ്പത്തികവും സാംസ്കാരികവുമായ സ്വാധീനമാണ് ഇന്നത്തെ വിവാഹമടക്കമുള്ള ഫ്യൂഡല്‍ സമ്പ്രദായങ്ങള്‍ക്കുണ്ടായിട്ടുള്ളത്.

മേല്‍പ്പറഞ്ഞ പോലെ വിവാഹകാര്യങ്ങളെ കമ്പോളത്തിനായി ഉപയോഗപ്പെടുത്തുന്നത് എങ്ങിനെയെന്ന് ഉത്തമമായ ഉപഭോഗസംസ്കാരത്തിന്റെ വഴികാട്ടിയായി മാറിയ മലയാളികളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇപ്പോഴത്തെ കല്ല്യാണത്തിന്റെ എല്ലാ കാര്യങ്ങളും മല്‍സരാധിഷ്ഠിത കമ്പോളത്തിന്റെ വിവിധ മേഖലകളിലൂടെയാണ് കടന്നുപോകുന്നത്.
വിവാഹക്ഷണക്കത്ത് എന്നത് തീയതിയും സ്ഥലവും ഓര്‍മ്മപ്പെടുത്താനുള്ള ഉപാധി എന്നതിലുപരി ഇന്ന് വിലയേറിയ ആഡംബര പ്രദര്‍ശനമായിരിക്കുന്നു. വിവാഹങ്ങള്‍ക്ക് മുഹൂര്‍ത്തം നിശ്ചയിക്കപ്പെടുന്നത് വിവാഹം നടക്കേണ്ട ഹാളുകളുടെയും ആഡിറ്റോറിയങ്ങളുടെയും ലഭ്യത അനുസരിച്ചാണ്. ഒരു വര്‍ഷം മുമ്പേയൊക്കെയാണ് ഹാളുകള്‍ ബുക്ക് ചെയ്യുന്നത്. പലപ്പോഴും ഇത്തരം ഹാളുകളുടെ വാടകയായി ലക്ഷങ്ങളാണ് ധൂര്‍ത്തടിക്കപ്പെടുന്നത്. പങ്കെടുക്കുന്നവരുടെ ബാഹുല്യവും വീട്ടുകാരുടെ അന്തസ്സിന്റെ മാനമാകുമ്പോള്‍ ഹാളുകളും അതിനനുസരിച്ച് കേമമാവണമല്ലോ.

വിവാഹവസ്ത്രങ്ങള്‍ എന്നത് വസ്ത്രവ്യാപാരത്തിന്റെ അവിഭാജ്യഘടകമാണ്. ഒരു വിവാഹം നടക്കുമ്പോള്‍ അതിലെ വധൂവരന്മാരുടെ വിവാഹ വസ്ത്രങ്ങളില്‍ ഈ ബിസിനസ്സിന്റെ വ്യവഹാരം ഒതുങ്ങിനില്‍ക്കുന്നില്ല. വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ കൂടി പുതിയ വസ്ത്രങ്ങള്‍, വിലകൂടിയ വസ്ത്രങ്ങള്‍ മേടിച്ചണിയുന്നതിലേക്ക് കമ്പോളം വികസിച്ചിരിക്കുന്നു.

ഈ കമ്പോളവല്‍ക്കരണത്തിന്റെ ഒരു പ്രചാരണ തന്ത്രമാണ് സിനിമാനടിമാരുടെ കല്ല്യാണത്തിന്റെ തല്‍സമയ റെക്കോര്‍ഡിങ്ങ് പ്രചരിപ്പിക്കുക എന്നത്. പാര്‍വ്വതി മുതല്‍ കാവ്യാമാധവന്റെയും നവ്യാനായരുടെയും വരെ വിവാഹത്തിന്റെ സിഡികളും വീഡിയോകളും വില്‍പ്പനകളിലൂടെയും യുട്യൂബ് പോലുള്ള വീഡിയോ സാങ്കേതങ്ങളും ടിവി ചാനലുകളും മറ്റു വഴിയിലൂടെയും ഒക്കെ പ്രചരിപ്പിക്കപ്പെടുമ്പോള്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പോളശക്തികളെ തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്ക ബുദ്ധിമുട്ടായിരിക്കും. പ്രസ്തുത വിവാഹം കാണുമ്പോള്‍ അതിലെ ആളുകള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും മായികമായ മോഹമായിട്ട് കാഴ്ചക്കാരുടെ മനസ്സിലേക്ക് പതിയുന്നതോടെ ഇതിന്റെ പിന്നില്‍ നിന്ന് ചരട് വലിക്കുന്നവരുടെ ഉദ്ദേശ്യപൂര്‍ത്തീകരണം സംഭവിക്കുന്നു.

വിവാഹം അടക്കമുള്ള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നല്ലൊരുവിഭാഗം ആളുകളും എത്തുന്നത് തങ്ങളുടെ അന്തസ്സിനെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള സമ്മാനങ്ങളുമായിട്ടാണ്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് വിവാഹസദ്യകള്‍ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുന്നു. പലപ്പോഴും സാമ്പ്രദായിക രീതികളില്‍ നടപ്പാക്കപ്പെടുന്ന സദ്യകള്‍ പാഴ്ച്ചെലവുകളും കൂടിയായി മാറുകയാണ് എന്നാണ് കേരളത്തിലെ അനുഭവം. മുന്‍കാലങ്ങളില്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും ഒത്തുകൂടലാണ് സദ്യയെന്ന പ്രക്രിയയില്‍ നടന്നിരുന്നത്. ഇന്നാകട്ടെ, സദ്യ കരാര്‍ വ്യവസ്ഥയായി മാറിയിരിക്കുന്നു. മുന്‍കാലങ്ങളില്‍ വിവാഹത്തിന് പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം മുന്നൂറിനടുത്തായിരുന്നെങ്കില്‍ ഇന്നത് മൂവായിരത്തിന് മുകളിലെ പങ്കാളത്തമാണ് കാണുന്നത്.

ആധുനിക ഭക്ഷണങ്ങളുടെ രുചി മാത്രം വഴങ്ങുന്ന പുതിയ തലമുറയ്ക്ക് ഈ സദ്യ പലപ്പോഴും ഒരു അധികപ്പറ്റാണ്. അതിന്റെ ഫലമായി ഭക്ഷണപദാര്‍ത്ഥങ്ങളുടെ ധാരാളിത്തമായി, പാഴ്ച്ചെലവായി മാറുകയാണ് പുതിയ കാല സദ്യകള്‍. കല്ല്യാണത്തലേന്ന് നടക്കുന്ന ബാച്ചിലേഴ്സ് പാര്‍ട്ടി എന്നത് മദ്യപാന മഹോത്സവം മാത്രമാണെന്ന് ഏവര്‍ക്കും അറിയാം. കല്ല്യാണസദ്യകള്‍ അപ്പോള്‍ ആരംഭിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. സാമ്പ്രദായിക സദ്യകളോടൊപ്പം നടക്കുന്ന കല്ല്യാണപ്പാര്‍ട്ടികള്‍ മുമ്പ് കേവലം ഒരു ചായസല്‍ക്കാരമായിരുന്നു. എന്നാല്‍ ഇന്ന് അത് ഹോട്ടലുകളിലും ആഡിറ്റോറിയങ്ങളിലും ബുഫെ സമ്പ്രദായങ്ങളില്‍ ഉത്തരേന്ത്യന്‍ വിഭവങ്ങളടക്കം നടക്കുന്ന വമ്പന്‍ പരിപാടിയായി മാറിയിരിക്കയാണ്. ലോകത്തെമ്പാടും പ്രതിദിനം 20000 പേര്‍ പട്ടിണി മൂലം മരിക്കുകയും ഇന്ത്യയിലെ ജനങ്ങളുടെ ശരാശരി പ്രതിദിന വരുമാനം 20 രൂപ മാത്രമായിരിക്കുകയും ചെയ്യുമ്പോഴാണ് ഇതൊക്കെ നടക്കുന്നത് എന്നതും ഇതോടുകൂടി കൂട്ടിവായിക്കേണ്ടതുണ്ട്.

ഇത്തരത്തില്‍ വിവാഹമെന്നത് ഒരു ഇവന്റ് മാനേജ്മെന്റ് ആയി മാറിയിരിക്കുന്നു. അതിന്റെ എല്ലാ നടപടിക്രമങ്ങളും ഇപ്പോള്‍ കോണ്‍ട്രാക്റ്റ് നല്‍കപ്പെടുന്നു. വിവാഹപ്പന്തല്‍ ഒരു സമ്മേളനപ്പന്തലായി മാറുന്നു. ശീതീകരിച്ച ആധുനിക ആഡിറ്റോറിയങ്ങളില്‍ ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വി.കളിലൂടെ വിവാഹങ്ങള്‍ കാണുന്ന മെഗാ പരിപാടികളായി വിവാഹങ്ങള്‍ മാറിത്തീരുന്നു.

ഇടത്തരക്കാര്‍ മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ വന്‍തുകകള്‍ കടം മേടിച്ചുകൊണ്ട് ഇതേ വഴി പിന്തുടരാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഐ.ടി മേഖലകളിലും സാങ്കേതികമായും ശാസ്ത്രപരമായും ഔന്നത്യം വഹിക്കുന്ന മറ്റു മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ചെറുപ്പക്കാര്‍ മുതല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ വരെയുള്ളവരുടെ വിവാഹവുമായി ബന്ധപ്പെട്ട ഫ്യൂഡല്‍ സമ്പ്രദായങ്ങളാണ്. അതുകൊണ്ടു തന്നെ ഇത്തരമൊരു ദേശീയ ദുരന്തത്തെ നിവാരണം ചെയ്യുകയെന്നത് രാഷ്ട്രീയവും സാമൂഹികവും സാമുദായികവും സാംസ്കാരികവുമായ മുന്നേറ്റങ്ങളിലൂടെ മാത്രമേ സാദ്ധ്യമാവുകയുള്ളു.

ഇതിനര്‍ത്ഥം വ്യക്തിപരമായ ഇടപെടലുകള്‍ കൊണ്ട് പ്രയോജനമില്ലെന്നല്ല. മേല്‍പ്പറഞ്ഞ തരത്തിലുള്ള മുന്നേറ്റങ്ങള്‍ ഫലപ്രദമാവാതിരിക്കുന്ന വര്‍ത്തമാന സാഹചര്യങ്ങളില്‍ വ്യക്തികള്‍ കാണിക്കുന്ന ധീരതയും ചങ്കൂറ്റവുമാണ് നിലവിലുള്ള സാംസ്കാരിക ജീര്‍ണ്ണതയെ കുറിച്ചും ചൂഷണത്തെ കുറിച്ചും ദുര്‍വ്യയത്തെ കുറിച്ചും ഓര്‍മ്മപ്പെടുത്തുന്നത്. സ്ത്രീധനത്തില്‍ തുടങ്ങുന്ന വിവാഹധൂര്‍ത്ത് ഇന്ന് സ്ത്രീകള്‍ക്ക് നേരെയുള്ള വിവിധ കടന്നാക്രമണങ്ങള്‍ക്കാണ് വഴിവെക്കുന്നത്. ഈ അവസ്ഥയില്‍ വിവാഹധൂര്‍ത്തിനെതിരേയുള്ള ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പോലും അതീവ പ്രസക്തിയുണ്ട്.

സ്ത്രീധനം മേടിക്കില്ല എന്നു പുരുഷന്മാരും അവരുടെ വീട്ടുകാരും സ്ത്രീധനം നല്‍കില്ല എന്ന് സ്ത്രീകളും അവരുടെ വീട്ടുകാരും തീരുമാനമെടുക്കണം. സാമ്പത്തികഭദ്രതയുള്ള വീട്ടുകാരെങ്കിലും പ്രാരംഭമെന്ന നിലയ്ക്ക് ഇക്കാര്യത്തില്‍ മാതൃകാപരമായി നിലപാടെടുക്കണം.

വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 500-ല്‍ പരിമിതപ്പെടുത്താന്‍ വിചാരിച്ചാല്‍ സാധിക്കും. അല്ലെങ്കില്‍ വിവാഹ സദ്യകള്‍ ഒഴിവാക്കിക്കൊണ്ട്, അത് ഏറ്റവും ചെറിയ ഒരു ഭക്ഷണപരിപാടിയാക്കി മാറ്റിക്കൊണ്ട് ചെലവ് കുറയ്ക്കാവുന്നതാണ്. വിവാഹക്ഷണം ഫോണിലൂടെയും ഇ-മെയിലിലൂടെയും ആകാവുന്നതാണ്.

വിവാഹത്തിന് വധു അണിയുന്ന ആഭരണങ്ങള്‍ തീര്‍ച്ചയായും ധാരാളിത്തമാണ്. അത് പരിമിതപ്പെടുത്തണം. ഇത്തരം വിവാഹപ്രദര്‍ശനങ്ങളെ അതീവ ഗൌരവത്തോടെയാണ് നോക്കിക്കാണേണ്ടത്. താലിമാലയും കല്ല്യാണമാലയും കല്ല്യാണമോതിരവും അടക്കമുള്ള മതപരമായ ചടങ്ങുകള്‍ക്കപ്പുറത്തു നടത്തുന്ന ആഭരണ ആര്‍ഭാടങ്ങളെ സാംസ്കാരിക ജീര്‍ണ്ണതയുടെ ഭാഗമായി തിരിച്ചറിയേണ്ടതാണ്.

വിവാഹധൂര്‍ത്ത് വിവാഹത്തിന് ശേഷവും തുടരുന്നുവെന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. വരനെയും വരന്റെ വീട്ടുകാരെയും സന്തോഷിപ്പിക്കാന്‍ വേണ്ടിയും സ്വന്തം അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും വേണ്ടി വിശേഷ ദിവസങ്ങളുടെയും മറ്റു പേരില്‍ വില കൂടിയ ജംഗമവസ്തുക്കള്‍ വധുവിന്റെ വീട്ടില്‍ നിന്ന് എത്തിക്കുന്ന പ്രക്രിയ കൂടി വിവാഹധൂര്‍ത്തിന്റെ ഭാഗമാണ്. ഇത് ആചാരമായിട്ടല്ല അന്തസ്സിന് നിരക്കാത്ത ഒന്നായിട്ടാണ് വരനും വരന്റെ വീട്ടുക്കാരും നോക്കിക്കാണേണ്ടത്.

മേല്‍പ്പറഞ്ഞതൊന്നും എളുപ്പം നടപ്പാക്കാവുന്നതല്ല എന്ന് ലേഖകനറിയാം. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ നമ്മള്‍ സ്വയം തയ്യാറാവാതെ ഇനിയൊരു പുരോഗതി സമീപഭാവിയില്‍ സാദ്ധ്യമല്ല. ഇത് തീരെ അസാദ്ധ്യമല്ല എന്നെങ്കിലും വിശ്വസിക്കാന്‍ രണ്ടുദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ലേഖനം അവസാനിപ്പിക്കട്ടെ.

ഗുല്‍മോഹര്‍ സിനിമയുടെ തിരക്കഥയെഴുതിയ ദീദി ദാമോദരനുമായുള്ള ഇന്റര്‍വ്യൂവില്‍ അവര്‍ പറയുന്നത് അച്ഛനമ്മമാരുടെ നിര്‍ബന്ധപ്രകാരമാണെങ്കിലും കഴുത്തില്‍ നിറയെ ആഭരണങ്ങളുമായി താന്‍ വിവാഹത്തിന് തയ്യാറായത് പൊറുക്കാന്‍ പറ്റാത്ത തെറ്റായിപ്പോയി എന്നാണ്. പങ്കാളിയുടെ തൂക്കമൊപ്പിക്കാന്‍ തക്ക ആഭരണം അണിയേണ്ടി വന്നതിലുള്ള അപമാനബോധം അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. കടംകൊണ്ട് ജനങ്ങള്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുമ്പോഴും ഏറ്റവും കൂടുതല്‍ ജൂവല്ലറിഷോപ്പുകള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന സംസ്ഥാനമായ കേരളത്തിലെ സ്ത്രീകള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളുടെ ഭാരത്തില്‍ നിന്നുള്ള മുക്തിക്കായുള്ള പ്രചോദനമാവട്ടെ തന്റെ കഴുത്തിലെ ലളിതമായ മുത്തുമാലയെന്ന് ഒരു ചോദ്യത്തിനുത്തരമായി അവര്‍ പ്രത്യാശിക്കുന്നുണ്ട്.

വിവാഹച്ചെലവിന് നീക്കിവെച്ചിരിക്കുന്ന തുക നിര്‍ദ്ധനരായ രോഗികളുടെ വൈദ്യസഹായത്തിന് നല്‍കിക്കൊണ്ട്, ഇടുക്കി ജില്ലയിലെ ചെറുതോണിയില്‍ സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത, വാടകവീട്ടില്‍ കഴിയുന്ന ഷാജന്‍ എന്ന കൂലിപ്പണിക്കാരന്‍ തന്റെ മക്കളുടെ കല്ല്യാണം സ്ത്രീധനം മേടിക്കാതെ നടത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട് സദ്യക്ക് പകരം നടത്തിയ ചായസല്‍ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ വിളിച്ച അഞ്ഞൂറോളം ആളുകളെല്ലാവരും എത്തിയിരുന്നു.

ഉപസംഹാരം:
വിവാഹധൂര്‍ത്ത് എന്നത് ആഗോളീകരണ-നവ ഉദാരീകരണ കാലഘട്ടത്തിലെ ആധുനിക കമ്പോളത്തിന് അനുഗുണമാക്കപ്പെടുന്ന രീതിയില്‍ പരിഷ്കരിക്കപ്പെട്ട ഫ്യൂഡല്‍ സമ്പ്രദായങ്ങളുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഈ വിഷയം രാഷ്ട്രീയ-സാമൂഹിക-സാമുദായിക-സാംസ്കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ പരിഹരിക്കപ്പെടാന്‍ കഴിയൂ. എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവാതിരിക്കുകയും നടക്കാതിരിക്കുകയും ചെയ്യുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ വ്യക്തിപരമായ ഇടപെടലുകളിലൂടെയാണ് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുക. ഈ രണ്ടുതരത്തിലുള്ള പ്രവര്‍ത്തനങ്ങളും സവിശേഷങ്ങളും പരസ്പര പൂരകങ്ങളും കൂടിയാണ്.
സി.എന്‍. ജയരാജന്റെ ഫോണ്‍ :  9446008241
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday309
mod_vvisit_counterYesterday5210
mod_vvisit_counterThis Month101835
mod_vvisit_counterLast Month132633

Online Visitors: 70
IP: 54.158.194.80
,
Time: 01 : 27 : 01