
മുമ്പ് കൊട്ടിഘോഷിച്ചുനടന്ന ജിമ്മിന് സംഭവിച്ചതിനപ്പുറം മറ്റെന്തെങ്കിലും ഉണ്ടാകുമോ? വലിയ നിക്ഷേപ വാഗ്ദാനങ്ങള്‍ ജിമ്മിലുമുണ്ടായിരുന്നു. പക്ഷേ കാര്യമായൊന്നും സംഭവിച്ചില്ല. പക്ഷേ ജിമ്മില്‍ നിന്ന് എമര്ജിങ്ങിലെത്തിയപ്പോഴേക്കും സംഗതികള്‍ മൊത്തത്തില്‍ മാറിയിട്ടുണ്ട്. മുമ്പ് റിയല്‍ എസ്റേറ്റ് ബിസിനസ്സാണ് ഉദ്ദേശമെന്ന് തറപ്പിച്ച് പറയാന്‍ പലരും മടിച്ചിരുന്നു. ഇപ്പോള്‍ ആ മടി മാറിയിരിക്കുന്നു. ജിമ്മില്‍ ചര്‍ച്ച ചെയ്യപ്പെട്ടതില്‍ കുറച്ച് പദ്ധതികളെങ്കിലും ഉല്‍പ്പാദന മേഖലയില്‍ നിന്നായിരുന്നു. ഇത്തവണ അത്തരത്തില്‍ ഉല്‍പ്പന്ന ഉല്പാദനം സംബന്ധിച്ച പദ്ധതികളെക്കുറിച്ചൊന്നും ചര്‍ച്ചകളില്‍ കേള്‍ക്കുന്നില്ല. തകരുന്ന കാര്‍ഷിക വ്യാവസായിക മേഖലകളെ കാണാനോ അത്തരം മേഖലകള്‍ക്ക് പുതുജീവന്‍ നല്‍കാനോ ഉള്ള യാതൊരു ശ്രമവും എമര്‍ജിങ്ങ് കേരളയില്‍ ഉണ്ടായില്ല. വൈദ്യുതി വികസനം അടക്കമുള്ള പ്രാഥമിക പശ്ചാത്തല മേഖലകളുടെ വളര്‍ച്ചയും ചര്‍ച്ച ചെയ്യപ്പെട്ടില്ല.
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, മാളുകള്‍, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മള്‍ട്ടിസ്പെഷ്യാലിറ്റി ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങിയ സേവന വാണിജ്യമേഖലകളെ കേന്ദ്രീകരിച്ചാണ് എമര്‍ജിങ്ങ് കേരളയിലെ ബഹുഭൂരിപക്ഷം പദ്ധതികളും ഉയര്‍ന്നുവന്നത്. ഇത്തരം മേഖലയില്‍ സര്‍ക്കാര്‍ ഇടപെടലില്ലാതെതന്നെ വലിയ മുതല്‍മുടക്ക് കേരളത്തില്‍ ഉണ്ടാകുന്നുണ്ട്. സര്‍ക്കാര്‍ ഭൂമി കൂടി ലഭ്യമാകുന്നതോടെ കച്ചവടം പൊടിപൊടിക്കാതിരിക്കുമോ? യഥാര്‍ത്ഥത്തില്‍ വികസനത്തിന്റെ ഈ ദിശ മാറ്റിമറിക്കാനാണ് സര്‍ക്കാര്‍ ഇടപെടേണ്ടത്.
ഉപഭോഗകേന്ദ്രീകൃതമായ നമ്മുടെ സമ്പദ്ഘടനയെ ഉല്പാദനത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരലാണ് അനിവാര്യം. എന്നാല്‍ അതൊന്നും തങ്ങളുടെ അജണ്ടയല്ല എന്ന തുറന്ന പ്രഖ്യാപനമാണ് ഉണ്ടായത്, അതുതന്നെയാണ് എമര്‍ജിങ്ങ് കേരളയുടെ ബാക്കിപത്രം.