കൂടംകുളം വൈദ്യുതി സംസ്ഥാനത്തെത്തിക്കാനുള്ള ലൈനിന്റെ പണി പൂർത്തിയാകാത്തതിനാൽ കേരളം പുതിയ വഴി തേടുന്നു. നിലവിൽ ലക്ഷ്യമിട്ടിരിക്കുന്ന ഇടമൺമാടക്കത്തറ ലൈനിനുപകരം ഉദുമൽപേട്ടവഴി മാടക്കത്തറയിലേക്ക് വൈദ്യുതി എത്തിക്കാനാണ് കെ.എസ്.ഇ.ബിയുടെ ആലോചന. പ്രസരണ നഷ്ടം കൂടുതലാണെങ്കിലും ബോർഡിന് മുന്നിൽ മറ്റു വഴികളില്ലാത്തതാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് ഉന്നത ബോർഡ് വൃത്തങ്ങൾ സൂചിപ്പിച്ചു.
കൂടംകുളം പ്ലാന്റ് പ്രവർത്തന സജ്ജമാകുമ്പോൾ 133 മെഗാവാട്ട് വൈദ്യുതിയാണ് ആദ്യഘട്ടത്തിൽ സംസ്ഥാനത്തിനു ലഭിക്കുക. ആകെ 266 മെഗാവാട്ടാണ് സംസ്ഥാനത്തിന്റെ വിഹിതം. ജൂൺ മാസത്തോടെ കൂടംകുളം വൈദ്യുതി ലഭിച്ചു തുടങ്ങും എന്നാണ് ബോർഡിന്റെ പ്രതീക്ഷ. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ ഇടമൺമാടക്കത്തറ ലൈനിന്റെ പണി പൂർത്തിയാകാത്തതാണ് ബോർഡിന് തിരിച്ചടിയായത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര പാക്കേജിൽ തട്ടിയാണ് പണി ഒരു വർഷമായി തടസപ്പെട്ടിരിക്കുന്നത്.
ഇടമൺകൊച്ചി ലൈനിന്റെ പണി എത്രയും വേഗം പൂർത്തിയാക്കാൻ പവർ ഗ്രിഡ് കോർപ്പറേഷനുമായി ആലോചിച്ച് നഷ്ടപരിഹാര പാക്കേജിന് രൂപം നൽകണമെന്ന് ബോർഡ് സർക്കാരിനോട് അഭ്യർഥിട്ടിട്ടുണ്ട്. പത്തനംതിട്ടയിലേയും കോട്ടയത്തേയും റബ്ബർ കർഷകരാണ് തിരുനൽവേലിയിൽ നിന്നുള്ള വൈദ്യുതി ലൈനിന്റെ പണികൾക്കെതിരെ പ്രധാനമായും രംഗത്തുള്ളത്. ഇക്കാരണത്താലാണ് ശേഷിക്കുന്ന 100 കിലോമീറ്ററോളം ലൈനിന്റെ പണി പൂർത്തിയാക്കാൻ നഷ്ടപരിഹാരം നൽകണമെന്ന് ബോർഡ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഫുൾ ബോർഡ് യോഗം നഷ്ടപരിഹാരം നൽകുന്നതിനുള്ള വിവിധ പാക്കേജുകളെക്കുറിച്ച് ചർച്ച ചെയ്തു. ലൈൻ ഉപയോഗിക്കുന്ന മറ്റ് സംസ്ഥാനങ്ങളും നഷ്ടപരിഹാരത്തുകയിൽ ഒരു വിഹിതം നൽകണമെന്നും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.