KSEBOA - KSEB Officers' Association

Thursday
May 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പുന:സംഘടനയും പെന്‍ഷന്‍ സുരക്ഷയും

പുന:സംഘടനയും പെന്‍ഷന്‍ സുരക്ഷയും

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Pensionവൈദ്യുതി നിയമം 2003ന്റെ ചുവടുപിടിച്ച് കെ.എസ്.ഇ.ബി പുന:സംഘടനയ്ക്കുള്ള നീക്കം ദ്രുതഗതിയില്‍ നടക്കുകയാണ്. പുന:സംഘടന, വിഭജനം, സ്വകാര്യവല്ക്കരണം എന്നീ പരിഷ്കരണങ്ങള്‍ വൈദ്യുതി മേഖലയുടെ വികസനത്തിന് ഗുണം ചെയ്തുവെന്ന് ഇന്ത്യയിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും അവകാശവാദം ഉള്ളതായി കാണുന്നില്ല. മറിച്ച് തൊണ്ണൂറുകള്‍ മുതല്‍ നാം ചൂണ്ടിക്കാട്ടിയതു പോലെ ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ദോഷകരമാവുകയും വൈദ്യുതി മേഖല കൂട്ടക്കുഴപ്പത്തില്‍ അകപ്പെടുകയുമാണുണ്ടായിട്ടുള്ളത്. കേരളമാകട്ടെ നിയമത്തിലെ പഴുതുപയോഗിച്ച് പുന:സംഘടന പൂര്‍ത്തിയാക്കാതെ തുടരുകയാണ്. വിഭജനം ഒഴിവാക്കണമെന്ന് എല്‍.ഡി.എഫ്. ഗവണ്‍മെന്റ് എടുത്ത തീരുമാനം മാറ്റമൊന്നുമില്ലാതെ യു.ഡി.എഫ്. ഗവണ്മെന്റും പിന്തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യ പങ്കാളിത്തം വേണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിനു മുന്നില്‍ ആദ്യം വഴങ്ങിയ സംസ്ഥാന ഗവണ്‍മെന്റ് തുടര്‍ന്ന് ഉയര്‍ന്നു വന്ന പ്രതിഷേധത്തിന്റെയും നിയമസഭയിലടക്കം നടന്ന ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ പിന്നോട്ടു പോയി. കേന്ദ്രഗവണ്‍മെന്റിന്റെ ഉദാരീകരണനയം ചോദ്യം ചെയ്യാതെ പിന്തുടരുന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ നടപടികളെ ജാഗ്രതയോടെ പരിശോധിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ അനുഭവം വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ ദ്രുതഗതിയിലുള്ള പുന:സംഘടനാ നീക്കം ജീവനക്കാര്‍ക്കിടയില്‍ സ്വാഭാവികമായും ആശങ്കയുളവാക്കുന്നുണ്ട്.

ചുരുങ്ങിയ കാലം കൊണ്ട് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ വന്ന താളപ്പിഴകളും സാമ്പത്തിക പ്രതിസന്ധിയും ഈ ആശങ്കയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ നിശ്ചലാവസ്ഥയും പുതിയ കണക്ഷനുകള്‍ നല്‍കുന്നതില്‍ പോലുമുണ്ടാകുന്ന വലിയ കാലതാമസവും എന്തിനേറെ, ഉപയോഗിച്ച വൈദ്യുതിക്ക് ബില്‍ നല്കാനുള്ള സ്പോട്ട് ബില്‍ പാഡ് ലഭ്യമാക്കുന്നതില്‍ വരെയുള്ള പിടിപ്പുകേടും ജീവനക്കാരില്‍ സ്ഥാപനത്തിന്റെ ഭാവിയെക്കുറിച്ച് ഇരുള്‍ ചിത്രമാണ് നല്‍കുന്നത്. പി.എഫും പെന്‍ഷന്‍ കുടിശ്ശികയും അടക്കം വിവിധ ക്ളെയിമുകള്‍ ലഭ്യമാക്കുന്നതില്‍ അനുഭവപ്പെടുന്ന കാലതാമസവും അനിശ്ചിതാവസ്ഥയും നല്കുന്ന ചിത്രവും വ്യത്യസ്തമല്ല. വൈദ്യുതി കമ്പോളത്തെയും നാഫ്ത വൈദ്യുതിയെയും അമിതമായി ആശ്രയിക്കുന്നതുമൂലം വരുമാനം മുഴുവന്‍ വൈദ്യുതി വാങ്ങാന്‍ പോലും തികയാത്ത അരക്ഷിതാവസ്ഥ ഭയാനകമാണ്. ജീവനക്കാരിലാകെ ഈ ആശങ്ക പടരുമ്പോഴും ബോര്‍ഡിന്റെ തലപ്പത്തുള്ള പലരിലും ഗൌരവമില്ലാത്ത സമീപനമാണ് പ്രകടമാകുന്നത്. നിരാശാജനകമായ ഈ നിലയില്‍ മാറ്റമുണ്ടാക്കാന്‍ ശക്തമായ ഇടപെടലുകള്‍ വരും നാളുകളില്‍ ഉണ്ടാകേണ്ടതുണ്ട്.


നിലവിലുള്ള ആനുകൂല്യങ്ങളുടെ ലഭ്യത സംബന്ധിച്ച് തന്നെ ആശങ്കയുയരുന്ന ഈ പശ്ചാത്തലത്തില്‍ പുന:സംഘടനയെത്തുടര്‍ന്നുള്ള പെന്‍ഷന്‍ സുരക്ഷയ്ക്കുവേണ്ടി പെന്‍ഷന്‍കാരും ജീവനക്കാരും ശബ്ദമുയര്‍ത്തുന്നത് സാമാന്യബോധമുള്ള ഒരു ഭരണാധികാരിയ്ക്കും അവഗണിയ്ക്കാന്‍ സാധിയ്ക്കുന്നതല്ല. അതിനാല്‍തന്നെ, പെന്‍ഷന്‍ സുരക്ഷയ്ക്ക് ഗവണ്‍മെന്റിന്റെ ഉറപ്പ് വേണമെന്ന ആവശ്യം തള്ളിക്കളയുന്ന സമീപനം ഏതുഭാഗത്ത് നിന്നുണ്ടായാലും നമുക്ക് അത് അംഗീകരിക്കാനുമാവില്ല.
പെന്‍ഷന്‍ സുരക്ഷ ഉറപ്പുവരുത്താനുള്ള യോജിച്ച പരിശ്രമങ്ങള്‍ക്ക് ദൌര്‍ബല്യം ഉണ്ടാക്കുന്ന ഒരു വാദം ഈ സന്ദര്‍ഭത്തില്‍ ഉയര്‍ന്നുവരുന്നത് ഗൌരവത്തോടെ പരിശോധിച്ച് പോകേണ്ടതുണ്ട്. പെന്‍ഷന്‍ തുടര്‍ന്നും ബോര്‍ഡിന്റെ ക്യാഷ് ഫ്ളോയില്‍ നിന്നും നല്‍കണമെന്ന വാദമാണത്. പെന്‍ഷന്‍ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിന് കൃത്യമായ ക്രമീകരണങ്ങള്‍ക്ക് പകരം ക്യാഷ് ഫ്ളോ മതി എന്ന വാദം പെന്‍ഷന്‍ സംബന്ധിച്ച് സമൂഹത്തില്‍ നടക്കുന്ന മറ്റ് പല സംവാദങ്ങളുമായും കൂടിക്കുഴഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായാണ് കാണുന്നത്.


പങ്കാളിത്ത പെന്‍ഷന്‍, പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍, പെന്‍ഷന്‍ഫണ്ടില്‍ സ്വകാര്യപങ്കാളിത്തവും വിദേശ പങ്കാളിത്തവും അനുവദിക്കല്‍ എന്നീ വിഷയങ്ങളില്‍ ഇന്ത്യയാകെ ഒട്ടേറെ സംവാദങ്ങള്‍ നടക്കുന്നുണ്ട്. ഇവയ്ക്കൊക്കെ കേന്ദ്രനിയമ നിര്‍മ്മാണത്തിലൂടെ സ്റാറ്റ്യൂട്ടറി സ്വഭാവം നല്‍കുന്നതിനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് സംവാദം സജീവമായി തുടരുന്നത്. ഒരു സാമൂഹ്യസുരക്ഷാ പദ്ധതിയെന്നതിനു പകരം ജീവനക്കാരുടെ ജീവിത സമ്പാദ്യം ഓഹരിക്കമ്പോളത്തിലേയ്ക്ക് വഴിതിരിച്ച് വിട്ട് ഓഹരി വിപണിയ്ക്ക് ആഴവും പരപ്പും വര്‍ദ്ധിപ്പിക്കണമെന്ന നവഉദാരീകരണ പരിപാടിയായി പ്രസ്തുത നിയമ നിര്‍മ്മാണശ്രമം മാറിയതിനെതിരെ ദേശീയതലത്തില്‍ തന്നെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരികയാണ്.
ഇത്തരം സംവാദങ്ങളിലൂടെ രൂപപ്പെട്ട പൊതുബോധത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ പെന്‍ഷന്‍ തുടര്‍ച്ച ഉറപ്പു വരുന്നതിനുള്ള പെന്‍ഷന്‍ ഫണ്ട് എന്ന ആശയത്തേയും ചിലരെങ്കിലും സംശയത്തോടെ സമീപിക്കുന്നുവെങ്കില്‍ അതില്‍ തെറ്റുപറയാനാവില്ല. ഓഹരിക്കമ്പോളത്തിലേക്കൊഴുകുന്ന പെന്‍ഷന്‍ ഫണ്ടില്‍ നിന്നും ഇന്നത്തെ രീതിയില്‍ എല്ലാക്കാലത്തും സുരക്ഷിതമായി പെന്‍ഷന്‍ ലഭിക്കുമോ എന്ന നിലക്കുള്ള ചോദ്യങ്ങളും ബോര്‍ഡിന്റെ തന്നെ ക്യാഷ് ഫ്ളോ കൂടുതല്‍ സുരക്ഷിതമല്ലേ എന്ന ചിന്തയും മേല്‍ സൂചിപ്പിച്ച പൊതുബോധത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്.


വിവിധ സംസ്ഥാനങ്ങളില്‍ വൈദ്യുതി ബോര്‍ഡുകളുടെ പുനഃസംഘടനയെ തുടര്‍ന്ന് പെന്‍ഷന്‍ മുടങ്ങിയ സാഹചര്യവും തുടര്‍ന്ന് പെന്‍ഷന്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സ്വീകരിച്ച ക്രമീകരണങ്ങളുമാകെ വിസ്മരിക്കാനോ പെന്‍ഷന്‍ ഫണ്ടിനെക്കുറിച്ചുള്ള പുതിയ ധാരണകളുമായി അവ കൂടിക്കുഴഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനോ ഇതിടയാക്കിയിട്ടുണ്ടെന്നാണ് കാണുന്നത്.


ഈ സാഹചര്യത്തില്‍ ബോര്‍ഡ് പുനഃസംഘടനയുടെ ഭാഗമായി രൂപീകരിക്കുന്ന പെന്‍ഷന്‍ ഫണ്ട് സംബന്ധിച്ച് നമുക്കുള്ള ധാരണകള്‍ പങ്കുവച്ച് പോകേണ്ടതുണ്ട്. ഇന്ത്യയില്‍ ബോര്‍ഡ് വിഭജനത്തെ തുടര്‍ന്ന് പെന്‍ഷന്‍ വിതരണം മുടങ്ങിയത് പ്രധാനമായും ഒറീസ്സ, ദില്ലി സംസ്ഥാനങ്ങളിലാണ്. വിഭജനത്തെ തുടര്‍ന്ന് പെന്‍ഷന്‍ എങ്ങിനെ നല്കണമെന്ന വ്യക്തമായ ക്രമീകരണം ഇല്ലാത്തതിനാല്‍ സ്വകാര്യ വിതരണ കമ്പനികള്‍ പെന്‍ഷന്‍ വിതരണം മുടക്കുകയായിരുന്നു. ഈ അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ സംഘടനകള്‍ പെന്‍ഷന്‍ തുടര്‍ച്ചയ്ക്ക് വേണ്ടി പെന്‍ഷന്‍ ഫണ്ടും ഗവണ്മെന്റിന്റെ ഉറപ്പും തൃകക്ഷി കരാറുകളിലെ മുഖ്യ ഇനമായി ഉന്നയിക്കാന്‍ തുടങ്ങിയത്. ഇതിലൂടെ പെന്‍ഷന്‍ വിതരണത്തിനുള്ള ഉത്തരവാദിത്വം പുതുതായി രൂപീകരിക്കുന്ന കമ്പനി/കമ്പനികള്‍ക്കായിരിക്കുമെന്ന് കൃത്യമായി വ്യവസ്ഥ ചെയ്യുകയും ഗവണ്മെന്റ് പെന്‍ഷന്‍ വിതരണം തടസ്സപ്പെടില്ല എന്ന ഉത്തരവാദിത്വം ഏറ്റെടുക്കുകയുമാണ് ചെയ്യുന്നത്. ഇപ്രകാരം കൃത്യമായ ക്രമീകരണങ്ങളുണ്ടാക്കിയ സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ വിതരണത്തില്‍ എന്തെങ്കിലും തടസ്സം നേരിട്ടതായി അറിവില്ല. ചില സംസ്ഥാനങ്ങളിലാകട്ടെ അടിയന്തിര സ്വഭാവത്തില്‍ വിഭജനം നടത്തുന്നതിന്റെ ഭാഗമായി ഫണ്ടിങ്ങിനുള്ള ഭാഗികമായ ക്രമീകരണങ്ങള്‍ മാത്രം നടത്തുകയും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകും വരെ പുതിയ കമ്പനി/കമ്പനികള്‍ പെന്‍ഷന്‍ ക്യാഷ്ഫ്ളോയില്‍ നിന്നും നല്‍കുമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അടിയന്തിര സ്വഭാവത്തില്‍ കേരളത്തില്‍ പുനഃസംഘടന ആവശ്യമുണ്ടെന്ന അഭിപ്രായം നമുക്കില്ലാത്തതിനാല്‍ കൃത്യമായ ക്രമീകരണം പുനഃസംഘടനയുടെ മുന്നുപാധിയായിട്ടാണ് നാം കാണുന്നത്.


ഇതിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ക്രമീകരണത്തിന്റെ വിശദാംശങ്ങള്‍ ഒട്ടേറെ ചര്‍ച്ചചെയ്തിട്ടുള്ളതിനാല്‍ അവയുടെ പരിശോധനയ്ക്ക് ഇപ്പോള്‍ മുതിരുന്നില്ല. എന്നാല്‍ ഫണ്ടിന് രൂപമായാല്‍ പെന്‍ഷന്‍ പുതിയ കമ്പനിയുടെയും ഗവണ്മെന്റിന്റെയും ക്യാഷ്ഫോളോയില്‍ നിന്നു തന്നെയാണ് നിര്‍ദ്ദിഷ്ട ക്രമീകരണം വഴി തുടര്‍ന്ന് ലഭ്യമാക്കുക എന്ന് വ്യക്തമാക്കേണ്ടതുണ്ട്.


പെന്‍ഷന്‍ ഫണ്ടിനായി സ്വരൂപിക്കേണ്ട 7584 കോടി രൂപ ആദ്യമേ കണ്ടെത്തി പ്രസ്തുത തുക പെന്‍ഷന്‍ ഫണ്ട് മാനേജര്‍ക്ക് കൈമാറി പെന്‍ഷന്‍ വിതരണത്തിനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും പുതിയ സ്ഥാപനം കൈഒഴിയുന്ന ഒരു ക്രമീകരണമല്ല നാം ആവശ്യപ്പെടുന്നത്. മറിച്ച്, പെന്‍ഷന്‍ തുര്‍ന്നും തടസ്സമില്ലാതെ നല്‍കുന്നതിന് ആവശ്യമെന്ന് കണ്ടെത്തിയ പ്രസ്തുത തുക പുതിയ സ്ഥാപനത്തിന്റെ ബാലന്‍സ്ഷീറ്റില്‍ ബാധ്യതയായി ഉള്‍പ്പെടുത്തുക എന്നതാണ് ആദ്യ ആവശ്യം. സ്വാഭാവികമായും പ്രസ്തുത ബാധ്യതയ്ക്ക് തുല്യമായ ആസ്തികള്‍ ബാലന്‍സ് ഷീറ്റില്‍ ഉള്‍പ്പെടുത്തേണ്ടിയും വരും. ആവശ്യമായ തോതില്‍ ആസ്തികള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഗവണ്‍മെന്റ് നല്‍കാമെന്ന് വ്യക്തമാക്കിയ തുകയും ബാലന്‍സ് ഷീറ്റില്‍ ഉള്‍പ്പെടും. ഈ ക്രമീകരണമാണ് പെന്‍ഷന്‍ ഫണ്ട് രൂപീകരണത്തിലൂടെ നടപ്പിലാകുന്നത്. നിയമപരമായി പുതിയ സ്ഥാപനത്തിന് പെന്‍ഷന്‍ നല്കുന്നതിനുള്ള ഉത്തരവാദിത്തമാണ് ഇതിലൂടെ നിശ്ചയിക്കപ്പെടുന്നത്. ഈ നിലയ്ക്ക് ആസ്തി ബാധ്യതകള്‍ ക്രമപ്പെടുത്താതെ പുനഃസംഘടന നടപ്പിലാകുന്നത് അനുവദിക്കാന്‍ കഴിയില്ല.


ബാലന്‍സ്ഷീറ്റില്‍ പ്രത്യക്ഷപ്പെടുന്ന 7584 കോടി രൂപ വരുന്ന ബാധ്യതയുടെ പ്രകടിത രൂപമാണ് പുതിയ സ്ഥാപനം പുറപ്പെടുവിക്കുന്ന ബോണ്ടുകള്‍. ഇതുവഴി പൊതുജനങ്ങളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ഫണ്ട് സ്വരൂപിക്കാന്‍ കഴിയില്ല, അങ്ങിനെ ബോര്‍ഡോ ഗവണ്മെന്റോ ഉദ്ദേശിക്കുന്നതായും അറിവില്ല. എന്നാല്‍ പെന്‍ഷന്‍ വിതരണത്തിനാവശ്യമായ തുക പുതിയ സ്ഥാപനത്തിന്റെ ക്യാഷ് ഫ്ളോയില്‍ നിന്നും ഈടാക്കാന്‍ പര്യാപ്തമായ ഒരു ബാങ്കിങ്ങ് ഉപകരണമാണ് പ്രസ്തുത ബോണ്ടുകള്‍. ഈ ബാദ്ധ്യത നിറവേറ്റാനാവശ്യമായ വരുമാനം ബാലന്‍സ് ഷീറ്റില്‍ കൂട്ടിച്ചേര്‍ത്ത ആസ്തികളില്‍ നിന്നുമാണ് പ്രധാനമായും ലഭ്യമാവുക (ഡിപ്രീസിയേഷന്‍, റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി തുടങ്ങിയ ഇനങ്ങളിലൂടെ) സ്ഥാപനത്തിന്റെ ക്യാഷ് ഫോളോ മതിയാകാത്ത പക്ഷം ഗവണ്മെന്റ് നല്‍കാമെന്നേറ്റ തുകയും ഇതിനായി ഉപയോഗപ്പെടുത്താന്‍ കഴിയും. ഇതിനു പുറമേയാണ് ഗവണ്മെന്റില്‍ നിന്നും ഗ്യാരന്റി നാം ആവശ്യപ്പെടുന്നത്. പെന്‍ഷന്‍ തുടര്‍ച്ചക്കായി (കാലാകാലങ്ങളിലുള്ള പരിഷ്കരണങ്ങളും ഡി.എ. വര്‍ദ്ധനവും ഉള്‍പ്പടെ) ഇപ്പോള്‍ കണക്കാക്കിയിട്ടുള്ള തുകയായ 7584 കോടി രൂപ ചില അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ്. ഇത് ചിലപ്പോള്‍ മതിയാകാതെ വരാം; ചിലപ്പോള്‍ അധികവുമാകാം. സമ്പത് ഘടനയുടെ ഏറ്റിറക്കങ്ങളടക്കം ഒട്ടേറെ ഘടകങ്ങള്‍ അതിനെ സ്വാധീനിക്കും. ഇപ്രകാരം ഏതെങ്കിലും ഘട്ടത്തില്‍ തുക അപര്യാപ്തമായാല്‍ അത് നികത്തുന്നതിന് ഗവണ്മെന്റിന് ഉത്തരവാദിത്തമുണ്ടാകണം. ഒപ്പം പുതിയ സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതി ഏതെങ്കിലും ഘട്ടത്തില്‍ ദുര്‍ബലമായാലും പെന്‍ഷന്‍ വിതരണത്തിന്റെ ചുമതല ഗവണ്മെന്റ് ഏറ്റെടുക്കണം. ഈ അര്‍ത്ഥത്തിലാണ് ഗവണ്മെന്റ് ഗ്യാരണ്ടി ആവശ്യപ്പെടുന്നത്.


ചുരുക്കത്തില്‍ പുതിയ സ്ഥാപനത്തിന്റെയും ഗവണ്മെന്റിന്റെയും ക്യാഷ് ഫ്ളോയില്‍ നിന്നു തന്നെയാണ് തുടര്‍ന്നും പെന്‍ഷന്‍ വിതരണം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. അത് തടസ്സമില്ലാതെ നടക്കുന്നതിനാവശ്യമായ ഉറപ്പും ക്രമീകരണങ്ങളുമാണ് മുകളില്‍ വിശദമാക്കിയത്. പെന്‍ഷന്‍ വിതരണം പ്രായോഗികമായി ആരാണ് നടത്തുക, പുതിയ സ്ഥാപനമോ അതല്ല പെന്‍ഷന്‍ ട്രസ്റോ തുടങ്ങിയ ചില കാര്യങ്ങള്‍ ഇനിയും വ്യക്തമാകാനുണ്ട്. സംഘടനകള്‍ക്ക് ലഭ്യമാക്കിയ രേഖകളില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയതായി കാണുന്നില്ല. പെന്‍ഷന്‍ തുടര്‍ച്ച ഉറപ്പാക്കുന്നതിനും പുതിയ സ്ഥാപനത്തിന് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം നിശ്ചയിക്കുന്നതിനും ബോണ്ട് പുറപ്പെടുവിക്കേണ്ടതിലേക്കുമായി പെന്‍ഷന്‍ ട്രസ്റിന് രൂപംനല്‍കേണ്ടി വരുമെങ്കിലും പെന്‍ഷന്‍ വിതരണമടക്കമുള്ള കാര്യങ്ങള്‍ നിലവിലുള്ള രീതിയില്‍ തന്നെ തുടരേണ്ടതുണ്ട്. കണക്കുകള്‍ തയ്യാറാക്കുന്നതിനുള്ള സമ്പ്രദായങ്ങളില്‍ മാത്രമായി മാറ്റം പരിമിതപ്പെടുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇത്തരം പ്രായോഗിക പ്രശ്നങ്ങള്‍ക്ക്, സംഘടനകളുമായുള്ള ചര്‍ച്ചകളിലൂടെ പൊതുധാരണയുണ്ടാക്കാന്‍ ബോര്‍ഡും ഗവണ്മെന്റും തയ്യാറാകേണ്ടതുണ്ട്.


തുടക്കത്തില്‍ പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പുതിയ സ്ഥാപനം പുറപ്പെടുവിക്കുന്ന ബോണ്ടുകളില്‍ തീരുന്നതല്ല സ്ഥാപനത്തിന്റെ ബാധ്യത. എല്ലാ വര്‍ഷവും അക്ചൂറിയല്‍ വാലുവേഷന്‍ നടത്തി ഫണ്ട് ബലപ്പെടുത്തേണ്ടതുണ്ടെന്ന് കാണുന്ന പക്ഷം അതിനുള്ള തൂക കൂടി പുതിയ സ്ഥാപനം നല്‍കേണ്ടതുണ്ട്. ഇതുവഴി പെന്‍ഷന്‍ ട്രസ്റിന്റെ കൈവശം പണം സമാഹരിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഈ തുക പോലും ഓഹരിക്കമ്പോളത്തിലേക്ക് ഒഴുകരുതെന്ന ശക്തമായ നിലപാടാണ് നാം സ്വീകരിച്ചിട്ടുള്ളത്. അതിന് പകരം കെ.എസ്.ഇ.ബി.യുടെ വികസന പ്രവര്‍ത്തനത്തിന് തന്നെ പ്രസ്തുത തുക ഉപയോഗപ്പെടുത്തുകയും പെന്‍ഷന്‍ വിതരണത്തിനാവശ്യമായ അധിക ക്യാഷ് ഫ്ളോ ആവശ്യാനുസരണം കെ.എസ്.ഇ.ബി ലഭ്യമാക്കണമെന്നുമാണ് നാം ആവശ്യപ്പെട്ടിട്ടുള്ളത്.


ഈ നിലയ്ക്ക് കൃത്യതയും വ്യക്തതയും വരുത്തുന്നതിന് കരട് ട്രാന്‍സ്ഫര്‍ സ്കീമിലും തൃകക്ഷി കരാറിലും മാറ്റങ്ങള്‍ അനിവാര്യമാണ്. പുതിയ സ്ഥാപനത്തിന്റെ ബാലന്‍സ് ഷീറ്റ് തയ്യാറാക്കിയതില്‍ പോലും പിശകുകള്‍ കടന്നുകൂടിയതായാണ് കാണുന്നത്. ഇവ പരിഹരിക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങളാണ് ഇന്നാവശ്യം. ചര്‍ച്ചകള്‍ വഴിതിരിച്ചു വിടുന്ന വാദഗതികള്‍ ജീവനക്കാരുടെ പൊതുതാല്പര്യങ്ങള്‍ക്ക് അനുഗുണമല്ല. പെന്‍ഷന്‍ ബാധ്യത നിയമപരമായി പുതിയ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാകുന്നതിന് തടസ്സം സൃഷ്ടിക്കുകയും അതിന്റെ ബാലന്‍സ് ഷീറ്റില്‍ നിന്നും പെന്‍ഷന്‍ ബാധ്യത ഒഴിവാക്കുന്നതിനുമാണ് അത്തരം വാദങ്ങള്‍ വഴിവെക്കുക. ബാലന്‍സ് ഷീറ്റില്‍ ഇല്ലാത്ത ബാധ്യത കരാര്‍ വഴി നടപ്പാക്കുന്നതിനും പരിമിതികളുണ്ട്. പുതിയ സ്ഥാപനത്തിന്റെ ഓഹരി മൂലധനമായ 3500 കോടിയില്‍ അധികമുള്ള ബാധ്യതകള്‍ ആസ്തിക്കു പുറമേ കമ്പനിക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. അതിനാല്‍ പെന്‍ഷന്‍ ബാധ്യത ബാലന്‍സ് ഷീറ്റില്‍ വരികയും അതിന് തുല്യമായ ആസ്തികള്‍ ഉള്‍പ്പെടുത്തുകയും വേണ്ടതുണ്ട്.


ചര്‍ച്ചകളിലൂടെ ഈ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള മുന്‍കൈയ്യാണ് ബോര്‍ഡില്‍ നിന്നും ഗവണ്മെന്റില്‍ നിന്നും പ്രതീക്ഷിക്കുന്നത്. പരിശോധനയും ചര്‍ച്ചയുമില്ലാതെ ദ്രുതഗതിയില്‍ പുനഃസംഘടന നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധം അവഗണിക്കുന്നത് കൂടുതല്‍ വലിയ പ്രക്ഷോഭങ്ങള്‍ ക്ഷണിച്ചുവരുത്തലാകും.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1102
mod_vvisit_counterYesterday4794
mod_vvisit_counterThis Month107422
mod_vvisit_counterLast Month132633

Online Visitors: 54
IP: 54.81.183.183
,
Time: 05 : 32 : 40