KSEBOA - KSEB Officers' Association

Wednesday
Jun 28th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ജോലിസ്ഥത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും പരിഹാരവും) നിയമം 2013

ജോലിസ്ഥത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും പരിഹാരവും) നിയമം 2013

PDF
Hits smaller text tool iconmedium text tool iconlarger text tool icon

ജോലി സ്ഥലത്ത് സ്തീകള്‍ക്കെതിരെയുള്ള പീഡനം തടയുന്നതിനും  പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചു കൊണ്ടും കേന്ദ്ര ഗവണ്‍മെന്റ് പാസ്സാക്കിയ നിയമമാണ് ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും പരിഹാരവും) നിയമം 2013.

ഇന്ത്യന്‍ ഭരണഘടനയുടെ 14,15,21 (തുല്യത, ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം, ഒരു വ്യക്തിക്ക് സുരക്ഷിതമായി തന്നാലാവുന്ന ഏതു മാന്യമായ ജോലിയും ചെയ്ത് ജീവിക്കാനുള്ള പൗരാവകാശം) അനുഛേദങ്ങള്‍ക്കനുസൃതമായും 1989 ല്‍ ഐക്യരാഷ്ട്രസഭ പാസ്സാക്കിയ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചന ഉന്മൂലന ഉടമ്പടി 25.06.1993 ല്‍ ഇന്ത്യ സ്വീകരിച്ച പ്രകാരവും, 1997 ലെ വിശാഖ Vs സ്റ്റേറ്റ് ഓഫ് രാജസ്ഥാന്‍

കേസിലെ ബഹു. സുപ്രീംകോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരവും ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരെ ഉണ്ടാവുന്ന പീഡനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ 9.12.2013 തീയ്യതി മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമമാണ് ഇത്.

ഉദ്ദേശ്യവും വ്യാപ്തിയും
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്റ്റേഡിയം, സ്പോര്‍ട്ട്സ് കോംപ്ലക്സ്, സ്പോര്‍ട്ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, കളി സ്ഥലങ്ങള്‍, ഡിപ്പാര്‍ട്ട്മെന്റ് സംഘടനാ സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍ തുടങ്ങി സ്ത്രീകള്‍ ജോലി ചെയ്യുന്നതും ജോലിയുമായി ബന്ധപ്പെട്ട് എത്താനിടയുള്ളതുമായ എല്ലാ സ്ഥലങ്ങളും, കൂടാതെ തൊഴിലുടമ അനുവദിക്കുന്ന യാത്രാമാര്‍ഗവും ഈ നിയമത്തിന്റെ പരിധിയില്‍ പെടുന്നു. സ്ഥാപനത്തിലെ ജോലി സ്ഥിരമായതോ, താല്കാലികമായതോ, ദിവസക്കൂലിക്കോ എന്ന വ്യത്യാസമില്ലാതെ ശമ്പളത്തോടു കൂടിയോ അല്ലാതയോ പ്രധാന തൊഴിലുടമയുടെ അറിവോടുകൂടിയോ അല്ലാതയോ, നേരിട്ടോ കോണ്‍ട്രാക്ടര്‍ മുഖാന്തിരമോ, പൊബേഷനര്‍, ട്രെയിനര്‍, അപ്രന്റിസ് തുടങ്ങി ഏതു തരത്തിലുള്ള ജോലിക്കാരായ സ്ത്രീകള്‍ക്കും ഈ നിയമപ്രകാരം അവകാശങ്ങളുണ്ടായിരിക്കും. ജോലിക്കാരായ സ്ത്രീകള്‍ മാത്രമല്ല ഇത്തരം സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന മറ്റ് സ്ത്രീകള്‍ക്കും ഈ നിയമപ്രകാരം അവകാശങ്ങളുണ്ടായിരിക്കുമെന്നത് ഈ നിയമത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വീടുകളില്‍ പ്രതിഫലം പറ്റി ജോലി ചെയ്യുന്ന സ്ത്രീകളേയും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ നിയമത്തിലെ 3 -ാം വകുപ്പ് പ്രകാരം സ്ത്രീകളെ തൊഴിലിടങ്ങളില്‍ ലൈംഗികമായി പീഡിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതായത്
ലൈംഗിക സ്വഭാവമുള്ള ശാരീരിക നീക്കങ്ങളും സ്പര്‍ശനങ്ങളും
ലൈംഗിക ആഭിമുഖ്യം ആവശ്യപ്പെടുക
ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍
ലൈംഗികച്ചുവയുള്ള ചിത്രം കാണിക്കല്‍ തുടങ്ങി സ്വാഗതാര്‍ഹമല്ലാത്ത പ്രവര്‍ത്തികള്‍
ലൈംഗികത കലര്‍ന്ന വാക്കും നോട്ടവും പ്രവര്‍ത്തികളും ലൈംഗിക പീഡനം എന്ന കൃത്യത്തില്‍പ്പെടുമെന്നും നിയമം അനുശാസിക്കുന്നു
കൂടാതെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളും പെരുമാറ്റങ്ങളും ലൈംഗിക പീഡന കുറ്റകൃത്യമായി കണക്കാക്കുന്ന സന്ദര്‍ഭങ്ങളും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത്
സ്ത്രീ ജോലിക്കാരുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ മുന്തിയ പരിഗണന വാഗ്ദാനം ചെയ്യല്‍
ജോലിക്ക് ഹാനികരമായേക്കാവുന്ന പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ഭീഷണികള്‍
നിലവിലുള്ളതോ ഇനി കിട്ടുവാന്‍ പോകുന്നതോ ആയ സ്ഥാനമാനങ്ങളുമായി ബന്ധപ്പെട്ട പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ഭീഷണികള്‍.
സ്ത്രീ ജോലിക്കാരുടെ ജോലിയിലുള്ള അനാവശ്യമായ ഇടപെടലുകള്‍, ജോലിക്കു പ്രതികൂലമായ ചുറ്റുപാടുകള്‍ സൃഷ്ടിക്കുക തുടങ്ങിയ പ്രവൃത്തികളും പെരുമാറ്റങ്ങളും.
സ്ത്രീ ജോലിക്കാരിയുടെ ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും ബാധിക്കുന്ന അപമാനകരമായ പ്രവര്‍ത്തികളും ലൈംഗിക പീഡനമെന്ന കുറ്റകൃത്യമായി കണക്കാക്കുന്നതാണ്.

ഇന്റേണല്‍ കംപ്ലയിന്‍സ് കമ്മറ്റി (ICC)
ലൈംഗിക പീഢനം ഇല്ലായ്മ ചെയ്യാനായി സ്ഥാപനത്തിന്റെ മേലധികാരി ഇന്റേണല്‍ കംപ്ലയിന്‍സ് കമ്മറ്റി രൂപീകരിക്കേണ്ടതാണ്. സ്ഥാപനത്തിന് മറ്റു ബ്രാഞ്ചുകളോ ഓഫീസോ ഉണ്ടെങ്കില്‍ അവിടെയും കമ്മറ്റി രൂപീകരിക്കേണ്ടതായുണ്ട്. പത്തോ അതിലധികമോ ജോലിക്കാരുള്ള സ്ഥലങ്ങളില്‍ ഇത്തരം കമ്മറ്റികള്‍ രൂപീകരിക്കണം. എന്നാല്‍ 10 പേരെങ്കിലും ഇല്ലാത്ത സാഹചര്യത്തില്‍ ICC ഇല്ലാതെ വരികയോ അല്ലെങ്കില്‍ പരാതി സ്ഥാപന മേധാവിക്കെതിരെ ഉള്ള സാഹചര്യത്തില്‍ അതന്വേഷിക്കാനായി ലോക്കല്‍ കംപ്ലയിന്‍ഡ്സ് കമ്മറ്റി ജില്ലാ ഓഫീസര്‍ രൂപീകരിക്കേണ്ടതാണ്. ICCയില്‍ പകുതിയില്‍ കുറയാത്ത അംഗങ്ങള്‍ സ്ത്രീകള്‍ ആയിരിക്കണം.
ICCയുടെ ചെയര്‍പേഴസണ്‍ ആ സ്ഥാപനത്തിലെ ഉയര്‍ന്ന പദവിയിലുള്ള സ്ത്രീ ആയിരിക്കണം. അതേ സ്ഥാപനത്തിലെ തന്നെ രണ്ടില്‍ കുറയാത്ത തൊഴിലാളികള്‍ അംഗങ്ങളായിരിക്കണം. ഇവരെ തിരഞ്ഞെടുക്കുമ്പോള്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരോ, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ നിയമത്തെക്കുറിച്ച് അറിയാവുന്നവരോ ആയവര്‍ക്കു മുന്‍ഗണന നല്കുകയും വേണം. കൂടാതെ ഒരു NGO (Non Governmenal Organisation) അംഗവും ഉണ്ടായിരിക്കണം. NGO അംഗത്തിനു് ഫീസ്, അലവന്‍സ് എന്നിവ തൊഴിലുടമ നല്‍കേണ്ടതാണ്.
പരാതി അന്വേഷിക്കുന്ന കമ്മറ്റികള്‍ക്ക് വിചാരണയുമായി ബന്ധപ്പെട്ടു 1908 Code of Civil Procedure പ്രകാരം സിവില്‍ കോടതികളില്‍ നിക്ഷിപ്തമായ അധികാരമുണ്ടായിരിക്കും.
- ഏതൊരു വ്യക്തിക്കും സമന്‍സ് അയച്ച് കമ്മറ്റിക്കു മുമ്പാകെ ഹാജരാകാനും സത്യപ്രതിജ്ഞ ചെയ്ത് മൊഴി നല്കാനും ആവശ്യപ്പെടാം.
- ഏതൊരു വ്യക്തിയോടും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാം.
- സമന്‍സ് കൈപ്പറ്റിയിട്ടും കമ്മറ്റി മുമ്പാകെ ഹാജരാകുന്നതിലോ രേഖകള്‍ ഹാജരാക്കുന്നതിലോ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ വാറന്റ് പുറപ്പെടുവിക്കാനുള്ള അധികാരവും കമ്മറ്റികള്‍ക്ക് ഉണ്ടാവും.
ഇപ്രകാരം അന്വേഷണം 90 ദിവസം കൊണ്ട് പൂര്‍ത്തിയാക്കണം.
പരാതി സംബന്ധിച്ച അന്വേഷണ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പായി പരാതിക്കാരിയുടെ രേഖാമൂലമുള്ള അഭ്യര്‍ത്ഥന പ്രകാരം കമ്മറ്റിക്ക് തൊഴിലുടമയോട്, പരാതിക്കാരിയേയോ എതിര്‍കക്ഷിയേയോ മറ്റേതെങ്കിലും ജോലിസ്ഥലത്തേക്ക് സ്ഥരം മാറ്റാനോ, പരാതിക്കാരിക്ക് മൂന്നു മാസത്തില്‍ അധികരിക്കാത്ത പ്രത്യേക ലീവ് അനുവദിക്കാനോ ശുപാര്‍ശ ചെയ്യാവുന്നതാണ്. അന്വേഷണത്തില്‍ എതിര്‍കക്ഷി കുറ്റക്കാരനാണെന്ന് കാണുന്നപക്ഷം എതിര്‍കക്ഷിക്കെതിരെ സര്‍വ്വീസ് ചട്ടങ്ങള്‍ക്കനുസരിച്ച് കൈക്കൊള്ളേണ്ട ഉചിതമായ ശിക്ഷാ നടുടികള്‍ നിര്‍ദ്ദേശിക്കാനും കമ്മറ്റിക്ക് അധികാരമുണ്ട്. നഷ്ടപരിഹാരം എന്ന നിലയില്‍ ഒരു നിശ്ചിത തുക എതിര്‍കക്ഷിയുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച് പരാതിക്കാരിക്ക് നല്കാനും തൊഴിലുടമയോട് ആവശ്യപ്പെടാം.

പരാതിയും നടപടിക്രമങ്ങളും
തൊഴില്‍സ്ഥലത്തെ ലൈംഗിക പീഢനത്തെ സംബന്ധിച്ച് പരാതി പരാതിക്കാരിക്ക് അതത് കമ്മറ്റിയില്‍ സംഭവം നടന്ന് 3 മാസത്തിനുള്ളില്‍ രേഖാമൂലം ബോധിപ്പിക്കാവുന്നതാണ്. എന്നാല്‍ പരാതിക്കാസ്പദമായ സംഭവം നടന്ന് 3 മാസത്തിനുള്ളില്‍ മതിയായ കാരണത്താല്‍ പരാതി കൊടുക്കുവാന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളില്‍ വീണ്ടും ഒരു 3 മാസം കൂടി സമയം ദീര്‍ഘിച്ച സമയത്തിനുള്ളില്‍ ലഭിക്കുന്ന പരാതികളും സ്വീകരിക്കാവുന്നതാണ്. പരാതിക്കാരിക്ക് രേഖാമൂലം പരാതി തയ്യാറാക്കാന്‍ സാധിക്കാതെ വരുന്ന പക്ഷം അതത് കമ്മറ്റികളിലെ ചെയര്‍പേഴ്സണ്‍, അംഗങ്ങള്‍ എന്നിവര്‍ക്ക് പരാതിക്കാരിക്ക് അതിനു സഹായങ്ങള്‍ ചെയ്തുകൊടുക്കേണ്ടതാണ്. കൂടാതെ പരാതിക്കാരിക്ക് ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍, പരാതിക്കാരിക്ക് വേണ്ടി ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സഹപ്രവര്‍ത്തകയ്ക്കോ വനിതാകമ്മീഷന്‍ ഓഫീസര്‍ക്കോ പരാതിക്കാരിയുടെ രേഖാമൂലമുള്ള സമ്മതപ്രകാരം സംഭവത്തെക്കുറിച്ചറിയാവുന്ന മറ്റാര്‍ക്കെങ്കിലുമോ പരാതി ബോധിക്കാവുന്നതാണ്. പീഢനത്തിനിരയായ സ്ത്രീ മരിച്ചുപോയിട്ടുണ്ടെങ്കില്‍ സംഭവത്തെ സംബന്ധിച്ച് വിവരമുള്ള ആര്‍ക്കും മരണപ്പെട്ട സ്ത്രീയുടെ അവകാശിയുടെ രേഖാമൂലമുള്ള പദ്ധതിപ്രകാരം പരാതി ബോധിപ്പിക്കാവുന്നതാണ്.
ഇത്തരം പരാതി കിട്ടിക്കഴിഞ്ഞാല്‍ പരാതിയുടെ പകര്‍പ്പ് എതിര്‍കക്ഷിക്കു നല്കുന്നതും എതിര്‍കക്ഷിക്ക് എന്തെങ്കിലും രേഖകള്‍, സാക്ഷികള്‍ തുടങ്ങിയ ലിസ്റ്റ് സഹിതം 10 ദിവസത്തിനുള്ളില്‍ മറുപടി ബോധിപ്പിക്കുവാന്‍ സമയം അനുവദിക്കുന്നതാണ്. രമ്യമായി ഒത്തുതീര്‍പ്പാക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ പരാതിക്കാരിക്ക് പണം നല്കിയുള്ള യാതൊരു ഒത്തുതീര്‍പ്പും പാടില്ലെന്നും വ്യവസ്ഥ ചെയ്തിട്ടിട്ടുണ്ട്. ഇങ്ങനെ തീര്‍പ്പാക്കുന്ന നടപടിയിന്‍മേല്‍ തുടര്‍ അന്വേഷണം ആവശ്യമില്ല. ഒത്തുതീര്‍പ്പാക്കല്‍ നടന്നില്ലെങ്കില്‍, എതിര്‍കക്ഷി ജോലിക്കാരനാണെങ്കില്‍ അയാള്‍ക്ക് ബാധകമായ സര്‍വ്വീസ് നിയമമനുസരിച്ച് അന്വേഷണം നടത്തണം. വീടുകലില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ നിന്നും കിട്ടുന്ന പരാതികളില്‍ പ്രഥമദൃഷ്ട്യാ കേസ് നിലനില്ക്കുമെന്നുള്ള സാഹചര്യങ്ങളില്‍, ലോക്കല്‍ കമ്മറ്റി IPC സെക്ഷന്‍ 509 പ്രകാരമോ അല്ലെങ്കില്‍ മറ്റു സെക്ഷന്‍ പ്രകാരമോ മേല്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട പോലീസിനു ഒരാഴ്ചക്കകം പരാതി കൈമാറാവുന്നതാണ്. കൂടാതെ ഒത്തുതീര്‍പ്പാക്കല്‍ വ്യവസ്ഥകള്‍ കുറ്റാരോപിതന്‍ പാലിച്ചില്ലെങ്കിലും ICC ക്ക് അന്വേഷണവുമായി മുന്നോട്ട് പോകാവുന്നതാണ്.
പരാതിക്കാരിയും കുറ്റാരോപിതനും തൊഴിലാളികളാണെങ്കില്‍ അന്വേഷണത്തിന്റെ ഭാഗമായി ICC അവരെ കേള്‍ക്കേണ്ടതും, ICC യുടെ കണ്ടെത്തല്‍ രണ്ടു കക്ഷികളേയും അറിയിക്കേണ്ടതും, എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ വീണ്ടും ICC മുമ്പാകെ പരാതി ബോധിപ്പിക്കാനുള്ള അവസരം നല്‍കേണ്ടതുമാണ്. കുറ്റാരോപിതന്‍ ശിക്ഷിക്കപ്പെട്ടാല്‍ കോടതിക്ക് അയാളില്‍ നിന്നും സെക്ഷന്‍ 15 പ്രകാരം ICC നിര്‍ണ്ണയിക്കുന്ന തുക പരാതിക്കാരിക്ക് നല്കാനായി ഉത്തരവിടാം.
അന്വേഷണം പൂര്‍ത്തിയായി 10 ദിവസത്തിനകം റിപ്പോര്‍ട്ട് ICC തൊഴിലുടമക്ക് സമര്‍പ്പിക്കേണ്ടതാണ്. ആരോപണം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ കുറ്റാരോപിതനെതിരെ യാതൊരു നടപടിയും എടുക്കാതിരിക്കാന്‍ തൊഴിലുടമയോട് ICC ക്ക് ശുപാര്‍ശ ചെയ്യാം. ആരോപണം തെളിയിക്കപ്പെട്ടാല്‍ ICC കുറ്റക്കാരനെതിരെ നടപടി എടുക്കുവാന്‍ തൊഴിലുടമയോട് നിര്‍ദ്ദേശിക്കുന്നതാണ്. സര്‍വ്വീസ് റൂള്‍‌സ് പ്രകാരമുള്ള നടപടിയായിരിക്കും ഉണ്ടാവുക. പരാതിക്കാരിയും പരാതി വ്യാജമാണെന്ന് തെളിഞ്ഞാല്‍ പരാതിക്കാരിക്കെതിരെയും നടപടി എടുക്കാവുന്നതാണ്. എന്നാല്‍ ഒരു പരാതി തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നതു കൊണ്ടും വേണ്ട രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്നതു കൊണ്ടും പരാതിക്കാരി/പരാതിക്കാരന് എതിരെ നടപടി എടുക്കാന്‍ കഴിയില്ല. ഒരു സാക്ഷി അന്വേഷണത്തില്‍ മനപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ നല്കുകയോ തെറ്റായ രേഖകള്‍ ഹാജരാക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ICCക്ക് തൊഴിലുടമയോട് ശുപാര്‍ശ ചെയ്യാം.

രഹസ്യ സ്വഭാവം
പരാതിക്കാരിയേയോ എതിര്‍കക്ഷിയേയോ സാക്ഷികളേയോ അന്വേഷണ നടപടികളേയോ സംബന്ധിച്ച വിവരങ്ങള്‍ ഏതെങ്കിലും രീതിയില്‍ പരസ്യമാക്കുന്നത് നിരോധിച്ചിട്ടുള്ളതും അത് ലംഘിക്കുന്നവര്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകുന്നതും ആണ്.
തൊഴിലുടമയുടെ / മേലധികാരിയുടെ പ്രധാന ചുമതലകള്‍
- സ്ത്രീ തൊഴിലാളികള്‍ക്ക് ജോലി സ്ഥലത്ത് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണം - ജോലിസ്ഥലത്ത് എത്തുന്ന പുറമേക്കാരില്‍ നിന്നും ഉണ്ടായേക്കാവുന്ന ലൈംഗിക പീഡനങ്ങളില്‍ നിന്നും സംരക്ഷണം നല്‍കേണ്ടതാണ്.
- ലൈംഗിക പീഡനത്തിന്റെ ഭവിഷ്യത്തുകളും ICC രൂപീകരണം സാംബന്ധിച്ച ഉത്തരവും ജോലിസ്ഥലത്ത് ആര്‍ക്കും കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
- ഈ നിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് തൊഴിലാളികളെയും കമ്മറ്റി അംഗങ്ങളെയും ബോധവത്കരിക്കുന്നതിനായി കൃത്യമായ ഇടവേളകളില്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കണം.
- കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണം.
- പോലീസിലോ മറ്റു അധികാരികള്‍ മുമ്പാകെയോ പരാതി ബോധിപ്പിക്കാന്‍ മുതിരുന്ന പരാതിക്കാരിക്ക് ആയതിനുള്ള സഹായങ്ങള്‍ ചെയ്ത് കൊടുക്കണം. പീഡനം ഉണ്ടാകുന്നത് പുറമെ നിന്നുള്ളവരുടെ ഭാഗത്തു നിന്നാണെങ്കില്‍ അവര്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടാന്‍ തൊഴിലുടമ മുന്‍കൈ എടുക്കണം.
- ലൈംഗിക പീഡനം സര്‍വ്വീസ് നിയമങ്ങളില്‍ ഒരു സ്വഭാവദൂഷ്യമായി ഉള്‍പ്പെടുത്തി കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളണം.
- ICC സമയബന്ധിതമായി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
09.12.2013നു പ്രാബല്യത്തില്‍ വന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ 23.05.2014ന് KSEB Ltd ഒരു സര്‍ക്കുലര്‍ പുറത്തിറക്കി. അതില്‍ പ്രതിപാദിച്ചിരിക്കുന്ന ഇരുപതോ അതിലധികമോ തൊഴിലാളികള്‍ ഉള്ള ഓഫീസുകളില്‍ ICC രൂപീകരിക്കണം എന്നതില്‍ 20 എന്ന സംഖ്യ എന്നത് act പ്രകാരമോ rule പ്രകാരമോ ഉള്ളതല്ല എന്ന് ശ്രദ്ധിക്കേണ്ടതാണ്. ഒരു സ്ത്രീ ജോലി നോക്കിവരുന്ന ഓഫീസില്‍ പോലും ഇത്തരമൊരു സെല്‍ ആവശ്യമാണ് എന്നതാണ് വസ്തുത. പക്ഷേ പ്രായോഗികത കണക്കിലെടുത്ത് എല്ലാ ഹെഡ് ഓഫ് ഓഫീസ് എന്നതിനു പകരം എല്ലാ ARU ലും ഓരോ ICC രൂപീകരിക്കുന്നതായിരിക്കും കൂടുതല്‍ കാര്യക്ഷമമായും ഗൗരവതരമായും പ്രവര്‍ത്തിക്കുവാന്‍ അഭികാമ്യം.
രാജ്യത്ത് തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. തൊഴിലിടങ്ങളില്‍ പീഡനങ്ങള്‍ക്കതീതമായി, വിവേചേനങ്ങള്‍ക്ക് വിധേയമാകാതെ, തുല്യതയോടെയും ആദരവോടെയും മാന്യതയോടെയും കാണുന്നതിനും അര്‍ഹമായ പരിഗണന കൊടുക്കുന്നതുമായ ഒരു സാഹചര്യം ഒരുക്കുന്നതിന് തൊഴിലുടമ / സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്. നിയമ നടപടികള്‍ മറ്റൊരു പീഡനമാവുകയും ഒടുവില്‍ കുറ്റവാളികള്‍ രേഖപ്പെടുകയും ചെയ്യുന്ന തരത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് പലപ്പോഴും വീഴ്ചകള്‍ വരുന്നു. ഈ സാഹചര്യത്തില്‍ നിയമം കര്‍ശനമാക്കുന്നത് സ്ത്രീകളില്‍ കൂടുതല്‍ ആത്മവിശ്വാസവും സുരക്ഷിത ബോധവും ഉണ്ടാക്കും. പരാതി പരിഹാര സമിതികള്‍ **കാര്യക്ഷമമായും സമയബന്ധിതമായും പ്രവര്‍ത്തിക്കുന്നതിന് മാനേജ്മെന്റിന്റെ നേരിട്ടുള്ള ഇടപെടല്‍ അത്യാവശ്യമാണ്.
നിയമങ്ങള്‍ക്കൊപ്പം ശക്തമായ സാമൂഹിക ഇടപെടലും സ്ത്രീപീഡനങ്ങള്‍ തടയാന്‍ അനിവാര്യമാണ്. അടിമുടി രോഗാതുരമായ ഒരു സമൂഹത്തില്‍ നിന്നും പുറത്തുവരുന്ന രോഗലക്ഷണങ്ങള്‍ മാത്രമാണ് സ്ത്രീപീഡനം. സംസ്കാര സമ്പന്നമായ സമൂഹത്തിന്റെ ലക്ഷണങ്ങളിലൊന്നാണ് അവര്‍ക്കിടയിലെ സ്ത്രീയുടെ പദവി. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ ലോകത്ത് ഒന്നാം നിരയിലുള്ള സമൂഹങ്ങളിലൊന്നാണ് ഇന്ത്യ എന്നതോ സ്ത്രീജീവിതം സുരക്ഷിതമല്ലാത്ത നഗരങ്ങളില്‍ ലോകത്ത് 4ാം സ്ഥാനത്ത് ആണ് ഡെല്‍ഹി എന്നതോ നമ്മുടെ പൊതു സമൂഹത്തിെന ഒട്ടും അസ്വസ്ഥമാക്കുന്നില്ല. അത്രക്കും ക്രൂരമാണ് പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും നിസ്സംഗത.
ജനങ്ങളുടെ ജീവിതത്തില്‍ ഭരണഘടന ഉറപ്പുനല്കുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്കും അനുഭവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍, നീതിയും നിയമവും ശക്തമാക്കി സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും ബഹുമാനവും ആദരവും നല്കി സ്ത്രീയെ നല്ലൊരു വ്യക്തിയായി കാണുകയും ചെയ്യുന്ന ഒരു സാമൂഹ്യ സൃഷ്ടിക്കായി സ്ത്രീപുരുഷ ഭേദമെന്യേ നമുക്ക് ഒരുമിക്കാം.

- കെ. എസ്. ഇ. ബി ഓഫീസേഴ്സ് അസോസിയേഷന്‍
വനിതാ സബ്-കമ്മിറ്റിക്കു് വേണ്ടി
ജാസ്മിന്‍ ബാനു, റ്റി. എ. ഉഷ
എന്നിവര്‍ തയ്യാറാക്കിയത്

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday5260
mod_vvisit_counterYesterday5106
mod_vvisit_counterThis Month142268
mod_vvisit_counterLast Month149108

Online Visitors: 85
IP: 54.162.211.170
,
Time: 21 : 16 : 06