'ആവശ്യത്തിന് വൈദ്യുതി കുറഞ്ഞ നിരക്കില്‍ വൈദ്യുതി ' എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി വര്‍ക്കേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച നാലുദിന രാപ്പകല്‍ സത്യാഗ്രഹം ഏറെ ശ്രദ്ധേയമായി. സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നില്‍ മെയ് ഏഴുമുതല്‍ പത്തുവരെ നടന്ന പരിപാടിയില്‍ അയ്യായിരത്തിലേറെ വൈദ്യുതി ജീവനക്കാര്‍ പങ്കെടുത്തു. കേരളം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ നേരിടുമ്പോഴും വൈദ്യുതി പദ്ധതികള്‍ അനാവശ്യമാണെന്നും സകല പ്രശ്നങ്ങളും പാരമ്പര്യേതര മാര്‍ഗങ്ങളിലൂടെ പരിഹരിക്കാമെന്നുമുള്ള കടുത്ത കാമ്പയിന് നടക്കുകയാണ്. വന നശീകരണം, കാലാവസ്ഥ വ്യതിയാനം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെയെല്ലാം പദ്ധതി വിരുദ്ധ കോറസ്സിന് പശ്ചാത്തലമായി ഉപയോഗപ്പെടുത്തുന്നതിനും വലിയ ശ്രമമാണ് നടക്കുന്നത്.
പ്രവര്‍ത്തന സ്തംഭനവും കെടുകാര്യസ്ഥതയും മൂലം ഗുരുതരാവസ്ഥയിലെത്തിയ വൈദ്യുതി ബോര്‍ഡിനാകട്ടെ ഇത്തരം കാമ്പയിനുകളെ ചെറുക്കാന്‍ കഴിയുന്നുമില്ല. ഈ സാഹചര്യത്തിലാണ് അഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാതെ കേരളത്തിന് രക്ഷപ്പെടാനാവില്ല എന്നും അതിന് സഹായകമായ നിലയില്‍ വൈദ്യുതി പദ്ധതികള്‍ ഏറ്റെടുക്കുകയും സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വേണം എന്ന ആവശ്യം ശക്തമായി ഉന്നയിച്ചുകൊണ്ട് വര്‍ക്കേഴ്സ് അസോസിയേഷന് പുതിയൊരു സമര മുഖം തുറന്നിരിക്കുന്നത്. മാധ്യമങ്ങള്‍ വേണ്ട പ്രാധാന്യം നല്‍കിയില്ല എങ്കിലും സംസ്ഥാനത്തുടനീളം സമര സന്ദേശം എത്തിക്കാന്‍ ഈ പ്രക്ഷോഭത്തിന് കഴിഞ്ഞിട്ടുണ്ട്.
കേരളത്തില്‍ ലഭ്യമായ പ്രധാനപ്പെട്ട വൈദ്യുതി സ്രോതസ്സ് ജലമാണ്. എന്നാല്‍ ജല വൈദ്യുതി നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിനെതിരെ കപട പരിസ്ഥിതി വാദികള്‍ നടത്തുന്ന മുടന്തന്‍ ന്യായങ്ങള്‍ കേരളത്തിന്റെ പൊതുബോധമാക്കി മാറ്റാന്‍ മാധ്യമങ്ങള്‍ അടക്കം മത്സരത്തിലാണ്. കേരളത്തിന്റെ വന നശീകരണത്തിന്റെ മുഖ്യ കാരണം ജല നിലയങ്ങളാണ് എന്ന നിലയിലാണ് പല ക്യാമ്പയിനുകളും അവതരിപ്പിക്കുന്നത്. സ്വന്തമായി ഇന്ധന സാധ്യതകളില്ലെങ്കിലും കല്‍ക്കരി, പ്രകൃതി വാതക നിലയങ്ങള്‍ കേരളത്തിന്റെ ഊര്‍ജ്ജ സുരക്ഷയ്ക്ക് അനിവാര്യമാണ്. എന്നാല്‍ എല്ലാം പരിഹരിക്കാന്‍ സോളാര്‍ മതിയെന്ന നിലയിലാണ് ഊര്‍ജ്ജ വിഷയങ്ങളില്‍ വിജ്ഞാന ഭണ്ടാരങ്ങളായ ചിലര്‍ ഉല്‍ഘോഷിക്കുന്നത്. കേരളത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത ഇവരുടെ ചര്‍ച്ചയില്‍ വിഷയമേ അല്ല. ഗ്രിഡ് സ്റ്റബിലിറ്റി അടക്കമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ബോര്‍ഡ് ഉദ്യോഗസ്ഥന്മാരുടെ സ്ഥാപിത താല്‍പ്പര്യത്താല്‍ സൃഷ്ടിക്കപ്പെടുന്നതാണ് എന്ന് പറയുന്നതിനുപോലും ഇവര്‍ക്ക് മടിയുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളില്‍ കൃത്യമായൊരു ഊര്‍ജ്ജ അവബോധം ഉണ്ടാകണമെങ്കില്‍ ശക്തമായൊരു ബഹുജന വിദ്യാഭ്യാസം അനിവാര്യമാണ്. നാം നടത്തിവരുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ തീവ്രത ഇനിയും എത്രയോ വര്‍ദ്ധിക്കണം. സാമൂഹ്യ അഭിപ്രായം രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക സ്വാധീനമുള്ള വ്യക്തികളേയും സംഘടനകളേയും ഒക്കെ ഈ ഒരു പ്രവര്‍ത്തനത്തില്‍ കണ്ണിചേര്ക്കാനാകണം. വര്‍ക്കേഴ്സ് അസോസിയേഷന് നടത്തിയ പ്രക്ഷോഭം ഇത്തരമൊരു മുന്നേറ്റത്തിന് ഊര്‍ജം പകരുന്നതാണ്.
വൈദ്യുതി മേഖലയുടെ യഥാര്‍ത്ഥ സ്ഥിതി വ്യക്തമാക്കുന്ന നിലയില്‍ ഒരു വസ്തുതാ പത്രിക തയ്യാറാക്കി ജന പ്രതിനിധികളേയും പ്രമുഖ വ്യക്തികളേയുമൊക്കെ സമീപിക്കുന്നതിനും ആശയ ഐക്യം വളര്‍ത്തുന്നതിനുമുള്ള ഒരു പരിപാടിക്ക് നമ്മുടെ സംഘടന തുടക്കം കുറിച്ചിട്ടുണ്ട്. ബോര്‍ഡ് ജീവനക്കാരിലും ഓഫീസര്‍മാരിലും ആശയ വ്യക്തത ഉണ്ടാക്കുന്നതിനുള്ള ഒരു അഭ്യന്തര കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. എറണാകുളത്ത് ഒരു സംസ്ഥാനതല സെമിനാറും വിവിധ കേന്ദ്രങ്ങളില്‍ സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിച്ചുകൊണ്ട് ഊര്‍ജ്ജ രംഗത്തെ പ്രശ്നങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് സംഘടന നേതൃത്വം നല്‍കുകയാണ്. ഇതോടൊപ്പം ഒരു ജനകീയ റഫറണ്ടവും ഉദ്ദേശിക്കുകയാണ്. സംഘടന ഏറ്റെടുത്തിട്ടുള്ള തനത് പ്രവര്‍ത്തനങ്ങള്‍ വിപുലമായൊരു യോജിച്ച കാമ്പയിന് സഹായകരമാകും എന്നൊരു പ്രതീക്ഷയാണ് നമുക്ക് ഉള്ളത്. സംസ്ഥാനത്തിന്റെ മുക്കും മൂലകളും വരെ എത്തുന്ന അതിവിപുലമായൊരു കാമ്പയിന് ഇതിന്റെ ഭാഗമായി വളര്‍ത്തിയെടുക്കേണ്ടതുണ്ട്. സംഘടനാംഗങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഈ ദൗത്യം ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുകയാണ്.