KSEBOA - KSEB Officers' Association

Wednesday
Oct 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി - കുരുക്കഴിയാതെ വൈദ്യുതി മേഖല

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി - കുരുക്കഴിയാതെ വൈദ്യുതി മേഖല

PDF
Hits smaller text tool iconmedium text tool iconlarger text tool icon

12th Plan2012 ഡിസംബര്‍ 27ന് ദേശീയ വികസന കൌണ്‍സില്‍ മുമ്പാകെ കേന്ദ്ര പ്ളാനിംഗ് കമ്മീഷന്‍ അവതരിപ്പിച്ച പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി രേഖ (2012-17) ഗൌരവമേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചു എന്നു പറയാന്‍ കഴിയില്ല. ഇന്ത്യയുടെ ബഹുസ്വരത ആദരിക്കുന്ന പതിവില്ലാത്ത കേന്ദ്ര ഗവണ്‍മെന്റിന് ചര്‍ച്ചകള്‍ ഒഴിവാക്കുക തന്നെയായിരുന്നു ലക്ഷ്യവും. ചര്‍ച്ചകള്‍ക്ക് അവസരം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്നാട് മുഖ്യമന്ത്രി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയതില്‍ ഒതുങ്ങിപ്പോയി ഇതു സംബന്ധിച്ച പത്രവാര്‍ത്തകളും. അല്പം കൂടി വിശദമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അപൂര്‍വ്വം മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയത് ഊര്‍ജ്ജ വിലകള്‍ കുതിച്ചുയരുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളാണ്. പദ്ധതി നിര്‍ദ്ദേശങ്ങള്‍ നടപ്പാകുന്ന മുറയ്ക്ക് ഇന്ത്യയിലെ ഊര്‍ജ്ജ വിലകള്‍ കുതിച്ചുയരുമെന്നതില്‍ സംശയമില്ലെങ്കിലും അതിലുമേറെ ഗൌരവത്തോടെ ചര്‍ച്ച ചെയ്യേണ്ട നിരവധി നയപരമായ മാറ്റങ്ങള്‍ പദ്ധതിരേഖ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഒരു പദ്ധതി രേഖയെന്നതിലുപരി കമ്പോളവല്കരണ നയങ്ങള്‍ അതിശക്തമായി നടപ്പാക്കുന്നതിനുള്ള ചട്ടക്കൂടുകള്‍ മുന്നോട്ടു വയ്ക്കുന്നതാണ് ഇപ്പോള്‍ ദേശീയ വികസന കൌണ്‍സില്‍ അംഗീകരിച്ച ഇന്ത്യയുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി.


പദ്ധതി ലക്ഷ്യങ്ങള്‍

പ്രതിലോമകരമായ നയപരിപാടികള്‍ അവതരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ അത്യാകര്‍ഷകമായ ലക്ഷ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത് പൊതുവില്‍ ഐ.എം.എഫ്, ലോക ബാങ്ക് പോലെയുള്ള സ്ഥാപനങ്ങളുടെ പതിവ് രീതിയാണ്. യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ മറച്ചു വയ്ക്കുന്നതിനുള്ള ഉപാധിമാത്രമാണ് ഈ നിലയ്ക്ക് പുറമേ പറയുന്നവയെന്ന് അനുഭവങ്ങളിലൂടെ ബോധ്യമായ വസ്തുതയുമാണ്. വേഗത്തിലും കൂടുതല്‍ ജനവിഭാഗങ്ങളെ ഉള്‍ക്കൊണ്ടും സ്ഥായിയായതും ആയ വികസനം (Faster, more inclusive and sustainable growth) ആണ് 12-ാം പദ്ധതി ലക്ഷ്യം വെയ്ക്കുന്നതെന്ന അവകാശവാദം അതിനാല്‍ ആശ്ചര്യം സൃഷ്ടിക്കേണ്ടതില്ല. വികസനത്തിന്റെ ഈ മൂന്ന് ഘടകങ്ങളും എങ്ങിനെ കൈവരിക്കണമെന്ന വിശദമായ പ്രതിപാദനം തന്നെ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ത്തി പൂണ്ട മുതലാളിത്തത്തിനും കമ്പോളത്തിനും എതിരെ ലോകമെങ്ങും നടക്കുന്ന വമ്പന്‍ പ്രതിഷേധ സമരങ്ങള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ പങ്കാളിത്ത സ്വഭാവമുള്ള വികസനത്തിന്റെ ആവശ്യകത രേഖ അടിവരയിട്ട് വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുടെ തുല്യ സ്വഭാവമുള്ള വളര്‍ച്ച, ഓരോ പ്രദേശങ്ങള്‍ക്കുള്ളിലും വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം കുറയ്ക്കല്‍, ലിംഗ സമത്വം ഉറപ്പു വരുത്തല്‍ എന്നിങ്ങനെ വികസനത്തിലെ പങ്കാളിത്ത സ്വഭാവം ഉറപ്പു വരുത്തേണ്ട മേഖലകള്‍ സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാട്, രേഖയില്‍ കാണാന്‍ കഴിയും. എന്നാല്‍ സമൃദ്ധമായ ഈ വാചകമടിക്കപ്പുറം വികസനഫലങ്ങള്‍ എല്ലാവരിലുമെത്താനുള്ള കര്‍മ്മ പരിപാടികളെന്തെങ്കിലും പദ്ധതിയാകെ പരിശോധിച്ചാലും കണ്ടെത്തുക എളുപ്പമല്ല. മാത്രവുമല്ല അതിവേഗ വികസനത്തിനായി പ്രഖ്യാപിച്ചിട്ടുള്ള പരിഷ്കരണ പരിപാടികളാകെ നിലവിലുള്ള അന്തരം വീണ്ടും വര്‍ദ്ധിപ്പിക്കുന്നതും സാമൂഹിക അന്തരീക്ഷം കൂടുതല്‍ സംഘര്‍ഷഭരിതമാക്കുന്നതുമാണ്.

പുതിയ തന്ത്രം

ജനങ്ങളുടെ എതിര്‍പ്പ് നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ള പരിഷ്കരണ പരിപാടികള്‍ മുന്നോട്ട് വയ്ക്കാന്‍ പുതിയൊരു തന്ത്രമാണ് പ്ളാനിംഗ് കമ്മീഷന്‍ രൂപപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തിന്റെ വികസന സൂചികയായി പലരും ചൂണ്ടിക്കാട്ടുന്ന (എല്ലാവരുമല്ല) ജി.ഡി.പി. വളര്‍ച്ചാനിരക്ക് വിവിധ നയസമീപന സാഹചര്യങ്ങളില്‍ എപ്രകാരമാകുമെന്ന ചില കണക്കുകള്‍ അവതരിപ്പിച്ച് പൊതുസമൂഹത്തെ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് ആ തന്ത്രം.


പ്ളാനിംഗ് കമ്മീഷന്‍ മുന്നോട്ടു വയ്ക്കുന്ന പരിഷ്കരണ പരിപാടികളെല്ലാം അതേപടി നടപ്പാക്കുന്ന സാഹചര്യത്തെ 'ശക്തമായ പങ്കാളിത്ത വികസനം' (Strong inclusive growth) എന്ന് വിശേഷിപ്പിക്കുകയും ഇപ്രകാരം 8.2 ശതമാനം ജി.ഡി.പി. വളര്‍ച്ചാ നിരക്ക് കൈവരിക്കാമെന്നുമാണ് അവകാശവാദം. പരിഷ്കരണപരിപാടികള്‍ ഭാഗികമായി മാത്രമേ നടപ്പാകുന്നുള്ളുവെങ്കില്‍ വികസനനിരക്ക് 6 മുതല്‍ 6.5% വരെയായി താഴുമെന്നും ഈ സാഹചര്യത്തെ 'അപൂര്‍ണ്ണമായ നടപടി' (Insufficient Action) എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. പരിഷ്കരണ പരിപാടികള്‍ ജനരോഷത്താല്‍ തടസ്സപ്പെട്ടാല്‍ വളര്‍ച്ചാ നിരക്ക് 5 മുതല്‍ 5.5% വരെയായി താഴുമെന്ന (Policy logjam) ഭീഷണിയുമുണ്ട്.

വലിയ തോതില്‍ സ്വകാര്യ മൂലധന കുത്തൊഴുക്ക് ഉണ്ടായാല്‍ മാത്രമേ ജി.ഡി.പി. വളര്‍ച്ചാനിരക്ക് ഉയര്‍ത്താന്‍ കഴിയൂ എന്ന നിഗമനത്തിലാണ് പ്ളാനിംഗ് കമ്മീഷന്‍ ഇപ്രകാരമൊരു വിലയിരുത്തല്‍ നടത്തിയിട്ടുള്ളത്. പന്ത്രണ്ടാം പദ്ധതിക്കാലയളവില്‍ ആകെ വേണ്ടി വരുന്ന നിക്ഷേപത്തിന്റെ 70 ശതമാനത്തിലധികം സ്വകാര്യമേഖലയില്‍ നിന്നും കണ്ടെത്തണമെന്ന് നിഷ്കര്‍ഷിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു വിലയിരുത്തല്‍ സ്വാഭാവികം തന്നെ. പൊതുവില്‍ സര്‍ക്കാര്‍ നിക്ഷേപം അനിവാര്യമെന്ന് കരുതിപ്പോരുന്ന അടിസ്ഥാന സൌകര്യ മേഖലയില്‍പ്പോലും 48 ശതമാനം സ്വകാര്യനിക്ഷേപമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇത് പത്താം പദ്ധതിയില്‍ കേവലം 22 ശതമാനവും പതിനൊന്നാം പദ്ധതിയില്‍ 37 ശതമാനവും ആയിരുന്നുവെന്നും കാണണം.

അടിസ്ഥാന സൌകര്യ മേഖലയില്‍ ആകെ ആവശ്യമുള്ള നിക്ഷേപമായ 56,31,692 കോടി രൂപയില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പങ്ക് 16,28,129 കോടി രൂപയും സംസ്ഥാനങ്ങളുടെ പങ്ക് 12,89,709 കോടി രൂപയും ആകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ബാക്കിവരുന്ന 27,13,853 കോടി രൂപയും സ്വകാര്യ മേഖലയില്‍ നിന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുതി മേഖലയിലാകട്ടെ ആകെ വേണ്ടി വരുമെന്ന് കണക്കാക്കിയിട്ടുള്ള 15,01,666 കോടി രൂപയില്‍ 4,40,796 കോടി രൂപ കേന്ദ്ര നിക്ഷേപവും 3,47,043 കോടി രൂപ സംസ്ഥാനങ്ങളുടെ നിക്ഷേപവുമാകുമ്പോള്‍ സ്വകാര്യമേഖലയില്‍ നിന്നും പ്രതീക്ഷിക്കുന്നത് 7,.13,827 കോടി രൂപയാണ്. റിന്യുവബിള്‍ എനര്‍ജിയിലാകട്ടെ. പ്രതീക്ഷിക്കുന്ന നിക്ഷേപമായ 3,18,573 കോടിയില്‍ 2,80,198 കോടിയും സ്വകാര്യ മേഖലയില്‍ നിന്നാണ്. (കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ നിക്ഷേപമായി കണക്കാക്കുന്നത് അതത് ഗവണ്‍മെന്റുകളുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂടി നിക്ഷേപമാണ്.) മേല്‍ സൂചിപ്പിച്ച തോതിലുള്ള വമ്പന്‍ സ്വകാര്യ നിക്ഷേപം സാധ്യമാകണമെങ്കില്‍ സ്വകാര്യമേഖലയുടെ ലാഭക്കൊതി ഉണര്‍ത്തുന്ന ('ആനിമല്‍ സ്പിരിറ്റ്സ്' എന്ന പ്രയോഗമാണ് ഈയിടെയായി കേന്ദ്ര ഗവണ്‍മെന്റിനെ പിന്തുണയ്ക്കുന്ന സാമ്പത്തിക വിദഗ്ധര്‍ ഉപയോഗിക്കുന്നത്) പരിഷ്കരണ പരിപാടി നടപ്പാക്കണമെന്നാണ് പ്ളാനിംഗ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്.

വൈദ്യുതി മേഖല

12-ാം പദ്ധതിക്കാലത്ത് 85,537 മെഗാവാട്ട് സ്ഥാപിത ശേഷി കൂട്ടിചേര്‍ക്കണമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിന് പുറമേ 30,000 മെഗാവാട്ട്, വിവിധ റിന്യൂവബിള്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ വഴി കൂട്ടിചേര്‍ക്കണമെന്നും ലഷ്യമിട്ടിട്ടുണ്ട്. (സൌരോര്‍ജ്ജം-10,000, കാറ്റ്-15,000, മറ്റുള്ളവ 5,000 എന്നിങ്ങനെ).

പദ്ധതിയിലെ 25 സുപ്രധാന ലക്ഷ്യങ്ങളില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ ഇപ്രകാരമാണ്. 2017 ഓടെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിക്കുക, പ്രസരണവിതരണ നഷ്ടം 20% ആയി കുറച്ചു കൊണ്ടു വരിക, 30,000 മെഗാവാട്ട് പാരമ്പര്യേതര ഊര്‍ജ്ജ ഉല്പാദനശേഷി കൂട്ടിചേര്‍ക്കുക. 2005ലെ ദേശീയ വൈദ്യുതി നയം, 2009 ഓടെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കാനും 2012 ഓടെ എല്ലാവര്‍ക്കും വൈദ്യുതിയെന്ന ലക്ഷ്യവും പ്രഖ്യാപിച്ച സ്ഥാനത്താണ് ഇത്തരമൊരു തിരിച്ചു പോക്കെന്നത് ശ്രദ്ധേയമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തില്‍ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും പാവപ്പെട്ടവര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തം.

പദ്ധതിക്കാലത്ത് പരിഹാരം കണ്ടെത്തേണ്ട പ്രധാന പ്രശ്നങ്ങളായി താഴെപ്പറയുന്നവയാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

1. വൈദ്യുതോല്പ്പാദനത്തിനാവശ്യമായ ഇന്ധനത്തിന്റെ അപര്യാപ്തത (കല്ക്കരിയും പ്രകൃതി വാതകവും)
2. ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളുടെ ഉയര്‍ന്ന വില
3. വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ ദുര്‍ബലമായ സാമ്പത്തിക സ്ഥിതി
4. പ്രതീക്ഷ നല്‍കുന്ന പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളായ സൌരോര്‍ജ്ജത്തിന്റെയും കാറ്റാടികളുടെയും ഉയര്‍ന്ന ഉല്പാദന ചിലവ്.

11-ാം പദ്ധതിക്കാലത്ത് പരിഷ്കരണങ്ങള്‍ കൊണ്ട് വേണ്ടത്ര പ്രയോജനമുണ്ടായില്ലെന്ന വിലയിരുത്തലുമുണ്ട്. കമ്പോളത്തില്‍ ലഭ്യമാകുന്ന വൈദ്യുതിയുടെ ഉയര്‍ന്ന വില, വിതരണ കമ്പനികളുടെ സാമ്പത്തിക സ്ഥിതി തകരാറിലാക്കുന്നു എന്ന കണ്ടെത്തലും ഉയര്‍ന്ന പ്രസരണവിതരണ നഷ്ടവും വിതരണ കമ്പനികളുടെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക നഷ്ടവും ഈ നിലയ്ക്കുള്ള വിലയിരുത്തലുകളാണ്.

കേരളത്തിന് ഇരട്ടി പ്രഹരം

കല്‍ക്കരി, പ്രകൃതിവാതകം എന്നീ ഇന്ധനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കേരളത്തിന് ഇരട്ടി പ്രഹരമേല്‍പ്പിക്കുന്നതാണ്. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയെ ആശ്രയിക്കുന്ന സ്വകാര്യ വൈദ്യുതോല്പാദകര്‍ക്ക് ആദായകരമായി കമ്പോളത്തില്‍ വൈദ്യുതി വില്‍ക്കാന്‍ കഴിയുന്നില്ലെന്നതിനാല്‍ പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ അവര്‍ക്കാവശ്യമായ കല്‍ക്കരി ഇറക്കുമതി ചെയ്ത് തദ്ദേശിയ കല്‍ക്കരിയുടെ കുറഞ്ഞ വിലയുമായി പൂള്‍ ചെയ്ത് വിതരണം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഇത് ഇറക്കുമതി കല്‍ക്കരിയെ ആശ്രയിക്കുന്ന സ്വകാര്യ കമ്പനികളുടെ ഉല്‍പാദന ചിലവ് കുറയ്ക്കുകയും തദ്ദേശീയ കല്‍ക്കരി ഉപയോഗിക്കുന്ന എന്‍.റ്റി.പി.സി അടക്കമുള്ള പൊതുമേഖലാ കമ്പനികളുടെ ഉല്‍പാദന ചിലവ് ഉയര്‍ത്തുകയും ചെയ്യും. കേരളം, വൈദ്യുതി വാങ്ങുന്ന താല്‍ച്ചര്‍, രാമഗുണ്ടം തുടങ്ങിയുള്ള എല്ലാ നിലയങ്ങളുടെയും വൈദ്യുതി വില ഉയരുമെന്ന് സാരം.

എന്നാല്‍ പ്രകൃതി വാതകത്തിന്റെ കാര്യത്തില്‍ വ്യത്യസ്ഥമായ സമീപനമാണ് പ്ളാനിംഗ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നത്. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ ഇറക്കുമതി പ്രകൃതിവാതകത്തിന്റെയും തദ്ദേശീയ പ്രകൃതിവാതകത്തിന്റെയും നിരക്കുകള്‍ പൂള്‍ ചെയ്യണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടു വരികയാണ്. കൊച്ചി എല്‍.എന്‍.ജി. ടെര്‍മിനലില്‍ ലഭ്യമാകുന്ന പ്രകൃതിവാതകം വൈദ്യുതോല്പാദനത്തിന് പ്രയോജനപ്രദമാകണമെങ്കില്‍ ഇത് അനിവാര്യമാണ്. എന്നാല്‍ റിലയന്‍സ് അടക്കമുള്ള സ്വകാര്യ കമ്പനികള്‍ക്ക് അമിതലാഭം കൊയ്യാന്‍ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് തദ്ദേശീയ പ്രകൃതി വാതകത്തിന്റെ വില ഇറക്കുമതി വിലയുമായി തുലനം ചെയ്യണമെന്ന ഭ്രാന്തന്‍ നിര്‍ദ്ദേശമാണ് പ്ളാനിംഗ് കമ്മീഷന്‍ മുന്നോട്ട് വച്ചിട്ടുള്ളത്.
കേരളത്തിന്റെ പ്രകൃതി വാതക പദ്ധതികളെയാകെ തകിടം മറിക്കുന്നതാണ് ഈ നിര്‍ദ്ദേശം. സാധാരണ വൈദ്യുതി ഉപഭോക്താക്കളെയല്ല മറിച്ച് വമ്പന്‍ സ്വകാര്യ കമ്പനികളെയാണ് പ്ളാനിംഗ് കമ്മീഷന്റെ വികസനം ഉള്‍ക്കൊള്ളുന്നതെന്ന് തിരിച്ചറിയാന്‍ ഇതിലുമധികം ഉദാഹരണം ആവശ്യമില്ല. സി.എ.ജി. പുറത്തുകൊണ്ടുവന്ന, കല്‍ക്കരി കുംഭകോണത്തിനും ശേഷം കല്‍ക്കരി ഖനനം സ്വകാര്യവല്ക്കരിക്കാനുള്ള നിര്‍ദ്ദേശം നല്കാന്‍ നവലിബറല്‍ നയങ്ങളിലുള്ള അന്ധമായ വിശ്വാസം തന്നെ വേണ്ടതുണ്ട്. രാജ്യത്തിന്റെ പൊതുനന്മയ്ക്കപ്പുറം സ്വകാര്യമേഖലയ്ക്ക് അനന്ത സാധ്യതകള്‍ തുറന്നിടുന്ന പരിഷ്കരണ പരിപാടികളിലാണ് തങ്ങള്‍ക്ക് താല്പര്യമെന്ന് ഈ നിര്‍ദ്ദേശങ്ങളിലൂടെ ഒരിക്കല്‍കൂടി പ്ളാനിംഗ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നു.

വൈദ്യുതി രംഗത്തെ പരിഷ്കരണങ്ങള്‍

വൈദ്യുതി രംഗത്ത് നടപ്പാക്കിയ പരിഷ്കരണങ്ങളുടെ പരാജയം വ്യക്തമാണെങ്കിലും കൂടുതല്‍ പരിഷ്കരണങ്ങള്‍ നടപ്പാക്കണമെന്നാണ് പദ്ധതി നിര്‍ദ്ദേശിക്കുന്നത്.
ചില നിര്‍ദ്ദേശങ്ങള്‍ താഴെകൊടുക്കുന്നു.

1. പ്രസരണ വിതരണ നഷ്ടം കുറയ്ക്കുന്നതിനു വേണ്ടി സ്വകാര്യ പങ്കാളിത്തം കൊണ്ടു വരണം
2. ഓപ്പണ്‍ അക്സസ് വ്യാപകമാക്കണം
മ) 1 മെഗാവാട്ടില്‍ അധികം ഡിമാന്റുള്ള ഉപഭോക്താക്കള്‍ നിര്‍ബന്ധമായും ഓപ്പണ്‍ അക്സസ് ഉപയോഗിക്കണം
യ) ഇവരുടെ വൈദ്യുതി നിരക്കുകള്‍ റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കേണ്ട.
ര) 2017 ഓടെ 250 കിലോ വാട്ടില്‍ അധികം ഡിമാന്റുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും ഓപ്പണ്‍ അക്സസ് ബാധകമാക്കണം
3. അവധി വ്യാപാരം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന അനുബന്ധ കമ്പോളം സി.ഇ.ആര്‍.സി. വികസിപ്പിക്കണം.
4. സ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ (എസ്.എല്‍.ഡി.സി.) സ്വതന്ത്രമാക്കണം
5. എന്‍.റ്റി.പി.സി. അടക്കമുള്ള പൊതുമേഖലാ വൈദ്യുതി ഉല്പാദകര്‍ കമ്പോളത്തില്‍ നേരിട്ട് വൈദ്യുതി വില്ക്കണം. കേന്ദ്ര അലോക്കേഷന്‍ പുതിയ പദ്ധതികള്‍ക്ക് ഒഴിവാക്കണം.
6. ഉയര്‍ന്ന ഉല്പാദനചിലവ് ഉപഭോക്താക്കളിലേക്ക് പകരുന്ന നിലയില്‍ വൈദ്യുതി നിരക്കുകള്‍ ഉയര്‍ത്തി നിശ്ചയിക്കണം. ഗവണ്‍മെന്റ് സബ്സിഡി ചുരുക്കി കൊണ്ടു വരണം.

പദ്ധതി രേഖയില്‍ അതിദ്രുത വികസനപാതയില്‍ ലക്ഷ്യമിട്ടിരുന്ന 8.2 ശതമാനം ജി.ഡി.പി. വളര്‍ച്ചാനിരക്കിന്റെ സ്ഥാനത്ത് 8 ശതമാനം വളര്‍ച്ചയാണ് 2012-17 കാലയളവില്‍ ദേശീയ വികസന കൌണ്‍സില്‍ അംഗീകരിച്ചിരിക്കുന്നത്. ഇത് നിര്‍ദ്ദിഷ്ട പരിഷ്കരണങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തിയതു കൊണ്ടല്ല. മറിച്ച് 2012-13 വര്‍ഷത്തെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ താഴെയാകുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്. ചുരുക്കത്തില്‍ പദ്ധതി നിര്‍ദ്ദേശിക്കുന്ന പരിഷ്കരണങ്ങള്‍ ചര്‍ച്ചകൂടാതെ ദേശീയ വികസന കൌണ്‍സില്‍ അംഗീകരിച്ചുവെന്ന് കേന്ദ്ര ഗവണ്‍മെന്റിന് അവകാശപ്പെടാം. വൈദ്യുതി രംഗത്തെ മേല്‍ സൂചിപ്പിച്ച പരിഷ്കരണങ്ങള്‍ക്ക് പുറമേ ഊര്‍ജ്ജ രംഗത്തെ പ്രധാന പരിഷ്കരണ നിര്‍ദ്ദേശങ്ങളില്‍ ഡീസല്‍, മണ്ണെണ്ണ, എല്‍.പി.ജി. എന്നിവയുടെ സബ്സിഡി എടുത്തുകളയലും അന്തര്‍ദ്ദേശീയ വിലയുമായി ഇണക്കിച്ചേര്‍ക്കലും ഉള്‍പ്പെട്ടിട്ടുണ്ട്.

11-ാം പദ്ധതിക്കാലത്ത് പ്രതിസന്ധിയിലകപ്പെട്ട വൈദ്യുതി മേഖലയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനോ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ 12-ാം പദ്ധതി രേഖയ്ക്ക് കഴിഞ്ഞിട്ടില്ല. 11-ാം പദ്ധതി പ്രതീക്ഷയര്‍പ്പിച്ച കമ്പോളവും സ്വകാര്യ വൈദ്യുതിയുല്‍പാദകരും യഥാര്‍ത്ഥത്തില്‍ ഇന്ത്യയെ ഇരുളിലേക്ക് തള്ളിയിടുകയാണ് ചെയ്തത്. അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാതെ സ്വകാര്യമേഖലയുടെ ലാഭക്കൊതിക്ക് സാധാരണക്കാരെയാകെ എറിഞ്ഞു കൊടുക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് 12-ാം പദ്ധതിയിലുള്ളത്.

 

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3490
mod_vvisit_counterYesterday6334
mod_vvisit_counterThis Month96129
mod_vvisit_counterLast Month130349

Online Visitors: 98
IP: 54.156.39.245
,
Time: 12 : 46 : 49