KSEBOA - KSEB Officers' Association

Tuesday
Jun 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി ബോര്‍ഡിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം 'ഒരുമ'' നല്‍കുന്ന പാഠം

വൈദ്യുതി ബോര്‍ഡിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം 'ഒരുമ'' നല്‍കുന്ന പാഠം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Linux Windowsവൈദ്യുതി ബോര്‍ഡിലെ ലോ-ടെന്‍ഷന്‍ (എല്‍.റ്റി) ഉപഭോക്താക്കളുടെ ബില്ലിംഗ് കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് ദശാബ്ദങ്ങളുടെ പരിശ്രമുണ്ട്. മൈക്രോസോഫ്റ്റും, കുപ്രസിദ്ധരായ പ്രൈസ് വാട്ടര്‍ ഹൌസ്കൂപ്പേഴ്സും ഇതിനിടയില്‍ വന്നുപോയി എങ്കിലും വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ ഒത്തൊരുമയിലൂടെ രൂപംകൊണ്ട, പരിപൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍ അടിസ്ഥാനത്തില്‍ രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത "ഒരുമ'' സോഫ്റ്റ്വെയറിലൂടെയാണ് എല്‍.റ്റി. ബില്ലിംഗ് കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ണ്ണതയില്‍ എത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി വൈദ്യുതബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ അത്യധികം സങ്കീര്‍ണ്ണമായ ബില്ലിംഗിനായി "ഒരുമ'' സോഫ്റ്റ്വെയര്‍ കാര്യമായ പരാതികളില്ലാതെ ഉപയോഗിച്ചുവരുന്നു. ഇത് 'ഒരുമ' സോഫ്റ്റ്വെയറിന്റെ വിജയം മാത്രമല്ല, കുത്തക സോഫ്റ്റ്വെയറിനെതിരെ പൊരുതുന്ന - സ്വതന്ത്ര സോഫ്റ്റ്വെയറിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ അനേകായിരം വിവരസാങ്കേതിക വിദഗ്ധരുടെയും അഭ്യുദയകാംഷികളുടെയും വിജയം
കൂടിയാണ്.

 കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ 'ഒരുമ' സോഫ്റ്റ്വെയര്‍ കേവലം ബില്ലിംഗ് സോഫ്റ്റ്വെയര്‍ എന്ന നിലയില്‍ നിന്നും എല്‍.റ്റി. ഉപഭോക്താക്കളുടെ സര്‍വീസ് കണക്ഷന്‍ രജിസ്ട്രേഷന്‍, അവയുടെ എസ്റിമേറ്റ് തയ്യാറാക്കല്‍, വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള മുന്‍ഗണനാക്രമം നിശ്ചയിക്കല്‍, സെക്ഷനുകളില്‍ വരുന്ന എല്ലാത്തരം കളക്ഷനും സ്വീകരിക്കുന്നതിനുള്ള സൌകര്യം, അക്കൌണ്ട്സ് തയ്യാറാക്കല്‍ തുടങ്ങി സി.എഫ്.എല്‍ ബള്‍ബുകളുടെ വിതരണം, ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്കൂളുകളില്‍ നടത്തിവരുന്ന ഡി.എസ്.എം (ഡിമാന്റ് സൈഡ് മാനേജ്മെന്റ്) പ്രവര്‍ത്തനങ്ങള്‍ എന്നിവയടക്കം വൈദ്യുതി തടസം കൈകാര്യം ചെയ്യുന്നതൊഴിച്ചുള്ള എല്ലാ മേഖലകളും സ്പര്‍ശിക്കുന്ന സോഫ്റ്റ്വെയര്‍ സംവിധാനമായി ഈ സോഫ്റ്റ്വെയര്‍ മാറി. വൈദ്യുതി തടസം അറിയിക്കുമ്പോള്‍ പോലും ഉപഭോക്താക്കളുടെ വിശദ വിവരങ്ങള്‍ അറിയുന്നതിനായുള്ള "കണ്‍സ്യൂമര്‍ പ്രൊഫെല്‍'' (Consumer Profile) വളരെ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

വിതരണ മേഖലയിലെ റവന്യൂ പൂര്‍ണതോതില്‍ പിരിച്ചെടുക്കുന്നതിന് സഹായിക്കുന്ന ഒരുമയിലെ റവന്യൂ അനാലിസിസ് ട്യൂള്‍ ആയ കളക്ഷന്‍ എഫിഷ്യന്‍സി റിപ്പോര്‍ട്ട് വഹിക്കുന്ന പങ്ക് വിവരണാതീതമാണ്. വിതരണ മേഖലയിലെ സെക്ഷന്‍ ഓഫീസുകളില്‍ 100 ശതമാനം കളക്ഷന്‍ എഫിഷ്യന്‍സി കൈവരിക്കുന്നതിനുള്ള പ്രേരകശക്തിയായി 'ഒരുമ' കളക്ഷന്‍ എഫിഷ്യന്‍സി റിപ്പോര്‍ട്ട് നിലനില്ക്കുകയാണ്. ഡിവിഷന്‍, സര്‍ക്കിള്‍ തുടങ്ങി കോര്‍പ്പറേറ്റ് തലം വരെ റെവന്യൂ അനാലിസിസ് നടത്തുന്നതിനുള്ള സംവിധാനമായി ഈ റിപ്പോര്‍ട്ട് ഉപയോഗിച്ചുവരുന്നു. 'ഒരുമ'യില്ലാത്ത ഇലക്ട്രിക്കല്‍ സെക്ഷനുകള്‍ സങ്കല്പിക്കാന്‍ പോലും വിതരണ മേഖലയിലെ ജീവനക്കാര്‍ക്ക് കഴിയില്ല. വൈദ്യുത ബോര്‍ഡ് ജീവനക്കാര്‍ തന്നെ വികസിപ്പിച്ചെടുത്ത അക്കൌണ്ടിംഗ് സോഫ്റ്റ്വെയറായ "സരസ്-നും എച്ച്.ആര്‍.എം. സോഫ്റ്റ്വെയറായ "എച്ച്.ആര്‍.ഐ.എസ്-നും മാര്‍ഗദീപം നല്‍കുന്നതിനും 'ഒരുമ''യുടെ വിജയത്തിനു കഴിഞ്ഞിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ്വെയര്‍ എന്നതിലുപരി ഒരു വികാരമായി 'ഒരുമ'' സോഫ്റ്റ്വെയര്‍ ജീവനക്കാരില്‍ നിലനില്ക്കുകയാണ്. അതുകൊണ്ടു തന്നെയാണ് വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ട് 'ഒരുമ''യ്ക്കെ തിരായി നടത്തിയിട്ടുള്ള ചില പരാമര്‍ശങ്ങള്‍ ജീവനക്കാരുടെ ഇടയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. കുത്തക സോഫ്റ്റ് വെയര്‍ കമ്പനികളുടെ നീരാളിപിടുത്തത്തില്‍ നിന്നും വൈദ്യുതബോര്‍ഡിനെ രക്ഷിക്കാന്‍ ജീവനക്കാരുടെ ആത്മസമര്‍പ്പണത്തില്‍ നിന്നും ജന്മംകൊണ്ട 'ഒരുമ' സോഫ്റ്റ്വെയറിന്റെ വിജയം അംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ കൂടിയും ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത് ഒരു തരത്തിലുള്ള മാനേജ്മെന്റ് ശൈലിക്കും യോജിച്ചതല്ല.

'ഒരുമ നെറ്റ്'

കേന്ദ്രഗവണ്മെന്റ് പ്രഖ്യാപിച്ച ആര്‍.എ.പി.ഡി.ആര്‍.പി (റീസ്ട്രക്ചേര്‍ഡ്-അക്സിലറേറ്റഡ് പവര്‍ ഡിസ്ട്രിബ്യൂഷന്‍ ആന്റ് റിഫോം പ്രോഗ്രാം) സ്കീമില്‍ വരുന്ന ഐ.റ്റി. പദ്ധതികള്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത് 2009-ലാണ്. ആര്‍.എ.പി.ഡി.ആര്‍.പി സ്കീമില്‍ ധാരാളം ഐ.റ്റി പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. പവര്‍ യൂട്ടിലിറ്റികളുടെ വിതരണ മേഖലയിലെ മീറ്ററിംഗ്, ബില്ലിംഗ്, കളക്ഷന്‍ എന്നിവയ്ക്കായി കേന്ദ്രീകൃത സോഫ്റ്റ്വെയര്‍ സംവിധാനം, വൈദ്യുതി ഉപഭോക്താക്കളെയും വിതരണ ശൃംഖലയെയും സംയോജിപ്പിച്ചുകൊണ്ടുള്ള ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റം, വിതരണ മേഖലയിലെ ചലിപ്പിക്കാന്‍ കഴിയുന്നതും അല്ലാത്തതുമായ വസ്തുവകകളുടെ പരിപാലനത്തിനായുള്ള സോഫ്റ്റ്വെയര്‍ സംവിധാനം, കമ്പ്യൂട്ടര്‍വല്‍കൃത ഊര്‍ജ ഓഡിറ്റിംഗ്, വിവരങ്ങള്‍ കേന്ദ്രീകൃതമായി സൂക്ഷിക്കുന്നതിനുള്ള ഡാറ്റാ സെന്റര്‍ സംവിധാനം, വൈദ്യുതി ബോര്‍ഡിന്റെ സെക്ഷന്‍ ഓഫീസുകള്‍ അടക്കമുള്ള എല്ലാ പ്രധാനപ്പെട്ട ഓഫീസുകളെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള വിവര സാങ്കേതിക വിദ്യാ ശൃംഖല എന്നീ പദ്ധതികള്‍ ഇവയില്‍ പെടുന്നു.

വിതരണ മേഖലയുടെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്കരണം ലക്ഷ്യമാക്കി തയ്യാറാക്കിയിട്ടുള്ള ആര്‍.എ.പി.ഡി.ആര്‍.പി-ഐ.റ്റി പദ്ധതിയുടെ നെടുംതൂണായി പ്രവര്‍ത്തിക്കുന്നത് വിതരണ മേഖലയിലെ വൈദ്യുതി ഉപഭോക്താക്കളുടെ വിവരശേഖരമാണ്. ഈ വിവര ശേഖരം ലഭ്യമാവുന്നതാകട്ടെ ബില്ലിംഗ് സോഫ്റ്റ്വെയറില്‍ നിന്നുമാണ്. അതുകൊണ്ടു തന്നെ ആര്‍.പി.ഡി.ആര്‍.പി-ഐ.റ്റി പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് കേന്ദ്രീകൃതമായ ബില്ലിംഗ് സോഫ്റ്റ്വെയര്‍ അനിവാര്യമാണ്. ഒരു കോടി മൂന്നുലക്ഷത്തില്‍പരം വൈദ്യുതി ഉപഭോക്താക്കളാണ് വൈദ്യുതി ബോര്‍ഡിലുള്ളത്. ഈ ഉപഭോക്താക്കളുടെ ബില്ലിംഗ്, കളക്ഷന്‍, സര്‍വീസ് കണക്ഷന്‍ രജിസ്ട്രേഷന്‍, അക്കൌണ്ടിംഗ് എന്നിവ 700-ഓളം സെക്ഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള സെര്‍വര്‍ കമ്പ്യൂട്ടറുകള്‍ വഴി വികേന്ദ്രീകൃതമായാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇത്തരത്തില്‍ വികേന്ദ്രീകൃതമായി നടന്നുവരുന്ന ജോലികള്‍ ഒരു സ്ഥലത്തു നിന്നും കേന്ദ്രീകൃതമായി ചെയ്യുന്നതിനു വേണ്ടി 'ഒരുമ' സോഫ്റ്റ്വെയര്‍ പരിഷ്കരിച്ച് തയ്യാറാക്കിയിട്ടുള്ള ബൃഹത്തായ സോഫ്റ്റ്വെയര്‍ സംവിധാനമാണ് 'ഒരുമ നെറ്റ്'.

ആര്‍.എ.പി.ഡി.ആര്‍.പി.-യില്‍ വിഭാവനം ചെയ്തിട്ടുള്ള ഐ.റ്റി പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടു കൂടി 'ഒരുമ നെറ്റ്' സോഫ്റ്റ്വെയറും നടപ്പിലാക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ആര്‍.എ.പി.ഡി.ആര്‍.പി-ഐ.റ്റി പദ്ധതി വിവാദങ്ങളിലും കേസിലും ഉള്‍പ്പെട്ട് കാലതാമസം നേരിട്ടതിനെതുടര്‍ന്ന് 'ഒരുമ നെറ്റ്' പദ്ധതി ജീവനക്കാരുടെ മാത്രം ശ്രമഫലമായാണ് മുന്നോട്ടു കൊണ്ടുപോയിട്ടുള്ളത്. വിതരണ മേഖലയില്‍ സമൂലമാറ്റം വരുത്താന്‍ കഴിയുന്ന നിരവധി സേവനങ്ങള്‍ 'ഒരുമ നെറ്റി'ലൂടെ ഉപഭോക്താക്കള്‍ക്കു നല്‍കുന്നതിന് സാധിക്കും. വൈദ്യുത ബില്‍ തുക ഏത് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് വഴിയും അടയ്ക്കാന്‍ കഴിയുന്ന 'എനിവെയര്‍ പേയ്മെന്റ്' സംവിധാനം, ഇന്റര്‍നെറ്റ് വഴി അടയ്ക്കുന്നതിനുള്ള ഇ-പെയ്മെന്റ് സംവിധാനം, ബില്‍ തുക, പണമടയ്ക്കേണ്ട തീയതി, കണക്ഷന്‍ വിഛേദിക്കുന്ന തീയതി എന്നിവ എസ്.എം.എസ് വഴി അറിയിക്കുന്നതിനുള്ള സംവിധാനം, ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷന്‍ സംബന്ധിച്ച എല്ലാ വിശദവിവരങ്ങളും - മുന്‍കാല മീറ്റര്‍ റീഡിംഗുകള്‍, പണമടച്ചതിന്റെ വിശദവിവരങ്ങള്‍, സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ വിശദാംശങ്ങള്‍ ഇവ ഉള്‍പ്പടെ - ഇന്റര്‍നെറ്റിലൂടെ കാണുന്നതിനുള്ള സൌകര്യം തുടങ്ങിയ സേവനങ്ങള്‍ തുടക്കത്തില്‍ തന്നെ ഉപഭോക്താക്കള്‍ക്കു നല്‍കുന്നതിന് 'ഒരുമ നെറ്റി' ലൂടെ കഴിയും.

സ്പോട്ട് ബില്ലിംഗിനായി പി.ഡി.എ (പേഴ്സണല്‍ ഡിജിറ്റല്‍ അസിസ്റന്റ്) സമ്പ്രദായം, വൈദ്യുതി കണക്ഷനു വേണ്ടി ഇന്റര്‍നെറ്റ് വഴിയുള്ള "ഓണ്‍ലൈന്‍'' രജിസ്ട്രേഷന്‍, താരിഫ് - കണക്റ്റഡ് ലോഡ് - മീറ്റര്‍ - ഉടമസ്ഥാവകാശം എന്നിവ മാറ്റുന്നതിനും ഇന്റര്‍നെറ്റ് വഴിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, മേല്പറഞ്ഞ അപേക്ഷകളുടെ "സ്റാറ്റസ്'' ഇന്റര്‍നെറ്റ് വഴി അപേക്ഷകര്‍ക്കും വിതരണ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും നിരീക്ഷിക്കുന്നതിനായുള്ള സ്റാറ്റസ് ട്രാക്കിംഗ് സംവിധാനം ഇവയും ഘട്ടംഘട്ടമായി 'ഒരുമ നെറ്റ്' പദ്ധതിയിലൂടെ നല്‍കുന്നതിനു കഴിയും.

ഏകദേശം 700-ഓളം സെക്ഷനുകളില്‍ ഉപയോഗിച്ചുവരുന്ന 'ഒരുമ'' സോഫ്റ്റ്വെയറിന്റെ പരിപാലനം നിര്‍വ്വഹിക്കുന്നതോടൊപ്പമാണ് 'ഒരുമ നെറ്റ്' സോഫ്റ്റ്വെയറും പൂര്‍ത്തിയാക്കിയിട്ടുള്ളത്.'ഒരുമ നെറ്റ്' സോഫ്റ്റ് വെയര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിനായി അനുമതി നല്‍കിയിട്ടുള്ള തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷനിലെ രണ്ടു സെക്ഷനുകളില്‍ "പാരലല്‍ റണ്‍'' ഉള്‍പ്പെടെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 2012 സെപ്റ്റംബര്‍ മാസത്തോടുകൂടി തിരുവന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷനിലെ എല്ലാ ഇലക്ട്രിക്കല്‍ സെക്ഷനുകളിലും 'ഒരുമ നെറ്റ്' സോഫ്റ്റ് വെയര്‍ വിന്യസിച്ചുകൊണ്ട് പരീക്ഷണഘട്ടം പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

കാറും സോഫ്റ്റ്വെയറും


കമ്പോളത്തില്‍ വിവിധ തരം കാറുകള്‍ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് യഥേഷ്ടം ലഭ്യമാണ്. കാര്‍ ആവശ്യമുള്ളവര്‍ കമ്പോളത്തില്‍ നിന്നും വാങ്ങിയാണ് ഉപയോഗിക്കുന്നത്. അല്ലാതെ സ്വയം ഉണ്ടാക്കിയല്ലല്ലോ? അതേപോലെ സോഫ്റ്റ്വെയറും കമ്പോളത്തില്‍ നിന്നും വാങ്ങി ഉപയോഗിച്ചാല്‍ പോരെ? ഒറ്റനോട്ടത്തില്‍ വളരെ ശരിയാണെന്നു തോന്നാവുന്ന വാദം!! എന്നാല്‍ വൈദ്യുത ബോര്‍ഡില്‍ ബില്ലിംഗിനായി ഉപയോഗിക്കാന്‍ കഴിയുന്ന എത്ര സോഫ്റ്റ്വെയറുകള്‍ ആണ് കമ്പോളത്തില്‍ ലഭ്യമായിട്ടുള്ളത്! ഏതെങ്കിലും സ്ഥാപനത്തിലെ ബില്ലിംഗിനായി നിര്‍മ്മിച്ച സോഫ്റ്റ്വെയര്‍ വൈദ്യുത ബോര്‍ഡിലെ ബില്ലിംഗിനായി പരിഷ്കരിച്ച് ഉപയോഗിക്കുക എന്നത് പുതിയ സോഫ്റ്റ്വെയര്‍ എഴുതി ഉണ്ടാക്കുന്നതിനേക്കാള്‍ ദുഷ്കരമാണ് എന്നാണ് അനുഭവത്തിലൂടെ നമുക്ക് ബോധ്യപ്പെട്ടിട്ടുള്ളത് - ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനെക്കാള്‍ ഉപരിയായി ഒരു കാര്‍ വാങ്ങുന്ന ഉപഭോക്താവിന് തന്റെ കാറില്‍ ഒരു നല്ല സീറ്റ് കവര്‍ ഇടുന്നതിനോ, കാറിലെ പെയിന്റിന്റെ കളര്‍ മാറ്റുന്നതിനോ, മറ്റു രീതിയിലുള്ള മോടി പിടിപ്പിക്കലിനോ, കാര്‍ വില്‍ക്കുന്നതിനോ ഒരു തടസവുമില്ല - പൂര്‍ണ്ണ സ്വതന്ത്രിയമാണുള്ളത്. എന്നാല്‍ കുത്തക സോഫ്റ്റ്വെയര്‍ ഉല്പ്പന്നങ്ങള്‍ വാരിപ്പുണരാന്‍ വെമ്പല്‍കൊള്ളുന്ന മാനേജ്മെന്റിന് അത്തരം സോഫ്റ്റ് വെയറുകളുടെ പ്രോഗ്രാമില്‍ മാറ്റം വരുത്തുന്നതിനോ, വിലകൊടുത്തു വാങ്ങിയ കുത്തക സോഫ്റ്റ്വെയര്‍ മറ്റേതെങ്കിലും സ്ഥാപനത്തിന് സൌജന്യമായി നല്കുന്നതിനോ, വില്‍ക്കുന്നതിനോ ഉള്ള സ്വതന്ത്യ്രം ഉണ്ടാകുമോ എന്നുള്ള കാര്യം കൂടി ജീവനക്കാരോട് വ്യക്തമാക്കേണ്ടതാണ്. മാത്രമല്ല പ്രസ്തുത സോഫ്റ്റ്വെയറിന്റെ പരിപാലനത്തിനും സോഫ്റ്റ്വെയറില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്കും ഭീമമായ തുക നല്‍കിക്കൊണ്ട് അതിന്റെ നിര്‍മ്മാതാക്കളെ തന്നെ ആശ്രയിക്കേണ്ട കെണിയിലേക്കാണ് വൈദ്യുതിബോര്‍ഡിനെ കൊണ്ടെത്തിക്കുക.

ഷുംഗ്ളൂ കമ്മിറ്റി റിപ്പോര്‍ട്ട്

വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ കഴിഞ്ഞ അര ദശാബ്ദക്കാലത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് പഠിച്ച മുന്‍ സി.എ.ജി വി.കെ.ഷുംഗ്ളൂവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വൈദ്യുതി വിതരണ മേഖലയിലെ ഒട്ടനവധി വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. വൈദ്യുതി മേഖലയിലെ പരിഷ്കരണങ്ങള്‍ക്ക് ശേഷം വൈദ്യുതി ബോര്‍ഡുകളുടേയും അവയുടെ തുടര്‍ച്ചയായി വന്ന സ്ഥാപനങ്ങളുടേയും കടം വന്‍തോതില്‍ വര്‍ദ്ധിക്കുകയും പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതി കൊണ്ടുവരുവാന്‍ കഴിഞ്ഞിട്ടില്ല എന്നതും കണക്കുകളുടെ അടിസ്ഥാനത്തോടുകൂടി വിശദമാക്കിയിട്ടുണ്ട്. എന്നാല്‍ വൈദ്യുതി നിയമം 2003 അനുശാസിക്കുന്ന തരത്തിലുള്ള പരിഷ്കരണങ്ങള്‍ പരാജയമാണെന്ന് ബോധ്യമായിട്ടും വൈദ്യുതി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി പരിഷ്കരണങ്ങളുടെ വാതില്‍ കൂടുതല്‍ തുറന്നിടാനാണ് ഷുംഗ്ളുകമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശചെയ്തിരിക്കുന്നത്. പ്രസ്തുത റിപ്പോര്‍ട്ടില്‍ പോലും വൈദ്യുതി മേഖലയിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം പുറം ജോലിക്കരാര്‍ വഴി നടപ്പാക്കുന്നതിന്റെ അപകട സാധ്യതയെപ്പറ്റി മുന്നറിയിപ്പുനല്‍കുന്നു. വൈദ്യുതി യൂട്ടിലിറ്റികളിലെ ബില്ലിംഗും അതുമായി ബന്ധപ്പെട്ട അനുബന്ധ ജോലികളും വൈദ്യുതി സ്ഥാപനങ്ങളുടെ പരിചയ സമ്പത്ത് പ്രയോജനപ്പെടുത്തി സ്വയം നിര്‍വ്വഹിക്കണം. എന്നാണ് ഷുംഗ്ളൂ കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. മാത്രമല്ല വൈദ്യുതി വിതരണ മേഖലയുടെ ഊര്‍ജിത വികസനത്തിനായി തയ്യാറാക്കിയിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ ആര്‍.എ.പി.ഡി.ആര്‍.പി - സ്കീമിലെ ഐ.റ്റി.പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി വൈദ്യുതി യൂട്ടിലിറ്റികളുടെ ഐറ്റി വിഭാഗം ശക്തിപ്പെടുത്തുന്നതിനും ആ വിഭാഗത്തില്‍ വൈദ്യുതി യൂട്ടിലിറ്റികളുടെ വിവിധ പ്രവര്‍ത്തന മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി ഐ.റ്റി സംവിധാനം മനസ്സിലാക്കി പരിചയസമ്പത്ത് കൈവരിച്ചുകൊണ്ട് പദ്ധതി നടപ്പാക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു. കേരള വൈദ്യുതി ബോര്‍ഡിലെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ നിയന്ത്രണം കുത്തക സോഫ്റ്റ്വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെയും "പ്രൈസ്വാട്ടര്‍ ഹൌസ് കൂപ്പേഴ്സിന്റെയും" നിയന്ത്രണത്തില്‍ നിന്നും വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ ഏറ്റെടുത്തതിനെ പൂര്‍ണ്ണമായും ശരിവെക്കുന്നതാണ് ഷുംഗ്ളൂകമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍.

പുനഃസംഘടനയും കുത്തകകള്‍ക്കുവേണ്ടിയുള്ള മുറവിളിയും

വൈദ്യുതി നിയമം 2003 നിലവില്‍ വന്ന കാലയളവില്‍ വൈദ്യുതി ബോര്‍ഡിനെ വിഭജിക്കുവാനും പുനഃസംഘടിപ്പിക്കുവാനും കുപ്രസിദ്ധകണ്‍സള്‍ട്ടന്‍സി സ്ഥാപനമായ "പ്രൈസ്വാട്ടര്‍ ഹൌസ് കൂപ്പേഴ്സിനെ" നിയമിക്കുവാനുള്ള അന്നത്തെ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വൈദ്യുതി മേഖലയില്‍ വലിയ പ്രതിഷേധമാണ് വിളിച്ചുവരുത്തിയത്. അതേ കാലയളവില്‍ തന്നെയാണ് വൈദ്യുതി ബോര്‍ഡിലെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ നിയന്ത്രണം, കുത്തക സോഫ്റ്റ്വെയര്‍ കമ്പനിയായ മൈക്രോ സോഫ്ടിന്റെ സോഫ്റ്റ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൊണ്ട് "പ്രൈസ്വാട്ടര്‍ ഹൌസ് കൂപ്പേഴ്സിനെ" ഏല്പിച്ചതും. എന്നാല്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിലൂടെ വൈദ്യുതി ബോര്‍ഡിന്റെ തന്ത്ര പ്രധാന മേഖലകളുടെ നിയന്ത്രണം കുത്തക സോഫ്റ്റ്വെയര്‍ കമ്പനികള്‍ ഏറ്റെടുക്കുന്നതിനെതിരേയും വൈദ്യുതി ബോര്‍ഡ് വിഭജനത്തിനെതിരേയും വൈദ്യുതി ജീവനക്കാര്‍ നടത്തിയ പ്രക്ഷോഭങ്ങളിലൂടെ "പ്രൈസ്വാട്ടര്‍ ഹൌസ് കൂപ്പേഴ്സിനെ" കേരളത്തിലെ വൈദ്യുതി മേഖലയില്‍ നിന്നു പുറത്താക്കുവാന്‍ കഴിഞ്ഞു. പില്‍ക്കാലത്ത് വിവര സാങ്കേതിക വിദ്യാരംഗത്തെ പ്രമുഖ സ്ഥാപനമായിരുന്ന "സത്യം കമ്പ്യൂട്ടേഴ്സിനെ" പൊളിച്ചടുക്കിയതിലൂടെ പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പേഴ്സ് അവരുടെ കുപ്രസിദ്ധ സ്വഭാവം ഒന്നുകൂടി വ്യക്തമാക്കിയിട്ടുണ്ട്.!!

വൈദ്യുതി ബോര്‍ഡ് വീണ്ടും പുനഃസംഘടനയുടെ വക്കിലാണ് !! ഈ അവസരത്തില്‍ തന്നെയാണ് കുത്തകസോഫ്റ്റ്വെയറിനു വേണ്ടിയുള്ള വാദവും ഉയര്‍ന്നു വരുന്നത് !!! തന്ത്രപ്രധാന മേഖലകളിലെ കമ്പ്യൂട്ടര്‍വത്കരണം കുത്തക സോഫ്റ്റ്വെയര്‍ കമ്പനികളെ ഏല്പിക്കുന്നതിന്റെ അപകടസാധ്യത വളരെ മുമ്പേ തിരിച്ചറിഞ്ഞവരാണ് നാം. ഷുംഗ്ളു കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ ദേശീയാടിസ്ഥാനത്തില്‍ തന്നെ അതിപ്പോള്‍ ചര്‍ച്ചചെയ്തു വരികയാണ്. ഈ അവസരത്തില്‍ കുത്തക സോഫ്റ്റ്വെയറിനു വേണ്ടി ഉയരുന്ന മുറവിളി ആരുടെ താല്പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ്? കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലൂടെ നാം ഇതുവരെ നേടിയ നേട്ടങ്ങള്‍ സംരക്ഷിച്ചുനിര്‍ത്തുന്നതിനും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുന്നതിനും അതിലൂടെ വൈദ്യുതി ബോര്‍ഡിനെ സംരക്ഷിച്ചുനിര്‍ത്തുന്നതിനും വൈദ്യുതി ബോര്‍ഡിലെ എല്ലാ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും "ജാഗ്രത" ഉണ്ടാവണം.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1479
mod_vvisit_counterYesterday5545
mod_vvisit_counterThis Month133381
mod_vvisit_counterLast Month149108

Online Visitors: 76
IP: 54.92.133.186
,
Time: 07 : 29 : 09