KSEBOA - KSEB Officers' Association

Monday
Jun 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഒരു അസിസ്റന്റ് എഞ്ചിനീയറുടെ ആത്മഹത്യ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഒരു അസിസ്റന്റ് എഞ്ചിനീയറുടെ ആത്മഹത്യ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Thankachanവൈദ്യുതി ബോര്‍ഡിന്റെ ആഫീസുകളില്‍ ജനങ്ങളോട് ഏറ്റവുമധികം ബന്ധപ്പെട്ട് നില്‍ക്കുന്നത് ഇലക്ട്രിക്കല്‍ സെക്ഷനുകളാണ് എന്നത് തര്‍ക്കമറ്റ കാര്യമാണ്. വൈദ്യുതി സംബന്ധമായ വിവിധ ആവശ്യങ്ങള്‍ നടത്തിക്കിട്ടുന്നതിനായി സെക്ഷന്‍ ആഫീസുകളുടെ തലവനായ അസിസ്റന്റ് എഞ്ചിനീയറെയാണ് സാധാരണ ഗതിയില്‍ ജനങ്ങള്‍ സമീപിക്കുന്നത്. ഉപഭോക്താക്കളെയും വൈദ്യുതി ബോര്‍ഡിനെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായി പ്രവര്‍ത്തിക്കേണ്ട ഒരു അസിസ്റന്റ് എഞ്ചിനീയറുടെ ആത്മഹത്യ ഈ സ്ഥാപനത്തില്‍ പണിയെടുക്കുന്ന ഏവരുടെയും കണ്ണ് തുറപ്പിക്കേണ്ട ഒരു സംഭവമാണ്. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ആഫീസിലെ അസിസ്റന്റ് എഞ്ചിനീയറായിരുന്ന ജെ. തങ്കച്ചന്‍ സ്വയം ജീവന്‍ ഒടുക്കിക്കൊണ്ടാണ് വൈദ്യുതി ബോര്‍ഡിന്റെ നിലവിലുള്ള നയങ്ങളോട് തന്റെ പ്രതിഷേധം അറിയിച്ചത്.

തങ്കച്ചന്റെ ദാരുണ മരണം സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. അത്തരം ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കേണ്ട ഉത്തരവാദിത്തം വൈദ്യുതി ബോര്‍ഡിനുണ്ട്. തങ്കച്ചന്റെ മരണത്തിന് വൈദ്യുതി ബോര്‍ ഡിലെ ഏതെങ്കിലും ഉദ്യേഗസ്ഥര്‍ കാരണമായിട്ടുണ്ടെങ്കില്‍, അത് വെളിച്ചത്ത് കൊണ്ട് വരേണ്ടതുണ്ട്.കേരളസംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ വികലമായ നയങ്ങളുടെ രക്തസാക്ഷി കൂടിയാണ് തങ്കച്ചന്‍. വൈദ്യുതി സെക്ഷന്‍ ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് തുരങ്കം സൃഷ്ടിക്കുന്ന നിരവധി നടപടികളാണ് കഴിഞ്ഞ കുറെ നാളുകളായി വന്നുകൊണ്ടിരിക്കുന്നത്. വൈദ്യുതി ബോര്‍ഡില്‍ പണിയെടുക്കുന്ന ഓഫീസര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഇത്തരം നടപടികള്‍ ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഓഫീസുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ തടസ്സപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. വൈദ്യുതി വിതരണ ഓഫീസുകളുടെ മേധാവി എന്ന നിലയില്‍ അസിസ്റന്റ് എഞ്ചിനീയര്‍ വളരെയധികം മാനസിക സംഘര്‍ഷം അനുഭവിച്ചുകൊണ്ടാണ് ഓരോ ദിനവും തള്ളിനീക്കുന്നത്. മേലുദ്യോഗസ്ഥര്‍, പൊതു പ്രവര്‍ത്തകര്‍, പൊതു ജനങ്ങള്‍ എന്നിങ്ങനെ വിവിധ ഇടങ്ങളില്‍ നിന്നും ഉണ്ടാകുന്ന സമ്മര്‍ദ്ദം പലപ്പോഴും അസിസ്റന്റ് എഞ്ചിനീയര്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ്.

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനോടൊപ്പം അസിസ്റന്റ് എഞ്ചിനീയറുടെ ജോലിഭാരവും ലഘൂകരിക്കുക എന്ന സദുദ്ദേശത്തോടെയായിരുന്നു മോഡല്‍ സെക്ഷന്‍ സംവിധാനം വൈദ്യുതി ബോര്‍ഡ് ആവിഷ്ക്കരിച്ചത്. ബ്രേക്ക് ഡൌണ്‍, ക്യാപ്പിറ്റല്‍ & മെയിന്റനന്‍സ്, റവന്യൂ എന്നീ വിഭാഗങ്ങളിലായി ജീവനക്കാരെ വിന്യസിപ്പിച്ചുകൊണ്ട് സെക്ഷന്‍ ആഫീസിന്റെ പ്രവര്‍ത്തനം വളരെ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിരുന്നു. ഉപഭോക്താക്കളുടെ എണ്ണത്തിന്റെയും സെക്ഷന്‍ ആഫീസിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയുടെയും അടിസ്ഥാനത്തില്‍ ജീവനക്കാരുടെ എണ്ണത്തില്‍ വ്യത്യാസം ഉണ്ടായില്ല എന്ന അപാകത ഒഴിച്ചു നിര്‍ത്തിയാല്‍, സംഘടനാ ഭേദമന്യേ ജീവനക്കാര്‍ ഏകമനസ്സോടെ അതുമായി സഹകരിച്ചിട്ടുണ്ട്.

വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തില്‍ അന്നുവരെ കാണാന്‍ കഴിയാത്തത്ര വേഗതയിലാണ് ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിക്കുന്ന പ്രവൃത്തി നടന്നത്. യഥാര്‍ത്ഥത്തില്‍ വിതരണ ഓഫീസുകളിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഏറ്റവും അധികം ജോലിത്തിരക്ക് അനുഭവിച്ച കാലഘട്ടം കൂടിയായിരുന്നു അത്. നല്‍കിയിട്ടുള്ള ടാര്‍ജറ്റുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയുള്ള സമ്മര്‍ദ്ദം വളരെ സന്തോഷത്തോടുകൂടി സ്വീകരിക്കുകയാണ് ജീവനക്കാര്‍ അന്ന് ചെയ്തത്. ആവശ്യമായ സാധന സാമഗ്രികള്‍ വാങ്ങിക്കൊടുത്തും, കരാറുകാര്‍ക്ക് കൃത്യമായി പണം അനുവദിച്ചും, സ്ഥാപനത്തിലെ ജിവനക്കാരെ വിശ്വാസത്തിലെടുത്തും വൈദ്യുതി ബോര്‍ഡ് പൂര്‍ണ്ണമായി ജീവനക്കാരുമായി സഹകരിച്ചതുകൊണ്ടാണ് അത്തരത്തില്‍ വലിയ മുന്നേറ്റം അന്ന് നടത്താന്‍ കഴിഞ്ഞത്. നിര്‍മ്മിക്കപ്പെടുന്ന ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും തങ്ങളുടേതുകൂടിയാണ് എന്ന ബോധം ഓരോ ജീവനക്കാരനിലും സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ കൂട്ടായ്മയുടെ വിജയമായിരുന്നു അത്.

എന്നാല്‍ കേവലം ഒന്നരവര്‍ഷം കഴിഞ്ഞപ്പോഴേക്കും സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും മാറി. സാധന സാമഗ്രികള്‍ സമയത്ത് ലഭ്യമാക്കുന്നതില്‍ വൈദ്യുതിബോര്‍ഡ് തികച്ചും പരാജയപ്പെട്ടു. പണം അടച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വൈദ്യുതി കണക്ഷന്‍ കിട്ടിയിരുന്ന ഉപഭോക്താക്കള്‍ക്ക് ഇന്ന് എപ്പോള്‍ കണക്ഷന്‍ നല്‍കാന്‍ കഴിയുമെന്നതിന് യാതൊരു ഉറപ്പും നല്‍കാന്‍ അസിസ്റന്റ് എഞ്ചിനീയര്‍ക്ക് കഴിയുന്നില്ല. ഈ അവസ്ഥ സെക്ഷന്‍ ഓഫീസുകളില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നു. അസിസ്റന്റ് എഞ്ചിനീയറുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ പ്രധാനപ്പെട്ട കാരണമായി ഇത് മാറുകയും ചെയ്യുന്നു.

അത്യാവശ്യം വേണ്ട സാധന സാമഗ്രികളുടെ അഭാവം അറ്റകുറ്റപ്പണികളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. അടിക്കടിയുള്ള വൈദ്യുതി തകരാറുകള്‍ക്കും, വൈദ്യുതി അപകടങ്ങള്‍ക്കും ഇത് കാരണമായിത്തീരുന്നു. കൃത്യമായ സുരക്ഷാനയം ഇല്ലാത്ത സ്ഥാപനമാണ് വൈദ്യുതി ബോര്‍ഡ്. വൈദ്യുതി അപകടങ്ങള്‍ നടക്കുമ്പോള്‍ തത്കാലശാന്തിക്കായി ചില നടപടികള്‍ സ്വീകരിക്കുന്നതാണ് വൈദ്യുതി ബോര്‍ഡിന്റെ സ്ഥിരം ശൈലി. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കുന്നതിനോ അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനോ വൈദ്യുതി ബോര്‍ഡ് തയ്യാറാകുന്നില്ല. വിതരണരംഗത്തെ ഓരോ അപകടവും അസിസ്റന്റ് എഞ്ചിനീയര്‍ക്ക് സമ്മാനിക്കുന്നത് ഉറങ്ങാന്‍ കഴിയാത്ത നിരവധി ദിവസങ്ങളാണ്.

കളക്ഷന്‍ ഏഫിഷ്യന്‍സി 100 ശതമാനം എത്തിക്കുന്നതിലൊഴികെ മറ്റൊരു കാര്യത്തിലും വൈദ്യുതി ബോര്‍ഡില്‍ നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടാകുന്നില്ല. അതിനാല്‍ അസിസ്റന്റ് എഞ്ചിനീയറും സീനിയര്‍ സൂപ്രണ്ടും അടക്കമുള്ളവര്‍ കളക്ഷന്‍ എഫിഷ്യന്‍സി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു. വളരെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് സെക്ഷന്‍ ആഫീസുകളില്‍ ഓടുന്ന വാഹനങ്ങളുടെ നിരക്ക് പുനര്‍നിര്‍ണ്ണയിച്ചു കൊണ്ടുള്ള ബോര്‍ഡ് ഉത്തരവ് ഇറങ്ങിയത്. മോഡല്‍ സെക്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയ സമയത്ത് വാഹനങ്ങള്‍ ഓടുന്നതിന് അനുവദിക്കപ്പെട്ട ദൂരപരിധിയില്‍ വെട്ടിക്കുറവ് ഈ ഉത്തരവില്‍ വരുത്തിയിട്ടുണ്ട്. വിസ്തൃതി കൂടുതല്‍ ഉള്ള സെക്ഷന്‍ ആഫീസുകളില്‍ ഇത് വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ ആസ്ഥാനത്തിന് തൊട്ടടുത്തുള്ള പേരൂര്‍ക്കട സെക്ഷന്‍ ആഫീസില്‍ ഇതുവരെയും വാഹനം ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നുണ്ട്. റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ സ്റാന്‍ഡാര്‍ ഡ്സ് ഓഫ് പെര്‍ഫോമന്‍സ് പാലിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കേണ്ടതിന്റെ ഉത്തരവാദിത്തവും അസിസ്റന്റ് എഞ്ചിനീയര്‍ക്ക് ഇതോടൊപ്പം വഹിക്കേണ്ടിവരുന്നു.

സപ്ളൈ ചെയിന്‍ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അത്യാവശ്യം 'കളരിപ്പയറ്റ്' മുറകള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട് എന്നാണ് വിതരണ ആഫീസുകളിലെ അസിസ്റന്റ് എഞ്ചിനീയര്‍മാരുടെ അഭിപ്രായം. 'ഒരു ചുവട് മുന്നോട്ട് പോയി തിരിഞ്ഞ് വന്ന് വീണ്ടും മുന്നോട്ട് പോയി' എന്ന രീതിയിലാണ് അതിന്റെ പ്രവര്‍ത്തനം. അസിസ്റന്റ് എഞ്ചിനീയര്‍മാരുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാത്ത തരത്തിലാകണം എസ്.സി.എം ന്റെ 'ഓണ്‍ ലൈന്‍' സംവിധാനം സജ്ജീകരിക്കേണ്ടത്. ലോ ടെന്‍ഷന്‍ ഗാര്‍ഹിക, വ്യാവസായിക ഉപഭോക്താക്കള്‍ക്ക് റ്റി.ഒ.ഡി. മീറ്റര്‍ സ്ഥാപിക്കുന്നതിനായി വൈദ്യുതി ബോര്‍ഡ് സ്വീകരിച്ച നടപടികള്‍ ഫീല്‍ഡ് ഓഫീസുകളിലെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ ആയിരുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. അവസാന നിമിഷം വരെ കാത്തിരുന്ന ശേഷമാണ് ധൃതിപിടിച്ച് മീറ്ററുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടത്.

ഇത്തരത്തിലുള്ള നിരവധി സങ്കീര്‍ങ്ങളായ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടാണ് വിതരണ ഓഫീസുകളിലെ അസിസ്റന്റ് എഞ്ചിനീയര്‍മാര്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്. എല്ലാ ഉത്തരവാദിത്വവും അസിസ്റന്റ് എഞ്ചിനീയറുടെ മേല്‍ കെട്ടിവയ്ക്കുന്ന സമ്പ്രദായമാണ് ഇപ്പോള്‍ കണ്ടു വരുന്നത്. തങ്കച്ചന്റെ ദാരുണ മരണത്തിന് വിതരണമേഖലയില്‍ നിലനില്‍ക്കുന്ന ഇത്തരം വിഷയങ്ങള്‍ പങ്ക് വഹിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് വൈദ്യുതി ബോര്‍ഡിന്റെ വിവിധ ഓഫീസുകളില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. സാധാരണ തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം തിരുവനന്തപുരം ജില്ലയിലെ പല സെക്ഷന്‍ ഓഫീസുകളിലും സബ്-എഞ്ചിനീയര്‍ തസ്തികയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വളരെ ശാന്തവും സൌമവുമായി മാത്രമേ അദ്ദേഹം സഹപ്രവര്‍ത്തകരോടും ഉപഭോക്താക്കളോടും പെരുമാറിയിട്ടുള്ളൂ. അസിസ്റന്റ് എഞ്ചിനീയറായി വട്ടിയൂര്‍ക്കാവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ ചുമതലയേറ്റശേഷം തന്റെ കഴിവിനൊത്ത് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. പല തലങ്ങളില്‍ നിന്നും തുടര്‍ച്ചയായി വന്നിരുന്ന സമ്മര്‍ദ്ദം താങ്ങാനുള്ള കരുത്ത് ഇല്ലാതെ പോയതാണ് ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

വൈദ്യുത അപകടത്തില്‍പ്പെട്ട് മരണമടയുന്ന ജീവനക്കാരന് നല്‍കുന്ന അതേ ആദരവ് തങ്കച്ചനും നല്‍കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനെ സംരക്ഷിക്കേണ്ട ബാധ്യത ഈ സ്ഥാപനത്തില്‍ പണിയെടുക്കുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ഉണ്ട്. ബോര്‍ഡ് ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കണം. അല്ലെങ്കില്‍ നമ്മുടെ സ്ഥാപനത്തില്‍ വീണ്ടും തങ്കച്ചന്മാര്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. അത്തരത്തിലെ ഒരു സ്ഥിതിവിശേഷം വൈദ്യുതിബോര്‍ഡില്‍ ഇനി ഉണ്ടാകാന്‍ പാടില്ല.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2135
mod_vvisit_counterYesterday4174
mod_vvisit_counterThis Month78840
mod_vvisit_counterLast Month141147

Online Visitors: 47
IP: 54.167.230.68
,
Time: 14 : 58 : 39