KSEBOA - KSEB Officers' Association

Monday
Oct 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വിവാദങ്ങളില്‍ കുരുങ്ങാത്ത ശരിയായ നിലപാടുകള്‍

വിവാദങ്ങളില്‍ കുരുങ്ങാത്ത ശരിയായ നിലപാടുകള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

വിവാദങ്ങളില്‍ കുരുങ്ങാത്ത ശരിയായ നിലപാടുകള്‍കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ പതിനൊന്നാം സംസ്ഥാന സമ്മേളനം 2003 ഓഗസ്റില്‍ തിരുവല്ലയില്‍ വച്ചാണ് നടന്നത്. വൈദ്യുതി നിയമം 2003 പ്രാബല്യത്തില്‍ വന്ന് രണ്ടു മാസത്തിനുള്ളില്‍ നടന്ന സമ്മേളനം എന്ന നിലയില്‍ ആ സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം ഈ നിയമം തന്നെയായിരുന്നു. വൈദ്യുതി മേഖലയുടെ ത്വരിത വളര്‍ച്ച ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ നിയമം പാസ്സാക്കുന്നത് എന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം തികഞ്ഞ കാപട്യമാണെന്ന് സമ്മേളനം വിലയിരുത്തി. വൈദ്യുതി സാമൂഹ്യ വികസനത്തിന്റെ ചാലക ശക്തിയെന്ന നിലയില്‍ നിന്നും കേവലം ഒരു കച്ചവടച്ചരക്കായി മാറുന്നതിനാണ് നിയമം വഴിയൊരുക്കുക എന്നതില്‍ നമുക്ക് സംശയമുണ്ടായിരുന്നില്ല. വൈദ്യുതിക്കമ്മി വര്‍ദ്ധിക്കുന്നതിനും വൈദ്യുതി വില വന്‍തോതില്‍ ഉയരുന്നതിനും മാത്രമേ നിയമമനുശാസിക്കുന്ന പരിഷ്കരണങ്ങളിലൂടെ സാദ്ധ്യമാകുകയുള്ളൂ എന്ന് ഒറീസ്സയടക്കമുള്ള ഒട്ടേറെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമായിരുന്നു. അതുകൊണ്ടു തന്നെ നിയമം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരാനും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദേശീയാടിസ്ഥാനത്തില്‍ ഇ.ഇ.എഫ്.ഐ (ഇലക്ട്രിസിറ്റി എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) നടത്തിവന്ന പ്രക്ഷോഭങ്ങളില്‍ ഭാഗവാക്കായും നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ളോയീസ് ആന്റ് എഞ്ചിനീയേഴ്സ് എന്ന കൂട്ടായ്മ സൃഷ്ടിക്കുന്നതില്‍ സജീവമായി ഇടപെട്ടും ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നാമിന്നും തുടരുകയാണ്.


വൈദ്യുതി ബോര്‍ഡുകളെ അണ്‍ബണ്ടില്‍ ചെയ്ത് കമ്പനികളാക്കുകയും സ്വകാര്യ മൂലധന ശക്തികളുടെ താല്‍പര്യത്തിന് കീഴ്പ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു വൈദ്യുതി നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബോര്‍ഡിന്റെ ഉല്‍പാദനം, പ്രസരണം, വിതരണം എന്നീ പ്രാഥമിക പ്രവര്‍ത്തന മേഖലകളുടെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനോടൊപ്പം വൈദ്യുതി വിപണനത്തെ (ട്രേഡിങ്ങ്) പ്രത്യേക ബിസിനസ്സാക്കി മാറ്റുന്നതിനും നിയമത്തില്‍ വ്യവസ്ഥകളുണ്ട്. പ്രസരണ യൂട്ടിലിറ്റികളെ ട്രേഡിങ്ങ് നടത്തുന്നതില്‍ വിലക്കുകയും കൂടി ചെയ്തതോടെ ബോര്‍ഡ് വിഭജനം അനിവാര്യമാണ് എന്നൊരു പ്രതീതിയാണ് നിയമം സൃഷ്ടിച്ചത്. 2003ലെ കേരള സര്‍ക്കാരാകട്ടെ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ബോര്‍ഡ് വിഭജനം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനവും നടത്തി. അതുകൊണ്ടു തന്നെ ബോര്‍ഡിന്റെ വിഭജനം സംബന്ധിച്ചും തിരുവല്ല സമ്മേളനം വിശദമായി ചര്‍ച്ചചെയ്യുകയുണ്ടായി. മുന്‍ അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ള നിയമ വിശാരദന്മാരുടെ അഭിപ്രായവും നാം ഇക്കാര്യത്തില്‍ തേടുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ബോര്‍ഡുകളുടെ വിഭജനം തന്നെയാണ് ലക്ഷ്യമിടുന്നതെങ്കിലും ഉല്പാദന പ്രസരണ വിതരണ മേഖലകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കരുത് എന്ന് നിര്‍ബന്ധമായി പറയുന്ന വകുപ്പുകളൊന്നും ആക്ടില്‍ ഇല്ലെന്ന് ചര്‍ച്ചകളില്‍ നിന്ന് നമുക്ക് ബോധ്യപ്പെട്ടു. വിതരണാവശ്യത്തിന് വൈദ്യുതി വാങ്ങുന്നതും മിച്ച വൈദ്യുതി അനിവാര്യമായ ഘട്ടങ്ങളില്‍ പുറത്തേക്ക് വില്‍ക്കുന്നതും ട്രേഡിങ്ങിന്റെ നിര്‍വചനത്തില്‍പ്പെടില്ല എന്ന നിലപാടാണ് നാം സ്വീകരിച്ചത്. പ്രസരണ യൂട്ടിലിറ്റികളെ ട്രേഡിങ്ങ് നടത്തുന്നതില്‍ വിലക്കിയതുകൊണ്ട് ബോര്‍ഡിനെ കുറഞ്ഞത് രണ്ടായെങ്കിലും വിഭജിച്ചേ പറ്റൂ എന്ന നിലപാടും വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് നമ്മള്‍ വ്യക്തമാക്കി. ഇങ്ങിനെ വൈദ്യുതി നിയമം 2003ന്റെ പഴുതുകള്‍ ഉപയോഗിച്ചു തന്നെ വൈദ്യുതി ബോര്‍ഡിനെ ഒറ്റ സ്ഥാപനമായി പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന് തിരുവല്ല സമ്മേളനം കണ്ടെത്തി.


നമ്മുടെ നിഗമനങ്ങളെ അസംബന്ധം എന്നാണ് അന്ന് സര്‍ക്കാര്‍ വക്താക്കള്‍ വിശേഷിപ്പിച്ചത്. 2005-ല്‍ ബോര്‍ഡ് വിഭജിച്ച് കമ്പനികളാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിക്കുകയും പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പേഴ്സ് എന്ന കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ ധാരണയാകുകയും ചെയ്തു. പക്ഷേ കണ്‍സള്‍ട്ടന്റിനെ നിശ്ചയിക്കാനുള്ള ടെന്റര്‍ ഡോക്യുമെന്റ് തയ്യാറാക്കിയതും പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പേഴ്സ് തന്നെയാണെന്ന് പുറത്തായതിനാല്‍ ഈ നടപടിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിനായില്ല. എന്നാല്‍ ഈ ഘട്ടത്തിലും ബോര്‍ഡ് വിഭജനം അനിവാര്യമല്ല എന്ന നമ്മുടെ നിലപാട് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ബോര്‍ഡിലെ ചില സംഘടനകളാകട്ടെ ബോര്‍ഡ് വിഭജനം കാര്യക്ഷമതക്ക് അനിവാര്യമാണെന്ന് പ്രചാരണം നടത്തുകയും കമ്പനിവല്‍ക്കരണത്തിലൂടെ മാത്രമേ ബോര്‍ഡിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ബോര്‍ഡ് വിഭജനത്തിനെതിരായി നാമെടുത്ത സമീപനത്തെ അപഹസിക്കുന്ന നിലയും സ്വീകരിച്ചു. എന്നാല്‍ തിരുവല്ല സമ്മേളനത്തിന്റെ തീരുമാനത്തില്‍ ഉറച്ചുനിന്ന് ബോര്‍ഡ് വിഭജനത്തിനെതിരായ വികാരം ഓഫീസര്‍മാരിലും ജീവനക്കാരിലുമെത്തിക്കുന്ന പ്രവര്‍ത്തനം തുടരാനാണ് സംഘടന തീരുമാനിച്ചത്. നിരന്തരമായി നാം നടത്തിയ ഈ പ്രവര്‍ത്തനം ബോര്‍ഡ് വിഭജനത്തിനെതിരായ പൊതുവികാരം ഉയര്‍ത്തുന്നതില്‍ വിജയിക്കുക തന്നെ ചെയ്തു.


2006-ല്‍ സംസ്ഥാനത്തുണ്ടായ ഭരണമാറ്റം സര്‍ക്കാരിന്റെ നിലപാടിലും പ്രതിഫലിച്ചു. വൈദ്യുതി ബോര്‍ഡിനെ വിഭജിക്കാതെ ഒറ്റസ്ഥാപനമായി പൊതുമേഖലയില്‍ നിര്‍ത്തും എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മാത്രമല്ല കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ബോര്‍ഡ് പുനഃസംഘടനക്കുള്ള കാലാവധി നീട്ടിവാങ്ങി പുനഃസംഘടന ഒഴിവാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ 2008 സെപ്തംബറോടെ പുനഃസംഘടനക്കുള്ള കാലാവധി നീട്ടി നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചു. വൈദ്യുതി ബോര്‍ഡിനെ രണ്ടു കമ്പനികളെങ്കിലുമായി വിഭജിക്കും എന്ന് ഉറപ്പു തന്നാല്‍ മാത്രമേ കാലാവധി നീട്ടിനല്‍കൂ എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഇതിന് വഴങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഒടുവില്‍ കാലാവധി ദീര്‍ഘിപ്പിച്ചുകിട്ടാത്ത സാഹചര്യത്തില്‍ ബോര്‍ഡിന്റെ ആസ്തി ബാദ്ധ്യതകള്‍ സര്‍ക്കാരിലെക്ക് ഏറ്റെടുത്തുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമായി. ഈ നിലപാടിനെ അനുകൂലിക്കുന്ന സമീപനമാണ് നമ്മുടെ സംഘടന സ്വീകരിച്ചത്. ഈ നിലപാടിനേയും വിവാദമാക്കാനുള്ള ശ്രമങ്ങളാണ് തുടര്‍ന്നുണ്ടായത്.


ഛത്തീസ്ഗഡില്‍ ഒരു സ്വകാര്യ വിതരണ കമ്പനിക്ക് പ്രസരണ ലൈസന്‍സ് കൂടി നല്‍കാനുള്ള റഗുലേറ്ററി കമ്മീഷന്റെ തീരുമാനത്തിനെതിരെ അവിടുത്തെ പൊതുമേഖലാ വൈദ്യുതിക്കമ്പനി അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു. അപ്പലേറ്റ് ട്രിബ്യൂണല്‍ ഈ അപ്പീല്‍ തള്ളി. ഇങ്ങിനെ അപ്പീല്‍ തള്ളിക്കൊണ്ട് അപ്പലേറ്റ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ സര്‍ക്കാരുകള്‍ക്ക് ആവശ്യമെന്ന് തോന്നിയാല്‍ മാത്രമേ വൈദ്യുതിബോര്‍ഡ് പുനഃസംഘടന നടത്തേണ്ടതുള്ളൂ എന്ന് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടി ബോര്‍ഡ് ബോര്‍ഡായിത്തന്നെ നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രം തീരുമാനിച്ചാല്‍ മതിയെന്നാണ് ചില സംഘടനകള്‍ വാദിച്ചത്. വൈദ്യുതി നിയമം 2003-ലെ വകുപ്പ് 172 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലാതെ വൈദ്യുതി ബോര്‍ഡിന് തുടരാന്‍ കഴിയില്ല എന്ന വസ്തുത തമസ്കരിച്ചുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പ്രചരണമുണ്ടായത്. എന്തായാലും വൈദ്യുതി ബോര്‍ഡിന്റെ ആസ്തി ബാദ്ധ്യതകള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്ത നടപടി മൂലമാണ് ഇന്നും ഒറ്റ സ്ഥാപനമായി കേരളത്തിലെ വൈദ്യുതി മേഖല തുടരുന്നത് എന്നത് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.


ഇതുപോലെ തന്നെ ഉയര്‍ന്നുവന്ന മറ്റൊരു വിവാദമാണ് ബോര്‍ഡ് പുനഃസംഘടന നിയമസഭയില്‍ പാസ്സാക്കുന്ന നിയമത്തിലൂടെ ആകണമോ വേണ്ടയോ എന്നത്. 2006-ല്‍ സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന്റെ പുനഃസംഘടന സംബന്ധിച്ച് പഠിക്കാന്‍ ഒരു വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതി സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാന നിയമസഭയില്‍ ഒരു നിയമമായി ബോര്‍ഡിന്റെ കൈമാറ്റ പദ്ധതി അംഗീകരിക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. വൈദ്യുതി മേഖലയില്‍ നിയമമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ട്. എന്നാല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായി ഇലക്ട്രിസിറ്റി ആക്ട് 2003 നിലവില്‍ വന്ന സാഹചര്യത്തില്‍ സംസ്ഥാനം ഒരു നിയമം കൊണ്ടുവരുന്നത് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ മാത്രമേ സാധിക്കുകയുള്ളൂ. കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രപതി തീരുമാനമെടുക്കുക. ബോര്‍ഡ് വിഭജനത്തില്‍ കടും പിടുത്തം പിടിക്കുന്ന കേന്ദ്ര സര്‍ക്കാരിലേക്ക് ബോര്‍ഡിന്റെ കൈമാറ്റ പദ്ധതി സംസ്ഥാന നിയമമായി സമര്‍പ്പിച്ചാല്‍ ഗുണകരമാകുമോ എന്ന പ്രശ്നമാണ് സര്‍ക്കാരിന്റെ മുന്നില്‍ ഉയര്‍ന്നുവന്നത്. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരായ നിലപാടാണ് സംസ്ഥാനത്തിനുള്ളതെന്ന് വ്യക്തമാക്കാന്‍ ഇത്തരമൊരു നിയമം സഹായകമാണ്. പക്ഷേ ബോര്‍ഡിനെ ഒറ്റ സ്ഥാപനമായി പൊതുമേഖലയില്‍ നിലനിര്‍ത്തുക എന്ന സംസ്ഥാനത്തിന്റെ നിലപാട് അംഗീകരിക്കാതെ നിയമം തിരിച്ചയക്കപ്പെട്ടാല്‍ വിഭജനത്തില്‍ നിന്ന് പിന്‍മാറാനാകാത്ത സ്ഥിതിയിലേക്ക് സംസ്ഥാനം എത്തിപ്പെടും. ഇക്കാര്യത്തില്‍ അത്തരമൊരു റിസ്കിന് തയ്യാറാകേണ്ടതില്ല എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് നിയമസഭയില്‍ നിയമം പാസ്സാക്കണം എന്ന വാദത്തില്‍ അയവ് വരുത്തുന്നതാണ് പ്രായോഗികം എന്നതിനാല്‍ നമ്മുടെ സംഘടന നിയമത്തിനു വേണ്ടി വാശിപിടിക്കുന്ന സമീപനം സ്വീകരിച്ചില്ല.


2011-ല്‍ സംസ്ഥാനത്ത് വീണ്ടുമൊരു ഭരണമാറ്റം ഉണ്ടായി. ബോര്‍ഡിനെ ഒറ്റ സ്ഥാപനമായി പൊതുമേഖലയില്‍ നിലനിര്‍ത്തുമെന്ന മുന്‍ സര്‍ക്കാര്‍ നിലപാട് തുടരുമെന്നാണ് ഇപ്പോഴത്തെ സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുള്ളത്. സ്വാഭാവികമായും ഈ നിലപാടിനെ നാം പിന്തുണക്കുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച ധനകാര്യ പുനഃസംഘടനാ പാക്കേജിലെ സ്വകാര്യവല്‍ക്കരണ നിബന്ധന അംഗീകരിക്കുന്നതടക്കം ചില പാളിച്ചകള്‍ സര്‍ക്കാര്‍ നിലപാടുകളില്‍ കടന്നുവന്നപ്പോള്‍ നാം അതിനെ ശക്തമായി എതിര്‍ക്കുന്ന സമീപനം സ്വീകരിച്ചു. നിലവില്‍ തുടരുന്നതുപോലെ സര്‍ക്കാരില്‍ നിക്ഷിപ്തമായ ആസ്തി ബാദ്ധ്യതകളുമായി ബോര്‍ഡിന് മുന്നോട്ടുപോകുന്നതിന് നിയമതടസ്സമൊന്നും നിലവിലില്ല എന്നതാണ് നമ്മുടെ നിലപാട്. എന്നാല്‍ ഒറ്റ സ്ഥാപനമായി പൊതുമേഖലയില്‍ നിലനിര്‍ത്തുക എന്ന അടിസ്ഥാന നിലപാടില്‍ നിന്നുകൊണ്ട് പുനഃസംഘടന പൂര്‍ത്തിയാക്കുന്നതിനോട് സഹകരിക്കാന്‍ സംഘടന തയ്യാറാണ്. പക്ഷേ പെന്‍ഷന്‍, സേവന വേതന വ്യവസ്ഥകള്‍ എന്നിവയെല്ലാം ഇന്നുള്ള നിലയില്‍ തുടരാനുള്ള ക്രമീകരണം ഉണ്ടാകണം. അതിന് സര്‍ക്കാര്‍ ഗ്യാരണ്ടിയും വേണം. ഇങ്ങിനെ തികച്ചും സുതാര്യവും സന്ദേഹത്തിനിടയില്ലാത്തതുമായ നിലപാടില്‍ നിന്നാണ് നാം വൈദ്യുതി ബോര്‍ഡ് പുനഃസംഘടനയെ നോക്കിക്കാണുന്നത്. വിവാദങ്ങളില്‍ കുരുങ്ങാതെ ശരിയായ നിലപാടുകള്‍ എടുത്തുപോകാന്‍ നമ്മെ സഹായിക്കുന്നത് ഈ തുറന്ന സമീപനമാണ്. അത് കൃത്യമായി മനസ്സിലാക്കാന്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍ വേണ്ടതുണ്ട് എന്നതിലാണ് ഇത്രയും കുറിച്ചത്.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2376
mod_vvisit_counterYesterday4639
mod_vvisit_counterThis Month102805
mod_vvisit_counterLast Month134230

Online Visitors: 70
IP: 54.81.210.99
,
Time: 11 : 24 : 22