തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ രണ്ട് ജീവനക്കാരെ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റ് ഷെയര്‍ചെയ്തു എന്ന കുറ്റമാരോപിച്ച് സസ്പെന്റ് ചെയ്ത നടപടിയില്‍ കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന് ശക്തമായി പ്രതിഷേധിക്കുന്നു. ഐ.ടി ആക്ടിലെ സെക്ഷന്‍ 66എയുടെ നഗ്നമായ ദുരുപയോഗത്തിന് മറ്റൊരുദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്. രാജ്യത്ത് ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മുമ്പൈയില് രണ്ട് പെണ്കുട്ടിള്ക്കെതിരെ ബാല്‍താക്കറെയുടെ മരണവുമായി ബന്ധപ്പെട്ടു നടന്ന ബന്ദിനെതിരെ പ്രതികരിച്ചതിന് കേസെടുത്തതും ആന്ധ്രയില്‍ പീപ്പിള്‍സ് യൂണിയന് ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് അധ്യക്ഷയെ ഒരു നിയമസഭാ സാമാജികനെതിരായ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതിന് അറസ്റ്റ് ചെയ്തതുമൊക്കെ വലിയ സാമൂഹ്യപ്രതികരണങ്ങള്ക്ക് കാരണമായതാണ്. ഇതിനൊക്കെ സമാനമായ തികച്ചും ഫാസിസ്റ്റ് ശൈലിയിലുണ്ടായ ഒരു നടപടിയാണ് കേരളത്തിലും ഉണ്ടായിട്ടുള്ളത്. ഐ.ടി.ആക്ടിലെ 66എ സെക്ഷന്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം വ്യാപകമായുയരുമ്പോഴും യാതൊരു നിയന്ത്രണവുമില്ലാതെ ഈ നിയമമനുസരിച്ച് നടപടികള്‍ സ്വീകരിക്കുന്ന സമീപനമാണ് ഭരണാധികാരികള്‍ കൈക്കൊള്ളുന്നത്.
സ്വന്തം നിലക്ക് ഒരു സന്ദേശം തയ്യാറാക്കി പ്രചരിപ്പിക്കുകപോലുമല്ല സെക്രട്ടറിയേറ്റിലെ രണ്ട് ജീവനക്കാരും ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു സന്ദേശം ഷെയര്‍ ചെയ്യുക മാത്രമേ ഉണ്ടായിട്ടുള്ളൂ. രാഷ്ട്രീയ നേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കുമൊക്കെ അനുകൂലവും പ്രതികൂലവുമായ നിരവധി സന്ദേശങ്ങള്‍ നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇതൊക്കെ സുഹൃത്തുക്കളുമായി പങ്കുവെക്കുന്നുവെന്നത് ഒരു ക്രിമിനല്‍കുറ്റമോ ജീവനക്കാരുടെ സര്‍വീസ് ചട്ടങ്ങള്ക്കെതിരോ ആയി വ്യാഖ്യാനിച്ച് നടപടി സ്വീകരിക്കുന്നത് ഭരണാധികാരികളുടെ അസഹിഷ്ണുതയാണ് കാണിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇത്തരം നടപടികള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പോരാട്ടങ്ങള്‍ക്ക് കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന് സര്‍വ്വ പിന്തുണയും പ്രഖ്യാപിക്കുന്നു. കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് ജീവനക്കാരെ നേരിടുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ സംഘടനാ വ്യത്യാസമില്ലതെ രംഗത്തിറങ്ങാന്‍ ജീവനക്കാരോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
സുരേഷ് കുമാര്‍ എം.ജി.
ജനറല്‍ സെക്രട്ടറി