KSEBOA - KSEB Officers' Association

Friday
Jun 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കളിയല്ല; വൈദ്യുതി ഇനി പൊള്ളും

കളിയല്ല; വൈദ്യുതി ഇനി പൊള്ളും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Energy conservationവൈദ്യുതി ബില്‍ കൂട്ടിയ വര്‍ത്തമാനം കേട്ടിട്ടു നെഞ്ചത്തടിച്ചു കരഞ്ഞിട്ടോ, അതിന്റെ ടെന്‍ഷന്‍ കാരണം ബിപി കൂട്ടിയിട്ടോ കാര്യമില്ല. വൈദ്യുതിയെ നമ്മുടെ വരുതിയിലേക്ക് ഒന്നു മാറ്റുക; ബില്‍ കുറയ്ക്കാന്‍ സാധിക്കും. ഒന്നു പരിശോധിച്ചു നോക്കിക്കേ, എന്തുമാത്രം വൈദ്യുതിയാണ് നമ്മള്‍ വെറുതെ പാഴാക്കിക്കളയുന്നത്. ഒരു സ്വിച്ച്് ഒാഫ് ചെയ്യാതെ കിടന്നാല്‍ പോലും ഏതാനും യൂണിറ്റ് വൈദ്യുതി നഷ്ടമാകുമെന്നൊക്കെ പറഞ്ഞിട്ടില്ലേ. പക്ഷെ നമ്മള്‍ മലയാളികളല്ലേ, ലാവിഷിന്റെ രാജാക്കന്‍മാരല്ലേ, ഈ പറയുന്നതു പോലെയൊക്കെ ചെയ്യാന്‍ പറ്റുമോ എന്നു കരുതിയവര്‍ക്കു വേണ്ടിയല്ല, വൈദ്യുതി ലാഭിക്കാന്‍ വേണ്ടിയുള്ള നുറുങ്ങുവിദ്യകള്‍ ഒന്നു പരീക്ഷിച്ചു നോക്കാമെന്നുള്ളവര്‍ക്കു വേണ്ടിയാണ് ഈ കുറിപ്പ്. വൈദ്യുതി സംരക്ഷണ മാര്‍ഗങ്ങള്‍ നടപ്പാക്കിയാല്‍ ഏറ്റവും കുറഞ്ഞത് 20 ശതമാനമെങ്കിലും വൈദ്യുതി ലാഭിക്കാന്‍ സാധിക്കും. വൈദ്യുതി ഉപയോഗത്തില്‍ 20% കുറവു വന്നാല്‍ വൈദ്യുതി ചാര്‍ജില്‍ വരുന്ന കുറവ് 30 ശതമാനത്തിലേറെയാണ്.

 

പീക്ക് ടൈം എന്ന വാല്യൂ ടൈം

ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 50 ശതമാനത്തില്‍ കൂടുതല്‍ ഗാര്‍ഹിക മേഖലയിലാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഏറെ വൈദ്യുതി ഊറ്റിയെടുക്കുന്ന ചില ഉപകരണങ്ങള്‍ വൈകിട്ട് ആറു മുതല്‍ 10 വരെ ഒഴിവാക്കിയാലോ-
1) വെറ്റ് ഗ്രൈന്‍ഡര്‍,
2) മിക്സി
3) വാഷിങ് മെഷീന്‍
4) ഇസ്തിരിപ്പെട്ടി
5) ഹോട്ട് പ്ളേറ്റ്
6) വാട്ടര്‍ ഹീറ്റര്‍
7) വാട്ടര്‍ പമ്പ്

ഈ പീക്ക് ടൈമില്‍ വോള്‍ട്ടേജ് കുറവായിരിക്കും. ഈ സമയത്തു നിര്‍ദേശിച്ചിരിക്കുന്ന ശക്തിക്കു വേണ്ടി കൂടുതല്‍ കറന്റ് എടുക്കേണ്ടതിനാല്‍ ഈ വൈദ്യുതോപകരണങ്ങള്‍ പെട്ടെന്നു കേടാകാനും സാധ്യതയുണ്ടെന്നു അറിയുക. അടുക്കളയില്‍ അരയ്ക്കാനുള്ളതൊക്കെ ആറിനു മുന്‍പായിക്കോട്ടേ. പിറ്റേന്നു രാവിലേക്കുള്ള ഷര്‍ട്ടും ചുരിദാറുമൊക്കെ രാത്രി പത്തിനു ശേഷം തേച്ചാല്‍ പോരെ. വാട്ടര്‍ ടാങ്കില്‍ വെള്ളം നിറയ്ക്കുന്നത് പത്തിനു ശേഷമായാലോ. ഒാര്‍ക്കണം ഒാരോ യൂണിറ്റ് വൈദ്യുതിക്കും സ്വര്‍ണത്തേക്കാള്‍ മൂല്യമുണ്ട്

ബള്‍ബ്

വീട്ടിലേത് ബള്‍ബാണ് ഉപയോഗിക്കുന്നത്. വെട്ടം തരുന്നതില്‍ മാത്രമല്ല കാര്യം. അതുപയോഗിക്കുന്ന വൈദ്യുതിയുടെ അളവും ഇതിനനുസരിച്ചു മാറിയിരിക്കും. സാധാരണ വൈദ്യുത ബള്‍ബുകളില്‍(ഇന്‍കാന്‍ഡെസന്റ് ലാമ്പ്) എന്നാല്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ പത്തു ശതമാനം മാത്രമാണ് വെളിച്ചമായി മാറുന്നത്. ബാക്കിയുള്ള വൈദ്യുതി മുഴുവന്‍ ചൂടായി നഷ്ടപ്പെടുന്നു. എന്നാല്‍ ട്യൂബ് ലൈറ്റുകളും കോംപാക്ട് ഫ്ളുറസന്റ് ലാമ്പുകളും(സിഎഫ്എല്‍) സാധാരണ ബള്‍ബിന്റെ അഞ്ചിലൊന്നു മാത്രമേ ഉപയോഗിക്കുന്നുള്ളൂ. സിഎഫ്എല്ലാകട്ടെ മറ്റുള്ളതിനേക്കാള്‍ പത്തുമടങ്ങ് ഈടു നില്‍ക്കുകയും ചെയ്യും.

. അറുപത് വാട്ടിന്റെ സാധാരണ ബള്‍ബിനു പകരം 11 വാട്ടിന്റെ സിഎഫ്എല്‍ ഉപയോഗിച്ചാല്‍ മതി. അതിന്റെ കാലാവധിയില്‍ 490 യൂണിറ്റ് വൈദ്യുതി ലാഭിക്കാം

. പഠനമുറി, അടുക്കള എന്നിവിടങ്ങളില്‍ ആവശ്യമായ സ്ഥലത്തേക്ക് മാത്രമായി പ്രകാശം കേന്ദ്രീകരിച്ചു നില്‍ക്കുന്ന റിഫ്ളക്ടറോടു കൂടിയ കോംപാക്ട് ഫ്ളൂറസന്റ്, എല്‍ഇഡി ലാമ്പുകള്‍ സ്ഥാപിക്കാം. എഴുപത്തഞ്ചു ശതമാനം വൈദ്യുതി ഉപയോഗം ഇത്തരത്തില്‍ ലാഭിക്കാന്‍ സാധിക്കും.

. സീറോ വാട്ടൊരു ഹീറോയല്ലെന്നു തിരിച്ചറിയാം. 15 മുതല്‍ 28 വാട്ടേജാണ് ഇതു വലിച്ചേടുക്കുക. 15 വാട്ടിന്റെ ഒരു ബള്‍ബ് ഒരു ദിവസം മുഴുവന്‍ കത്തിച്ചാല്‍ രണ്ടുമാസത്തേക്കു 21.6 യൂണിറ്റാണ് ചെലവാകുക. എന്നാല്‍ ഇതിന്റെ സ്ഥാനത്ത് ഒരു വാട്ടിന്റെ എല്‍ഇഡി ഉപയോഗിച്ചാല്‍ 1.5 യൂണിറ്റായി ഇതു കുറയും. വൈദ്യുതി ബില്ലിലെ വ്യത്യാസം കണക്കുകൂട്ടി നോക്കുന്നോ. വേണമെങ്കില്‍ കേട്ടോളൂ
സീറോ ബള്‍ബ്- 21.6 യൂണിറ്റ് 1.15 രൂപ നിരക്കില്‍ 24.84(പഴയ നിരക്ക് രണ്ടുമാസത്തേക്ക്)
21.6 യൂണിറ്റ് 1.50 രൂപ നിരക്കില്‍ 32.4(പുതിയ നിരക്ക് രണ്ടു മാസത്തേക്ക്)
എല്‍ഇഡി ബള്‍ബ്- 1.5 യൂണിറ്റ് 1.15 രൂപ നിരക്കില്‍ 1.725(പഴയ നിരക്ക് രണ്ടുമാസത്തേക്ക്)
1.5 യൂണിറ്റ് 1.50 രൂപ നിരക്കില്‍ 2.25 (പുതിയ നിരക്ക് രണ്ടു മാസത്തേക്ക്)

. കണക്കിന്റെ പെരുമ പോരെങ്കില്‍ ഇതു കൂടി കേട്ടോളു. 100 വാട്ട് ബള്‍ബിന്റെ സ്ഥാനത്ത് 18 വാട്ട് സിഎഫ്എല്‍ മതിയെങ്കില്‍ 10 വാട്ടിന്റെ എല്‍ഇഡി ലൈറ്റ് മതി അത്രയും വെളിച്ചം ലഭിക്കാന്‍.

ഫാന്‍

24 മണിക്കൂറും ഒാഫിസിലും വീട്ടിലുമെല്ലാം ഫാനിന്റെ കറക്കം ആസ്വദിക്കുമ്പോള്‍ അപ്പുറത്ത് വൈദ്യതി മീറ്ററും അതേ സ്പീഡില്‍ കറങ്ങുമെന്ന വിചാരം കൂടി വേണം,

. 42 വാട്ട് മുതല്‍ 128 വാട്ടുവരെയുള്ള(സാധാരണ കാര്യമാണിത്. കൂടുതലുമുണ്ട്) ഫാനുകള്‍ വിപണിയില്‍ ലഭ്യമാണ്. ഫാന്‍ കൂടുതല്‍ സമയം ഉപയോഗിക്കുമ്പോള്‍ വാട്ടേജ് കൂടിയ ഫാന്‍ ഉപയോഗിച്ചാല്‍ അമിത ഊര്‍ജം വേണ്ടിവരുമെന്നു തിരിച്ചറിഞ്ഞോളു.

. സീലിങ് ഫാന്‍ ഉറപ്പിക്കുമ്പോള്‍ അതിന്റെ ലീഫിന് സീലിങുമായി ഒരടിയെങ്കിലും അകലമുണ്ടെന്ന് ഉറപ്പുവരുത്തുക. ലീഫുകള്‍ ശരിയായ ചരിവിലാണോ ഘടിപ്പിച്ചിരിക്കുന്നത് എന്നും പരിശോധിക്കാം. ഫാന്‍ ലീഫിനു തറനിരപ്പില്‍ നിന്നു ഉണ്ടാകേണ്ട സുരക്ഷിതമായ അകലം2.4 മീറ്ററാണ്.

കംപ്യൂട്ടര്‍ മോണിറ്റര്‍

. വീട്ടിലെ പഴയ കംപ്യൂട്ടര്‍ മോണിറ്റര്‍ മാറ്റി ഒരു എല്‍സിഡി മോണിറ്റര്‍ വാങ്ങി വച്ചാരുന്നോ. ഇല്ലെങ്കില്‍ എത്രയും വേഗം ചെയ്യണം. 17 ഇഞ്ച് എല്‍സിഡി മോണിറ്ററിനു 35 വാട്ടോളം വൈദ്യുതി മതിയാകുമ്പോള്‍ അതേ വലിപ്പമുള്ള സിആര്‍റ്റി മോണിറ്ററിനു 90 വാട്ടോളം വൈദ്യുതിയാണ് വേണ്ടത്.

. തീരുന്നില്ല സിആര്‍റ്റി(കാഥോഡ് റേ ട്യൂബ്) മോണിറ്റര്‍ ഉണ്ടാക്കുന്ന അമിതതാപം ഒഴിവാക്കാന്‍ വേണ്ടിവരുന്ന ഊര്‍ജ നഷ്ടം വേറെയാണ്.

വാഷിങ് മെഷീന്‍

. ആവശ്യമറിഞ്ഞു വേണം വാങ്ങാന്‍
. വെള്ളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിങ് മെഷീനുകള്‍ വൈദ്യുതി കൂടുതല്‍ ഉപയോഗിക്കും. ഒാര്‍ക്കണം ഇതു നമ്മുടെ കാലാവസ്ഥയ്ക്കു ഒരാവശ്യവുമില്ലാത്താണ്.
. മുന്നില്‍ നിന്നു നിറയ്ക്കുന്ന തരം വാഷിങ് മെഷീനാണ് നല്ലത്. കുറച്ചു വെള്ളം മാത്രമേ ഇവയ്ക്ക് ആവശ്യമുള്ളൂ.
. നിര്‍ദേശിച്ചിരിക്കുന്ന പൂര്‍ണശേഷിയില്‍ തന്നെ പ്രവര്‍ത്തിപ്പിക്കുക
. എന്നുമുള്ള ഉപയോഗം കുറയ്ക്കുക

വാട്ടര്‍ പമ്പ്


. പമ്പിന്റെ ശേഷി ആവശ്യത്തിനു മാത്രം ഉള്ളതായിരിക്കണം
. കിണറില്‍ പമ്പിന്റെ സ്ഥാനം ജലനിരപ്പില്‍ നിന്നു മൂന്നു മീറ്റര്‍ പൊക്കത്തില്‍ കൂടരുത്. ഉയരം കൂടിയാല്‍ വൈദ്യുതി ചെലവ് കൂടുമെന്നു തീര്‍ച്ച. പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്യും.
. പൈപ്പിന്റെ വളവും തിരിവും കഴിയുന്നത്ര കുറയ്ക്കുക.
. ഫുട്വാല്‍വിനു വലിയ വാവട്ടവും ധാരാളം സുഷിരങ്ങളും വേണം.

കണക്കുവഴി

. വൈദ്യുതി ഉപഭോഗം എത്ര യൂണിറ്റാണെന്നു നമുക്കുതന്നെ കണ്ടുപിടിക്കാം. എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു എന്നറിയാന്‍ വൈദ്യുതോപകരണങ്ങളുടെ യഥാര്‍ഥ വാട്ടേജും അവ ഒാരോന്നും എത്ര മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നു എന്നും അറിഞ്ഞാല്‍ മതി. വാട്ടേജിനെ മണിക്കൂര്‍ കൊണ്ടു ഗുണിച്ച് ആയിരം കൊണ്ടു ഹരിച്ചാല്‍ ആ ഉപകരണം ഉപയോഗിച്ച വൈദ്യുതിയുടെ അളവ് യൂണിറ്റില്‍ ലഭിക്കും.
110 വാട്ട് ഫാന്‍ അഞ്ച് മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ ഉപയോഗിക്കുന്ന വൈദ്യുതി ഇത്തരത്തില്‍ നോക്കിയാല്‍ .55 യൂണിറ്റ്.

നക്ഷത്രം തെളിക്കുന്ന വഴിയേ

ഊര്ജസ്വയംപര്യാപ്തതയിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണു സ്റ്റാര്‍ റേറ്റിങ് പരിപാടികള്‍ ആവിഷ്കരിച്ചത്. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഒാഫ് എനര്‍ജി എഫിഷ്യന്‍സി(ബിഇഇ) ആണു സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് ലേബലിങ് രംഗത്തു വഴികാട്ടുന്നത്. ഉദാഹരണത്തിനു നമ്മുടെ വീടുകളില്‍ പല തരത്തിലുള്ള ഫ്രിഡ്ജുണ്ട്. 125 വാട്ട്സിന്റെ 160 ലിറ്റര്‍ ഫ്രിഡ്ജ് 24 മണിക്കൂറും പ്രവര്‍ത്തിച്ചാല്‍ 45 യൂണിറ്റ് കറങ്ങും നിങ്ങളുടെ വൈദ്യുതി മീറ്ററില്‍. ഇതൊക്കെ നാം പിന്നീടേ തിരിച്ചറിയാന്‍ സാധ്യതയുള്ളൂ. ഊര്‍ജ ഉപയോഗം അറിയാനാണു ഫ്രിഡ്ജിന്റെ പുറത്തു ഒരു വര്‍ഷത്തെ വൈദ്യുതി ഉപയോഗവും മറ്റു വിവരങ്ങളും ഉള്‍പ്പെട്ട ബിഇഇ ലേബല്‍(എനര്‍ജി സേവിങ് ഗൈഡ്) പതിപ്പിച്ചിരിക്കുന്നത്. ചുവന്ന പ്രതലത്തില്‍ അഞ്ചു സ്റ്റാറുകളാണെങ്കില്‍ ഊര്‍ജസംരക്ഷണം കൂടുതലാണെന്നര്‍ഥം. ഫ്രിഡ്ജ് കൂടാതെ ട്യൂബ്ലൈറ്റുകള്‍, ഇലക്ട്രിക് ഗീസര്‍, പമ്പ് സെറ്റുകള്‍, റൂം ഏയര്‍ കണ്ടീഷണറുകള്‍ തുടങ്ങിയവയിലെല്ലാം ലേബലിങ് സംവിധാനമുണ്ട്.

Source - Malayala Manoram

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3217
mod_vvisit_counterYesterday4913
mod_vvisit_counterThis Month97654
mod_vvisit_counterLast Month141147

Online Visitors: 71
IP: 54.198.158.24
,
Time: 16 : 33 : 21