
മാസം 150 യൂണിറ്റിന് മുകളിലുള്ള സ്ലാബുകളിലാണ് വന്‍ വര്‍ധന വരുന്നത്. പ്രതിമാസ ഉപയോഗം 150 യൂണിറ്റില്‍ അധികമായാല്‍ വന്‍ ബില്ലാണ് കാത്തിരിക്കുന്നത്. സര്‍ക്കാറിന് സബ്സിഡി നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയ സ്ഥിതിക്ക് പുതുക്കിയ നിരക്കുതന്നെ വൈദ്യുതി ബോര്‍ഡ് ഈടാക്കും. എല്ലാ രംഗങ്ങളിലും ഉണ്ടായിരിക്കുന്ന വിലക്കയറ്റത്തിനുപുറമേയാണ് വൈദ്യുതി വിലയും കൂട്ടുന്നത്. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുഃസ്സഹമാക്കിയിരിക്കുന്ന വിലക്കയറ്റത്തിന് ഈ വര്‍ധന ശക്തി വര്‍ധിപ്പിക്കും.
40 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫിക്സഡ് ചാര്‍ജും ഏര്‍പ്പെടുത്തി. സിംഗിള്‍ ഫെയ്സ് കണക്ഷന് മാസം 20 രൂപയും ത്രീഫെയ്സിന് 60 രൂപയും ഫിക്സഡ് ചാര്‍ജായി നല്‍കണം.
വര്‍ധനയ്ക്ക് ജൂലായ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുള്ളതിനാല്‍ ഇതിനകം ഉപയോഗിച്ച വൈദ്യുതിക്കും വര്‍ധിപ്പിച്ച വില ഈടാക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയാവും. വൈദ്യുതി ബോര്‍ഡ് അപേക്ഷിച്ചതനുസരിച്ച് പത്തുവര്‍ഷത്തിനുശേഷമാണ് നിരക്ക് കൂട്ടുന്നത്. ഗാര്‍ഹിക മേഖലയിലെ ശരാശരി വര്‍ധന 41 ശതമാനമാണ്. ബോര്‍ഡിന്റെ ചെറുകിട ലൈസന്‍സികളുടെ ഉപഭോക്താക്കള്‍ക്കും പുതുക്കിയ നിരക്ക് ബാധകമാവും.
മാസം 500 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ എല്ലായൂണിറ്റിനും 6.50 രൂപ നല്‍കണം. ഓരോ സമയത്തെയും ഉപഭോഗം മനസ്സിലാക്കാവുന്ന ടൈം ഓഫ് ദി ഡേ മീറ്റര്‍ ഇവര്‍ സ്ഥാപിക്കണം. 2013 ജനവരി ഒന്നുമുതല്‍ ഇത് നിലവില്‍ വരും. അതിനുശേഷം രാത്രിയിലെ ഉപയോഗത്തിന് ഇവരില്‍ നിന്ന് കൂടുതല്‍ വില ഈടാക്കും. 24,000 ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്.
ഗാര്‍ഹിക വിഭാഗത്തില്‍ 40 യൂണിറ്റുവരെയുള്ള ആദ്യ സ്ലാബില്‍ യൂണിറ്റിന് 35 പൈസയാണ് കൂടുന്നത്. 41-80 വരെയുള്ള സ്ലാബില്‍ 50 പൈസ കൂടി. 81-120 വരെയുള്ള സ്ലാബിലും 50 പൈസയാണ് കൂടുന്നത്. 121-150 വരെ 60 പൈസ. സംസ്ഥാനത്തെ ആകെ 85. 38 ലക്ഷം ഉപഭോക്താക്കളില്‍ 75. 87 ലക്ഷവും ഈ സ്ലാബുകളില്പ്പെടുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ കണക്ക്. എന്നാല്‍ 151-200 സ്ലാബില്‍
1. 15 രൂപയും 201-300 സ്ലാബില്‍ 1.70 രൂപയും 301-500 സ്ലാബില്‍ 2. 20 രൂപയും കൂടും. 500 യൂണിറ്റിനു മുകളിലുള്ള സ്ലാബില്‍ ഇപ്പോള്‍ 5.45 രൂപയാണ്. ഇതാണ് എല്ലാ യൂണിറ്റിനും 6.50 രൂപയാക്കിയത്. 150 യൂണിറ്റുവരെയുള്ള സ്ലാബുകളില്‍ വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടതിനേക്കാള്‍ കുറഞ്ഞ നിരക്കാണ് കമ്മീഷന് അനുവദിച്ചത്. 200 യൂണിറ്റിനു മുകളില്‍ ബോര്‍ഡ് ആവശ്യപ്പെട്ടതിനേക്കാള്കൂടുതലും. കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി യൂണിറ്റിന് 60 പൈസയില്‍ നിന്ന് 1.50 രൂപയായി.
കടകള്‍, ബങ്കുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന എല്‍.ടി.ഏഴ് ബി വിഭാഗത്തില്‍ 100 യൂണിറ്റു വരെ 70 പൈസയും അതിനുമുകളില്‍ 80 പൈസയും കൂടും. ഹൈടെന്‍ഷന്‍ വ്യവസായത്തിന് ഡിമാന്‍ഡ് ചാര്‍ജ് 270 രൂപയില്‍ നിന്ന് 300 രൂപയാവും. ഇവയുടെ സാധാരണ താരിഫ് മൂന്നുരൂപയില്‍ നിന്ന് 4. 10 ആവും. വൈദ്യുതി അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്ക് 3.50 രൂപയില്‍ നിന്ന് 4.10 രൂപയാവും. ഹോട്ടലുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, വന്‍കിട ടെക്സ്റ്റൈല്‍ ഷോപ്പുകള്‍, ജുവലറികള്‍, സ്വകാര്യ ആസ്പത്രികള്‍ എന്നിവ ഉള്‍പ്പെടുന്ന വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന. 59 ശതമാനം. കടകള്‍ക്ക് 19 ശതമാനവും വ്യവസായങ്ങള്‍ക്ക് 27 ശതമാനവുമാണ് ശരാശരി വര്‍ധന. തദ്ദേശ സ്ഥാപനങ്ങളുടെ തെരുവുവിളക്കുകള്‍ ബാധ്യതയാവും. ഇതിനുള്ള നിരക്കും കാര്യമായി കൂട്ടി. ഫിക്സഡ് ചാര്‍ജ് 12 രൂപയില്‍ നിന്ന് 30 രൂപയാക്കി. യൂണിറ്റിന് 90 പൈസയില്‍ നിന്ന് 2.75 രൂപയുമാക്കി.
2013 മാര്‍ച്ച് 31 വരെയാണ് ഈ നിരക്കുകള്‍. അതിനുശേഷം ഇത് തുടരണമെങ്കിലോ മാറ്റം വരുത്തണമെങ്കിലോ വൈദ്യുതി ബോര്‍ഡ് കമ്മീഷനെ സമീപിക്കണം. കമ്മീഷന് സ്വമേധയാ വേണമെങ്കിലും മാറ്റം വരുത്താം. വര്‍ഷാവര്‍ഷം വൈദ്യുതി നിരക്ക് കൂടാവുന്ന സംവിധാനത്തിലേക്ക് മാറുന്നതിന്റെ സൂചനയാണിത്.
ഉപഭോഗം കുറയ്ക്കുക, ഊര്‍ജക്ഷമത ഉറപ്പുവരുത്തുക, ക്രോസ് സബ്സിഡി ക്രമേണ കുറയ്ക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ഈ നിരക്കുകള്‍ നിശ്ചയിച്ചതെന്ന് കമ്മീഷന് അറിയിച്ചു. കെ.ജെ.മാത്യു ചെയര്‍മാനും പി. പരമേശ്വരന്, ജോര്‍ജ് മാത്യു എന്നിവര്‍ അംഗങ്ങളുമായ കമ്മീഷനാണ് ഉത്തരവിട്ടത്.