സരിത എം നായരെ അറസ്റ്റ് ചെയ്തത് സോളാര്‍ തട്ടിപ്പിനാണ്. സോളാര്‍, വിന്റ് എന്നൊക്കെപ്പറഞ്ഞ് നാട്ടിലാകെ നടന്ന് പണം പിരിച്ച സരിതയുടെ ടീം സോളാറിന് ഈ രംഗത്തൊന്നും യാതൊരു ബന്ധവുമില്ലത്രേ. തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസും, പാവം പയ്യന്മാരുമടക്കം പലരുമുണ്ടെന്നാണ് ടെലഫോണ്‍ സംഭാഷണങ്ങളടക്കം നിരവധി തെളിവുകളുമായി മാദ്ധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്. ഭരണസംവിധാനങ്ങളുടെ സംരക്ഷണമുണ്ടാകുമെന്നതിനാല് അന്വേഷണങ്ങളൊന്നും എവിടെയുമെത്താതെ അവസാനിക്കുമെന്നും മാദ്ധ്യമങ്ങള്‍ പ്രവചിക്കുന്നുണ്ട്.
ഇത് ഒന്നാമത്തെ സോളാര്‍ തട്ടിപ്പല്ല. കൊറിയന്‍ കമ്പനി, മൂന്നേകാല്‍ രൂപക്ക് സോളാര്‍ വൈദ്യുതി എന്നൊക്കെപ്പറഞ്ഞ് ഊര്‍ജ്ജ വകുപ്പുമായി ധാരണാപത്രം ഒപ്പിട്ടുവാങ്ങി നാട്ടിലാകെ നടന്ന് നിക്ഷേപകരെ തേടുന്ന ഒരു കക്ഷിയെപ്പറ്റി നമ്മള് കേട്ടിരുന്നു. പാലക്കാട് ഒലവക്കോട് റെയില്വേസ്റ്റേഷന് സമീപമുള്ള ചില കടമുറികളാണ് ഈ നവകൊറിയന് കമ്പനിയുടെ ആസ്ഥാനമെന്ന വസ്തുതയും പുറത്തുവന്നിരുന്നു. പക്ഷേ ധാരണാപത്രം ഇപ്പോഴും നിലനില്ക്കുന്നു. നിക്ഷേപകരെത്തേടിയുള്ള കമ്പനിയുടമയുടെ ഓട്ടം തുടരുകയും ചെയ്യുന്നു. ഏതൊക്കെ പാവം പയ്യന്മാര് ഇതിന്റെയൊക്കെ പിന്നിലുണ്ടെന്ന് അറിയാനിരിക്കുന്നേയുള്ളൂ. വൈദ്യുതി മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി മുതലെടുത്തുകൊണ്ട് ഇങ്ങിനെ എന്തൊക്കെ തട്ടിപ്പുകള്‍ ഇനിയും പുറത്തുവരാനിരിക്കുന്നു.
പ്രതിസന്ധികള്‍ പരിഹരിക്കപ്പെടാതിരിക്കുകയാണ് അഴിമതിയുടെ ചാകര പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് വേണ്ടത്. കല്‍ക്കരി കുംഭകോണവും, അള്‍ട്രാമെഗാ പദ്ധതി അഴിമതിയും മുതല്‍ സരിതയുടെ സോളാര്‍ തട്ടിപ്പുവരെയുള്ളതെല്ലാം കാണിക്കുന്നത് ഈ സാദ്ധ്യതയാണ്. പിടിക്കപ്പെട്ടവര്‍ കുറച്ചുകാലം അങ്ങിനെയൊക്കെ നടക്കും. ചിലര്‍ ബലിയാടുകളാകും മറ്റു ചിലര്‍ സ്വാധീനശക്തി ഉപയോഗിച്ച് വീണ്ടും പുതിയ തട്ടിപ്പുകളുമായി രംഗത്തുവരും. ഇതിനിടക്ക് വെളുക്കും വരെ കക്കാം എന്ന നിലയാണ് ഭരണാധികാരികള്‍ക്കുള്ളത്. ഇത് ഇങ്ങിനെ തുടരാന്‍ അനുവദിക്കാനാകുമോ? കാഴ്ചക്കാരന്റേയും കേള്വിക്കാരന്റേയും റോളുവിട്ട് പോരാളികളായി മാറിയാല്‍ മാത്രമേ നമുക്കും വരും തലമുറകള്‍ക്കും ജീവിച്ചുപോകാനാകൂ എന്നത് ബോധ്യപ്പെടുത്തുന്നതാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും. കൂടുതല്‍ കരുത്തുറ്റ സംഘശക്തി നേടുവാനാണ് അതു നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.