KSEBOA - KSEB Officers' Association

Sunday
Jun 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അനിശ്ചിതകാല പണിമുടക്കം വിജയിപ്പിക്കുക

അനിശ്ചിതകാല പണിമുടക്കം വിജയിപ്പിക്കുക

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Strikeകേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും 2013 ജനുവരി 8 മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് പണിമുടക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, തസ്തികകള്‍ വെട്ടിക്കുറയ്ക്കലും നിയമന നിരോധനവും അവസാനിപ്പിക്കുക, ശമ്പളകമ്മിഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുക - അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കം.

 സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുസമൂഹത്തിന്റെ ഭാഗം തന്നെയാണ്. അതേസമയം അവര്‍ക്ക് പ്രത്യേകമായ കടമകളും ജോലിവിഭജനവും സേവന-വേതന ഘടനയും നിലവിലുണ്ട്. സര്‍വീസിലുള്ള ഓരോ തസ്തികയുടെയും നിയമനം എങ്ങനെയായിരിക്കണം, യോഗ്യത എന്തായിരിക്കണം, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എപ്രകാരമാകണം, പ്രായപരിധി എന്താകണം തുടങ്ങിയ കാര്യങ്ങളെല്ലാം നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. അതിനാവശ്യമായ സ്‌പെഷ്യല്‍ റൂളുകള്‍ക്ക് സര്‍ക്കാര്‍ തന്നെ രൂപം നല്‍കും. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ പി എസ് സി നടത്തുന്ന പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും കടന്നുവന്ന്, റാങ്ക് ലിസ്റ്റില്‍  സ്ഥാനം നേടി, ഓരോ വകുപ്പിലും വന്നെത്തുന്നവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഒരാള്‍ സര്‍ക്കാര്‍ നല്‍കുന്ന ശമ്പളമല്ലാതെ, മറ്റു വഴികളില്‍ വരുമാനമുണ്ടാക്കാന്‍ പാടില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതില്‍ അടക്കം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്കുണ്ട്. അങ്ങനെ ചെറുപ്പകാലം പൂര്‍ണമായി സര്‍ക്കാര്‍ സേവനത്തിന് വിനിയോഗിക്കപ്പെടുന്നു. അങ്ങനെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ അവരുടെ ജീവിതം, കുടുംബത്തിന്റെ ജീവിതം അനാഥമാകാന്‍ പാടില്ല. വിശാലമായ ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ തുടര്‍ച്ചയായ ഇടപെടലിനെ തുടര്‍ന്ന് 1957 ല്‍ ആണ് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംസ്ഥാന ജീവനക്കാര്‍ക്ക് ഉറപ്പായത്. തുടര്‍ന്നുവന്ന കാലഘട്ടത്തില്‍ ശമ്പള പരിഷ്‌ക്കരണത്തോടൊപ്പം പെന്‍ഷന്‍ പരിഷ്‌ക്കരണവും ഉണ്ടായതിനാല്‍, പെന്‍ഷന്‍ തുകയില്‍ കാലാനുസൃതമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാ പദ്ധതിയാണ് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍.

1957 ന് ശേഷമാണ് കേരളത്തിലെ സിവില്‍ സര്‍വീസ് ജനങ്ങള്‍ക്ക് വേണ്ടിയുള്ളതായി മാറുന്നത്. സിവില്‍ സര്‍വീസിന്റെ വളര്‍ച്ചയും അതിനുശേഷമാണ്. കുടിയൊഴിപ്പിക്കല്‍ നിരോധിക്കുന്നതിനുള്ള നിയമം നടപ്പിലാക്കാനും തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലാക്കാനും റവന്യൂ വകുപ്പിന് ചുമതലയുണ്ടായപ്പോള്‍ ആ വകുപ്പ് വളര്‍ന്നു. പാവപ്പെട്ടവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം വ്യാപകമായി നല്‍കാന്‍ തീരുമാനമുണ്ടായപ്പോള്‍ വിദ്യാഭ്യാസ വകുപ്പും സൗജന്യ ചികിത്സ വ്യാപകമാക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരോഗ്യ വകുപ്പും വളര്‍ന്നു. കൂടുതല്‍ വകുപ്പുകള്‍ ഉണ്ടായതും സിവില്‍ സര്‍വീസ് വളര്‍ന്നതും എല്ലാം ജനനന്മ ലക്ഷ്യമാക്കിയിട്ടുള്ള സര്‍ക്കാരുകളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. സിവില്‍ സര്‍വീസിന്റെ വളര്‍ച്ചയിലൂടെ കേരളവും വളര്‍ന്നു. സാധാരണ ഇന്ത്യക്കാര്‍ ജീവിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നവരായി മലയാളികള്‍ മാറി.

കേരളത്തില്‍ ആകെയുള്ള 103 വകുപ്പുകളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത് മൂന്നു വകുപ്പുകള്‍ മാത്രമാണ്. വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ് എന്നിവയാണ് ആ വകുപ്പുകള്‍. മറ്റ് 100 വകുപ്പുകളില്‍ ഒരു ശതമാനം തസ്തികകള്‍പോലും കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ വര്‍ധിച്ചിട്ടില്ല. സിവില്‍ സര്‍വീസിന്റെ വളര്‍ച്ച ജനങ്ങള്‍ക്കു വേണ്ടിയാണെന്ന് ഇതില്‍ നിന്നും വ്യക്തമാകും.

അധ്യാപകര്‍ അടക്കം കേരളത്തില്‍ 5,43,000 ജീവനക്കാര്‍ ഉണ്ട്. പെന്‍ഷന്‍കാരുടെ എണ്ണം 5,28,000 ആണ്. ഒരു വര്‍ഷം കഴിയുമ്പോള്‍ പെന്‍ഷന്‍കാരുടെ എണ്ണം കൂടും. കേന്ദ്രമേഖലയിലോ മറ്റു സംസ്ഥാനങ്ങളിലോ ഇല്ലാത്ത ഒരു പ്രതിഭാസമാണിത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ പ്രായവും ആണ് ഇതിനു കാരണം. ഇന്ത്യയിലെ ശരാശരി പെന്‍ഷന്‍ ചെലവ്, വരുമാനത്തിന്റെ 9 ശതമാനം ആണെങ്കില്‍ കേരളത്തില്‍ അത് 16.29 % ആണ്. ശമ്പളം, പെന്‍ഷന്‍ ഇവയിലുണ്ടാകുന്ന വര്‍ധനവ് സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം വര്‍ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത് ഒരു സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകുന്നില്ല എന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു.

2012 ഡിസംബര്‍ മാസത്തില്‍ നിയമസഭയില്‍ വച്ച എക്‌സ്‌പെന്റിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടു പ്രകാരം 2004-2005 ല്‍ ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കുവേണ്ടി ചെലവിന്റെ 64.05% (11560 കോടി രൂപ) ചെലവഴിച്ചപ്പോള്‍ 2010-11 ല്‍ അത് 57.99% (22495 കോടി രൂപ) ആയി. ഇത് വ്യക്തമാക്കുന്നത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ ചെലവുകളില്‍ 6.06% കുറവുണ്ടായി എന്നാണ്. വിലക്കയറ്റം, പണപ്പെരുപ്പം, രൂപയുടെ മൂല്യത്തകര്‍ച്ച എന്നീ കാരണങ്ങളാല്‍ വരവിലും ചെലവിലും അസാധാരണമായ വര്‍ധനവാണുണ്ടാകുന്നത്. എങ്കിലും വരവില്‍ 129% വര്‍ധനവ് ഈ കാലഘട്ടത്തില്‍ ഉണ്ടായപ്പോള്‍ ടി ഇനത്തിലുള്ള ചെലവില്‍ 98% വര്‍ധനവേ ഉണ്ടായിട്ടുള്ളു എന്നത് സംസ്ഥാനത്തിന് നേട്ടമാണ്.

കേന്ദ്രസര്‍ക്കാരിന്റെ നയം കേരളത്തിന്റെ സാമ്പത്തികസ്ഥിതി വഷളാക്കുന്നു എന്ന സൂചനയും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ 2.75% കേരളത്തിലാണ്. എന്നാല്‍ പതിമൂന്നാം ധനകാര്യ കമ്മിഷന്റെ വിഹിതമായി ലഭിച്ചത് 2.34% മാത്രമാണ്. യു പി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അവഗണന ഏറ്റുവാങ്ങുന്ന സംസ്ഥാനം കേരളമാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. കേന്ദ്രത്തിന്റെ ഈ നയം നിലനിന്നിട്ടുപോലും കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ സാമ്പത്തിക തകര്‍ച്ച ഉണ്ടായില്ല. നല്ല തോതില്‍ വികസന പ്രവര്‍ത്തനം നടന്നു. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ആനുകൂല്യം നല്‍കി. സബ്‌സിഡി നല്‍കി പൊതുവിതരണം ശക്തിപ്പെടുത്തുകയും രണ്ടു രൂപയുടെ അരി എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും നല്‍കുകയും ചെയ്തു. ആവശ്യമായ സ്ഥലത്തൊക്കെ തസ്തികകള്‍ സൃഷ്ടിച്ചു. ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ കൈവച്ചില്ല എന്നു മാത്രമല്ല, ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കുകയും ക്ഷാമബത്ത യഥാസമയം അനുവദിക്കുകയും ചെയ്തു. ഒരു ദിവസം പോലും ട്രഷറി അടഞ്ഞുകിടന്നില്ല. ഇതൊക്കെയായിട്ടും ഭരണം ഒഴിയുമ്പോള്‍ 1963 കോടി രൂപ ഖജനാവില്‍ മിച്ചമുണ്ടായിരുന്നു.

യു ഡി എഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം സ്വാര്‍ഥമോഹങ്ങള്‍ സര്‍ക്കാരിനെ വലയം ചെയ്യും. ഭരണത്തിന്റെ കാര്യക്ഷമത കുറയും. താക്കോല്‍ സ്ഥാനങ്ങള്‍ അഴിമതിക്കാരുടെ നിയന്ത്രണത്തിലാകും. വിഭവസമാഹരണത്തെ ഇത് പ്രതികൂലമായി ബാധിക്കും. പണം ചെലവഴിക്കുന്നതിന്റെ മുന്‍ഗണനാ ക്രമം മാറും. സാമ്പത്തിക പ്രതിസന്ധിയുടെ ഊതിവീര്‍പ്പിച്ച കണക്കുകള്‍ പറയും. സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കും. പൊതുവിതരണം തകരും. ഭക്ഷ്യസാധനങ്ങളുടെ അടക്കം എല്ലാ സാധനങ്ങളുടെയും വില ഓരോ ദിവസവും വര്‍ധിക്കും. കര്‍ഷക ആത്മഹത്യകള്‍ വ്യാപകമാകും. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ കൈവയ്ക്കും. 2002 ല്‍ ഒരുത്തരവിലൂടെ 28 ആനുകൂല്യങ്ങളാണ് നഷ്ടപ്പെടുത്തിയത്. 32 ദിവസം നീണ്ടുനിന്ന പണിമുടക്കത്തിലൂടെയാണ് നഷ്ടപ്പെട്ട സറണ്ടര്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടത്. ഏതാണ്ട് അതിന് സമാനമായ അവസ്ഥയാണ് ഇപ്പോള്‍ വീണ്ടും ഉണ്ടായിരിക്കുന്നത്.

അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുമെന്ന് യു ഡി എഫ് പ്രകടന പത്രികയില്‍ പറഞ്ഞിട്ടില്ല. നിയമസഭയില്‍ പറഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടികളുമായോ സംഘടനകളുമായോ ചര്‍ച്ച നടത്തിയില്ല. അതീവ രഹസ്യമായാണ് 2012 ഓഗസ്റ്റ് 8 ന് ഇക്കാര്യത്തില്‍ ഉത്തരവിറക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നയം നടപ്പിലാക്കലാണ് ഇതിലൂടെ ചെയ്തത് എന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയാണ്. എന്നാല്‍ കേന്ദ്രപാരിറ്റി, 20 വര്‍ഷം സര്‍വീസിന് പൂര്‍ണപെന്‍ഷന്‍, വീട്ടുവാടക, യാത്രാബത്ത, വിദ്യാഭ്യാസ ആനുകൂല്യം, ചികിത്സ ആനുകൂല്യം, എല്‍ ടി സി തുടങ്ങി ഒരു കാര്യത്തിലും കേന്ദ്ര നിരക്ക് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരും ജീവനക്കാരും അടയ്ക്കുന്ന 10 ശതമാനം വീതം തുക സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളിലാണ് എത്തുന്നത്. അത് ഷെയര്‍മാര്‍ക്കറ്റില്‍ എത്തും. ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം കൂടി കേന്ദ്രം അനുവദിച്ചിരിക്കുന്നതിനാല്‍ ആയിരക്കണക്കിന് കോടി രൂപയുടെ പെന്‍ഷന്‍ഫണ്ട് വിദേശ കുത്തകളുടെ കൈകളിലും എത്തും. അവര്‍ ആ പണം സൂക്ഷിച്ചു വച്ച്, പലിശസഹിതം, സര്‍വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് പെന്‍ഷനായി നല്‍കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ അനുയായികള്‍ പോലും ഇത് വിശ്വസിക്കില്ല. 2008 ലെ സാമ്പത്തിക പ്രതിസന്ധിയില്‍, ലോകത്ത് ആദ്യം തകര്‍ന്നു വീണത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളായിരുന്നു. ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ മുടങ്ങുകയോ കുറവ് അനുഭവപ്പെടുകയോ ചെയ്തു.

സര്‍ക്കാരിന്റെയും ജീവനക്കാരുടെയും പണം കുത്തകകള്‍ക്ക് ഒഴുക്കി കൊടുക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി തുടരേണ്ടതില്ലെന്ന് ബ്രസീല്‍, ചിലി, അര്‍ജ്ജന്റീന തുടങ്ങിയ തൊഴിലാളി താല്‍പ്പര്യമുള്ള സര്‍ക്കാരുകള്‍ ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച് കേന്ദ്ര ജീവനക്കാര്‍ ഡിസംബര്‍ 12 ന് പണിമുടക്കുകയും അനിശ്ചിതകാല പണിമുടക്കിന് തയ്യാറെടുക്കുകയുമാണ്. ഈ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനങ്ങളും പ്രക്ഷോഭത്തിന്റെ വഴിയിലാണ്. 2013 ഏപ്രില്‍ ഒന്നു മുതല്‍ സര്‍വീസില്‍ വരുന്നവര്‍ക്കാണ് പദ്ധതി ബാധകമാക്കുക. അവരുടെ ശമ്പളത്തില്‍ 10 ശതമാനം കൂറവ് വരും. അവര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പാക്കാന്‍ പി എഫ് ആര്‍ ഡി എ ബില്ലില്‍ വ്യവസ്ഥയുണ്ടാകില്ലെന്നാണ് കേന്ദ്രധനകാര്യമന്ത്രി പി ചിദംബരം പാര്‍ലമെന്റില്‍ പറഞ്ഞത്. പദ്ധതിയിന്‍ കീഴില്‍ വരുന്നവര്‍ക്ക് ഭാവിയില്‍ ക്ഷാമബത്ത, പെന്‍ഷന്‍ പരിഷ്‌ക്കരണം, കുടുംബപെന്‍ഷന്‍, പി എഫ്, ഗ്രാറ്റുവിറ്റി, കമ്മ്യൂട്ടേഷന്‍ ഇവയൊന്നും ലഭിക്കില്ല. ജനുവരി ഒന്നിന്റെ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞത് നിലവിലുള്ളവര്‍ക്ക് ഒരു നഷ്ടവും ഉണ്ടാകില്ല എന്നുമാത്രമാണ്. ഇതുപോലും വാക്കാല്‍ പറയുന്നതല്ലാതെ രേഖാമൂലം ഒരുറപ്പും ഉണ്ടായിട്ടില്ല. 01-01-2004 മുതല്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കാനാണ് 16-01-2002 ല്‍ യു ഡി എഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതിനുശേഷം 1,80,000 പേര്‍ സര്‍വീസില്‍ വന്നു. 2008 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഈ ഉത്തരവ് റദ്ദ് ചെയ്തില്ലായിരുന്നുവെങ്കില്‍ സര്‍വീസില്‍ രണ്ടുതരം പൗരന്മാര്‍ ഉണ്ടാകുമായിരുന്നു. ആ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു വിജ്ഞാപനത്തിലൂടെ നിലവിലുള്ളവര്‍ക്ക് കൂടി ഇത് ബാധകമാക്കാന്‍ യാതൊരു പ്രയാസവും ഉണ്ടാകില്ല.

യു ഡി എഫ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ തയ്യാറാകില്ലെന്ന് വിശ്വസിക്കാനാകില്ല. ഈ സര്‍ക്കാരിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഒരു ബന്ധവുമുണ്ടാകില്ലെന്നതിന് എത്രയോ അനുഭവങ്ങള്‍ മുന്നിലുണ്ട്. ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകള്‍ക്കെതിരെ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ വാചാലനായി പ്രസംഗിച്ച മുഖ്യമന്ത്രി പ്രധാനപ്പെട്ട അനോമലികള്‍ ഒന്നും പരിഹരിക്കാന്‍ തയ്യാറായിട്ടില്ല.

എല്‍ ടി സി കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടിയ അല്‍പ്പത്വം ജനുവരി ഒന്നിന്റെ ചര്‍ച്ചയില്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. അധികാരത്തില്‍ വന്നാല്‍ കേന്ദ്ര പാരിറ്റി നടപ്പിലാക്കാമെന്ന് പ്രകടനപത്രികയില്‍ പറയുകയും വ്യാപകമായ പ്രചരണം നല്‍കുകയും ചെയ്തു. ഇപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് മിണ്ടുന്നതേയില്ല.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയാല്‍ ഏറ്റവും വലിയ ദുരന്തം ആദ്യം ഏറ്റുവാങ്ങുന്നത് ആരോഗ്യ വകുപ്പായിരിക്കും. ആരോഗ്യമേഖലയില്‍ ഇപ്പോള്‍ തന്നെ ഡോക്ടര്‍മാരുടെ കുറവുണ്ട്. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ കൂടി ഇല്ലാതായാല്‍ പിന്നെ, ഒരു ഡോക്ടര്‍ പോലും സര്‍വീസില്‍ വരില്ല. സ്റ്റാഫ് നഴ്‌സിന്റെ കാര്യത്തിലും പാരാ-മെഡിക്കല്‍ ജീവനക്കാരുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കും. ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ ഒന്നൊന്നായി അടച്ചുപൂട്ടും. ഉന്നത വിദ്യാഭ്യാസ മേഖലയിലും സാങ്കേതിക വിദ്യാഭ്യാസ മേഖലയിലും എല്ലാം ഇത് സംഭവിക്കും. പണം കൊടുക്കാനില്ലാത്തവര്‍ക്ക് വിദ്യാഭ്യാസവും ചികിത്സയും കിട്ടാതെയാകും. ചെറുപ്പക്കാരുടെ ഭാവി അപകടത്തിലാകും. കഴിവും സാങ്കേതിക പരിജ്ഞാനവുമുള്ളവര്‍ സിവില്‍ സര്‍വീസിലേയ്ക്ക് കടന്നുവരില്ല. കാലക്രമത്തില്‍ സിവില്‍ സര്‍വീസ് തകരും. സിവില്‍ സര്‍വീസ് തകര്‍ന്നാല്‍ തകരുന്നത് സാമൂഹ്യ ജീവിതം കൂടിയാണ്. പാവപ്പെട്ടവരും ഇടത്തരക്കാരുമാണ് അതിന്റെ ഇരകളാകുന്നത്. ഫലത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അതിവേഗം അപ്രത്യക്ഷമാകും.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നത്, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല, കേരളത്തിനാകെ അത് ദുരന്തമായി മാറും. ഈ സാഹചര്യത്തില്‍ 2013 ജനുവരി 8 ന് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കം വിജയിക്കേണ്ടത് കേരളത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും ആവശ്യമാണ്.

 

Source- Deshabhimani, Janayugam

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4788
mod_vvisit_counterYesterday5105
mod_vvisit_counterThis Month109145
mod_vvisit_counterLast Month141147

Online Visitors: 78
IP: 54.159.91.117
,
Time: 22 : 10 : 19