KSEBOA - KSEB Officers' Association

Thursday
Apr 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ബൈതരണി കല്‍ക്കരിപ്പാടം കേരളത്തിന് നഷ്ടമായതെങ്ങിനെ?

ബൈതരണി കല്‍ക്കരിപ്പാടം കേരളത്തിന് നഷ്ടമായതെങ്ങിനെ?

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Coal Mineകേരളത്തിന്റെ വൈദ്യുതി മേഖലയുടെ നാളേക്കുള്ള പ്രതീക്ഷകളില്‍ അവശേഷിച്ചിരുന്ന ഒന്ന് ഒറീസ്സയില്‍ നമുക്കനുവദിക്കപ്പട്ട കല്‍ക്കരിപ്പാടമായിരുന്നു. എന്നാല്‍ അതും തിരിച്ചെടുത്തിരിക്കുന്നു. പാടം തിരിച്ചെടുത്തുകൊണ്ട് ഡിസംബര്‍ 10ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ കല്‍ക്കരിപ്പാടം വികസിപ്പിക്കുന്നതിലും ഖനന നടപടികള്‍ തുടങ്ങുന്നതിനും വന്നിട്ടുള്ള കാലതാമസമാണ് ഈ തീരുമാനത്തിനുള്ള കാരണമായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. 2007 ല്‍ ഒറീസ, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് നമുക്ക് കല്‍ക്കരിപ്പാടം അനുവദിക്കുന്നത്. ഒറീസയിലെ ബൈതരണി വെസ്റ് കോള്‍ ബ്ളോക്കില്‍ നിന്ന് 3000 മെഗാവാട്ട് വൈദ്യുതിക്കുള്ള കല്‍ക്കരി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അങ്ങിനെ 1000 മെഗാവാട്ട് വൈദ്യുതിയുടെ സാദ്ധ്യതയാണ് കേരളത്തിന് ഈ കല്‍ക്കരിപ്പാടം തുറന്നുതന്നിരുന്നത്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരുന്ന ശ്രീ ജയറാം രമേഷിന്റെ പദ്ധതി വിരുദ്ധ സമീപനം, കേന്ദ്ര സര്‍ക്കാരിന്റെ അനുഭാവപൂര്‍ണ്ണമല്ലാത്ത ഇടപെടല്‍, ഒറീസ്സാ സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം എന്നിവയൊക്കെ ഈ തിരിച്ചെടുക്കലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാരിന്റേയും സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റേയും തികച്ചും അലംഭാവപൂര്‍ണ്ണമായ സമീപനമാണ് നമുക്ക് ഇക്കാര്യത്തിലുള്ള ക്ളെയിം പോലും ഇല്ലാതാക്കിയത്. നമ്മള്‍ ചെയ്യേണ്ടതൊക്കെ ചെയ്തു എന്ന് അവകാശപ്പെടാനാകാത്ത സ്ഥിതിയാണ് കഴിഞ്ഞ ഒന്നരവര്‍ഷം കൊണ്ട് ഉണ്ടായത്. ഈ പോരായ്മ മറച്ചുപിടിക്കുന്നതിന്, കുറ്റങ്ങളെല്ലാം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സംഭവിച്ചതാണെന്നാണ് ബഹു. വൈദ്യുതി മന്ത്രി നിയമസഭയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ മറുപടിയായി പറഞ്ഞത്. 'ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ടെന്നതാ കാര്യ'മെന്ന് പറയുന്നവരുണ്ടാകാം. എങ്കിലും വരാനിരിക്കുന്ന നഷ്ടങ്ങളൊഴിവാക്കാനെങ്കിലും സംഭവിച്ച കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. മാത്രമല്ല നമുക്കൊപ്പം കല്‍ക്കരിപ്പാടം നഷ്ടപ്പെട്ട ഗുജറാത്ത് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ശക്തമായൊരിടപെടല്‍ നടത്താന്‍ തയ്യാറായിരിക്കുന്ന സാഹചര്യത്തില്‍ കേരളവും ഉണര്‍ന്നിടപെട്ടാല്‍ ഉണ്ടായ തീരുമാനത്തില്‍ മാറ്റമുണ്ടായെങ്കിലോ? അക്കാര്യത്തിനും ഉണ്ടായ പിശകെന്തെന്ന് പരിശോധിക്കേണ്ടതുണ്ട്.

2005-06 കാലത്താണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ അക്കാലത്ത് കേരളം അപേക്ഷ നല്‍കിയില്ല. കേരളത്തിന് കല്‍ക്കരി കിട്ടിയിട്ട് പ്രയോജനമില്ല എന്ന സമീപനമാണ് അന്നത്തെ സര്‍ക്കാര്‍ സ്വീകരിച്ചത്. പിന്നീട് 2006ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷസര്‍ക്കാരാണ് കല്‍ക്കരിപ്പാടത്തിന് അപേക്ഷ നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഫസ്റ് കം ഫസ്റ് എന്ന ക്രമത്തിലാണ് പാടങ്ങള്‍ അനുവദിച്ചിരുന്നത് എന്നതിനാല്‍ നമ്മുടെ അപേക്ഷ പരിഗണിക്കപ്പെടാത്ത സ്ഥിതി വന്നു. ഒന്നാം യു.പി.എ. സര്‍ക്കാരില്‍ ഇടതുപക്ഷത്തിനുള്ള സ്വാധീനവും വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ചെലുത്തിയ കടുത്ത സമ്മര്‍ദ്ദങ്ങളുടേയുമൊക്കെ ഫലമായാണ് ഒടുവില്‍ കേരളത്തിനും കല്‍ക്കരിപ്പാടം അനുവദിക്കാമെന്ന നിലപാടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയത്.
2007 ജൂലൈ മാസത്തില്‍ കല്‍ക്കരിപ്പാടം അനുവദിച്ചുകൊണ്ട് ഇറക്കിയ ഉത്തരവില്‍ 45 ദിവസം കൊണ്ട് മൂന്ന് സംസ്ഥാനങ്ങളും കൂടി ഒരു ജോയിന്റ് വെന്‍ച്വര്‍ കമ്പനി രജിസ്റര്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്. സാധാരണ നിലയില്‍പ്പോലും കമ്പനി രജിസ്ട്രേഷന് 45 ദിവസം മതിയാകുന്നതല്ല. ഇവിടെയാകട്ടെ മൂന്നു സംസ്ഥാനങ്ങള്‍ ചേര്‍ന്നുണ്ടാക്കേണ്ട കമ്പനിയാണ്. സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം ഉണ്ടാകണം. ജോയിന്റ് വെന്‍ച്വര്‍ കമ്പനിയുടെ ഘടന, മുതല്‍മുടക്ക് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകണം. സ്വകാര്യ പങ്കാളിത്തത്തിന്റെ കാര്യങ്ങളില്‍ വ്യത്യസ്ഥ നിലപാടുള്ള സംസ്ഥാനങ്ങളാണെന്നതും ഈ തീരുമാനങ്ങളുണ്ടാകുന്നതില്‍ തടസ്സങ്ങളായിരുന്നു. കമ്പനി രജിസ്ട്രാറുടെ അനുമതി വാങ്ങി രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തീകരിക്കുന്നതിനുതന്നെ ആറേഴുമാസത്തെ കാലതാമസമുണ്ട്. പക്ഷേ ഇക്കാര്യങ്ങളിലെല്ലാം നല്ല വേഗതയില്‍ ഇടപെടാന്‍ നമുക്ക് കഴിഞ്ഞതിനാലാണ് 2008 ജൂണോടെ കമ്പനി രജിസ്റര്‍ ചെയ്യാനായത്. തുടര്‍ന്ന് ജി.ആര്‍. പര്‍ചേസ്, ബാങ്ക് ഗ്യാരണ്ടി വെക്കല്‍, ലീസ് അപേക്ഷ നല്‍കല്‍, മൈനിങ്ങ് പ്ളാന്‍ തയ്യാറാക്കി സമര്‍പ്പിക്കല്‍ തുടങ്ങിയ നടപടികളെല്ലാം സമയബന്ധിതമായിത്തന്നെ പൂര്‍ത്തിയാക്കാന്‍ നമുക്ക് കഴിഞ്ഞു. പക്ഷേ രണ്ട് മാസം കൊണ്ട് മൈനിങ്ങ് പ്ളാന്‍ അംഗീകരിക്കണം എന്ന നിബന്ധന പാലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ല. പത്തുമാസത്തോളമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനെടുത്തത്. ഇതിനുശേഷം നടക്കേണ്ടിയിരുന്ന പരിസ്ഥിതി അനുമതിക്കുള്ള അപേക്ഷ സമര്‍പ്പണം നടക്കാത്ത സ്ഥിതിയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരുന്ന ശ്രീ ജയറാം രമേഷ് ഉണ്ടാക്കിയത്. കല്‍ക്കരി മേഖലയെ ഗോ സോണ്‍, നോ ഗോ സോണ്‍ എന്നിങ്ങനെ രണ്ടായി തിരിച്ച് നോട്ടിഫൈ ചെയ്യുകയും നോ ഗോ സോണില്‍ അപേക്ഷ സമര്‍പ്പിക്കുന്നത് പോലും തടയുകയും ചെയ്ത വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം നമുക്ക് തുടര്‍ നടപടികളൊന്നും സ്വീകരിക്കാനാകാത്ത അവസ്ഥയുണ്ടാക്കി.

2011 ജൂലൈ മാസത്തില്‍ ശ്രീ ജയറാം രമേഷിന് പകരം ശ്രീമതി ജയന്തി നടരാജന്‍ വനം പരിസ്ഥിതി മന്ത്രിയായതിന് ശേഷമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല എന്ന നിലപാട് മാറിയത്. അപ്പോഴേക്കും കേരളത്തിലെ സര്‍ക്കാരും മാറിയിരുന്നു. കല്‍ക്കരിപ്പാടം സംബന്ധിച്ച് എന്തെങ്കിലും ഇടപെടല്‍ നടത്തുന്നതിന് പുതിയ സര്‍ക്കാര്‍ മടിച്ച് നില്‍ക്കുന്നതാണ് പിന്നീട് കാണുന്നത്. 2011 ജൂലൈ മുതല്‍ പരിസ്ഥിതി അനുമതിക്ക് അപേക്ഷ കൊടുക്കാവുന്ന സ്ഥിതി വീണ്ടും ഉണ്ടായെങ്കിലും വൈദ്യുതി ബോര്‍ഡ് അപേക്ഷ കൊടുത്തില്ല. അതായത് 2011 ജൂലൈ വരെ ഉണ്ടായ കാലതാമസങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ വീഴ്ച്ചകളായിരുന്നില്ല കാരണമെന്ന് ഉറപ്പിച്ചു പറയാന്‍ കേരളത്തിന് കഴിയുമായിരുന്നു. പക്ഷേ അതിനു ശേഷമുണ്ടായ വീഴ്ചയില്‍ നിന്ന് സര്‍ക്കാരിനും ബോര്‍ഡിനും ഒഴിഞ്ഞുമാറാന്‍ കഴിയുകയുമില്ല.

പാടം ഏറ്റെടുക്കുന്നതിന് ആവശ്യമായ സര്‍ക്കാര്‍ അനുമതി ലഭിക്കാതിരുന്നതാണ് ഉണ്ടായ മറ്റൊരു പ്രശ്നം. ഒറീസാ സര്‍ക്കാരാണ് ഈ അനുമതി നല്‍കേണ്ടത്. തങ്ങളുടെ സംസ്ഥാനത്തു നിന്ന് മറ്റു സംസ്ഥാനങ്ങളൊന്നും കല്‍ക്കരി കൊണ്ടുപോകേണ്ടതില്ല എന്ന സമീപനം ഇക്കാര്യത്തില്‍ ഒറീസക്ക് ഉണ്ടായിരുന്നോ എന്ന് സംശയിക്കാതിരിക്കാന്‍ കാരണമില്ല. കല്‍ക്കരി മേഖലയില്‍ നടന്ന കുംഭകോണം രാജ്യത്ത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചതിനെത്തുടര്‍ന്നാണ് ഖനന നടപടികള്‍ ആരംഭിക്കാത്ത പാടങ്ങള്‍ തിരിച്ചെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഷോക്കോസ് നോട്ടീസ് കിട്ടിയതിന് ശേഷമാണ് കേരളം വീണ്ടും ഇക്കാര്യം ശ്രദ്ധിക്കുന്നത്. എന്നാല്‍ നമ്മുടെ പ്രതീക്ഷക്കെല്ലാം വിരുദ്ധമായി, കേന്ദ്ര സര്‍ക്കാര്‍ പാടം തിരിച്ചെടുക്കുകയാണുണ്ടായത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ സമീപനമോ, ഭൂമി ഏറ്റെടുക്കുന്നതില്‍ കേരളത്തിനും ഗുജറാത്തിനും നിയന്ത്രണമില്ല എന്ന വസ്തുതയോ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാതിരുന്നത് കേന്ദ്രസര്‍ക്കാരിന്റെ നമ്മോടുള്ള അനുഭാവ രഹിത സമീപനമല്ലാതെ മറ്റെന്താണ്? സ്വകാര്യ സ്ഥാപനങ്ങളോട് കാണിക്കുന്ന സൌഹാര്‍ദ്ദം പൊതുമേഖലയോട് വേണ്ട എന്നതാണ് കേന്ദ്രസര്‍ക്കാര്‍ പൊതുവില്‍ സ്വീകരിക്കുന്ന സമീപനം.

കഴിഞ്ഞ ജൂണ്‍, ജൂലൈ, നവംബര്‍ മാസങ്ങളിലായി കേരളത്തിന് അനുവദിക്കപ്പെട്ട 281 മെഗാവാട്ട് വൈദ്യുതി വിഹിതം കേന്ദ്ര സര്‍ക്കാര്‍ തിരിച്ചെടുക്കുകയുണ്ടായി. സംസ്ഥാനം രൂക്ഷമായ വൈദ്യുതി ക്ഷാമം നേരിടുമ്പോഴാണ് ഈ നടപടിയുണ്ടായത്. ഇപ്പോള്‍ നമുക്ക് അനുവദിക്കപ്പെട്ട കല്‍ക്കരിപ്പാടവും തിരിച്ചെടുത്തിരിക്കുന്നു. കേന്ദ്ര സര്‍ക്കാരില്‍ കേരളത്തിന് വലിയ സ്വാധീനമുണ്ട് എന്ന് കരുതപ്പെടുന്ന കാലത്തു തന്നെയാണ് ഇങ്ങിനെയൊക്കെ സംഭവിക്കുന്നത്. സംസ്ഥാന സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന നടപടികള്‍ തിരുത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നല്ല സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്. അലംഭാവമൊഴിവാക്കി ശക്തമായ നിലപാട് സ്വീകരിക്കാനും വൈദ്യുതി വികസന രംഗത്ത് കാര്യമായി ഇടപെടാനും സംസ്ഥാനസര്‍ക്കാരും വൈദ്യുതി ബോര്‍ഡും തയ്യാറാകണമെന്നു മാത്രമാണ് ഈ അവസരത്തില്‍ കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന് പറയാനുള്ളത്. ഇക്കാര്യങ്ങള്‍ ജീവനക്കാര്‍ക്കിടയിലും ബഹുജനങ്ങള്‍ക്കിടയിലും വസ്തുതാപരമായി എത്തിക്കേണ്ട ബാദ്ധ്യത എല്ലാ സംഘടനാംഗങ്ങള്‍ക്കുമുണ്ട്.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4064
mod_vvisit_counterYesterday4572
mod_vvisit_counterThis Month137050
mod_vvisit_counterLast Month142377

Online Visitors: 78
IP: 54.198.245.233
,
Time: 20 : 27 : 02