KSEBOA - KSEB Officers' Association

Monday
May 01st
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അതിവേഗം ഇരുളിലേക്കോ...... ?

അതിവേഗം ഇരുളിലേക്കോ...... ?

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Darkness"മഴ കുറഞ്ഞു. ചില നിയന്ത്രണങ്ങള്‍ താല്ക്കാലികമായി ഏര്‍പ്പെടുത്തി. മുന്‍പും ഇതൊക്കെ കേരളത്തില്‍ നടന്നിട്ടുണ്ട്...'' ഈ നിലയ്ക്കു പോകുകയാണ് വൈദ്യുതി നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങള്‍. എന്നാല്‍ ഈ ലളിതയുക്തി ഉന്നയിക്കുന്നവര്‍ മറച്ചു വയ്ക്കുന്ന ഒരു വസ്തുതയുണ്ട്. മഴ ചതിക്കും മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2011 ഡിസംബര്‍ 31ന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീന് മുന്‍പില്‍ സമര്‍പ്പിച്ച എ.ആര്‍.ആര്‍.-ഇ.ആര്‍.സി പെറ്റീഷനില്‍, 2012-13 സാമ്പത്തിക വര്‍ഷത്തിലെ വൈദ്യുതി ആവശ്യകതയുടെ 80 ശതമാനം മാത്രമേ നിറവേറ്റാന്‍ കഴിയൂ എന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കിയിരുന്നു. 2012-13ല്‍ മുഴുനീളം നീണ്ടു നില്ക്കുന്ന നിയന്ത്രണങ്ങള്‍ വേണമെന്ന് ഒരു വര്‍ഷം മുന്‍പ് സമര്‍പ്പിച്ച ഈ പെറ്റീഷനില്‍ കെ.എസ്.ഇ.ബി. ആവശ്യവുമുന്നയിച്ചിരുന്നു. പ്രതിസന്ധി താല്ക്കാലികമോ അപ്രതീക്ഷിതമോ അല്ല; മറിച്ച് ആഴത്തിലുള്ളതും നീണ്ടു നില്‍ക്കുന്നതുമാണെന്ന് വ്യക്തം.

ഈ സാഹചര്യം മറികടക്കുന്നതിന് അടിയന്തര നടപടികളും ദീര്‍ഘവീക്ഷണത്തോടുകൂടിയ പരിപാടികളും ആവശ്യമാണ്. വൈദ്യുതി ബോര്‍ഡും ഗവണ്‍മെന്റും ഈ നിലയ്ക്ക് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്നറിയാന്‍ സ്വാഭാവികമായും എല്ലാവര്‍ക്കും താല്പര്യമുണ്ട്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ സാമ്പത്തിക പ്രയാസം മറികടക്കുന്നതിനുള്ള ചില താല്കാലിക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതിനപ്പുറം യാതൊരു ക്രിയാത്മക നടപടികളും ഇനിയും ബോര്‍ഡ് സ്വീകരിച്ചു കാണുന്നില്ല.
ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നില്ല എന്നതുപോകട്ടെ, മുന്‍പ് ദീര്‍ഘവീക്ഷണത്തോടെ രൂപം കൊടുത്ത പരിപാടികളൊന്നൊന്നായി നിഷ്ക്രിയതയിലൂടെ തകിടം മറിക്കുക കൂടിയാണ് ബോര്‍ഡ്. ഇപ്പോള്‍ റഗുലേറ്ററി കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ച അപേക്ഷയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള ഉത്തരവും അതാണ് വ്യക്തമാക്കുന്നത്.
റഗുലേറ്ററി കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മഴക്കുറവു മൂലം ഉളവായ പ്രതിസന്ധി മറികടക്കുന്നതിന് കുറച്ച് പണം ആവശ്യമാണെന്ന സമീപനമാണ് കാണാന്‍ കഴിയുന്നത്. പണം കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗമായി വൈദ്യുതിയുടെ ഉയര്‍ന്ന വില നല്‍കാന്‍ തയ്യാറാകുന്നവര്‍ക്ക് ആവശ്യമുള്ളത്ര വൈദ്യുതി നല്കാമെന്ന നിര്‍ദ്ദേശവും ബോര്‍ഡ് മുന്നോട്ട് വച്ചു. നിരക്ക് വര്‍ദ്ധനവ് നിലവില്‍ വന്ന സാഹചര്യത്തില്‍ വൈദ്യുതിയുടെ വിലയുമായി ബന്ധപ്പെടുത്തിയ നിര്‍ദ്ദേശം നിയമപരമായി നില നില്ക്കില്ല എന്നതിനാല്‍, റഗുലേറ്ററി കമ്മീഷന്‍ പിഴ ഈടാക്കി പണം കണ്ടെത്താനുള്ള ഉത്തരവും പുറപ്പെടുവിച്ചു.

എന്നാല്‍ പണമുണ്ടായാലും ആവശ്യത്തിനുള്ള വൈദ്യുതി ലഭ്യമാക്കാന്‍ കഴിയില്ല എന്ന് അപേക്ഷയിലെ കണക്കുകള്‍ സൂഷ്മമായി പരിശോധിച്ചാല്‍ കാണാന്‍ കഴിയും. ജലവൈദ്യുത നിലയങ്ങളില്‍ നിന്നുള്ള ഉല്പാദനം പ്രതീക്ഷിക്കുന്നത് പ്രതിദിനം ശരാശരി 12 ദശലക്ഷം യൂണിറ്റ് എന്ന തോതിലാണ് കേന്ദ്ര നിലയങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത് പ്രതിദിനം 26 ദശലക്ഷം വീതം. കേന്ദ്രനിലയങ്ങളില്‍ നിന്നുള്ള വിഹിതം വെട്ടിക്കുറച്ചതിനു ശേഷമുള്ള കണക്കാണിത്. കൂടംകുളം നിലയം 2012 ഡിസംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് ബോര്‍ഡ് കണക്കാക്കുന്നു. ഫലത്തില്‍ കൂടംകുളം വൈകിയാല്‍ ലഭ്യതയില്‍ 2.5 ദശലക്ഷം വീണ്ടും കുറവു വരും. കേരളത്തിലെ വിവിധ താപനിലയങ്ങളില്‍ നിന്നുമായി അധിക വില നല്കിയാല്‍ ലഭ്യമാകുന്നത് 8 മുതല്‍ 9 ദശലക്ഷം യൂണിറ്റ് വരെ. ആകെ ലഭ്യത 44 മുതല്‍ 47 ദശലക്ഷം യൂണിറ്റ് വരെ. പ്രതിദിന വൈദ്യുതി ആവശ്യകത ആകട്ടെ 55 മുതല്‍ 62 ദശലക്ഷം യൂണിറ്റ് വരെ എന്നും കണക്കാക്കിയിരിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രതിദിന ആവശ്യകത തന്നെ 56 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുന്നു. 2012 മാര്‍ച്ചില്‍ തന്നെ പരമാവധി വൈദ്യുത ആവശ്യകത 63.5 ദശലക്ഷം യൂണിറ്റ് വരെ രേഖപ്പെടുത്തിയിട്ടുമുണ്ട്. പരീക്ഷാക്കാലമാവുമ്പോള്‍ ലോഡ് ഷെഡ്ഡിങ്ങ് ഒഴിവാക്കേണ്ടിവന്നാല്‍ ബോര്‍ഡ് കണക്കാക്കിയ ആവശ്യകതയിലും അധികം വൈദ്യുതി വേണ്ടി വരികയും ചെയ്യും. ഈ ആവശ്യകത ആകെ, കമ്പോളത്തില്‍ നിന്നും വൈദ്യുതി വാങ്ങി നിറവേറ്റും എന്നാണ് ബോര്‍ഡ് അവകാശപ്പെടുന്നത്. പ്രതിദിനം 13 ദശലക്ഷം യൂണിറ്റ് ഇങ്ങിനെ കണ്ടെത്തുമെന്ന് പറയുന്നുണ്ടെങ്കിലും അതിനുള്ള കരാറോ വൈദ്യുതി കൊണ്ടു വരാനുള്ള കോറിഡോറോ ഇല്ല എന്നും ബോര്‍ഡ് ഭംഗ്യന്തരേണ വ്യക്തമാക്കുന്നുണ്ട്. ഫലത്തില്‍ വൈദ്യുതിക്ക് ഉയര്‍ന്ന വില ആവശ്യപ്പെട്ടാല്‍ അത് നല്കാന്‍ ശേഷിയില്ലാത്തവര്‍ ഉപയോഗം കുറയ്ക്കും എന്നതിലാണ് ബോര്‍ഡിന്റെയും റഗുലേറ്ററി കമ്മീഷന്റെയും യഥാര്‍ത്ഥപ്രതീക്ഷ എന്നു കാണാന്‍ പ്രയാസമില്ല.

നാം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നം വൈദ്യുതി ഇല്ലായ്മയാണ്. മഴ സാധാരണ നിലയ്ക്ക് പെയ്താലും വരും വര്‍ഷങ്ങളില്‍ അത് തുടരും. മറ്റ് സംസ്ഥാനങ്ങളെ മറികടന്ന് ലഭ്യമായ പ്രസരണ കോറിഡോര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ (തട്ടിയെടുക്കാന്‍) മിടുക്ക് കാട്ടിയാല്‍ താല്ക്കാലികമായി ആശ്വാസം കൈവരിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ യഥാര്‍ത്ഥ പ്രതിസന്ധി മറികടക്കാന്‍ കുറുക്കുവഴികളോ എളുപ്പമാര്‍ഗ്ഗങ്ങളോ ഇല്ല. നമുക്കാവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക മാത്രമാണ് സാധ്യമായ പോംവഴി. അമിത ഉപയോഗവും ആര്‍ഭാടവും ഒഴിവാക്കാന്‍ വൈദ്യുതി സംരക്ഷണത്തിനുള്ള ശ്രമങ്ങളും അനിവാര്യം. ഈ വഴിക്ക് ബോര്‍ഡും ഗവണ്‍മെന്റും എന്താണ് ചെയ്യുന്നത്. അടിയന്തരമായി ഊര്‍ജ്ജ സംരക്ഷണ പരിപാടികള്‍ക്ക് തുടക്കം കുറിക്കണമെന്ന് റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടതിന് ശേഷവും ബോര്‍ഡ് ഇരുട്ടില്‍ തപ്പുകയാണെന്ന് അപേക്ഷയില്‍ നിന്നും തന്നെ വ്യക്തം.

വൈദ്യുതി ഉല്പാദനരംഗത്തെ അനാസ്ഥയും കെടുകാര്യസ്ഥതയും ബൈതരണി കല്ക്കരിപ്പാടം റദ്ദാക്കിയ കേന്ദ്ര നടപടിയിലൂടെ തന്നെ വ്യക്തമാണ്. 2011ല്‍ ചീമേനിയില്‍ കല്ക്കരി നിലയം സ്ഥാപിക്കാനാവില്ല എന്ന് വ്യക്തമായതിന് ശേഷം മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഗൌരവമായി പരിശോധിക്കാന്‍ ഗവണ്‍മെന്റോ ബോര്‍ഡോ തയ്യാറായിരുന്നില്ല. കല്‍ക്കരിപ്പാട വികസനത്തിന് "ചീഏീ'' നിര്‍വ്വചനം നല്കി കേന്ദ്ര കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് ഉയര്‍ത്തിയ തടസ്സം 2011 ഓടെ മറികടന്നെങ്കിലും തുടര്‍ന്ന് വനം പരിസ്ഥിതി അനുമതികള്‍ക്ക് അപേക്ഷ നല്കാന്‍ പോലും ബോര്‍ഡ് ഗവണ്‍മെന്റും തയ്യാറായിട്ടില്ല. ഫലമോ കേരളത്തിന് ഏറ്റവും സ്വാധീനം ചെലുത്താന്‍ കഴിയുന്ന സാഹചര്യം ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്തിന് ഭീമമായ നഷ്ടം വരുത്തുമാറ് കല്ക്കരി ഖനി അനുമതി കേന്ദ്ര ഗവണ്‍മെന്റ് റദ്ദാക്കിയിരിക്കുന്നു. വൈദ്യുതി ഉല്പാദനത്തിന് മറ്റ് ഇന്ധനസ്രോതസ്സുകള്‍ ലഭ്യമല്ലാത്ത കേരളത്തിന് അവകാശപ്പെട്ട കല്ക്കരി കനി കഴിഞ്ഞ 2 വര്‍ഷങ്ങളിലെ തികഞ്ഞ അനാസ്ഥയുടെ ഫലമായി നഷ്ടപ്പെട്ടിരിക്കുന്നു. 2007ല്‍ അനുവദിച്ച കല്ക്കരിപ്പാടങ്ങളില്‍ ഏറ്റവുമാദ്യം നിര്‍ദ്ദിഷ്ട ടാര്‍ജറ്റുകള്‍ പൂര്‍ത്തീകരിക്കാന്‍ 2010-11 വരെ കേരളത്തിന് കഴിഞ്ഞിരുന്ന സ്ഥാനത്തു നിന്നാണ് ദയനീയമായ ഈ വീഴ്ച സംഭവിച്ചിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിന്റെ ഭാവി ഇരുട്ടിലാഴ്ത്തുന്നതാണ് ഈ സംഭവവികാസങ്ങള്‍.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍, അതിവേഗം ഉല്പാദനം ആരംഭിക്കാന്‍ കഴിയുന്ന കാറ്റാടി- സൌരോര്‍ജ്ജ പദ്ധതികള്‍ സംബന്ധിച്ച് ആശയകുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മാത്രമാണ് ഭരണാധികാരികള്‍ വിജയിക്കുന്നത്. കാറ്റാടി പദ്ധതികള്‍ സ്ഥാപിക്കുന്നതില്‍ 2008-10 കാലയളവില്‍ അതിവേഗം പുരോഗതി നേടിയെങ്കില്‍ ആദിവാസി ഭൂമിസംബന്ധിച്ച് അടിസ്ഥാന രഹിതമായ ആരോപണമുയര്‍ത്തി തടസ്സം സൃഷ്ടിച്ചവര്‍ അധികാരത്തിലെത്തി തെറ്റ് സമ്മതിച്ചെങ്കിലും, പദ്ധതി മുടങ്ങിത്തന്നെ കിടക്കുന്നു. സൌരോര്‍ജ്ജ വൈദ്യുതി അതിവേഗം വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്പാദനത്തിന് പരിഗണിക്കാവുന്ന നിലയിലേക്കെത്തുകയാണ്.

2013-14ലേക്ക് സൌരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് യൂണിറ്റിന് 7.87 രൂപയായാണ് കേന്ദ്ര റഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സൌരോര്‍ജ്ജ വൈദ്യുതിയുടെ ഉപയോഗത്തിന് വിവിധ സാധ്യതകളാണ് ഇത് സൃഷ്ടിക്കുന്നത്. നാം വാങ്ങുന്ന താപ വൈദ്യുതിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യത തുറന്നു കിട്ടുന്നു എന്നത് അത്തരം ഒരു സാധ്യത മാത്രം. നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ 8 രൂപയും 15 രൂപയും യൂണിറ്റിന് പിഴ നല്കേണ്ടിവരുന്ന വിവിധ വിഭാഗം ഉപഭോക്താക്കള്‍ക്ക് ഇത് സൃഷ്ടിക്കുന്നത് തികച്ചും വ്യത്യസ്ഥമായ ഒരു സാധ്യതയാണ്. ഈ സാഹചര്യത്തെ നമ്മുടെ വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള ഒരു സാധ്യതയാക്കി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇവിടെയും തട്ടിപ്പ് കമ്പനികളുടെ പിന്നാലെ പോയി ആശയക്കുഴപ്പം ഉണ്ടാക്കുന്നതിലോ മറ്റ് സാധ്യതകള്‍ തേടുന്നതിലോ ഒക്കെയാണ് അധികാരികള്‍ക്ക് താല്പര്യം. കൊറിയന്‍ കമ്പനി സ്ഥാപിക്കുമെന്നവകാശപ്പെടുന്ന 300 മെഗാവാട്ട് സൌരോര്‍ജ്ജ വൈദ്യുതിയുടെ പിന്നാമ്പുറക്കഥകള്‍ വിവിധ പത്രമാധ്യമങ്ങള്‍ ആഘോഷിക്കുന്നതിലേക്കെത്തിയിരിക്കുന്നു ഈ രംഗത്തെ നേട്ടം.

ഊര്‍ജ്ജ സംരക്ഷണപ്രവര്‍ത്തനം ഏറ്റെടുക്കുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ ആവശ്യമായ നടപടികള്‍ ഇനിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. തെരുവു വിളക്കുകള്‍ കാര്യക്ഷമത കൂടിയ ഉപകരണങ്ങളിലേക്ക് മാറാന്‍ ആവശ്യമായ താരിഫ് ഇന്‍സെന്റീവുകള്‍ റഗുലേറ്ററി കമ്മീഷന്‍ ഏര്‍പ്പെടുത്തിയെങ്കിലും ഫലപ്രദമായി അവ ഉപയോഗപ്പെടുത്താന്‍ ഇനിയും നടപടികളൊന്നുമില്ല. കാര്യക്ഷമത കുറഞ്ഞ സാധാരണ ബള്‍ബുകള്‍ നിരുത്സാഹപ്പെടുത്തുന്നതിനും പൊതുവില്‍ ഊര്‍ജ്ജസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തില്‍ നിരവധി മുന്‍കൈകളുണ്ടെങ്കിലും അവയെ ഫലപ്രദമായി കോര്‍ത്തിണക്കി ഉപയോഗപ്പെടുത്താന്‍ ഭാവനാശൂന്യമായ സമീപനം മൂലം ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ല.

പ്രസരണ വിതരണ നഷ്ടം കുറച്ചു കൊണ്ടുവരുന്നതിലും ഈ പിടിപ്പുകേട് പ്രകടമാണ്. 2010-11ല്‍ 1.62 ശതമാനം കണ്ട് പ്രസരണവിതരണ നഷ്ടം കുറച്ചെങ്കില്‍ 2011-12ല്‍ കേവലം 0.44 ശതമാനത്തിന്റെ കുറവ് മാത്രമാണ് കൈവരിക്കാന്‍ കഴിഞ്ഞത്.

കെ.എസ്.ഇ.ബി. ഏറ്റെടുത്തിട്ടുള്ള ഉല്പാദന പദ്ധതികള്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുന്നത് പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ ഏതൊരു ഭരണാധികാരിയുടെയും മുഖ്യ അജണ്ട ആകേണ്ടതാണ്. ഉല്പാദന പദ്ധതികളുടെ സ്തംഭനാവസ്ഥ. നിരവധി തവണ ആവര്‍ത്തിച്ച സാഹചര്യത്തില്‍ ഇവിടെ വീണ്ടും ആവര്‍ത്തിക്കുന്നില്ല.
ഈ നില തുടര്‍ന്നാല്‍ കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാണെന്ന് വ്യക്തമാക്കുന്ന ഒട്ടേറെ സംഭവവികാസങ്ങളാണ് നമുക്ക് മുന്നിലുണ്ടായിരിക്കുന്നത്. കേരളത്തിന്റെ ഭാവിയെക്കുറിച്ച് ഗൌരവമായി ചിന്തിക്കുന്നവരെ അലോസരപ്പെടുത്തുന്നതാണ് ഈ സംഭവവികാസങ്ങളാകെ. ശക്തമായ പ്രതികരണങ്ങളാണ് ജനങ്ങളില്‍ നിന്നും പൊതുവിലുണ്ടാകുന്നത്. പൊതുതാല്പര്യം കണക്കിലെടുത്ത് തങ്ങളുടെ സമീപനങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരികള്‍ തയ്യാറാകേണ്ടതുണ്ട്.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2101
mod_vvisit_counterYesterday5187
mod_vvisit_counterThis Month2101
mod_vvisit_counterLast Month152890

Online Visitors: 83
IP: 54.81.72.117
,
Time: 09 : 57 : 27