KSEBOA - KSEB Officers' Association

Tuesday
Nov 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ജനപക്ഷ ഇടപെടലുകള്‍ അനിവാര്യം

ജനപക്ഷ ഇടപെടലുകള്‍ അനിവാര്യം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Soniya Manmohan Cartoonജൂലൈ 30, 31 തീയതികളില്‍ തുടര്‍ച്ചയായുണ്ടായ ദേശീയ ഗ്രിഡ് തകര്‍ച്ച വരാനിരിക്കുന്ന അന്ധകാരത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ മേഖലയില്‍ പണിയെടുക്കുന്ന വിദഗ്ദ്ധരും പുരോഗമന പ്രസ്ഥാനങ്ങളും ഈ തകര്‍ച്ച മുന്‍കൂട്ടി ചൂണ്ടിക്കാട്ടിയിരുന്നു.

വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി കമ്മി, താങ്ങാനാവാത്ത വൈദ്യുതി നിരക്കുകള്‍, സാമ്പത്തികമായി തകര്‍ന്ന വൈദ്യുതി സ്ഥാപനങ്ങള്‍, സബ്സിഡി ഭാരത്താല്‍ വീര്‍പ്പുമുട്ടുന്ന സംസ്ഥാന ഗവണ്‍മെന്റുകള്‍, വൈദ്യുതി ഇനിയും കിട്ടാക്കനിയായ 40 കോടി ജനങ്ങളും നാല്പതിനായിരത്തിലധികം ഗ്രാമങ്ങളും, കിട്ടാക്കടം പെരുകുന്ന സാമ്പത്തിക സ്ഥാപനങ്ങള്‍; ഇതാണ് ഇന്ത്യന്‍ വൈദ്യുതി മേഖലയുടെ ഇന്നത്തെ പൊതുചിത്രം. ഇതിനൊരറുതി വരുത്താന്‍ ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ ജനങ്ങളുടെ പിന്തുണയോടെ ക്രിയാത്മക നിര്‍ദ്ദേശങ്ങളുമായി മുന്നിട്ടിറങ്ങേണ്ടതുണ്ട്.

നഷ്ടങ്ങളുടെ ഈ ചിത്രത്തിന് കൊള്ളലാഭത്തിന്റേതായ മറുവശം കൂടിയുണ്ടെന്ന് സി.എ.ജി.യുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകളും സി.ഇ.ആര്‍.സി.യുടെ ഏറ്റവും ഒടുവിലത്തെ ഇടപെടലുകളും വ്യക്തമാക്കുന്നു. അമൂല്യമായ പ്രകൃതി വിഭവങ്ങള്‍ നിയമ വാഴ്ചയെ വെല്ലുവിളിച്ചു കൊണ്ട് സ്വകാര്യലാഭത്തിനായി വിട്ടുകൊടുത്തതിന്റെ ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങളാണ് കല്ക്കരിഖനികള്‍ അനുവദിച്ചതും അള്‍ട്രാമെഗാ വൈദ്യുത പദ്ധതികള്‍ (യു.എം.പി.പി.) റിലയന്‍സിന് അനുവദിച്ചതും സംബന്ധിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

1973ല്‍ കല്ക്കരി ഖനികള്‍ ദേശസാല്ക്കരിക്കാന്‍ ശ്രീമതി ഇന്ദിരാഗാന്ധി കൊണ്ടുവന്ന നിയമം ഭാഗികമായി ഭേദഗതി ചെയ്തുകൊണ്ടാണ് "2012ല്‍ എല്ലാവര്‍ക്കും വൈദ്യുതി'' എന്ന ലക്ഷ്യം കൈവരിക്കുന്നതിനെന്ന പേരില്‍ വൈദ്യുതി ഉല്പാദനത്തിനായി ക്യാപ്റ്റീവ് അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയ്ക്ക് കല്ക്കരിഖനികള്‍ വന്‍തോതില്‍ അനുവദിച്ചു തുടങ്ങിയത്. രാജ്യത്തെ കല്ക്കരി നിക്ഷേപത്തിന്റെ (ആകെ 2,85,863 മില്ല്യണ്‍ടണ്‍; ഇതില്‍ 1,14,002 മില്ല്യണ്‍ടണ്‍ തെളിയിക്കപ്പെട്ടതും ബാക്കി പ്രതീക്ഷിക്കുന്നതുമാണ്) വലിയൊരു പങ്കും (44,440 മില്ല്യണ്‍ ടണ്‍) ഇതിനകം ക്യാപ്ടീവ് ഉപയോഗത്തിനായി വിട്ടുകൊടുത്തു കഴിഞ്ഞു.

സ്വകാര്യമേഖലയ്ക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ വിട്ടുകൊടുത്ത കല്ക്കരിഖനികള്‍ ഉപയോഗപ്പെടുത്തി വൈദ്യുതോല്പാദനം നടത്തിയ സ്വകാര്യ ഉല്പാദകര്‍ ഉയര്‍ന്ന വിലയ്ക്ക് കമ്പോളത്തില്‍ വൈദ്യുതി മറിച്ചു വിറ്റു നേടിയ ലാഭത്തിന്റെ കണക്കുകള്‍ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. റിലയന്‍സിന് നല്‍കിയ സൌജന്യത്തിലൂടെ 29,000 കോടി രൂപയുടെ നേട്ടമാണ് അവര്‍ക്കുണ്ടാകുന്നത്. ജിന്‍ഡാല്‍ തുടങ്ങിയുള്ള നിരവധി സ്വകാര്യ ഉല്പാദകര്‍ നേടിയ സാമ്പത്തിക ലാഭവും ചര്‍ച്ചയായിട്ടുണ്ട്. ഒരു ഭാഗത്ത് പൊതുമേഖലാ വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ സൌജന്യമായി ലഭിച്ച കല്‍ക്കരിപ്പാടങ്ങള്‍ ഉപയോഗപ്പെടുത്തി വന്‍വിലയ്ക്ക് വൈദ്യുതി വിറ്റ് സ്വകാര്യ ഉല്പാദകര്‍ കൊള്ളലാഭം നേടുകയായിരുന്നു.

ഉല്പാദകര്‍ മാത്രമല്ല കമ്പോളത്തില്‍ ഇടപെട്ട് ഇടനിലക്കാരും കൊള്ളലാഭം നേടുന്നുവെന്നും അത്തരക്കാരെ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണം ആവശ്യമുണ്ടെന്നുമാണ് സി.ഇ.ആര്‍.സി. ഇപ്പോള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പരിഷ്കരണങ്ങളുടെ മറവില്‍ രാജ്യം തന്നെ കൊള്ള ചെയ്യപ്പെടുന്ന ഈ സ്ഥിതിക്ക് മാറ്റം വരണമെങ്കില്‍ വസ്തുതകള്‍ യഥാസമയം വിശകലനം ചെയ്യുവാനും ജനങ്ങള്‍ക്ക് യഥാര്‍ത്ഥ വിവരങ്ങള്‍ ലഭ്യമാക്കുവാനും പര്യാപ്തമായ സംവിധാനങ്ങള്‍ കൂടിയേ കഴിയൂ.
ഇന്ത്യയിലെ സുസംഘടിതമായിരുന്ന വൈദ്യുതിമേഖല കമ്പോള ശക്തികള്‍ക്ക് വിധേയമാക്കുന്നതിനുവേണ്ടി നടത്തിയ അഴിച്ചുപണികളാണ് ഇന്നത്തെ അരാജകാവസ്ഥയുടെ അടിസ്ഥാന കാരണം. ഇതില്‍ നിന്ന് വ്യത്യസ്ഥമായ ഒരു സമീപനമാണ് കേരളം സ്വീകരിച്ചിരുന്നത്. വിഭജനവും സ്വകാര്യവല്കരണവും ഒഴിവാക്കുമ്പോള്‍ തന്നെ രാജ്യത്തിന് മാതൃകയാവുന്ന നേട്ടങ്ങള്‍ കൈവരിക്കാനും അതുവഴി കെ.എസ്.ഇ.ബി.യ്ക്ക് കഴിഞ്ഞു. വൈദ്യുതി നിയന്ത്രണങ്ങള്‍ ഒഴിവാക്കിയും, സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തിയും മികച്ച നേട്ടങ്ങള്‍ ഉല്പാദന പ്രസരണ വിതരണമേഖലകളില്‍ കേരളം കൈവരിച്ചു. സമ്പൂര്‍ണ്ണ വൈദ്യുതീകരണം, പ്രസരണവിതരണ നഷ്ടം കുറച്ചു കൊണ്ടുവരല്‍, ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പുവരുത്തല്‍ തുടങ്ങി ഒട്ടനവധി മേഖലകളില്‍ അസൂയാര്‍ഹമായ നേട്ടങ്ങള്‍ നമുക്ക് കൈവരിക്കാന്‍ കഴിഞ്ഞു. ഈ ബദല്‍ മാതൃകയുടെ വിജയം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ഭാവനാശൂന്യമായ നടപടികളിലൂടെ (അഥവാ ജഢാവസ്ഥയിലെന്നവണ്ണം നടപടികളൊന്നും സ്വീകരിക്കാതെ) ഈ നേട്ടങ്ങളെല്ലാം വിസ്മൃതിയിലാകുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. നേട്ടങ്ങളുടെ കൊടുമുടിയില്‍ നിന്നും അഗാധഗര്‍ത്തത്തിലേക്കുള്ള ഈ അതിവേഗ വീഴ്ച എന്തുവില കൊടുത്തും തടയേണ്ടതുണ്ട്. ഇതിനാവശ്യമായ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കേണ്ടതുമുണ്ട്.

വൈദ്യുതോര്‍ജ്ജ മേഖല നിരവധി വെല്ലുവിളികളിലൂടെയാണ് ഇന്ന് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ഫോസില്‍ ഇന്ധനങ്ങള്‍ ആശ്രയിച്ചുള്ള വൈദ്യുതോല്പാദനത്തെ സാരമായി ബാധിക്കുകയാണ്. ഭാവിയിലേക്കുള്ള ഊര്‍ജ്ജ രൂപമെന്ന് പ്രതീക്ഷയര്‍പ്പിച്ചിരുന്ന ആണവ വൈദ്യുതി നിരവധി പ്രശ്നങ്ങളാല്‍ പുരോഗതിയാര്‍ജ്ജിക്കുന്നില്ല. ബദല്‍ ഊര്‍ജ്ജസ്രോതസ്സുകളെന്ന നിലയ്ക്ക് പ്രോത്സാഹിപ്പിക്കപ്പെടുന്ന കാറ്റ്, സൌരോര്‍ജ്ജം, മറ്റ് പാരമ്പര്യേതര ഊര്‍ജ്ജ രൂപങ്ങള്‍ എന്നിവയെല്ലാം മുഖ്യധാരയിലേക്ക് വരാന്‍ ഇനിയും ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. താരതമ്യേന മാലിന്യ മുക്തമെന്നവകാശപ്പെടുന്ന പ്രകൃതിവാതകത്തിന്റെ ലഭ്യതയുടെയും വിലയുടെയും പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. പൂര്‍ണ്ണമായും മാലിന്യമുക്ത വൈദ്യുതോല്പാദന മാര്‍ഗ്ഗമായ ജലവൈദ്യുതി വികസനമാകട്ടെ അന്ധമായ പരിസ്ഥിതി വാദങ്ങളാല്‍ തടസ്സപ്പെട്ടിരിക്കുന്നു. ഊര്‍ജ്ജ വിഭവങ്ങളുടെ കാര്യത്തില്‍ കടുത്ത കമ്മി അനുഭവപ്പെടുന്ന കേരളത്തിന്റെയും ഇന്ത്യയുടെയും ഊര്‍ജ്ജസുരക്ഷ കടുത്ത ഭീഷണി നേരിടുകയാണ്. ഊര്‍ജ്ജ വിഭവങ്ങളുടെ വന്‍തോതിലുള്ള ഇറക്കുമതി ആശ്രയിച്ചുള്ള വികസനം കമ്പോളത്തിലെ ഊഹക്കച്ചവടക്കാരുടെയും ആഗോള രാഷ്ട്രീയ ബലാബലത്തിന്റെയും പിടിയില്‍ അമര്‍ന്നു പോകുമെന്ന സ്ഥിതിയുണ്ട്. ഈ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെയും കേരളത്തിന്റെയും സുസ്ഥിര വികസനവും ഊര്‍ജ്ജ സുരക്ഷയും ഉറപ്പുവരുത്തുന്നതിന് നിരവധി മുന്‍കൈകള്‍ ആവശ്യ മുണ്ട്.
പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതില്‍ കേരളത്തിലേയും ഇന്ത്യയിലേയും വൈദ്യുതി മേഖല വളരയേറെ പിന്നിലാണ്. പ്രസരണവിതരണ ശൃംഖലയില്‍ സ്ഥിരസ്വഭാവമില്ലാത്ത (ഇന്‍-ഫേം) പാരമ്പര്യേതര ഊര്‍ജ്ജ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച സേവനം ഉറപ്പു വരുത്തുന്നതിനും സ്മാര്‍ട്ട് ഗ്രിഡ് എന്ന സങ്കല്പം വിപുലമായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ നിലവിലുള്ള ശൃംഖല ആധുനികവല്കരിച്ചു കൊണ്ടല്ലാതെ അപ്രകാരമൊരു കുതിച്ചു ചാട്ടത്തിന് നമുക്കാവില്ല. സൌരോര്‍ജ്ജ വൈദ്യുതിയുടെ വികേന്ദ്രീകൃത ഉല്പാദനവും അവ ഗ്രിഡിലേക്ക് ഘടിപ്പിക്കലും അടിയന്തിര സ്വഭാവത്തോടെ ഏറ്റെടുക്കേണ്ടതുണ്ട്. വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം വ്യാപകമാക്കി കാര്യക്ഷമതയും സേവനനിലവാരവും മെച്ചപ്പെടുത്തേണ്ടതുണ്ട്. നൂതനമായ ഒട്ടേറെ ആശയങ്ങള്‍ വിവിധതലങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്നത് പരിശോധിക്കാനും സ്വീകരിക്കേണ്ടവ സ്വീകരിക്കാനും സചേതനമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്.

വൈദ്യുതി മേഖലയുടെ നയരൂപീകരണ നിയമനിര്‍മ്മാണ രംഗങ്ങളില്‍ സജീവമായ ഇടപെടലിന് വൈദ്യുതി റഗുലേറ്ററി കമ്മീഷനുകളുടെ രൂപീകരണം സഹായകരമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. റഗുലേറ്ററി കമ്മീഷനുകള്‍ നിയമം സൃഷ്ടിച്ച ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുമ്പോള്‍ തന്നെ ഒട്ടേറെ ക്രിയാത്മകമായ നടപടികള്‍ക്ക് വഴിവെക്കാന്‍ പ്രസ്തുത സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് കാണുന്നത്. പലപ്പോഴും വന്‍കിട ഉപഭോക്താക്കളുടേയും സ്വകാര്യ ഉല്പാദകരുടെയും വാദങ്ങള്‍ മാത്രമാണ് റഗുലേറ്ററി കമ്മീഷനുകള്‍ക്ക് മുന്നില്‍ വരുന്നത്. ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ള വാദങ്ങള്‍ ഒറ്റപ്പെട്ട ശബ്ദങ്ങളായി അവശേഷിക്കുകയാണ്. റഗുലേറ്ററി സംവിധാനത്തില്‍ ഫലപ്രദമായി ഇടപെടാന്‍ ഒട്ടേറെ വിവരശേഖരണവും പഠനവും ആവശ്യമാണ്.

വിവരശേഖരണത്തിനും പഠനത്തിനും ഗവേഷണത്തിനും വിശകലനത്തിനുമെല്ലാമൊപ്പം പ്രാധാന്യമുള്ളതാണ് അവയുടെ ഫലങ്ങള്‍ സമൂഹത്തിനാകെ പ്രയോജനകരമാംവിധം വിന്യസിക്കുകയെന്നത്. പഠനഫലങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ അതുകൊണ്ട് തന്നെ പ്രാധാന്യമേറിയതാണ്.
നാം രൂപം കൊടുക്കുന്ന പഠനഗവേഷണ കേന്ദ്രം അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ട ഏതാനും ചില മേഖലകള്‍ ചൂണ്ടിക്കാട്ടുകമാത്രമാണ് മുകളില്‍ ചെയ്തിട്ടുള്ളത്. സമൂഹത്തിനാകെ പ്രയോജനകരമാംവിധം അത് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ഉപദേശ-നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുകയാണ്. വൈദ്യുതി മേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശരിയായ ദിശാബോധം നല്കുന്ന ശ്രദ്ധേയമായ സംഭാവനകള്‍ നല്കാന്‍ നമ്മുടെ കൂട്ടായ പ്രയത്നത്തിലൂടെ കഴിയുക തന്നെ ചെയ്യും.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1955
mod_vvisit_counterYesterday4047
mod_vvisit_counterThis Month88186
mod_vvisit_counterLast Month157088

Online Visitors: 77
IP: 54.80.146.251
,
Time: 11 : 37 : 51