KSEBOA - KSEB Officers' Association

Sunday
Oct 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി പ്രതിസന്ധി മറികടക്കണം - കെ.എസ്.ഇ.ബി.ഒ.എ

വൈദ്യുതി പ്രതിസന്ധി മറികടക്കണം - കെ.എസ്.ഇ.ബി.ഒ.എ

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power crisisരാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. മണിക്കൂറുകള്‍ നീളുന്ന ലോഡ് ഷെഡിംഗും പവര്‍കട്ടുമാണ് പല സംസ്ഥാനങ്ങളിലും. വൈദ്യുതിയുടെ വിലയും കമ്പോളത്തില്‍ കുതിച്ചുയരുന്നു. ഒരു യൂണിറ്റിന് 20 രൂപവരെ വില ഉയര്‍ന്നു. കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയും പിടിച്ചു നിര്‍ത്താനാവാത്ത വിധം മാറിയിരിക്കുന്നു. ലോഡ്ഷെഡിഗും പവര്‍ കട്ടും ഇല്ലാതെ മാതൃകയായി നിന്ന സംസ്ഥാനമാണ് കേരളം. ഏപ്രില്‍ 2 മുതല്‍ നമുക്കും അരമണിക്കൂര്‍ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വന്നിരിക്കുന്നു. വ്യവസായങ്ങള്‍ക്ക് 10 ശതമാനം വൈദ്യുതി നിയന്ത്രണവും വന്നുകഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കുറവാണ്. എങ്കിലും വൈദ്യുതി ഉപഭോക്താക്കളും വ്യവസായ സമൂഹവും ഈ നടപടികളെ സന്തോഷത്തോടെയല്ല സ്വീകരിച്ചിരിക്കുന്നത്. അത് കുറേയൊക്കെ സ്വാഭാവികമാണുതാനും.
രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാനുള്ള പ്രധാനകാരണങ്ങളിലൊന്ന് ദേശീയ തലത്തില്‍ വൈദ്യുതി മേഖലയില്‍ വരുത്തിയ മാറ്റങ്ങളാണ്. അതിപ്പോള്‍ പൊതുവേ എല്ലാവരും സമ്മതിക്കുന്നുമുണ്ട്. കടുത്ത വൈദ്യുതി ക്ഷാമവും താങ്ങാനാവാത്ത വിധം ഉയര്‍ന്ന വൈദ്യുതിയുടെ വിലയും നയംമാറ്റങ്ങളുടെ സൃഷ്ടികളാണ് എന്ന കാര്യത്തില്‍ ഇപ്പോള്‍ കാര്യമായ തര്‍ക്കങ്ങളില്ല. വൈദ്യുതിമേഖലയിലെ പ്രവര്‍ത്തനങ്ങളെ കമ്പോളം നിയന്ത്രിക്കുമ്പോള്‍ സ്വകാര്യമേഖല കടന്നുവന്ന് വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുമെന്നും, കമ്പോളത്തിലെ മല്‍സരം വില പിടിച്ചു നിര്‍ത്തുമെന്നുമാണ് അവകാശപ്പെട്ടിരുന്നത്. ആ പ്രതീക്ഷകള്‍ പാടേ തെറ്റായിരുന്നുവെന്നാണ് ഇന്ത്യയിലെ പ്രതിസന്ധി വ്യക്തമാക്കുന്നത്. വൈദ്യുതി നിയമം 2003 ന്റെ പ്രചാരകരായിരുന്നവര്‍ പോലും മാറി ചിന്തിക്കുന്നതിന്റെ കാരണമിതാണ്.
ദേശീയ തലത്തില്‍ വൈദ്യുതി പ്രതിസന്ധി മൂര്‍ഛിച്ചു കൊണ്ടിരിക്കുമ്പോഴും അടിതെറ്റാതെ മുന്നോട്ടുപോകുവാന്‍ മുന്‍കാലങ്ങളില്‍ നമുക്ക് സാധിച്ചിരുന്നു. മികച്ച വൈദ്യുതി ആസൂത്രണംമൂലമാണ് അത് സാദ്ധ്യമായത്. അതിന് സഹായിച്ചത് കൂട്ടായ പ്രവര്‍ത്തനങ്ങളും. കൂടിയാലോചനകളിലൂടെയും വ്യത്യസ്ത അഭിപ്രായങ്ങള്‍ കണക്കിലെടുത്തുമാണ് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുത്തിരുന്നത്. മഴ കുറഞ്ഞവര്‍ഷങ്ങളില്‍ പോലും ലോഡ് ഷെഡിഗും പവര്‍കട്ടും ഇല്ലാതെ പിടിച്ചു നില്‍ക്കാനായതും അതുകൊണ്ടുതന്നെ. കേരളത്തില്‍ കഴിഞ്ഞവര്‍ഷം താരതമ്യേന നല്ല മഴ ലഭിച്ചിരുന്നു. 7070 മില്യന്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ജലമാണ് ഡാമുകളിലേക്ക് ഒഴുകിയെത്തിയത്. തൊട്ടുമുന്‍പുള്ള വര്‍ഷം ലഭിച്ചതിനേക്കാള്‍ 575 മില്യന്‍ യുണിറ്റ് അധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ജലം ഒഴുകിയെത്തി. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 400 മില്യന്‍ യൂണിറ്റ് കുറവ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ജലം മാത്രമാണ് ഇപ്പോള്‍ ഡാമുകളില്‍ ഉള്ളത്. ഇത് എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കേണ്ടതല്ലേ? മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ അധികമായതു ഉപയോഗിച്ചത് 59 മില്യന്‍ യൂണിറ്റിനുള്ള ജലം മാത്രമാണ്. കേന്ദ്രത്തില്‍ നിന്നും മുന്‍പെങ്ങും ലഭിച്ചിട്ടില്ലാത്ത അളവില്‍ വൈദ്യുതി കിട്ടുമ്പോഴും ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വന്നത് ജലസംഭരണികള്‍ വറ്റിയതുകൊണ്ടാണ്. വൈദ്യുതി ആസൂത്രണത്തില്‍ പാളിച്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണം. ഭാവിയില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുവാന്‍ അത് സഹായിക്കും.
വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ഉപഭോഗമാണ് നമ്മള്‍ നേരിട്ടുന്ന മറ്റൊരു വെല്ലുവിളി. വൈദ്യുതിയുടെ ദുര്‍വ്യയം ഒഴിവാക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ വൈദ്യുതി ബോര്‍ഡിനോട് ആത്മാര്‍ത്ഥമായും സഹകരിക്കേണ്ടതുണ്ട്. രാജ്യത്ത് ആദ്യമായി ബജത്ലാംമ്പ് യോജന നടപ്പാക്കി ഊര്‍ജ സംരക്ഷണത്തില്‍ മാതൃക കാട്ടിയ സംസ്ഥാനമാണ് കേരളം. അതുപോലെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍കൈയ്യില്‍ ഊര്‍ജസംരക്ഷണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതും ഈ പ്രതിസന്ധി ഘട്ടത്തില്‍ അനിവാര്യമാണ്. ഈ വര്‍ഷത്തെ 'എര്‍ത്ത് അവര്‍' ആചരണം വിജയിപ്പിക്കുന്നതില്‍ നമ്മുടെ ശ്രദ്ധ വേണ്ടത്രയുണ്ടായിരുന്നോ എന്നും പരിശോധിക്കണം.
കേരളത്തിലെ വൈദ്യുതി ആവശ്യം പ്രതിവര്‍ഷം 8 ശതമാനം കണ്ട് വര്‍ദ്ധിക്കുന്നുണ്ട്. ഇത് നിറവേറ്റാനുള്ള വിധത്തില്‍ ഉല്‍പ്പാദനശേഷി വര്‍ദ്ധിക്കുന്നില്ല എന്നത് എല്ലാവരും ഗൌരവത്തോടെ കാണേണ്ടതുണ്ട്. വൈദ്യുതിയുടെ ലഭ്യതക്കുറവ് വൈദ്യുതി കൊണ്ടുവരുന്ന ലൈനുകളിലെ ഞെരുക്കം, പുതിയ ലൈനുകള്‍ വലിക്കുന്നതിനോടുള്ള എതിര്‍പ്പ് എന്നിങ്ങനെ നിരവധി തടസ്സങ്ങള്‍ പുറത്തുനിന്ന് വൈദ്യുതി എത്തിക്കുന്നതിനുണ്ട്. വൈദ്യുതി കൈമാറ്റത്തില്‍ ഇടനിലക്കാര്‍ എത്തിയതോടെ ആവശ്യമുള്ള സമയത്ത് വിലയും കുതിച്ചുയരുന്നു.
ആഭ്യന്തരമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു കൊണ്ടുമാത്രമേ ഈ വെല്ലുവിളികളെ നമുക്ക് നേരിടാനാവൂ. കേരളത്തിന് അനുയോജ്യമായ ജലവൈദ്യുത നിലയങ്ങളും, താപനിലയങ്ങളും കൂടുതലായി ഉയര്‍ന്നുവരണം. സൌരോര്‍ജം, പവനോര്‍ജം തുടങ്ങിയവയും പരമാവധി പ്രയോജനപ്പെടുത്തണം. നിരവധി പുതിയ പദ്ധതികള്‍ വൈദ്യുതിബോര്‍ഡിന്റെ പക്കലുണ്ട്. പൊതുസമൂഹത്തിന്റെ പിന്തുണ നേടി അവ നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് വേണ്ടത്. എല്ലാവരേയും വിശ്വാസത്തിലെടുത്തു കൊണ്ടുള്ളകൂട്ടായ പ്രവര്‍ത്തനത്തിലൂടെ അത് സാദ്ധ്യമാക്കാവുന്നതേയുള്ളൂ.
സാമ്പത്തിക പ്രതിസന്ധിയല്ല വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണം. ശാസ്ത്രീയമായ താരിഫ് പരിഷ്കരണത്തിലൂടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാവുന്നതേയുള്ളു. എന്നാല്‍ വൈദ്യുതി പ്രതിസന്ധിമറികടക്കാന്‍ നിതാന്ത ജാഗ്രതയും ദീര്‍ഘവീക്ഷണത്തോടെയുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. കൂട്ടായ്മയിലൂടെ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറിയ അനുഭവം നമുക്കുണ്ട്. ആ അനുഭവങ്ങളുടെ വിളക്കേന്തി തന്നെയാവട്ടെ നമ്മുടെ മുന്നോട്ടുള്ള പ്രയാണം.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday829
mod_vvisit_counterYesterday4639
mod_vvisit_counterThis Month101258
mod_vvisit_counterLast Month134230

Online Visitors: 62
IP: 54.81.79.128
,
Time: 04 : 07 : 30