KSEBOA - KSEB Officers' Association

Wednesday
Aug 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ബോര്‍ഡ് പുന:സംഘടന - മുഖ്യമന്ത്രിയുടെ യോഗവും ഉയര്‍ന്നുവന്ന വാദങ്ങളും

ബോര്‍ഡ് പുന:സംഘടന - മുഖ്യമന്ത്രിയുടെ യോഗവും ഉയര്‍ന്നുവന്ന വാദങ്ങളും

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Kerala CMവൈദ്യുതി ബോര്‍ഡ് പുന:സംഘടനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റ് ഡര്‍ബാര്‍ ഹാളില്‍ ബഹു. മുഖ്യമന്ത്രിയും ബഹു വൈദ്യുതി മന്ത്രിയും പങ്കെടുത്തുകൊണ്ട് വൈദ്യുതി ബോര്‍ഡ് തൊഴിലാളി/ഓഫീസര്‍ സംഘടനകളുമായി 11-2-2013ന് ചര്‍ച്ച നടത്തുകയുണ്ടായി. യോഗത്തില്‍ കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷനെ പ്രതിനിധീകരിച്ചുകൊണ്ട് പ്രസിഡന്റ് ബി.പ്രദീപ്, വര്‍ക്കിങ്ങ് പ്രസിഡന്റ് ജെ. സത്യരാജന്‍, ജനറല്‍ സെക്രട്ടറി എം.ജി.സുരേഷ് കുമാര്‍ എന്നിവരാണ് പങ്കെടുത്തത്.

ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട വിവിധപ്രശ്നങ്ങള്‍ സംബന്ധിച്ച് 7-2-2013ന് സംയുക്ത സംഘടനാസമിതി ചര്‍ച്ച ചെയ്തിരുന്നു. വൈദ്യുതി ബോര്‍ഡ് പുന:സംഘടന ധൃതി പിടിച്ച് പൂര്‍ത്തിയാക്കേണ്ട സാഹചര്യങ്ങളൊന്നുമില്ല എന്ന നിഗമനത്തിലാണ് സംയുക്ത സംഘടനാസമിതി എത്തിച്ചേര്‍ന്നത്. നേരത്തെ ബഹു മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞ വിഷയങ്ങള്‍ ഇപ്പോഴും പ്രസക്തമാണെന്നും അക്കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ല എന്നുമാണ് സംയുക്ത സംഘടനാ സമിതി തീരുമാനിച്ചത്.



പെന്‍ഷന്‍ ഫണ്ട് സംബന്ധിച്ച് ബോര്‍ഡും സര്‍ക്കാരും നേരത്തെ സര്‍ക്കുലേറ്റ് ചെയ്ത കണക്കുകളില്‍ 1600കോടി രൂപ സര്‍ക്കാരും 2920 കോടി രൂപ ബോര്‍ഡും നല്‍കുന്ന നിലയിലുള്ള ഒരു സ്കീമാണ് തയ്യാറാക്കിയിരുന്നത്. കൂട്ടത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിശ്ശിക എഴുതിത്തള്ളിയ വകയില്‍ സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട 524 കോടി രൂപ 52.4 കോടി രൂപവീതം പത്തുഗഡുക്കളായി അനുവദിക്കാമെന്നും പറഞ്ഞിരുന്നു. 2011ല്‍ തിട്ടപ്പെടുത്തിയ 7584കോടി രൂപയുടെ പെന്‍ഷന്‍ ഫണ്ടിലേക്ക് ഇങ്ങിനെ ആകെ 5044 കോടി രൂപയുടെ സ്രോതസ്സുകള്‍ മാത്രമാണ് ചൂണ്ടിക്കാണിച്ചിരുന്നത്. ചര്‍ച്ചക്ക് മുന്നോടിയായി ഈ സ്കിം പുതുക്കി പുതിയൊരു കുറിപ്പ് സംഘടനകള്‍ക്ക് നല്‍കുകയുണ്ടായി. നേരത്തെ പരഞ്ഞിരുന്ന തുകക്കൊപ്പം 2008മുതല്‍ 2012വരെ വൈദ്യുതി ഡ്യൂട്ടി ഇനത്തില്‍ ബോര്‍ഡ് സര്‍ക്കാരിലേക്ക് നല്‍കേണ്ടുന്ന 1301 കോടി രൂപ കൂടി പെന്‍ഷന്‍ ഫണ്ടിലേക്ക് അനുവദിക്കാമെന്നാണ് പുതുതായി തയ്യാറാക്കിയ സ്കീമില്‍ കാണിച്ചിട്ടുണ്ട്. ബാക്കി വരുന്ന തുക സര്‍ക്കാരും ബോര്‍ഡും‌ 160:292 അനുപാതത്തില്‍ ഭാഗിച്ചെടുക്കാമെന്നും പുതിയ സ്കീമിന്റെ ഭാഗമായി നല്‍കിയ കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇങ്ങിനെ 1600കോടി രൂപക്ക് പുറമേ 439കോടി രൂപകൂടി സര്‍ക്കാര്‍ വിഹിതമായി പെന്‍ഷന്‍ ഫണ്ടിലേക്ക് ഉള്‍പ്പെടുത്തിയാണ് പുതിയ സ്കീം തയ്യാറാക്കിയിട്ടുള്ളത്. ബോര്‍ഡിന്റെ ബാധ്യതയായി നേരത്തെ തിട്ടപ്പെടുത്തിയ 2920കോടിക്കുപുറമേ 800കോടി രൂപകൂടി സ്കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വിഹിതം ഡ്യൂട്ടിയില്‍ നിന്ന് സര്‍വീസ് ചെയ്യുന്ന ബോണ്ടായും ബോര്‍ഡ് നല്‍കേണ്ട തുക പെന്‍ഷന്‍ ഫണ്ടില്‍ നിന്നും ബോര്‍ഡ് വാങ്ങുന്ന കടമെന്ന നിലയിലുള്ള ബോണ്ടായുമാണ് ഫണ്ടിലേക്ക് സ്രോതസ്സ് ചെയ്യുന്നത്. ഈ കണക്കുകള്‍ പരിശോധിച്ചതില്‍ പ്രധാനമായും താഴെപ്പറയുന്ന അപാകതകളാണ് കണ്ടെത്തിയത്.

  • കുറിപ്പില്‍‌ 7584കോടി രൂപയുടെ പെന്‍ഷന്‍ ഫണ്ട് ആവശ്യമുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. 2011ലെ കണക്കുകള്‍ പ്രകാരമാണ് ഈ തുക തിട്ടപ്പെടുത്തിയിട്ടുള്ളത്. ഇപ്പോഴത്തെ നിലയില്‍ അക്ച്യൂറിയന്‍ വാലുവേഷന്‍ നടത്തിയാല്‍ ഈ തുകയില്‍ വലിയ വ്യത്യാസം ഉണ്ടാകും. ഈ വ്യത്യാസം കൂടി കണക്കിലെടുത്ത് അത് ഏത് സ്രോതസ്സില്‍ നിന്ന് കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. കൃത്യമായ കാഷ്‌ഫ്ലോ സ്റ്റേറ്റ്മെന്റിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുഴുവന്‍ തുകക്കുമുള്ള സ്രോതസ്സ് കണക്കില്‍ വ്യക്തമാക്കേണ്ടതുണ്ട്.
  • ജീവനക്കാരുമായുള്ള ദീര്‍ഘകാലകരാറും ഒഫീസര്‍മാരുടെ ശമ്പളപരിഷ്കരണ ഉത്തരവും പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്കരണ ഉത്തരവും ഈ വര്‍ഷത്തോടെ കാലാവധി തീരുകയാണ്. അത് പുതുക്കപ്പെടേണ്ടതുണ്ട്. ഇങ്ങിനെ പുതുക്കുന്നതിന്റെ ഭാഗമായി ആക്ചൂറിയന്‍ വാലുവേഷനും പുതുക്കേണ്ടതുണ്ട്. ഇങ്ങിനെ വരുന്ന അധികബാദ്ധ്യത ഏതു നിലയിലാണ് പെന്‍ഷന്‍ ഫണ്ടിലേക്ക് ലഭ്യമാക്കുക എന്നത് കുറിപ്പില്‍ വ്യക്തമല്ല. ഇത് എങ്ങിനെ ഫണ്ട് ചെയ്യപ്പെടും എന്നത് വ്യക്തമാക്കേണ്ടതുണ്ട്.
  • പെന്‍ഷന്‍ ഫണ്ടിലേക്ക് സര്‍ക്കാര്‍ ബാദ്ധ്യതയായി നിശ്ചയിച്ചിട്ടുള്ള 1600 കോടി രൂപക്കും 439 കോടി രൂപക്കും പലിശയിനത്തില്‍ 1147 കോടി രൂപ വേണ്ടി വരും എന്ന് കുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ ബഡ്ജറ്റില്‍ നിന്ന് നല്‍കേണ്ടത് എന്ന നിലയില്‍ കാട്ടിയിട്ടുള്ള 524 കോടി രൂപ പത്തു വര്‍ഷം കൊണ്ട് നല്‍കും എന്നാണ് കാണുന്നത്. ഇതിന് പലിശ കാണിച്ചിട്ടില്ല. ഒന്നുകില്‍ തുടക്കത്തില്‍ തന്നെ 524 കോടി രൂപയും അനുവദിക്കുകയോ അതല്ലെങ്കില്‍ വാര്‍ഷിക വിഹിതത്തോടൊപ്പം പലിശകൂടി അനുവദിക്കുകയോ ചെയ്തില്ലെങ്കില്‍ പെന്‍ഷന്‍ ഫണ്ടില്‍ അതനുസരിച്ചുള്ള കുറവ് അനുഭവപ്പെടും. ഇതും പരിഹരിക്കേണ്ടതുണ്ട്.
  • 1-04-2008മുതല്‍ 31-03-2012 വരെയുള്ള ഡ്യൂട്ടി ഇനത്തില്‍ ബോര്‍ഡിന്റെ കൈവശമുള്ള തുക എന്ന നിലയില്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് 1301 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ കണക്കിലല്ലാതെ ഇങ്ങിനെയൊരു തുക ബോര്‍ഡിന്റെ കൈവശം നീക്കിയിരിപ്പ് ഉള്ളതായി കാണുന്നില്ല. ഈ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് ലഭ്യമാക്കുന്നതിന് എന്തെങ്കിലും സംവിധാനമുണ്ടാക്കിയതായി കുറിപ്പില്‍ കാണുന്നുമില്ല. 2920 കോടി രൂപയും 800കോടിരൂപയും ചേര്‍ത്ത്‌ 3720 കോടി രൂപക്കുള്ള ബോണ്ട് പുറപ്പെടുവിക്കുന്നത് മാത്രമേ കുറിപ്പില്‍ കാണുന്നുള്ളൂ. സ്വാഭാവികമായും 1301കോടി രൂപ തുടക്കത്തില്‍ത്തന്നെ പെന്‍ഷന്‍ ഫണ്ടിലേക്ക് കാഷ് ആയി നല്‍കുകയോ വര്‍ഷവര്‍ഷം പലിശയും ചേര്‍ത്ത് നല്‍കുന്നതിന് കൃത്യമായ സ്കീം ഉണ്ടാക്കുകയോ ചെയ്യേണ്ടതുണ്ട്.

പെന്‍ഷന്‍ ഫണ്ട് രൂപീകരണം സംബന്ധിച്ച് ഈ നിലയില്‍ അവ്യക്തതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ തുടര്‍ന്നും കിട്ടും എന്ന് ഉറപ്പു വരുത്തുന്നതിനും കാലാകാലങ്ങളില്‍ ഫണ്ടില്‍ ഉണ്ടാകാനിടയുള്ള കുറവ് നികത്തുന്നതിനും പര്യാപ്തമായ സര്‍ക്കാര്‍ ഗ്യാരണ്ടിയും ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നതും ജീവനക്കാരുടെ സേവന വേതനവ്യവസ്ഥകള്‍ ഇന്നത്തെ നിലയില്‍ തുടരുമെന്നത് ഉറപ്പാക്കുന്നതുമായ ത്രികക്ഷിക്കരാറും അനിവാര്യമാണെന്ന് സംയുക്ത സംഘടനാ സമിതി തീരുമാനിക്കുകയുണ്ടായി.
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ ഫിനാന്‍ഷ്യല്‍ റീസ്ട്രചറിങ്ങ് പ്ലാന്‍ അംഗീകരിച്ചുകൊണ്ട് സ്വകാര്യവല്‍ക്കരണമടക്കമുള്ള മാന്‍ഡേറ്ററി കണ്ടീഷനുകള്‍ നടപ്പാക്കാമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ തീരുമാനം വൈദ്യുതി ബോര്‍ഡിനെ പുന:സംഘടിപ്പിച്ച് ഒറ്റക്കമ്പനിയായി പൊതുമേഖലയില്‍ നിലനിര്‍ത്തുമെന്ന പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ്. ഇക്കാര്യവും ചര്‍ച്ചയില്‍ ഉയര്‍ത്തണമെന്ന് സയുക്ത സംഘടനാസമിതി തീരുമാനിച്ചു.

ഡര്‍ബാര്‍ ഹാളില്‍ നടന്ന യോഗത്തില്‍ ബഹു. വൈദ്യുതി മന്ത്രി പെന്‍ഷന്‍ ഫണ്ട് സംബന്ധിച്ച് പുതുക്കിയ സ്കീം അവതരിപ്പിക്കുകയും സംഘടനകളുടെ അഭിപ്രായം ആരായുകയും ചെയ്തു.

ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് വര്‍ക്കേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സ. കെ.ഒ.ഹബീബ് ആണ്. ഫിനാന്‍ഷ്യല്‍ റീസ്ട്രക്ചറിങ്ങ് അംഗീകരിച്ചതിലെ അപാകത, സര്‍ക്കാര്‍ ഗ്യാരണ്ടിയുടെ അനിവാര്യത, ത്രികക്ഷിക്കരാര്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത എന്നിവയെല്ലാം അദ്ദേഹം ശക്തമായി അവതരിപ്പിച്ചു.

ഐ.എന്‍.ടി..യു.സി. നേതാവ് എംഎസ് റാവുത്തര്‍ ഫ്രാഞ്ചൈസി സമ്പ്രദായം അംഗീകരിച്ചത് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും ജീവനക്കാരുടെ ആശങ്കകള്‍ അകറ്റിവേണം കമ്പനിവല്‍ക്കരണം നടത്താനെന്നും പറഞ്ഞു. സര്‍ക്കാര്‍ ബാദ്ധ്യതയില്‍ നിന്ന് ഒഴിയുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന അഭിപ്രായമാണ് പൊതുവേ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. ബഹു. മുഖ്യമന്ത്രി ഇതിനിടയില്‍ ഇടപെട്ടുകൊണ്ട് പുന:സംഘടനയുടെ ഭാഗമായി സര്‍ക്കാര്‍ ബാധ്യതകളില്‍ നിന്ന് ഒഴിയില്ല എന്നും പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും പറഞ്ഞു. നിയമനം പി.എസ്.സി വഴിതന്നെയാകുമെന്നും ത്രികക്ഷിക്കരാര്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബഹു വൈദ്യുതി മന്ത്രി സ്വകാര്യവല്‍ക്കരണ നീക്കമുണ്ടെന്ന വാദം നിഷേധിക്കുകയും ഫിനാന്‍ഷ്യല്‍ റീസ്ട്രക്ചറിങ്ങിന്റെ ഭാഗമായി ഫാഞ്ചൈസി വരുമെന്ന് പറയുന്നത് ഇപ്പോള്‍ നിലവിലുള്ള കിന്‍ഫ്ര, കണ്ണന്‍ദേവന്‍, തൃശൂര്‍മു ന്‍സിപ്പാലിറ്റീ തുടങ്ങിയവയുടെ കാര്യമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇവയെല്ലാം പ്രത്യേകം ലൈസൈന്‍സികളാണെന്നും ഫ്രാഞ്ചൈസികള്‍ വ്യത്യസ്ഥമാണെന്നും ശ്രീ ഹബീബ് വ്യക്തമാക്കി.

തുടര്‍ന്ന് നമ്മുടെ സംഘടനയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറിയാണ് സംസാരിച്ചത്. നമ്മുടെ ഓരോ പോയിന്റിനും അപ്പോള്‍ത്തന്നെ മറുപടി പറയാനാണ് ബഹു. വൈദ്യുതി മന്ത്രി ശ്രമിച്ചത്. ട്രാന്‍സ്ഫര്‍ സ്കീം, ത്രികക്ഷിക്കരാര്‍ എന്നിവയൊക്കെ ഉണ്ടാകുമെന്ന് പറയുമ്പോഴും ഇതിലൊക്കെയുള്ള വ്യവസ്ഥകള്‍ ഇപ്പോഴും വ്യക്തമല്ലെന്ന പ്രശ്നമാണ് സംഘടന ആദ്യം ഉന്നയിച്ചത്. ഇതിന് മറുപടിയായി പുതുക്കിയ ഡ്രാഫ്റ്റ് ഒരാഴ്ച്ചക്കുള്ളില്‍ എല്ലാവര്‍ക്കും നല്‍കാമെന്ന് ബഹു മുഖ്യമന്ത്രി അറിയിച്ചു. ബോര്‍ഡ് ചെയര്‍മാനെ ഇതിന് ചുമതലപ്പെടുത്തുകയും ചെയ്തു.

ബഹു മുഖ്യമന്ത്രിയുടെ ഇടപെടലിനുശേഷവും നമ്മുടെ ചര്‍ച്ച തുടര്‍ന്നു. ഫിനാന്‍ഷ്യല്‍ റീസ്ട്രക്ചറിങ്ങ് സ്കീമിന്റെ ഭാഗമായി മാന്‍ഡേറ്ററി കണ്ടീഷനുകള്‍ അംഗീകരിച്ചുകൊണ്ട് കേരളം കത്തയച്ചത് നിസ്സാരമായി കാണാനാകില്ലെന്നതാണ് പിന്നീട് നമ്മള്‍ ഉന്നയിച്ചത്. ആകെ 9 സംസ്ഥാനങ്ങള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയോട് പ്രതികരിച്ചിട്ടുള്ളത്. അതില്‍ മദ്ധ്യപ്രദേശ് സ്കീം അംഗീകരിക്കാനാകില്ലെന്നും പഞ്ചാബ് സ്വകാര്യവല്‍ക്കരണം കണ്ടീഷനില്‍ നിന്ന് മാറ്റണം എന്നും ആവശ്യപ്പെട്ടു. കേരളത്തിന് കാര്യമായ ധനസഹായമൊന്നും കിട്ടാന്‍ അര്‍ഹതയില്ലാഞ്ഞിട്ടുപോലും നാം മാന്‍ഡേറ്ററി കണ്ടീഷനുകള്‍ അംഗീകരിക്കുകയാണുണ്ടായത്. ഇത് വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കില്ലെന്ന കേരളത്തിന്റെ പ്രഖ്യാപിത നയത്തില്‍ നിന്നുള്ള വ്യതിയാനമാണെന്ന് സംഘടന ശക്തമായി ഉന്നയിച്ചു. പെന്‍ഷന്‍ ഫണ്ടില്‍ കണ്ടെത്തിയ അപാകതകള്‍ ഓരോന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് സര്‍ക്കാര്‍ ഗ്യാരണ്ടി കൂടാതെ പറ്റില്ല എന്ന നിലപാടും നാം ശക്തമായി അവതരിപ്പിക്കുകയുണ്ടായി. പെന്‍ഷന്‍ ഫണ്ട് ഓഹരിക്കമ്പോളത്തിലേക്കോ മറ്റ് ഊഹക്കച്ചവട സാധ്യതകളിലേക്കോ പോകാതിരിക്കാന്‍ ആവശ്യമായ മുന്‍‌കരുതല്‍ ഉണ്ടാവണമെന്നും ബോര്‍ഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക കടമായി ലഭ്യമാക്കാന്‍ കഴിയണമെന്നും നമ്മള്‍ ആവശ്യപ്പെട്ടു.

ഇതിനിടെ വര്‍ക്കേര്‍സ് ഫെഡറേഷന്റെ പ്രസിഡന്റ് സ. എ.എന്‍.രാജന്‍ പെന്‍ഷന്‍ കമ്പനിയുടെ കാഷ് ഫ്ലോയില്‍നിന്ന് കൊടുക്കണമെന്നും പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കേണ്ട ആവശ്യമില്ലെന്നുമുള്ള വാദമുയര്‍ത്തി. ഇന്നത്തെപ്പോലെ റവന്യൂവില്‍ നിന്ന് പെന്‍ഷന്‍ കൊടുത്തുപോയാല്‍ മതി എന്ന വാദമാണ് അദ്ദേഹം ഉന്നയിച്ചത്. ഇത് കേട്ടപാടെ ബഹു. വൈദ്യുതി മന്ത്രി എല്ലാവര്‍ക്കും സ്വീകാര്യമാണെങ്കില്‍ ഈ നിര്‍ദ്ദേശം നമുക്ക് അംഗീകരിക്കാം എന്ന് വ്യക്തമാക്കി. ഒറ്റനോട്ടത്തില്‍ കുഴപ്പമൊന്നുമില്ല എന്ന് തോന്നുമെങ്കിലും പെന്‍ഷന്‍ ഉറപ്പുവരുത്താന്‍ യാതൊരു നിലയിലും സാദ്ധ്യമല്ലാത്ത ഒരു വാദമാണ് ഇത്. അതുകൊണ്ടുതന്നെ ഈ നിലപാടില്‍ ഓഫീസേര്‍സ് അസോസിയേഷന് വിയോജിപ്പുണ്ട് എന്ന് ഉടനെതന്നെ സംഘടനയുടെ ജനറല്‍ സെക്രട്ടറി വ്യക്തമാക്കുകയുണ്ടായി.

ചര്‍ച്ചകള്‍ ഉപസംഹരിച്ചുകൊണ്ട് ബഹു വൈദ്യുതി മന്ത്രി നേരത്തെ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച നിലയില്‍ രേഖകള്‍ ഒരാഴ്ചക്കുള്ളില്‍ സംഘടനകള്‍ക്ക് ലഭ്യമാക്കുമെന്നും അതിന് രണ്ടാഴ്ച്ക്കുള്ളില്‍ സംഘടനകളുടെ അഭിപ്രായം അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഇതുകൂടി കണക്കിലെടുത്ത് യുക്തമായ മാറ്റം വരുത്തി മന്ത്രിസഭ ഒരു തീരുമാനത്തിലെത്തുമെന്നും ഏതു സമയത്തും സംഘടനകള്‍ക്ക് ബഹു മന്ത്രിയെ സന്ദര്‍ശിച്ച് ഈ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചയാകാമെന്നും അദ്ദേഹം അറിയിച്ചു. മുഴുവന്‍ സംഘടനകളേയും ഒന്നിച്ചുവിളിച്ചുകൊണ്ട് ഇനിയും ഒരു ചര്‍ച്ചക്ക് സാദ്ധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോടും അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ പെന്‍ഷന്‍പ്രായം 58 ആക്കിമാറ്റുമെന്ന പരാമര്‍ശവും ബഹു വൈദ്യുതി മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി.

സര്‍ക്കാരില്‍ നിന്ന് രേഖകള്‍ ലഭ്യമാകുന്ന മുറക്ക് യോഗം ചേരാമെന്നും പൊതുവായ നിലപാട് രൂപീകരിച്ച് മുന്നോട്ടുപോകാമെന്നും ചര്‍ച്ചക്കുശേഷം ചേര്‍ന്ന സംയുക്ത സംഘടനാസമിതി യോഗത്തില്‍ ധാരണയായി. സര്‍ക്കാര്‍ ഏകപക്ഷീയമായി മുന്നോട്ടുപോയാല്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കണമെന്നും സമ്യുക്ത സംഘടനാസമിതിയില്‍ ധാരണയായി. ഈ യോഗത്തില്‍ വര്‍ക്കേര്‍സ് ഫേഡറേഷന്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ രേഖകളെ സംബന്ധിച്ചുള്ള നിലപാടുണ്ടാക്കാനുള്ള യോഗത്തില്‍ അവര്‍ പങ്കെടുക്കുമെന്ന് അറിയിക്കുകയുണ്ടായി.

ഫെഡറേഷന്റെ വാദവും അതിലെ അപകടവും

ബഹു മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ ഫേഡറേഷന്‍ ഉന്നയിച്ച വാദവും അതിനെ ഓഫീസേര്‍സ് അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ എതിര്‍ത്തതുമായ കാര്യം സംബന്ധിച്ച് വ്യാപകമായൊരു കാമ്പയിന്‍ നടക്കുന്നുണ്ട്. വര്‍ക്കേര്‍സ് അസോസിയേഷനും ഓഫീസേര്‍സ് അസോസിയേഷനും എതിര്‍ത്തില്ലായിരുന്നുവെങ്കില്‍ 1957ല്‍ വൈദ്യുതി വകുപ്പ് ബോര്‍ഡ് ആയപ്പോള്‍ തുടര്‍ന്നതുപോലെ പെന്‍ഷനും മറ്റും പുതിയ കമ്പനിയുടെ കാഷ് ഫ്ലോയില്‍ നിന്ന് കിട്ടുമായിരുന്നുവെന്നാണ് ഫെഡറേഷന്‍ ഈ കാമ്പയിനില്‍ ഉന്നയിക്കുന്നത്.
1957ല്‍ വൈദ്യുതി വകുപ്പില്‍ നിന്ന് ബോര്‍ഡായത് പോലെയല്ല ഇപ്പോള്‍ നടക്കുന്ന കമ്പനിവല്‍ക്കരണം എന്ന സാമാന്യ ബോധം പോലും ഈ വാദം ഉന്നയിക്കുന്നവര്‍ക്കില്ല. 1956ലെ കമ്പനി നിയമം അനുസരിച്ചുള്ള കമ്പനിയാണ് ഉണ്ടാകുന്നത്. ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലിമിറ്റഡ് കമ്പനിക്ക് ഓഹരി മൂലധനത്തിന്റെ ലിമിറ്റിനുള്ളിലെ ബാധ്യത മാത്രമേ ഏറ്റെടുക്കാന്‍ നിയമപരമായി കഴിയുകയുള്ളൂ. ആകെ 3500കോടി രൂപയുടെ ഓഹരി മൂലധനമുള്ള കമ്പനിയുടെ കാഷ് ഫ്ലോയില്‍ നിന്ന് ഇന്നത്തെ നിലക്ക് 9000 കോടി രൂപയിലധികം ബാധ്യതയുള്ള പെന്‍ഷന്‍ ലഭ്യമാകും എന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.

കാഷ് ക്രഡിറ്റ് ഇല്ലാത്തതിനാല്‍ പി..എഫ് ലോണുപോലും പാസ്സാക്കിക്കിട്ടാന്‍ വലിയ കാലതാമസമാണ് ഇപ്പോള്‍ ബോര്‍ഡിലുള്ളത്. ആ ഇനത്തില്‍ ഉണ്ടായിരുന്ന ഡിപ്പോസിറ്റ് പോലും വൈദ്യുതി വാങ്ങാന്‍ ചെലവഴിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇപ്പോള്‍ത്തന്നെ ഓരോ മാസവും ആകെ റവന്യൂ വരുമാനത്തിലും അധികം തുകക്കാണ് വൈദ്യുതി വാങ്ങുന്നത്. അതായത് പെന്‍ഷനും മറ്റും കാഷ് ഫ്ലോയില്‍ നിന്ന്, ഉണ്ടെങ്കില്‍ കൊടുത്താല്‍ മതി എന്ന സമീപനമെടുത്താല്‍ ഇപ്പോള്‍ത്തന്നെ ഇതൊക്കെ മുടങ്ങുന്ന സ്ഥിതിയാണ്.
മാറ്റി വെക്കപ്പെട്ട വേതനം എന്ന നിലയില്‍ പെന്‍ഷന്‍ ജീവനക്കാരന്റെ അവകാശമാണ്. അത് കാഷ് ഫ്ലോയുടെ ഔദാര്യത്തിന് വിധേയമാകേണ്ട ഒന്നല്ല. ഓരോ മാസവും കാഷ് ഫ്ലോ ഉണ്ടായാലും ഇല്ലെങ്കിലും അത് ഉറപ്പു വരുത്തേണ്ടതുണ്ട്. അത്തരം ഒരുറപ്പിന് പ്രാഥമികമായി വേണ്ടത് കമ്പനിവല്‍ക്കരണത്തിന് മുമ്പുതന്നെ പെന്‍ഷന്‍ ലയബിലിറ്റിക്ക് തുല്യമായ ഒരു തുക പ്രത്യേകം കണ്ടെത്തുക എന്നതാണ്. ആ അര്‍ത്ഥത്തില്‍ പെന്‍ഷന്‍ ഫണ്ട് ജീവനക്കാരുടെ പെന്‍ഷന്‍ ഉറപ്പുവരുത്തുന്നതില്‍ ഏറെ പ്രധാനപ്പെട്ടതാണ്.

ഈ ഫണ്ട് മതിയാകാതെ വരരുത്. ഫണ്ടിലേക്കുള്ള സ്വാമ്പത്തിക സ്രോതസ്സുകള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. കാലാകാലങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഫണ്ട് പര്യാപ്തമായി തുടരുകയും വേണം. ഇതൊക്കെ ഉറപ്പാകണമെങ്കില്‍ സര്‍ക്കാര്‍ ഗ്യാരണ്ടി അനിവാര്യമാണ്. അതുകൊണ്ടാണ് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ പെന്‍ഷന്‍ഫണ്ടിന്റെ അപര്യാപ്തതകള്‍ കൃത്യമായി ചൂണ്ടിക്കാണിച്ചുകൊണ്ട് സര്‍ക്കാര്‍ ഗ്യാരണ്ടിക്കുവേണ്ടി വാദിക്കുന്ന സമീപനം സ്വീകരിക്കുന്നത്.

സംയുക്ത സംഘടനാസമിതിയില്‍ ആദ്യ മീറ്റിങ്ങുകളില്‍ പെന്‍ഷന്‍ കാഷ് ഫ്ലോയില്‍ നിന്ന് കിട്ടുന്നതാണ് നല്ലത്, തമിഴ് നാട്ടില്‍ അങ്ങിനെയാണ് എന്നൊക്കെയുള്ള വാദങ്ങള്‍ ഫെഡറെഷന്‍ ഉന്നയിക്കുകയുണ്ടായിട്ടുണ്ട്. ഈ വാദത്തിന്റെ കുഴപ്പങ്ങള്‍ അപ്പോള്‍ത്തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. 7-2-2013ന്റെ സംയുക്ത സംഘടനാ സമിതി യോഗത്തിലാകട്ടെ എല്ലാ സംഘടനകളും പൊതുവായി സ്വീകരിക്കേണ്ട നിലപാടുകള്‍ വിശദമായ ചര്‍ച്ചയിലൂടെ തീരുമാനിച്ചതുമാണ്. അവിടെ യാതൊരു വിയോജിപ്പും വര്‍ക്കേര്‍സ് ഫെഡറേഷന്‍ ഉന്നയിക്കുകയുമുണ്ടായില്ല. ഈ സാഹചര്യത്തില്‍ ബഹു മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പൊതു തീരുമാനത്തില്‍ നിന്നും വ്യത്യസ്ഥമായൊരു നിലപാടെടുക്കാന്‍ ഫേഡറേഷനെ പ്രേരിപ്പിച്ചതെന്താണെന്ന് മനസ്സിലാകുന്നില്ല. വൈദ്യുതി ബോര്‍ഡ് കമ്പനി വല്‍ക്കരണ പ്രശ്നത്തില്‍ മൊത്തത്തിലുണ്ടായിട്ടൂള്ള യോജിപ്പിന് ഈ നിലപാട് ഗുണകരമാണെന്ന് തോന്നുന്നില്ല. ഐക്യത്തോടെയുള്ള പോരാട്ടത്തിലൂടെ മാത്രമേ ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിച്ചുപോകാന്‍ കഴിയുകയുള്ളൂ എന്ന വസ്തുത എല്ലാവരും മനസ്സിലാക്കും എന്നാണ് ഇക്കാര്യത്തില്‍ ഓഫീസേസ് അസോസിയേഷന്റെ വിശ്വാസം.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1456
mod_vvisit_counterYesterday3955
mod_vvisit_counterThis Month112832
mod_vvisit_counterLast Month165538

Online Visitors: 75
IP: 54.225.20.19
,
Time: 07 : 56 : 09