KSEBOA - KSEB Officers' Association

Wednesday
Jun 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സാധാരണക്കാരന് വൈദ്യുതി നിഷേധിക്കുന്ന വൈദ്യുതിനയങ്ങളെ ചെറുക്കുക: സി.ഐ.ടി.യു

സാധാരണക്കാരന് വൈദ്യുതി നിഷേധിക്കുന്ന വൈദ്യുതിനയങ്ങളെ ചെറുക്കുക: സി.ഐ.ടി.യു

PDF
Hits smaller text tool iconmedium text tool iconlarger text tool icon
CITU State Conferenceവ്യവസായങ്ങളെ തകര്‍ക്കുന്ന, സാധാരണക്കാരന് വൈദ്യുതി നിഷേധിക്കുന്ന വൈദ്യുതിനയങ്ങളെ ചെറുക്കുന്നതിന് ശക്തമായ ബഹുജന പ്രക്ഷോഭം വളര്‍ത്തിയെടുക്കാന്‍ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു.
പ്രമേയത്തിന്റെ പൂര്‍ണ്ണ രൂപം..
 

കേരളത്തിലെ വൈദ്യുതി മേഖല ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണ്. ഇതിന്റെ ഭാഗമായ കടുത്ത വൈദ്യുതി നിയന്ത്രണങ്ങളുടേയും താരീഫ് വര്‍ദ്ധനവിന്റെയും ഫലമായി സംസ്ഥാനത്തിന്റെ എല്ലാ വികസനമേഖലകളും തകര്‍ച്ചയിലാണ്. വിശേഷിച്ചും വ്യവസായ മേഖല എക്കാലത്തേയും വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ലോഡ് ഷെഡ്ഡിങ്ങും പവര്‍ക്കാട്ടുമില്ലാത്ത ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമെന്ന നിലയില്‍ രാജ്യത്തിനുതന്നെ മാതൃകയായിരുന്ന കേരളത്തെ കുറഞ്ഞകാലം കൊണ്ട് ഇത്ര വലിയൊരു കുഴപ്പത്തിലേക്ക് എത്തിച്ചത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക നയങ്ങളും വൈദ്യുതി ബോര്‍ഡിന്റെ ആസൂത്രണ വൈകല്യവുമാണ്.

കേരളം ഇന്ന് നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണം മഴക്കുറവാണെന്നാണ് ഭരണാധികാരികള്‍ പറയുന്നത്. 2012-13 സാമ്പത്തികവര്‍ഷത്തില്‍ പ്രതീക്ഷിച്ച മഴകിട്ടിയിട്ടില്ല എന്നുള്ളത് ശരിതന്നെയാണ്. പക്ഷേ 2011-12 വര്‍ഷത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മഴ ലഭിച്ചിരുന്നുവെന്ന വസ്തുത കൂടി കണക്കിലെടുത്താല്‍ മൊത്തത്തില്‍ വലിയ കുറവൊന്നും ജലവൈദ്യുതി ഉല്‍പാദനത്തില്‍ വന്നിട്ടില്ല എന്നുകാണാന്‍ കഴിയും. 2011-12, 12-13 സാമ്പത്തിക വര്‍ഷങ്ങള്‍ ഒന്നിച്ചെടുത്താല്‍ ആകെ പ്രതീക്ഷിച്ചിരുന്ന 13942മില്യണ്‍ യൂണിറ്റ് വൈദ്യുതിക്കുള്ള നീരൊഴുക്കില്‍ 13183 മില്യണ്‍ യൂണിറ്റ് ലഭ്യമായിട്ടുണ്ടെന്ന് വൈദ്യുതി ബോര്‍ഡ് സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ച കണക്കുകളില്‍ നിന്ന് വ്യക്തമാണ്. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത കണക്കിലെടുത്തുകൊണ്ടുള്ള ആസൂത്രണത്തില്‍ വന്ന പിഴവുകളാണ് ഇന്നത്തെ പ്രതിസന്ധിക്ക് പിന്നിലുള്ളതെന്ന് ഇതില്‍ നിന്നുതന്നെ ബോധ്യമാകുന്നുണ്ട്.2011 മാര്‍ച്ച് മാസത്തില്‍, കേരളത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജാവശ്യകത കണക്കിലെടുത്തുകൊണ്ട് മൂന്നു വര്‍ഷത്തേക്ക് 500മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കേരളം ഉള്‍പ്പെടുന്ന തെക്കന്‍ ഗ്രിഡിലേക്ക് വൈദ്യുതി കൊണ്ടുവരുന്നതിനുള്ള പ്രസരണ കോറിഡോറിന്റെ ലഭ്യതക്കുറവുകൂടി പരിഗണിച്ചുകൊണ്ടാണ് മീഡിയം ടേം ഓപ്പണ്‍ ഓപ്പണ്‍ ആക്സസ് സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ അത്തരമൊരു നടപടി സ്വീകരിച്ചത്. ഇതോടൊപ്പം തന്നെ 2011-12 വര്‍ഷത്തേക്ക് കര്‍ണ്ണാടകയില്‍ നിന്ന് 100 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറും അക്കാലത്ത് ഉണ്ടാക്കുകയുണ്ടായി. എന്നാല്‍ 2011 മെയ് മാസത്തിലുണ്ടായ ഭരണമാറ്റത്തെത്തുടര്‍ന്ന് ഈ നടപടികള്‍ ഉപേക്ഷിക്കുന്ന സ്ഥിതിയാണുണ്ടായത്. കര്‍ണ്ണാടകയില്‍ നിന്നുള്ള വൈദ്യുതിക്കരാര്‍ റദ്ദുചെയ്യാനും 500മെഗാവാട്ടിന്റെ ടെണ്ടര്‍ നടപടികള്‍ ഉപേക്ഷിക്കാനുമുള്ള വൈദ്യുതി ബോര്‍ഡിന്റെ തീരുമാനങ്ങളാണ് ഇന്നത്തെ പ്രതിസന്ധിയിലേക്ക് നയിച്ച പ്രധാന കാരണങ്ങള്‍.

കേരളത്തിന്റെ വൈദ്യുതി ലഭ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തിയിരുന്നു. സ്തംഭനത്തിലായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി 208 മെഗാവാട്ട് വൈദ്യുതിയാണ് അക്കാലത്ത് പുതുതായി ഉല്‍പാദിപ്പിച്ചത്. അനവാശ്യ വൈദ്യുതി ഉപഭോഗം കുറക്കുന്നതിനും ഊര്‍ജ്ജ സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കി. ഒന്നരക്കോടി സി.എഫ്.എല്‍ വിതരണമടക്കം ഡിമാണ്ട് സൈഡ് മാനേജ്മെന്റില്‍ കേരളം നടത്തിയ ഇടപെടലുകള്‍ ലോകശ്രദ്ധ നേടിയവയായിരുന്നു. പ്രസരണ വിതരണ നഷ്ടം കുറക്കുന്നതിനും വലിയ പ്രാധാന്യമാണ് നല്‍കിയത്. ഇതിന്റെ ഭാഗമായി അഞ്ചുവര്‍ഷം കൊണ്ട് 97 സബ്സ്റ്റേഷനുകള്‍ കമ്മീഷന്‍ ചെയ്തു. 14000ത്തോളം കിലോമീറ്റര്‍ 11കെവി ലൈനും 21000ത്തോളം വിതരണ ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിച്ചു. ഇങ്ങിനെ 2006 മാര്‍ച്ചില്‍ 24.6% ആയിരുന്ന പ്രസരണ വിതരണ നഷ്ടം 2011 മാര്‍ച്ചില്‍ 16.19%ത്തിലേക്ക് കുറക്കാനായി. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍, ചാത്തങ്കോട്ടുനട, വിലങ്ങാട്, ബാരാപ്പോള്‍, പീച്ചി, ചിമ്മിനി തുടങ്ങിയ ജലവൈദ്യുതി പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതടക്കം വലുതും ചെറുതുമായി 30ഓളം പദ്ധതികള്‍ക്കാണ് ഇടതുപക്ഷ സര്‍ക്കാര്‍ പ്രാഥമിക നടപടികള്‍ സ്വീകരിച്ചത്. ഒറീസ്സയിലെ ബൈതരണിയില്‍ 1000മെഗാവാട്ട് വൈദ്യുതിക്കുള്ള ഒരു കല്‍ക്കരിപ്പാടം നേടിയെടുക്കാനും ഒറിസ്സ, ഗുജറാത്ത് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനും കഴിഞ്ഞു.

എന്നാല്‍ ഈ നടപടികളെല്ലാം തകിടം മറിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. 2011ഡിസംബറില്‍ പണി പൂര്‍ത്തിയാകേണ്ടിയിരുന്ന 60മെഗാവാട്ടിന്റെ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി 2011ജൂലൈ മാസം മുതല്‍ സ്തംഭനത്തിലാണ്. പണി നടന്നുവന്നിരുന്ന മറ്റു പദ്ധതികളും സ്തംഭനത്തിലോ ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയിലോ ആണ്. ആവശ്യമായ തുടര്‍പ്രവര്‍ത്തനങ്ങളുടെ അഭാവത്തില്‍ കല്‍ക്കരിപ്പാടം കേന്ദ്ര സര്‍ക്കാര്‍ തിരിച്ചെടുത്തു. ശരാശരി പ്രതിവര്‍ഷം 20ഓളം സബ്സ്റ്റേഷനുകള്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിഞ്ഞിരുന്ന സ്ഥിതി മാറി. 2011മെയ് മാസത്തിനുശേഷം പൂര്‍ത്തിയായത് കേവലം 4 സബ്സ്റ്റേഷനുകള്‍ മാത്രമാണ്. വിതരണ ശൃംഖലാ നവീകരണവും വോള്‍ട്ടേജ് വര്‍ദ്ധനാപ്രവര്‍ത്തനങ്ങളും സാധനസാമഗ്രികള്‍ ലഭിക്കാതെ പൂര്‍ണ്ണ സ്തംഭനത്തിലാണ്. കേടുവന്ന മീറ്ററുകള്‍ പോലും മാറ്റിവെക്കാന്‍ കഴിയാത്ത സ്ഥിതിയാണ് വൈദ്യുതി വിതരണ സെക്ഷനുകളില്‍ ഉള്ളത്. സൗജന്യകണക്ഷനുകള്‍ നിര്‍ത്തലാക്കിയും പട്ടികജാതി, പട്ടികവര്‍ഗ്ഗം, ബി.പി.എല്‍, കാന്‍സര്‍ രോഗികള്‍, വികലാംഗര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക മുന്‍ഗണനകള്‍ പിന്‍വലിച്ചും വൈദ്യുതി കണക്ഷനുകള്‍ പണമടക്കുന്നവര്‍ക്ക് മാത്രമാക്കി. ഒ.വൈ.ഇ.സി. അടക്കുന്നവര്‍ക്കുപോലും സാധനസാമഗ്രികളിലാത്തതിനാല്‍ സമയത്ത് കണക്ഷന്‍ നല്‍കുന്നില്ല. ഇങ്ങിനെ എല്ലാ മേഖലകളിലും കടുത്ത കെടുകാര്യസ്ഥതയിലേക്ക് പോയതിന്റെ ഭാഗമായാണ് കേരളം ഇത്രവലിയ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങിയത്.

രാവിലേയും വൈകുന്നേരവും അരമണിക്കൂര്‍ വിതം ലോഡ് ഷെഡ്ഡിങ്ങും 25%ത്തോളം പവര്‍ക്കട്ടും ഏര്‍പ്പെടുത്തിക്കൊണ്ടാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ ശ്രമിക്കുന്നത്. പ്രഖ്യാപിതമായ ഇത്തരം നിയന്ത്രണങ്ങള്‍ക്ക് പുറമേ അപ്രാഖ്യാപിത മാര്‍ഗ്ഗങ്ങളിലും വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുന്നുണ്ട്. അറ്റകുറ്റപ്പണികളുടെ ഭാഗമായി പകല്‍ മുഴുവന്‍ വൈദ്യുതി ഫീഡറുകള്‍ ഓഫാക്കിയിടുന്നതിനും ആഴ്ച്ചയിലൊരിക്കലെങ്കിലും സബ്സ്റ്റേഷനുകള്‍ അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തുന്നതിനുമൊക്കെയുള്ള തീരുമാനങ്ങള്‍ ഇതിന്റെ ഭാഗമായാണ്.

2006 മാര്‍ച്ചില്‍ വൈദ്യുതി ബോര്‍ഡിന്റെ സഞ്ചിത കടം 4541കോടിരൂപയായിരുന്നത് 2011 മാര്ച്ചില്‍ 1066കോടി രൂപയാക്കിക്കുറക്കാനും 3400കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും കഴിഞ്ഞത് ഇടതുപക്ഷമുന്നണി ഭരണകാലത്തെ കാര്യക്ഷമമായ സാമ്പത്തികാസൂത്രണത്തിന്റെ ഭാഗമായാണ്. കാര്യമായ താരീഫ് വര്‍ദ്ധനയൊന്നും വരുത്താതെയാണ് ഇത് സാദ്ധ്യമായത്. എന്നാല്‍ കേരളത്തിന്റെ മുഴുവന്‍ വികസന മേഖലകളേയും ബാധിക്കുന്ന നിലയിലുള്ള ഒരു താരീഫ് വര്‍ദ്ധനവാണ് 2012 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നത്. വ്യവസായങ്ങള്‍ക്ക് 30%ത്തിലധികം ബാദ്ധ്യതയാണ് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെ ഉണ്ടായത്. ഇതുകൂടാതെ തെര്‍മല്‍ സര്‍ചാര്‍ജ്ജ് എന്ന നിലയില്‍ ഒരു തുക കൂടി ഈടാക്കുന്നതിന് ശ്രമം നടക്കുന്നുണ്ട്. കേരളത്തിലെ പ്രധാന വ്യവസായങ്ങളെല്ലാം വൈദ്യുതിചാര്‍ജ്ജ് വര്‍ദ്ധനവ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

പ്രതിദിനം ഒരുലക്ഷം യൂണിറ്റ് വൈദ്യുതി ആവശ്യമുള്ള വ്യവസായങ്ങള്‍ക്ക് യൂണിറ്റിന് ഒരു രൂപയോളം അധികബാധ്യതയാണ് 25% നിയന്ത്രണത്തിന്റെ ഭാഗമായി ഉണ്ടാകുന്നത്. ഒട്ടു മിക്ക വ്യവസായങ്ങളും ഉല്‍പാദനം 30% മുതല്‍ 40% വരെ ഉല്‍പാദനം വെട്ടിക്കുറച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ അഞ്ചുമാസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും വേനല്‍ കനക്കുന്നതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമാകും.വൈദ്യുതി ബോര്‍ഡിന്റെ ആകെ ഉപഭോക്താക്കളില്‍ 23% മാത്രമാണ് വ്യവസായ ഉപഭോക്താക്കളുള്ളത്. ഉള്ള വ്യവസായങ്ങള്‍ പോലും അടച്ചുപൂട്ടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വ്യാവസായങ്ങള്‍ ഉല്‍പാദനം വെട്ടിക്കുറച്ചത് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തേയും അതുവഴി സാമ്പത്തിക ഭദ്രതയേയും ബാധിക്കുകയാണ്. അസംസ്കൃത പദാര്‍ത്ഥങ്ങളുടെ ലഭ്യത, വിപണി എന്നിവയിലുള്ള പ്രതികൂല സാഹചര്യം നിലനില്‍ക്കുമ്പോഴും കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാണ് എന്ന ഒറ്റകാരണം കൊണ്ട് കേരളത്തിലേക്ക് വന്ന വ്യവസായങ്ങള്‍ അടച്ചുപൂട്ടലിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത് കണ്ടില്ലെന്നു നടിക്കുകയാണ്.

ഏര്‍പ്പെടുത്തിയിട്ടുള്ള വൈദ്യുതി താരീഫ് വര്‍ദ്ധനയും നിയന്ത്രണങ്ങളും മൂലം കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രതിമാസം വന്നുകൊണ്ടിരിക്കുന്ന അധിക ബാദ്ധ്യത സംബന്ധിച്ചുള്ള ഒരു പരിശോധനയും ഇത്തരുണത്തില്‍ അനിവാര്യമാണ്. ടി.ടി.പി. 50ലക്ഷം രൂപ, കെ.എം.എം.എല്‍ 70ലക്ഷം രൂപ, ടി.സി.സി. 140ലക്ഷം രൂപ, കാര്‍ബോറാണ്ടം 60ലക്ഷം രൂപ, ബി.പി.സി.എല്‍ 8ലക്ഷം രൂപ, എച്ച്. എന്‍.എല്‍ 70ലക്ഷം രൂപ, അപ്പോളോ 70ലക്ഷം രൂപ, കപ്പല്‍ശാല 25ലക്ഷം രൂപ, ഓട്ടോകാസ്റ്റ് 40ലക്ഷം രൂപ, ആലപ്പി സഹകരണ മില്‍ 5ലക്ഷം രൂപ, ജി.ടി.എന്‍ ആലുവ 30ലക്ഷം രൂപ, കെ.എസ്.ടി.സി-എന്‍.ടി.സി. മില്ലുകള്‍ ശരാശരി 10ലക്ഷം രൂപവീതം, ബിനാനി സിങ്ക് 140ലക്ഷം രൂപ, സുഡ്കെമി 10ലക്ഷം രൂപ, മലബാര്‍ സിമന്റ് 10ലക്ഷം രൂപ, സി.എം.ആര്‍.എല്‍ 10ലക്ഷം രൂപ, വാട്ടര്‍ അതോറിറ്റി 4ലക്ഷം രൂപ എന്നിങ്ങനെ വലുതും ചെറുതുമായ എല്ലാ വ്യവസായങ്ങളും കടുത്ത ബാധ്യതയാണ് പേറേണ്ടി വരുന്നത്. വ്യവസായ മേഖല ആവശ്യപ്പെടുന്ന ലോഡ് ഫാക്ടര്‍, പവര്‍ഫാക്ടര്‍ ആനുകൂല്യങ്ങള്‍ പോലും നിയമമനുശാസിക്കുന്ന വിധത്തില്‍ വ്യവസായ ശാലകള്‍ക്ക് നല്‍കുന്നില്ല.

2013 ഏപ്രില്‍ ഒന്നോടെ വീണ്ടും ഒരു വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനുള്ള നടപടികള്‍ നടന്നുവരുകയാണ്. ഗാര്‍ഹിക ഉപഭോക്താക്കളില്‍ 750കോടി രൂപയിലധികം ബാദ്ധ്യത അടിച്ചേല്‍പ്പിക്കുന്ന നിര്‍ദ്ദേശമാണ് ഇതിനായി വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ചെറുകിട വ്യവസായങ്ങള്‍ക്ക് ഒരു യൂണിറ്റ് വൈദ്യുതിക്ക് 75പൈസയുടെ വര്‍ദ്ധനവാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എച്ച്.ടി. ഇഎച്ച്.ടി വ്യവസായ ഉപഭോക്താക്കാള്‍ക്ക് ശരാശരി 20% ത്തോളം വര്‍ദ്ധനവും നിര്‍ദ്ദേശിച്ചിരിക്കുന്നു. കേരളത്തിലെ വ്യവസായ മേഖലയുടെ സമ്പൂര്‍ണ്ണമായ തകര്‍ച്ചക്കാണ് ഈ നിര്‍ദ്ദേശങ്ങള്‍ വഴിവെക്കുക.

സാമൂഹ്യ വികസനത്തിനുള്ള പശ്ചാത്തല മേഖലയെന്ന നിലയിലും അമ്മ വ്യവസായമെന്ന നിലയിലും വൈദ്യുതിരംഗം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ കേവലം ലാഭനഷ്ടക്കണക്കുകള്‍ വെച്ചുകൊണ്ടല്ല വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടത്. ഈ കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ടാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന വൈദ്യുതി ബോര്‍ഡ് പ്രവര്‍ത്തിച്ചത്. ഉപഭോക്തൃ സംതൃപ്തി ഉറപ്പുവരുത്തുന്നതിനും ഉല്‍പാദന മേഖലകള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വൈദ്യുതി എത്തിക്കുന്നതിനും തികച്ചും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വൈദ്യുതി ബോര്‍ഡിന് കഴിഞ്ഞു. എന്നാല്‍ എല്ലാ ബാദ്ധ്യതയും ഉപഭോക്താക്കളിലേക്ക് കൈമാറുകയെന്ന നവലിബറല്‍ സമീപനമാണ് ഇപ്പോള്‍ ഈ രംഗത്ത് നടപ്പാക്കിവരുന്നത്.

വൈദ്യുതി മേഖലയുടെ എല്ലാ സാമൂഹ്യ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ് പൂര്‍ണ്ണമായും കമ്പോളത്തിന് കീഴ്പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാകട്ടെ എരിതീയില്‍ എണ്ണയൊഴിക്കുന്ന സ്ഥിതിയാണുണ്ടാക്കുന്നത്. കടുത്ത വൈദ്യുതിക്കമ്മി നിലനില്‍ക്കുമ്പോഴും പൊതു മേഖലാ നിക്ഷേപം കുറച്ചുകൊണ്ടുവരുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കല്‍ക്കരി മേഖല സ്വകാര്യ മൂലധന ശക്തികള്‍ക്ക് തുറന്നുകൊടുത്തതിന്റെ ഭാഗമായി രാജ്യത്ത് കടുത്ത കല്‍ക്കരി ക്ഷാമവും വിലവര്‍ദ്ധനവും ഉണ്ടായി. ഇത് വൈദ്യുതി ഉല്‍പാദനത്തില്‍ ഗണ്യമായ കുറവിനും ഉല്‍പാദന ചെലവില്‍ വലിയ വര്‍ദ്ധനവിനുമാണ് കാരണമായത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടായ ഭീമമായ വര്‍ദ്ധനവും വൈദ്യുതിവില വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. അഭ്യന്തര പ്രകൃതിവാതകത ഖനനം പൂര്‍ണ്ണമായും സ്വകാര്യമേഖലയുടെ, പ്രത്യേകിച്ചും റിലയന്‍സിന്റെ, കുത്തകയായി മാറിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതക വില താങ്ങാവുന്നതാക്കുന്നതിന് അഭ്യന്തര വാതകവുമായി പൂള്‍ ചെയ്യണമെന്ന ആവശ്യം നിലനില്ക്കേത്തന്നെ ഇറക്കുമതി വാതകത്തിന്റെ വിലയിലേക്ക് അഭ്യന്തര വാതകത്തിന്റേയും വില ഉയര്‍ത്തണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പന്ത്രണ്ടാം പദ്ധതി രൂപരേഖ ലക്ഷ്യമിടുന്നത്. സ്വകാര്യകുത്തകകള്‍ക്ക് വിന്റ്ഫാള്‍ പ്രോഫിറ്റ് നേടിക്കൊടുക്കുന്നതിനോടൊപ്പം വൈദ്യുതിവില ക്രമാതീതമായി ഉയരുന്നതിനുമാണ് ഇത് ഇടയാക്കുന്നത്.

കുറഞ്ഞുനില്‍ക്കുന്ന വൈദ്യുതി വിലയാണ് ഈ മേഖലയുടെ വികസനത്തിന് തടസ്സമെന്ന നിലപാടാണ് കേന്ദ്ര പ്ലാനിങ്ങ് കമ്മീഷനുള്ളത്. വര്‍ഷാവര്‍ഷം ചാര്‍ജ്ജുവര്‍ദ്ധന നിര്‍ബന്ധമാക്കി വൈദ്യുതി വില അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നും സബ്സിഡികള്‍ നിര്‍ത്തലാക്കണമെന്നുമാണ് പ്ലാനിങ്ങ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ ധനപുനസംഘടനാപരിപാടിയുടെ ഭാഗമായി കേന്ദ്ര ധനസഹായത്തിന് സ്വകാര്യവല്‍ക്കരണം അടിച്ചേല്‍പ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മൊത്തത്തില്‍ വൈദ്യുതി ഒരു ആഡംഭര വസ്തുവായി മാറുകയാണ്. വൈദ്യുതി ആവശ്യകതയുടെ പകുതിപോലും അഭ്യന്തരമായി ഉല്‍പാദിപ്പിക്കാന്‍ കഴിയാത്ത കേരളത്തിന് ഈ നയങ്ങളെല്ലാം കടുത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നത്. കേന്ദ്ര നിര്‍ദ്ദേശമനുസരിച്ചുള്ള ഫിനാന്‍ഷ്യല്‍ റീസ്ട്രക്ചറിങ്ങ് പ്ലാന്‍ അംഗീകരിച്ചുകൊണ്ട് ഈ നയങ്ങള്‍ക്ക് കീഴടങ്ങുന്ന തീരുമാനവും വൈദ്യുതി ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നു.

വൈദ്യുതി മേഖലയിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വമ്പിച്ച ബഹുജന ഇടപെടല്‍ അനിവാര്യമാണ്. ഇടതുപക്ഷ മുന്നണി ഭരണകാലത്ത് വൈദ്യുതി മേഖലയില്‍ കേരളം നടപ്പാക്കിയ ബദല്‍ നയം ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമേ ഇന്നത്തെ പ്രതിസന്ധികളില്‍ നിന്ന് കേരളത്തിന് രക്ഷനേടാനാകുകയുള്ളൂ. അഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റെടുത്ത മുഴുവന്‍ പദ്ധതികളും ഉടന്‍ പൂര്‍ത്തിയാക്കണം. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നഷ്ടമായ കല്‍ക്കരിപ്പാടം വീണ്ടെടുക്കുകയും അത് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും വേണം. പ്രകൃതിവാതകമടക്കമുള്ള സാദ്ധ്യതകളെല്ലാം പ്രയോജനപ്പെടുത്തി വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കണം. സൗരോര്‍ജ്ജമടക്കമുള്ള അക്ഷയ ഊര്‍ജ്ജ സാദ്ധ്യതകളും പരമാവധി പ്രയോജനപ്പെടുത്തണം. പ്രസരണ വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തിയും നവീകരിച്ചും വിതരണ നഷ്ടം കുറക്കുന്നതിന് ഫലപ്രദമായ നടപടികളുണ്ടാകണം. ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. ഇതിനൊക്കെക്കഴിയുന്ന വിധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേയും വൈദ്യുതി ബോര്‍ഡിന്റേയും മുന്‍ഗണനകളില്‍ മാറ്റമുണ്ടാകണം. ഇതിനു സഹായകമായ നിലപാടല്ല സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലൂടെ മാത്രമേ സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റമുണ്ടാക്കനാകൂ. വ്യവസായങ്ങളെ തകര്‍ക്കുന്ന, സാധാരണക്കാരന് വൈദ്യുതി നിഷേധിക്കുന്ന ജനവിരുദ്ധ വൈദ്യുതി നയം തിരുത്തിക്കുന്നതിന് ശക്തമായ ബഹുജനപ്രക്ഷോഭം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇത്തരമൊരു പോരാട്ടത്തില്‍ യോജിച്ച് അണിചേരാന്‍ മുഴുവന്‍, ട്രേഡ് യൂണിയനുകളോടും തൊഴിലാളികളോടും പൊതുജനങ്ങളോടും സി.ഐ.ടിയു. പന്ത്രണ്ടാം സംസ്ഥാന സമ്മേളനം അഭ്യര്‍ത്ഥിക്കുന്നു.

 

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1493
mod_vvisit_counterYesterday4115
mod_vvisit_counterThis Month85983
mod_vvisit_counterLast Month141147

Online Visitors: 56
IP: 54.80.247.119
,
Time: 09 : 08 : 38