KSEBOA - KSEB Officers' Association

Wednesday
May 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പശ്ചിമഘട്ടത്തെ രക്ഷിക്കേണ്ടതുണ്ട്, കൂട്ടത്തില്‍ ജനങ്ങളെയും - എ.കെ.ബാലന്‍

പശ്ചിമഘട്ടത്തെ രക്ഷിക്കേണ്ടതുണ്ട്, കൂട്ടത്തില്‍ ജനങ്ങളെയും - എ.കെ.ബാലന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
എ.കെ. ബാലൻപശ്ചിമഘട്ടത്തിന്റെ രക്ഷക്ക് എന്ന പേരില്‍ ഡോ. വി.എസ്. വിജയന്‍ ജൂലൈ 14ലെ മാതൃഭൂമി പത്രത്തില്‍ പശ്ചിമഘട്ട പരിസ്ഥിതി പഠനത്തിനുള്ള പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംബന്ധിച്ച് എഴുതിയ ലേഖനം പ്രസ്തുത റിപ്പോര്‍ട്ടിന്റെ പ്രതിലോമവശങ്ങള്‍ പൂര്‍ണ്ണമായും മറച്ചുവെക്കുന്നതാണ്. ഗാഡ്ഗില്‍കമ്മിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിച്ച ഡോ. വിജയന് റിപ്പോര്‍ട്ടിന് ന്യായീകരണം കണ്ടെത്തേണ്ട ബാദ്ധ്യതയുണ്ട്, അത് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ സംബന്ധിച്ചും ജനങ്ങള്‍ക്കിടയില്‍ നല്ലൊരു ചര്‍ച്ച നടക്കേണ്ടതുണ്ട്.
പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്തുകൊണ്ടുവേണം പശ്ചിമഘട്ടമേഖലകളിലെ വികസന ആസൂത്രണം നടത്താന്‍ എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവേണ്ടതില്ല. എന്നാല്‍ ഇതിന് കണക്കിലെലെടുക്കേണ്ട ഭൂമിശാസ്ത്രഏകകം ഏതാണ്. ഗാഡ്ഗില്‍ കമ്മിറ്റി ഇതിനായി തെരെഞെടുത്തിട്ടുള്ളത് താലൂക്കുകളാണ്. പരിസ്ഥിതിലോല പ്രദേശങ്ങള്‍ എന്ന നിലയില്‍ വിവിധ സോണുകള്‍ കണ്ടെത്തിയിട്ടുള്ളത് താലൂക്ക് അടിസ്ഥാനത്തിലാണ് എന്ന് ഡോ. വിജയന്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തില്‍ 14 താലൂക്കുകള്‍ സോണ്‍ ഒന്നില്‍ പെടുത്തിയിരിക്കുകയാണ്. കേരളത്തിലെ 63 താലൂക്കുകളില്‍ നാലിലൊന്നും സോണ്‍ ഒന്നില്‍ പെടുത്തിയിരിക്കുന്നതിനെ 23% മാത്രമാണ് സോണ്‍ ഒന്നില്‍ വരുന്നത് എന്നാണ് ഡോ. വിജയന്‍ പറയുന്നത്. എക്കോളൊജിക്കല്‍ സെന്‍സിറ്റീവ് ലൊക്കേഷന്‍ എന്നനിലയില്‍ 16 പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അതിരുകള്‍ പ്രാദേശികമായി നിശ്ചയിക്കാപ്പെടേണ്ടതുണ്ട്. ഇത് വിശദമായി വിസ്തരിക്കുന്നതിലൂടെ താലൂക്കുകളെ ഒന്നടങ്കം വിവിധ സോണുകളില്‍ പെടുത്തിയിരിക്കുന്നതിന്റെ പ്രശ്നങ്ങളെ മറച്ചുവെക്കാനാണ് ലേഖകന്‍ ശ്രമിക്കുന്നത്.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വികേന്ദ്രീകൃത വൈദ്യുതി ഉല്‍പാദനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ലേഖകന്‍ അവകാശപ്പെടുന്നു. എന്നാല്‍ കേരളത്തിന്റെ വൈദ്യുതി വികസനത്തെ ഗുരുതരമായി ബാധിക്കുന്നതാണ് ഈ റിപ്പോര്‍ട്ടെന്നത് ഇതൊടൊപ്പം മറച്ചുവെക്കപ്പെടുന്നു.
2010ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരുന്ന ശ്രീ ജയറാം രമേഷ് അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുടെ പരിസ്ഥിതി അനുമതി സംബന്ധിച്ച് പഠിക്കാന്‍ ഗാഡ്ഗില്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയപ്പോള്‍ത്തന്നെ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതം ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. അതിരപ്പിള്ളി പദ്ധതിയെ നിരന്തരം എതിര്‍ത്തുകൊണ്ടിരുന്ന ഡോ. വിജയന്‍ ഈ പാനലില്‍ അംഗമായി വന്നത് തന്നെ റിപ്പോര്‍ട്ടിന്റെ സ്വഭാവം എന്താകുമെന്നത് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്, അതിരപ്പിള്ളിയെ കുറിച്ച് പഠിക്കാന്‍ പദ്ധതിക്കെതിരെ നിരന്തരമായി സമരം നടത്തിവന്നിരുന്ന ചാലക്കുടി പുഴ സംരക്ഷണസമിതി പ്രവര്‍ത്തകയായ ഡോ. ലതയെ ചുമതലപ്പെടുത്തുക കൂടി ചെയ്തതോടെ ഗൂഢാലോചനയുടെ ചിത്രം പൂര്‍ണ്ണമായി. അതുകൊണ്ടുതന്നെ സമിതിയുടെ റിപ്പോര്‍ട്ട് പദ്ധതിക്കെതിരായതില്‍ അത്ഭുതവുമില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട് കേവലം അതിരപ്പിള്ളിയെ മാത്രം ബാധിക്കുന്ന ഒന്നല്ല.
സംസ്ഥാനത്തെ 63താലൂക്കുകളില്‍ 42 താലൂക്കുകളും പരിസ്ഥിതിലോലമേഖലയില്‍ പെടുമെന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പറയുന്നത്. നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ഇതില്‍ 14 താലൂക്കുകളെ അതീവ ലോലം എന്ന നിലയില്‍ സോണ്‍ ഒന്നില്‍ ആണ് പെടുത്തിയിട്ടുള്ളത്. ഇടുക്കി ജില്ല പൂര്‍ണ്ണമായും സോണ്‍ ഒന്നിലാണ്. മൊത്തത്തില്‍ 10മെഗാവാട്ടില്‍ കൂടിയ ഒരു ജലവൈദ്യുതി പദ്ധതിപോലും ഏറ്റെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്. അതായത് അതിരപ്പിള്ളി മാത്രമല്ല പൂയംകുട്ടി, പാത്രക്കടവ് എന്നിങ്ങനെയുള്ള ഒരു പദ്ധതിയെപറ്റിയും ഇനി ചിന്തിക്കേണ്ടതില്ല എന്നു സാരം. ആനക്കയം, മാങ്കുളം, ചിന്നാര്‍, തോട്ടിയാര്‍ എന്നിങ്ങനെ വലുതും ചെറുതുമായ പദ്ധതികളെല്ലാം ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടാല്‍ നടപ്പാക്കാനാകാതെ വരും. 50 വര്‍ഷത്തിലേറെ പഴക്കമുള്ള എല്ലാഡാമുകളും ഡീ കമ്മീഷന്‍ ചെയ്യണമെന്ന നിര്‍ദ്ദേശം ഇടുക്കിയും, മൂഴിയാറുമടക്കം നമ്മുടെ ജലവൈദ്യുതി പദ്ധതികളെയും ബാധിക്കുന്നതാണ്.
ജല വൈദ്യുതി പദ്ധതികളെ മാത്രമല്ല റിപ്പോര്‍ട്ട് ലക്ഷ്യം വെക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കും സോണ്‍ ഒന്നിലാണെന്നത് ചീമേനി താപവൈദ്യുതി പദ്ധതിയെയാണ് ബാധിക്കുക. സോണ്‍ ഒന്നില്‍പ്പെട്ട പ്രദേശങ്ങളില്‍ അക്ഷയ ഊര്‍ജ്ജമായ കാറ്റാടി നിലയങ്ങള്‍ പോലും അനുവദിക്കാനാകില്ല എന്ന സമീപനമാണ് റിപ്പോര്‍ട്ടിലുള്ളത്. കേരളത്തില്‍ കാറ്റാടി നിലയങ്ങള്‍ക്ക് സാദ്ധ്യതയുള്ള പ്രദേശങ്ങളായ രാമക്കല്‍മേട്, അട്ടപ്പാടി പ്രദേശങ്ങളൊക്കെ സോണ്‍ ഒന്നില്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അത്തരം സാദ്ധ്യതകളും നിഷേധിക്കപ്പെടുകയാണ്. റിവര്‍ ഡൈവേര്‍ഷന്‍ പദ്ധതികള്‍ ഉടനടി നിര്‍ത്തി വെക്കണം എന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശ നടപ്പാക്കിയാല്‍ ഇടുക്കിയടക്കമുള്ള നിലയങ്ങള്‍ ഉടന്‍ അടച്ചുപൂട്ടണമെന്നാണ് വരുക. ജല, താപനിലയങ്ങളും പാരമ്പര്യേതര മാര്‍ഗ്ഗമായ കാറ്റാടി പദ്ധതിയുമൊക്കെ നിഷേധിക്കപ്പെട്ടാല്‍ കേരളത്തിന്റെ ഊര്‍ജ്ജാവശ്യം എങ്ങിനെയാണ് നിര്‍വ്വഹിക്കുക എന്നതു കൂടി ഈ വിദഗ്ദസംഘം വ്യക്തമാക്കേണ്ടതുണ്ട്.
ആതിരപ്പിള്ളി പദ്ധതിക്കെതിരെ ഡോ. വിജയനും ഡോ. ലതയുമൊക്കെ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന വാദങ്ങള്‍ വള്ളിപുള്ളി വിടാതെ വിദഗ്ദസമിതി റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇവരുടെ തന്നെ വിവിധ ലഘുലേഖകളും ലേഖനങ്ങളും തന്നെയാണ് ഇതിനാധാരമായ പഠനങ്ങളായി കാണിച്ചിരിക്കുന്നത്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ഇവയില്‍ പലതും.
അതിരപ്പിള്ളി പദ്ധതി ചാലക്കുടിപുഴയിലെ ജലത്തിന്റെ അളവിനെ ബാധിക്കില്ല, വെള്ളച്ചാട്ടത്തിന്റെ സ്വാഭാവികഭംഗിയെ ബാധിക്കില്ല, പദ്ധതിയില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയുടെ അളവ് ജലലഭ്യതയുമായി കൃത്യമായും പൊരുത്തപ്പെടുന്നതാണ് എന്നിങ്ങനെ വിജയനും ലതയുമൊക്കെ ഉന്നയിക്കുന്ന വാദമുഖങ്ങളൊക്കെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തെറ്റാണെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റീറ്റ്യൂട്ട്, ട്രോപ്പിക്കല്‍ ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച ഇന്സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തിയ വിവിധ ശാസ്ത്രീയ പഠനങ്ങളുടെ പിന്‍ബലത്തോടെ കെ.എസ്.ഇ.ബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിശ്ചയിച്ച റിവര്‍വാലി എക്സ്പേര്‍ട്ട് കമ്മിറ്റി മുമ്പാകെ നിരവധി തവണ സമര്‍ത്ഥിച്ചിട്ടുള്ളതാണ്. അവ അംഗീകരിച്ചുകൊണ്ടാണ് മൂന്നുതവണ പദ്ധതിക്ക് പരിസ്ഥിതി അംഗീകാരം നല്‍കിയത്. അവയൊക്കെ വീണ്ടും ഇവിടെ പ്രതിപാദിക്കുന്നില്ല. എങ്കിലും പ്രദേശത്തിന്റെ ജൈവ വൈവിദ്ധ്യത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും പദ്ധയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഒരു "ഫാഷന്‍" എന്ന നിലയില്‍ നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന "ബുദ്ധിജീവി"കള്‍ക്കുമുന്നില്‍ ചില കാര്യങ്ങള്‍ ആവര്‍ത്തിക്കാതെ വയ്യ.
ചാലക്കുടിപുഴയിലെ മല്‍സ്യവൈവിധ്യത്തെ സംബന്ധിച്ചാണ് ഒരു പ്രചരണം. മുപാത്തിയെട്ടോളം മല്‍സ്യസ്പീഷീസുകള്‍ അതിരപ്പിള്ളി പദ്ധതിമൂലം വംശനാശത്തിന് വിധേയമാകും എന്നാണ് വാദം. ഡോ. ഷാജി, ഡോ. എല്‍സ, ഡോ. അജിത് കുമാര്‍ തുടങ്ങി നിരവധി ശാസ്ത്രജ്ഞന്‍മാര്‍ ചാലക്കുടിപുഴയിലെ മല്‍സ്യസമ്പത്തിനെക്കുറിച്ച് പഠിച്ചിട്ടുണ്ട്. മുപ്പത്തിരണ്ട് മല്‍സ്യജാതികളെ ഇതിന്റെ ഭാഗമായി ഈ പുഴയില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതില്‍ പതിനെട്ടോളം വംശനാശം നേരിടുന്നവയുമാണ്. എന്നാല്‍ കേരളത്തിലെ മറ്റുനദികളിലൊന്നും ഇല്ലാത്ത ഒരു മല്‍സ്യജാതിപോലും ചാലക്കുടിപ്പുഴയിലില്ല. പദ്ധതി മൂലം എതെങ്കിലും മല്‍സ്യജാതിക്ക് വംശനാശഭീഷണി വര്‍ദ്ധിക്കുമെന്ന് പഠനങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ചാലക്കുടി ഒരു നിരന്തരമായ മല്‍സ്യ ആവാസവ്യവസ്ഥയല്ല. അതിരപ്പിള്ളി വെള്ളച്ചാട്ടം, തുമ്പൂര്‍മുഴി ഡാം, പൊരിങ്ങല്‍കൂത്ത് ഡാം, അപ്പര്‍ഷോളയാര്‍ ഡാം, ലോവര്‍ഷോളയാര്‍ ഡാം എന്നിങ്ങനെ നിരവധി വിടവുകള്‍ ഇതിന്റെ നൈരന്തര്യത്തിന് നിലവിലുണ്ട്. ഇതില്‍ പൊരിങ്ങലിനും അതിരപ്പിള്ളി വെളളച്ചാട്ടത്തിനുമിടയില്‍ ഒരു തടയണകൂടി വരുന്നുവെന്നല്ലാതെ കാര്യമായ ഇടപെടലൊന്നും പദ്ധതി ഉണ്ടാക്കുന്നില്ല. മല്‍സ്യഗമനത്തിന് തടസ്സം സൃഷ്ടിക്കാത്ത രൂപകല്‍പ്പനയാണ് ഡാമിനുള്ളത് എന്നതിനാല്‍ ഇത് മല്‍സ്യ ആവസവ്യവസ്ഥക്ക് ഗുരുതര പ്രത്യാഘാതമൊന്നുമുണ്ടാക്കുമില്ല. ഇക്കാര്യങ്ങളൊക്കെ പരിസ്ഥിതി ആഘാതപഠനത്തില്‍ വ്യക്തമായിട്ടുള്ളതാണ്.
വനഭൂമി സംബന്ധിച്ചുള്ള കണക്കുകളും ഒന്നുകൂടി ആവര്‍ത്തിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. പദ്ധതിക്ക് ആകെ വേണ്ട ഭൂമി 138.6 ഹെക്ടര്‍ മാത്രമാണ്. ഇതില്‍ പദ്ധതിയുടെ ഭാഗമായി വെള്ളം കയറുന്ന 104.4 ഹെക്ടറാണുള്ളത്. ഇതില്‍ 39.2 ഹെക്ടറും ഇപ്പോള്‍തന്നെ വെള്ളമൊഴുകുന്ന നദിയുടെ അടിത്തട്ടാണ്. 34.3 ഹെക്ടര്‍ ഭൂമിയാകട്ടെ തേക്കും മറ്റ് വാണിജ്യമരങ്ങളും നട്ടുവളര്‍ത്തിയിട്ടുള്ള പ്ലാന്റേഷനാണ്. ശേഷിക്കുന്ന 29.9ഹെക്ടര്‍ ഭൂമിയാണ് പദ്ധതിയില്‍ ഉണ്ടാകുന്ന വനനാശം. ഇതില്‍ തന്നെ ചതുപ്പ് പ്രദേശങ്ങളും പുഴയോരക്കാടുകളുമാണുള്ളത്. വാഴച്ചാല്‍ വനമേഖലയുടെ ഒരു ശതമാനം പോലും വരാത്ത ഈ പ്രദേശത്ത് വാഴച്ചാല്‍ വനമേഖലയിലോ കേരളത്തിലെ മറ്റു വനപ്രദേശങ്ങളിലോ ഇല്ലാത്ത ഏതെങ്കിലും സ്പീസീസിനെ കണ്ടെത്തിയിട്ടില്ല. പൊരിങ്ങല്‍ക്കൂത്ത് പദ്ധതിക്കും അതിരപ്പള്ളി വെള്ളച്ചാട്ടത്തിനും ഇടയില്‍, ചാലക്കുടി ഷോളയാര്‍ സ്റ്റേറ്റ് ഹൈവേക്കും ചാലക്കുടി പൊരിങ്ങല്‍ക്കൂത്ത് 110കെവി ലൈനിനും ഇടയിലാണ് ഈ പ്രദേശമെന്നതിനാല്‍ അവിശ്ചന്നമായ വനമേഖലയുടെ ഭാഗമാണ് ഈ പ്രദേശമെന്ന് അവകാശപ്പെടാനുമാകില്ല. 1940കളിലും 50കളിലും 60 കളിലുമായി ക്ലിയര്‍ഫെല്ലിങ്ങിന് വിധേയമായി മുഴുവന്‍ മരങ്ങളും മുറിച്ചുമാറ്റപ്പെട്ട ഈ സ്ഥലത്ത് പരമാവധി നാല്‍പതോ അമ്പതോ വര്‍ഷത്തിനപ്പുറം പഴക്കമുള്ള യാതൊരു പരിസ്ഥിതിവ്യൂഹവുമില്ല. നിരന്തരം മനുഷ്യ ഇടപെടല്‍ നടന്നുവരുന്ന ഈ പ്രദേശത്തിന് മനുഷ്യ സാന്നിദ്ധ്യം കൊണ്ട് കളങ്കിതമാകുന്ന പരിസ്ഥിതി പ്രത്യേകതകളുമില്ല. ഇതൊക്കെ വാഹനത്തില്‍ നിന്നിറങ്ങാതെ പരിസ്ഥിതി പഠനം നടത്തുന്ന മഹാന്‍മാര്‍ക്ക് മനസ്സിലായിയെന്നുവരില്ല. എന്നാല്‍ പ്രദേശവാസികള്‍ക്ക് നല്ല നിശ്ചയമുള്ളതാണ്. (അതുകൊണ്ടാണ് അതിരപ്പിള്ളി വിരുദ്ധസമരത്തിന് പ്രദേശത്തുകാരെ കാര്യമായി കിട്ടാതെ പോകുന്നതും.) പക്ഷേ ഗാഡ്ഗില്‍ വിദഗ്ദസമിതിക്ക് തറയിലെ യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ തലയിലെ അമൂര്‍ത്തതയിലാണ് ബോധ്യമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ ഉട്ടോപ്യന്‍ സമീപനം റിപ്പോര്‍ട്ടിന്റെ മൊത്തം ഉള്ളടക്കത്തിലും ദൃശ്യമാണ്.
മലയോര ഹൈവേ, ശബരി പാത എന്നിങ്ങനെ ഗാഡ്ഗില്‍ കമ്മിറ്റി ബാധിക്കുന്ന വികസന പ്രശ്നങ്ങള്‍ നിരവധിയാണ്. ഒരിലപോലും നുള്ളരുത്, ഒരു ചില്ലപോലും വെട്ടരുത് എന്ന നിലയിലുള്ള പരിസ്ഥിതി മൌലീകവാദം എത്രത്തോളം ആപത്താണ് സമൂഹ്യ വികസനത്തിനുണ്ടാക്കുക എന്നതിന് നല്ലൊരുദാഹരണമാണ് ഈ റിപ്പോര്‍ട്ട്. പരിസ്ഥിതി സംരക്ഷണവും വികസനവും ഒന്നിച്ചുകൊണ്ടുപോകുക എന്ന എക്കോ മാനേജ്മെന്റ് സമീപനത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന സമീപനമാണ് റിപ്പോര്‍ട്ട് മുന്നോട്ടു വെക്കുന്നത്. കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ പശ്ചിമഘട്ട പര്‍വത നിരകളുടെ സാന്നിദ്ധ്യമുണ്ട്. ഈ സംസ്ഥാനങ്ങളെയെല്ലാം ഈ റിപ്പോര്‍ട്ട് ഗുരുതരമായി ബാധിക്കുന്നുമുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ സമീപനങ്ങളെ അംഗീകരിക്കുന്നില്ലെന്ന് ഈ ആറു സംസ്ഥാനങ്ങളുടെയും സര്‍ക്കാരുകള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമഘട്ടത്തെ രക്ഷിക്കേണ്ടതുണ്ട്. കൂട്ടത്തില്‍ ജനങ്ങളേയും രക്ഷിക്കണം. വികസനത്തെ തടയുന്ന സമീപനം ചെറുത്തുകൊണ്ടുമാത്രമേ ജനങ്ങളെ രക്ഷിക്കാനാകൂ. ഗാഡ്ഗില്‍കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കരുത് എന്ന കേവലമായ ആവശ്യമൊന്നുകൊണ്ടു മാത്രം റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്ന മൗലികവാദ സമീപനങ്ങളെ ചെറുക്കാനാകില്ല. അതിലെ ഓരോ വാദത്തേയും കൃത്യമായി വിശകലനം ചെയ്യുകയും ശാസ്ത്രീയമായ പഠനങ്ങളുടെ പിന്തുണയോടെ ശരിയായ മറുവാദങ്ങള്‍ രൂപപ്പെടുത്തുകയും വേണം. വലിയൊരു ജനകീയ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകേണ്ടതുണ്ട്. പരിസ്ഥി സംരക്ഷണമടക്കമുള്ള കാര്യങ്ങള്‍ ബുദ്ധിജീവി വ്യായാമമാണെന്ന സമീപനം മാറ്റി ജനകീയമായ പഠനങ്ങളിലൂടെ പരിസ്ഥിയും വികസനവും ഒന്നിച്ചുകൊണ്ടുപോകാനുതകുന്ന പുതിയൊരന്തരീക്ഷം വളര്‍ന്നുവരേണ്ടതുണ്ട്.
 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2276
mod_vvisit_counterYesterday4710
mod_vvisit_counterThis Month111564
mod_vvisit_counterLast Month152890

Online Visitors: 74
IP: 54.196.91.84
,
Time: 11 : 29 : 37