KSEBOA - KSEB Officers' Association

Wednesday
Aug 16th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ബോര്‍ഡ് പുനഃസംഘടന- ഐക്യം കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകണം

ബോര്‍ഡ് പുനഃസംഘടന- ഐക്യം കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Unityവൈദ്യുതി ബോര്‍ഡ് പുന:സംഘടനയുമായി ബന്ധപ്പെട്ട് ബഹു. മുഖ്യമന്ത്രിയും ബഹു വൈദ്യുതി മന്ത്രിയും പങ്കെടുത്തുകൊണ്ട് വൈദ്യുതി ബോര്‍ഡ് തൊഴിലാളി/ഓഫീസര്‍ സംഘടനകളുമായി ഫെബ്രുവരി 11-ന് ചര്‍ച്ച നടത്തി.
ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ഫെബ്രുവരി 7-ന് സംയുക്ത സംഘടനാസമിതി ചര്‍ച്ച ചെയ്തിരുന്നു. വൈദ്യുതി ബോര്‍ഡ് പുന:സംഘടന ധൃതി പിടിച്ച് പൂര്‍ത്തിയാക്കേണ്ട സാഹചര്യങ്ങളൊന്നുമില്ല എന്ന നിഗമനത്തിലാണ് സമിതി എത്തിച്ചേര്‍ന്നത്.

പെന്‍ഷന്‍ ഫണ്ട് സംബന്ധിച്ച് ബോര്‍ഡും സര്‍ക്കാരും നേരത്തെ സര്‍ക്കുലേറ്റ് ചെയ്ത കണക്കുകളില്‍ 1600കോടി രൂപ സര്‍ക്കാരും 2920 കോടി രൂപ ബോര്‍ഡും നല്കുന്ന നിലയിലുള്ള ഒരു സ്കീമാണ് തയ്യാറാക്കിയിരുന്നത്. കൂട്ടത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിശ്ശിക എഴുതിത്തള്ളിയ വകയില്‍ സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട 524 കോടി രൂപ 52.4 കോടി രൂപവീതം പത്ത് ഗഡുക്കളായി അനുവദിക്കാമെന്നും പറഞ്ഞിരുന്നു. 2011-ല്‍ തിട്ടപ്പെടുത്തിയ 7584 കോടി രൂപയുടെ പെന്‍ഷന്‍് ഫണ്ടിലേക്ക് ഇങ്ങിനെ ആകെ 5044 കോടി രൂപയുടെ സ്രോതസ്സുകള്‍ മാത്രമാണ് ചൂണ്ടിക്കാണിച്ചിരുന്നത്. ചര്‍ച്ചക്ക് മുന്നോടിയായി ഈ സ്കീം പുതുക്കി പുതിയൊരു കുറിപ്പ് സംഘടനകള്‍ക്ക് നല്‍കുകയുണ്ടായി. നേരത്തെ പറഞ്ഞിരുന്ന തുകക്കൊപ്പം 2008 മുതല്‍ 2012 വരെ വൈദ്യുതി ഡ്യൂട്ടി ഇനത്തില്‍ ബോര്‍ഡ് സര്‍ക്കാരിലേക്ക് നല്‍കേണ്ടുന്ന 1301 കോടി രൂപ കൂടി പെന്‍ഷന് ഫണ്ടിലേക്ക് അനുവദിക്കാമെന്നാണ് പുതുതായി തയ്യാറാക്കിയ സ്കീമില്‍ കാണിച്ചിരിക്കുന്നത്. ബാക്കി വരുന്ന തുക സര്‍ക്കാരും ബോര്‍ഡും 160:292 അനുപാതത്തില്‍ ഭാഗിച്ചെടുക്കാമെന്നും പുതിയ സ്കീമിന്റെ ഭാഗമായി നല്‍കിയ കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇങ്ങിനെ 1600 കോടി രൂപക്ക് പുറമേ 439 കോടി രൂപ കൂടി സര്‍ക്കാര്‍ വിഹിതമായി പെന്ഷന്‍ ഫണ്ടിലേക്ക് ഉള്‍പ്പെടുത്തിയാണ് പുതിയ സ്കീം തയ്യാറാക്കിയിട്ടുള്ളത്. ബോര്‍ഡിന്റെ ബാധ്യതയായി നേരത്തെ തിട്ടപ്പെടുത്തിയ 2920 കോടിക്കു പുറമേ 800 കോടി രൂപ കൂടി സ്കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വിഹിതം ഡ്യൂട്ടിയില്‍ നിന്ന് സര്‍വീസ് ചെയ്യുന്ന ബോണ്ടായും ബോര്‍ഡ് നല്കേണ്ട തുക പെന്‍ഷന്‍ ഫണ്ടില്‍ നിന്നും ബോര്‍ഡ് വാങ്ങുന്ന കടമെന്ന നിലയിലുള്ള ബോണ്ട് ആയുമാണ് ഫണ്ടിലേക്ക് സ്രോതസ്സ് ചെയ്യുന്നത്. ഈ കണക്കുകള്‍ പരിശോധിച്ചതില്‍ പ്രധാനമായും താഴെപ്പറയുന്ന അപാകതകളാണ് കണ്ടെത്തിയത്.



കുറിപ്പില്‍ 7584 കോടി രൂപയുടെ പെന്‍ഷന്‍ ഫണ്ട് ആവശ്യമുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. 2011-ലെ കണക്കുകള്‍ പ്രകാരമാണ് ഈ തുക തിട്ടപ്പെടുത്തിയിട്ടുള്ളത്. ഇപ്പോഴത്തെ നിലയില്‍ അക്ച്യൂറിയന്‍ വാലുവേഷന്‍ നടത്തിയാല്‍ ഈ തുകയില്‍ വലിയ വ്യത്യാസം ഉണ്ടാകും. ഈ വ്യത്യാസം കൂടി കണക്കിലെടുത്ത് അത് ഏത് സ്രോതസ്സില്‍ നിന്ന് കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. കൃത്യമായ കാഷ്ഫ്ളോ സ്റ്റേറ്റ്മെന്റിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുഴുവന്‍ തുകക്കുമുള്ള സ്രോതസ്സ് കണക്കില്‍ വ്യക്തമാക്കേണ്ടതുണ്ട്.

ജീവനക്കാരുമായുള്ള ദീര്‍ഘകാലകരാറും ഓഫീസര്‍മാരുടെ ശമ്പളപരിഷ്കരണ ഉത്തരവും പെന്‍ഷന്‍കാരുടെ പെന്‍്ഷന്‍ പരിഷ്കരണ ഉത്തരവും ഈ വര്‍ഷത്തോടെ കാലാവധി തീരുകയാണ്. അത് പുതുക്കപ്പെടേണ്ടതുണ്ട്. ഇങ്ങിനെ പുതുക്കുന്നതിന്റെ ഭാഗമായി ആക്ചൂറിയന്‍ വാലുവേഷനും പുതുക്കേണ്ടതുണ്ട്. ഇങ്ങിനെ വരുന്ന അധിക ബാദ്ധ്യത ഏതു നിലയിലാണ് പെന്‍ഷന്‍ ഫണ്ടിലേക്ക് ലഭ്യമാക്കുക എന്നത് കുറിപ്പില്‍ വ്യക്തമല്ല. ഇത് എങ്ങിനെ ഫണ്ട് ചെയ്യപ്പെടും എന്നത് വ്യക്തമാക്കേണ്ടതുണ്ട്.
പെന്‍ഷന്‍ ഫണ്ടിലേക്ക് സര്‍ക്കാര്‍ ബാദ്ധ്യതയായി നിശ്ചയിച്ചിട്ടുള്ള 1600 കോടി രൂപക്കും 439 കോടി രൂപക്കും പലിശയിനത്തില്‍ 1147 കോടി രൂപ വേണ്ടി വരും എന്ന് കുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ ബഡ്ജറ്റില്‍ നിന്ന് നല്‍കേണ്ടത് എന്ന നിലയില്‍ കാട്ടിയിട്ടുള്ള 524 കോടി രൂപ പത്തു വര്‍ഷം കൊണ്ട് നല്‍കും എന്നാണ് കാണുന്നത്. ഇതിന് പലിശ കാണിച്ചിട്ടില്ല. ഒന്നുകില്‍ തുടക്കത്തില്‍ തന്നെ 524 കോടി രൂപയും അനുവദിക്കുകയോ അതല്ലെങ്കില്‍ വാര്‍ഷിക വിഹിതത്തോടൊപ്പം പലിശകൂടി അനുവദിക്കുകയോ ചെയ്തില്ലെങ്കില്‍ പെന്‍ഷന്‍ ഫണ്ടില്‍ അതനുസരിച്ചുള്ള കുറവ് അനുഭവപ്പെടും. ഇതും പരിഹരിക്കേണ്ടതുണ്ട്.

2008 ഏപ്രില്‍ 10 മുതല്‍ 2012 മാര്‍ച്ച് 31 വരെയുള്ള ഡ്യൂട്ടി ഇനത്തില്‍ ബോര്‍ഡിന്റെ കൈവശമുള്ള തുക എന്ന നിലയില്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് 1301 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ കണക്കിലല്ലാതെ ഇങ്ങിനെയൊരു തുക ബോര്‍ഡിന്റെ കൈവശം നീക്കിയിരിപ്പ് ഉള്ളതായി കാണുന്നില്ല. ഈ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് ലഭ്യമാക്കുന്നതിന് എന്തെങ്കിലും സംവിധാനമുണ്ടാക്കിയതായി കുറിപ്പില്‍ കാണുന്നുമില്ല. 2920 കോടി രൂപയും 800 കോടി രൂപയും ചേര്‍ത്ത് 3720 കോടി രൂപക്കുള്ള ബോണ്ട് പുറപ്പെടുവിക്കുന്നത് മാത്രമേ കുറിപ്പില്‍ കാണുന്നുള്ളൂ. സ്വാഭാവികമായും 1301 കോടി രൂപ തുടക്കത്തില്‍ത്തന്നെ പെന്‍ഷന്‍ ഫണ്ടിലേക്ക് പണമായി നല്‍കുകയോ വര്‍ഷാവര്‍ഷം പലിശയും ചേര്‍ത്ത് നല്‍കുന്നതിന് കൃത്യമായ സ്കീം ഉണ്ടാക്കുകയോ ചെയ്യേണ്ടതുണ്ട്.

പെന്‍ഷന്‍ ഫണ്ട് രൂപീകരണം സംബന്ധിച്ച് ഈ നിലയില്‍ അവ്യക്തതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ തുടര്‍ന്നും കിട്ടും എന്ന് ഉറപ്പു വരുത്തുന്നതിനും കാലാകാലങ്ങളില്‍ ഫണ്ടില്‍ ഉണ്ടാകാനിടയുള്ള കുറവ് നികത്തുന്നതിനും പര്യാപ്തമായ സര്‍ക്കാര്‍ ഗ്യാരണ്ടിയും ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നതും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഇന്നത്തെ നിലയില്‍ തുടരുമെന്നത് ഉറപ്പാക്കുന്നതുമായ ത്രികക്ഷിക്കരാറും അനിവാര്യമാണെന്ന് സംയുക്ത സംഘടനാ സമിതി തീരുമാനിക്കുകയുണ്ടായി.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ ഫിനാന്‍ഷ്യല്‍ റീസ്ട്രചറിങ്ങ് പ്ളാന്‍ അംഗീകരിച്ചു കേരള സര്‍ക്കാരിന്റെ തീരുമാനം വൈദ്യുതി ബോര്‍ഡിനെ സ്വകാര്യവല്‍ക്കരിക്കാതെ പൊതുമേഖലയില്‍ ഒരു കമ്പനിയായി നിലനിര്‍ത്തുമെന്ന പ്രഖ്യാപിത നയത്തിന് വിരുദ്ധമായതിനാല്‍ ഇക്കാര്യവും ചര്‍ച്ചയില്‍ ഉയര്‍ത്തണമെന്ന് സമിതി തീരുമാനിച്ചു.

ഡര്‍ബാര്‍ ഹാളില്‍ നടന്ന യോഗത്തിലെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സ. കെ.ഒ. ഹബീബ് ആണ്. ഫിനാന്‍ഷ്യല്‍ റീസ്ട്രക്ചറിങ്ങ് അംഗീകരിച്ചതിലെ അപാകത, സര്‍ക്കാര്‍ ഗ്യാരണ്ടിയുടെ അനിവാര്യത, ത്രികക്ഷിക്കരാര്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത എന്നിവയെല്ലാം അദ്ദേഹം ശക്തമായി അവതരിപ്പിച്ചു.

സര്‍ക്കാര്‍ ബാദ്ധ്യതയില്‍ നിന്ന് ഒഴിയുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന അഭിപ്രായമാണ് പൊതുവേ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. ബഹു. മുഖ്യമന്ത്രി ഇതിനിടയില്‍ ഇടപെട്ടുകൊണ്ട് പുന:സംഘടനയുടെ ഭാഗമായി സര്‍ക്കാര്‍ ബാധ്യതകളില്‍ നിന്ന് ഒഴിയില്ല എന്നും പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും പറഞ്ഞു. നിയമനം പി.എസ്.സി വഴി തന്നെയാകുമെന്നും ത്രികക്ഷിക്കരാര്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബഹു. വൈദ്യുതി മന്ത്രി സ്വകാര്യവല്‍ക്കരണ നീക്കമുണ്ടെന്ന വാദം നിഷേധിക്കുകയും ഫിനാന്‍ഷ്യല്‍ റീസ്ട്രക്ചറിങ്ങിന്റെ ഭാഗമായി ഫ്രാഞ്ചൈസി വരുമെന്ന് പറയുന്നത് ഇപ്പോള്‍ നിലവിലുള്ള കിന്‍ഫ്ര, കണ്ണന്‍ദേവന്‍, തൃശൂര്‍ മുന്‍സിപ്പാലിറ്റി തുടങ്ങിയവയുടെ കാര്യമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇവയെല്ലാം പ്രത്യേകം ലൈസന്‍സികളാണെന്നും ഫ്രാഞ്ചൈസികള്‍ വ്യത്യസ്ഥമാണെന്നും ശ്രീ ഹബീബ് വ്യക്തമാക്കി.

നമ്മുടെ സംഘടനയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറിയാണ് സംസാരിച്ചത്. ട്രാന്‍സ്ഫര്‍ സ്കീം, ത്രികക്ഷിക്കരാര്‍ എന്നിവയൊക്കെ ഉണ്ടാകുമെന്ന് പറയുമ്പോഴും ഇതിലൊക്കെയുള്ള വ്യവസ്ഥകള്‍ ഇപ്പോഴും വ്യക്തമല്ലെന്ന പ്രശ്നമാണ് സംഘടന ആദ്യം ഉന്നയിച്ചത്. ഇതിന് മറുപടിയായി പുതുക്കിയ ഡ്രാഫ്റ്റ് ഒരാഴ്ചക്കുള്ളില്‍ എല്ലാവര്‍ക്കും നല്‍കാമെന്ന് ബഹു. മുഖ്യമന്ത്രി അറിയിക്കുകയും അതിനായി ബോര്‍ഡ് ചെയര്‍മാനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഫിനാന്‍ഷ്യല്‍ റീസ്ട്രക്ചറിങ്ങ് സ്കീമിനോട് പ്രതികരിച്ച 9 സംസ്ഥാനങ്ങളില്‍ മദ്ധ്യപ്രദേശ് സ്കീം അംഗീകരിക്കാനാകില്ലെന്നും, പഞ്ചാബ് സ്വകാര്യവല്ക്കരണം കണ്ടീഷനില്‍ നിന്ന് മാറ്റണം എന്നും ആവശ്യപ്പെട്ടതായി നമ്മള്‍ ചൂണ്ടിക്കാട്ടി. കേരളത്തിന് കാര്യമായ ധനസഹായമൊന്നും കിട്ടാന്‍ അര്‍ഹതയില്ലാഞ്ഞിട്ടു പോലും നാം മാന്‍ഡേറ്ററി കണ്ടീഷനുകള്‍ അംഗീകരിച്ചത് വൈദ്യുതി മേഖല സ്വകാര്യവല്ക്കരിക്കില്ലെന്ന കേരളത്തിന്റെ പ്രഖ്യാപിത നയത്തില്‍ നിന്നുള്ള വ്യതിയാനമാണെന്ന് സംഘടന ശക്തമായി ഉന്നയിച്ചു. പെന്‍ഷന്‍ ഫണ്ടില്‍ കണ്ടെത്തിയ അപാകതകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി ഉണ്ടായേ സാധ്യമാവൂ എന്ന നിലപാടും നാം ശക്തമായി അവതരിപ്പിച്ചു. പെന്‍ഷന്‍ ഫണ്ട് ഓഹരിക്കമ്പോളത്തിലേക്കോ മറ്റ് ഊഹക്കച്ചവട സാധ്യതകളിലേക്കോ പോകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ ഉണ്ടാവണമെന്നും ബോര്‍ഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക കടമായി ലഭ്യമാക്കാന്‍ കഴിയണമെന്നും നമ്മള്‍ ആവശ്യപ്പെട്ടു.

ജീവനക്കാരുടെ പെന്‍ഷന്‍ പുതുതായി രൂപീകരിക്കുന്ന കമ്പനിയുടെ കാഷ്ഫ്ളോയില്‍ നിന്നും നല്‍കണമെന്നും അതുകൊണ്ട് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കേണ്ടതില്ല എന്ന ഒരു വാദം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ഒറ്റനോട്ടത്തില്‍ കുഴപ്പമില്ല എന്നു തോന്നുമെങ്കിലും പെന്‍ഷന്‍ ഉറപ്പുവരുത്താന്‍ യാതൊരു നിലയിലും സാദ്ധ്യമല്ലാത്ത ഈ വാദത്തിനോടുള്ള വിയോജിപ്പ് യോഗത്തില്‍ തന്നെ നമ്മള്‍ അറിയിക്കുകയും ചെയ്തു.

1956ലെ കമ്പനി നിയമം അനുസരിച്ച് നിയമപ്രകാരം രജിസ്റര്‍ ചെയ്തിട്ടുള്ള ലിമിറ്റഡ് കമ്പനിക്ക് ഓഹരി മൂലധനത്തിന്റെ ലിമിറ്റിനുള്ളിലെ ബാധ്യത മാത്രമേ ഏറ്റെടുക്കാന്‍ നിയമപരമായി കഴിയുകയുള്ളൂ. ആകെ 3500കോടി രൂപയുടെ ഓഹരി മൂലധനമുള്ള കമ്പനിയുടെ കാഷ് ഫ്ളോയില്‍ നിന്ന് ഇന്നത്തെ നിലക്ക് 9000 കോടി രൂപയിലധികം ബാധ്യതയുള്ള പെന്‍ഷന്‍ ലഭ്യമാകും എന്നവാദം യുക്തിസഹമല്ല.

മാറ്റി വെക്കപ്പെട്ട വേതനം എന്ന നിലയില്‍ ജീവനക്കാരന്റെ അവകാശമായ പെന്‍ഷന്‍ കാഷ് ഫ്ളോയുടെ ഔദാര്യത്തിന് വിധേയമാക്കേണ്ട ഒന്നല്ല. കാഷ് ഫ്ളോ ഉണ്ടായാലും ഇല്ലെങ്കിലും പെന്‍ഷന്‍ ഉറപ്പു വരുത്തേണ്ടതിന് പ്രാഥമികമായി ആവശ്യമുള്ളത് കമ്പനിവല്‍ക്കരണത്തിന് മുമ്പുതന്നെ പെന്‍ഷന്‍ ലയബിലിറ്റിക്ക് തുല്യമായ ഒരു തുക പ്രത്യേകം കണ്ടെത്തുക എന്നതാണ്. ആ അര്‍ത്ഥത്തില്‍ പെന്‍ഷന്‍ ഫണ്ട് ജീവനക്കാരുടെ പെന്‍ഷന് ഉറപ്പുവരുത്തുന്നതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഫണ്ടിലേക്കുള്ള സാമ്പത്തിക സ്രോതസ്സുകള്‍ ഉറപ്പുവരുത്തുകയും കാലാകാലങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഫണ്ട് പര്യാപ്തമായി തുടരുകയും വേണം. അതിന് സര്‍ക്കാര്‍ ഗ്യാരണ്ടിയും അനിവാര്യമാണ്. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് യോഗത്തില്‍ ഈ വിഷയത്തിന്മേലുള്ള നമ്മുടെ വിയോജിപ്പ് രേഖപ്പെടുത്തിയത്.

ചര്‍ച്ചകള്‍ ഉപസംഹരിച്ചുകൊണ്ട് ബഹു വൈദ്യുതി മന്ത്രി നേരത്തെ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച നിലയില്‍ രേഖകള്‍ ഒരാഴ്ചക്കുള്ളില്‍ സംഘടനകള്‍ക്ക് ലഭ്യമാക്കുമെന്നും അതിന് രണ്ടാഴ്ചക്കുള്ളില്‍ സംഘടനകളുടെ അഭിപ്രായം അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. മുഴുവന്‍ സംഘടനകളേയും ഒന്നിച്ചുവിളിച്ചുകൊണ്ട് ഇനിയും ഒരു ചര്‍ച്ചക്ക് സാദ്ധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരെ സംബന്ധിച്ചിടത്തോളം വരും നാളുകള്‍ ശക്തമായ പോരാട്ടത്തിന്റെ നാളുകളായിരിക്കും. കമ്പനിവല്‍ക്കരണ പ്രശ്നത്തില്‍ വളരെ ഐക്യത്തോടെയാണ് സംയുക്ത സമിതി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഐക്യം കാത്തുസൂക്ഷിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ നമ്മുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിച്ചു പോകാന്‍ കഴിയുകയുള്ളൂ എന്നാണ് സംഘടനയുടെ വിശ്വാസം.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4677
mod_vvisit_counterYesterday5682
mod_vvisit_counterThis Month84862
mod_vvisit_counterLast Month165538

Online Visitors: 83
IP: 54.92.164.193
,
Time: 20 : 37 : 54