KSEBOA - KSEB Officers' Association

Monday
Apr 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി ബോര്‍ഡിനെ നശിപ്പിക്കരുത്

വൈദ്യുതി ബോര്‍ഡിനെ നശിപ്പിക്കരുത്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
KSEBഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വൈദ്യുതി സ്ഥാപനങ്ങളിലൊന്നായി ഉയര്‍ന്നു വന്ന കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി തീര്‍ത്തും ആശങ്കയുളവാക്കുന്നതാണ്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ശ്രീ. എ.കെ. ബാലന്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് നേട്ടങ്ങള്‍ കൊയ്ത് വൈദ്യുതി ബോര്‍ഡ് മുന്‍നിരയിലെത്തിയത്.

ഉപഭോക്തൃസംതൃപ്തി, ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പ്രസരണ-വിതരണ നഷ്ടം കുറക്കല്‍ തുടങ്ങിയ നിരവധി മേഖലകളില്‍ കേരളത്തിന് മുന്നിലെത്തുവാന്‍ സാധിച്ചു. കേന്ദ്രഗവണ്‍മെന്റിന്റെ അടക്കമുള്ള പുരസ്കാരങ്ങളും നേടി. ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡുകള്‍ കുത്തഴിഞ്ഞുകൊണ്ടിരുന്നപ്പോഴായിരുന്നു കേരളം ഒറ്റക്കെട്ടായി കരുത്ത് കാണിച്ചത്. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വൈദ്യുതി ബോര്‍ഡുകളെ കെട്ടഴിക്കണം എന്നു വാദിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ആ പ്രകടനം. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് അവരെ ഒന്നടങ്കം കോര്‍ത്തിണക്കിക്കൊണ്ടാണ് അന്ന് ഈ മുന്നേറ്റം സാദ്ധ്യമാക്കിയത്. അടിമുടി ചലനാത്മകമായിരുന്നു ബോര്‍ഡിന്റെ അന്നത്തെ പ്രവര്‍ത്തനങ്ങള്‍.
ആ ചലനാത്മകത ഇപ്പോള്‍ മന്ദീഭവിച്ച് ഏതാണ്ട് സ്തംഭനാവസ്ഥയിലേക്ക് പോകുകയാണ്. ഉല്‍പ്പാദന, പ്രസരണ, വിതരണ മേഖലകളിലാകെ ഈ സ്തംഭനാവസ്ഥ ദൃശ്യമാണ്. ഇത് ഒരു വന്‍ തകര്‍ച്ചയിലേക്കായിരിക്കും നമ്മുടെ സ്ഥാപനത്തിനെ കൊണ്ടെത്തിക്കുക. തളര്‍ന്നുവീഴുന്ന ബോര്‍ഡിനെ കൊത്തിക്കീറാനിരിക്കുന്നവരും അവര്‍ക്കുള്ള രഹസ്യ പിന്തുണകളും ഇപ്പോള്‍ എണ്ണത്തില്‍ കുറവല്ലതാനും.

അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന വൈദ്യുതി ആവശ്യം നിറവേറ്റുവാന്‍ നമ്മുടെ മുന്നിലുള്ള പ്രധാന മാര്‍ഗ്ഗം ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ആഭ്യന്തരഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള അനവധി ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് നടപ്പാക്കുകയും തുടങ്ങിവെക്കുകയും ചെയ്തിരുന്നു. കുറ്റ്യാടി അഡീഷനല്‍ എക്സ്റന്‍ഷന്‍, നേര്യമംഗലം എക്സ്റന്‍ഷന്‍, കുറ്റ്യാടി ടെയില്‍ റേസ് തുടങ്ങിയ പദ്ധതികള്‍ കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്താണ് കമ്മീഷന്‍ ചെയ്തത്. 100 മെഗാവാട്ടില്‍ കൂടുതല്‍ ഉള്ള ഒരു ജലവൈദ്യുതി പദ്ധതി ദീര്‍ഘനാളത്തെ ഇടവേളക്കു ശേഷമാണ് കേരളത്തില്‍ കമ്മീഷന്‍ ചെയ്തത് എന്ന പ്രത്യേകതയും കുറ്റ്യാടി അഡീഷണല്‍ എക്സ്റന്‍ഷന്‍ പദ്ധതിക്കുണ്ടായിരുന്നു. പള്ളിവാസല്‍ എക്സ്റന്‍ഷന്‍ (60 മെഗാവാട്ട്), തോട്ടിയാര്‍ (40 മെഗാവാട്ട്), ചാത്തന്‍ കോട്ട് നട, ബാരാപോള്‍, പീച്ചി, പൂഴിത്തോട്, വിലങ്ങാട്, ചെങ്കുളം ഓഗ്മെന്റേഷന്‍ തുടങ്ങിയ പുതിയ പദ്ധതികള്‍ക്കും അന്ന് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതികളുടെയെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണ്. സാങ്കേതിക വിഷയത്തിലടക്കം തീരുമാനങ്ങള്‍ എടുക്കാനുള്ള ബോര്‍ഡ് തലത്തിലെ പ്രാപ്തിക്കുറവാണ് സ്തംഭനാവസ്ഥയുടെ മൂലകാരണം. വൈദ്യുതി പ്രതിസന്ധി, പുതിയ പദ്ധതികള്‍ അനുവദിച്ചു കിട്ടുന്നതിനുള്ള കടമ്പകള്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ പണി തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കാത്തത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.

പ്രസരണരംഗത്തെ സ്ഥിതിയും ഒട്ടും ഭേദമല്ല. ഈ ഗവണ്‍മെന്റിന്റെ ആദ്യ 100 ദിനങ്ങളില്‍ 10 സബ് സ്റേഷനുകള്‍ കമ്മിഷന്‍ ചെയ്തിരുന്നു. അതെല്ലാം കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് പണി പൂര്‍ത്തിയാക്കിയവയായിരുന്നു. അതിനുശേഷം പുതിയ സബ്സ്റേഷനുകള്‍ കമ്മീഷന്‍ ചെയ്യുന്ന കാര്യത്തില്‍ യാതൊരു പുരോഗതിയും ഇല്ല. സതേണ്‍ റീജിയിണല്‍ പവര്‍ കമ്മറ്റി യോഗങ്ങളില്‍ നമ്മുടെ വാദങ്ങള്‍ ഫലപ്രദമായി അവതരിപ്പിച്ച് പി.ജി.സി.ഐ.എല്‍.നെ കൊണ്ട് സംസ്ഥാനത്തിന് ഗുണകരമായ പുതിയ അന്തര്‍ സംസ്ഥാന പ്രസരണ ലൈനുകളുടെ നിര്‍മ്മാണം തുടങ്ങിക്കുന്നതിനും സാധിക്കുന്നില്ല. പ്രസരണരംഗവുമായി ബന്ധമില്ലാത്ത മറ്റ് തീരെ ചെറിയ കാര്യങ്ങള്‍ക്ക് പുറകേ പോകാനാണ് ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് താല്‍പ്പര്യമെന്നും കേള്‍ക്കുന്നു.

വിതരണരംഗത്തെ അവസ്ഥയും പരിതാപകരം തന്നെ. ഏറ്റവും താഴെ തട്ടില്‍ നടക്കുന്ന സെക്ഷന്‍ മീറ്റിങ്ങുകളിലും സണ്‍റൈസ് മീറ്റിങ്ങുകളിലും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ജീവനക്കാരുടെ പരാതികള്‍ കുമിഞ്ഞു കൂടുകയാണ്. വരുവാന്‍ പോകുന്ന കുഴപ്പങ്ങളുടെ സൂചകങ്ങള്‍ തന്നെയാണ് അവരുടെ വാക്കുകള്‍. അപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി പഴക്കം ചെന്ന അലൂമിനിയം കമ്പികള്‍ അഴിച്ചുമാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ ധാരാളം ചെയ്തിരുന്നല്ലോ? ഇപ്പോള്‍ കാണുന്ന കാഴ്ചയോ, പഴകി ദ്രവിച്ച ആ കമ്പികള്‍ ആക്രി സാധനങ്ങളില്‍ നിന്നും ചികഞ്ഞെടുത്ത് ജീവനക്കാര്‍ വീണ്ടും ഫീല്‍ഡിലേക്ക് ഉപയോഗത്തിനായി കൊണ്ടു പോകുന്നതാണ്. സാധന സാമഗ്രികളുടെ ദൌര്‍ലഭ്യം ചൂണ്ടിക്കാണിക്കുവാന്‍ മറ്റൊരു ഉദാഹരണം ആവശ്യമില്ലല്ലോ? പുതിയ ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിക്കുന്നത്, കേടായ മീറ്ററുകള്‍ മാറ്റുന്നത്, മറ്റ് പ്ളാന്‍ വര്‍ക്കുകള്‍ തുടങ്ങി എല്ലാം സ്തംഭനാവസ്ഥയിലാണ്.

അപേക്ഷിച്ചാല്‍ അന്നുതന്നെ കണക്ഷന്‍ എന്നതു മാറി മുഴുവന്‍ പണമടച്ചാല്‍ പോലും കണക്ഷന്‍ ലഭിക്കാന്‍ മന്ത്രിയുടെ ശുപാര്‍ശ കത്തുവേണം എന്ന നിലയിലായിരിക്കുന്നു കാര്യങ്ങള്‍. ആവശ്യമായ തീരുമാനങ്ങള്‍ അതാത് തലങ്ങളില്‍ യഥാസമയം എടുക്കാത്തതാണ് ഇതിനെല്ലാം കാരണം. തീരുമാനങ്ങള്‍ എടുക്കേണ്ടവര്‍ക്കാകട്ടെ, തടിക്കു കേടുപറ്റാതെ നേരത്തേ വീട്ടിലെത്താനാണത്രേ തിടുക്കം. അതുപോലെ തന്നെയാണ് വാഹനങ്ങളുടെ കാര്യവും. വാഹനങ്ങള്‍ ലഭ്യമാക്കാത്തതിനാല്‍ പലപ്പോഴും വൈദ്യുതിതകരാറുകള്‍ പരിഹരിക്കുന്നതിന് കാലതാമസം നേരിടുന്നു. കാലം മാറിപ്പെയ്യുന്ന മഴകാരണം വൈദ്യുതി തടസ്സം പതിവ് സംഭവമായി മാറിയിരിക്കുകയാണ്. വാഹനങ്ങള്‍ നല്‍കാതിരുന്നത് മൂലം കോടിക്കണക്കിന് രൂപയാണ് വൈദ്യുതി ബോര്‍ഡിന് ലാഭം എന്നാണ് വൈദ്യുതി ഭവന്റെ ഇടനാഴികളില്‍ കേള്‍ക്കുന്ന വര്‍ത്തമാനം. ഇക്കണക്കിന് പോയാല്‍ ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തന്നെ എന്നന്നേയ്ക്കുമായി നിര്‍ത്തുന്നതാണ് കൂടുതല്‍ ലാഭകരം എന്ന് അഭിപ്രായവും അനതിവിദൂരഭാവിയില്‍ ഉയര്‍ന്ന വന്നേക്കാം.

പൊതുമേഖലയില്‍ ഒറ്റ സ്ഥാപനമായി നിലനിന്ന് ശക്തിയാര്‍ജിച്ച് വൈദ്യുതിനിയമത്തെ സംസ്ഥാന വൈദ്യുതി ബോര്‍ഡ് വെല്ലുവിളിച്ചപ്പോള്‍ അതില്‍ അഭിമാനിച്ചവരാണ് ബഹുഭൂരിപക്ഷം ആളുകളും. ആശ്ചര്യപ്പെട്ടവരുമുണ്ട്. ചുരുക്കം ചിലര്‍ക്ക് തങ്ങളുടെ അജണ്ട പൊളിഞ്ഞതിലുള്ള ജാള്യം ആയിരുന്നു അന്ന്. അവര്‍ ബോര്‍ഡിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ സന്തോഷിക്കുകയാണ്. അവര്‍ കത്തി മിനുക്കുകയും ചിറി നക്കുകയും ചെയ്യുന്നുമുണ്ട് ഇപ്പോള്‍. ബോര്‍ഡിനെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള ഉത്തരവാദിത്തത്തില്‍ ബോര്‍ഡിലെ ഉന്നതാധികാരികളുടെയും ബഹു. മന്ത്രിയുടെയും അടിയന്തിര ശ്രദ്ധയും ഇടപെടലും തിരുത്തല്‍ നടപടികളും ഉണ്ടാവും എന്നു തന്നെ പ്രതീക്ഷിക്കുന്നു. ബോര്‍ഡിനെ നശിപ്പിക്കുന്നത് എല്ലാവര്‍ക്കും നോക്കിനില്‍ക്കാനാവില്ല എന്നുമാത്രം ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2785
mod_vvisit_counterYesterday3818
mod_vvisit_counterThis Month100301
mod_vvisit_counterLast Month123110

Online Visitors: 51
IP: 107.22.48.243
,
Time: 18 : 37 : 46