KSEBOA - KSEB Officers' Association

Monday
Apr 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ റഗുലേറ്ററി കമ്മീഷനുകളുടെ പക്ഷം

റഗുലേറ്ററി കമ്മീഷനുകളുടെ പക്ഷം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Mundraഅടുത്ത നാളുകളായി രാജ്യത്തെ വൈദ്യുതി റഗുലേറ്ററി കമ്മീഷനുകള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അവയുടെ കോര്‍പ്പറേറ്റ്-അതിസമ്പന്ന പക്ഷപാതിത്വം മറയില്ലാതെ വ്യക്തമാക്കുന്നതാണ്. ഈ പക്ഷപാതിത്വത്തിന്റെ സ്വാഭാവിക തുടര്‍ച്ചയായ തൊഴിലാളി വിരുദ്ധ സമീപനങ്ങളും ശക്തമായി വരികയാണ്.

വൈദ്യുതി വികസനം പൂര്‍ണ്ണമായും കമ്പോളശക്തികള്‍ക്ക് വിധേയമാക്കുന്ന നവലിബറല്‍ നയങ്ങളാണ് കേന്ദ്ര വൈദ്യുതി റഗുലേറ്ററികമ്മീഷന്‍ പിന്തുടര്‍ന്ന് വന്നത്. വൈദ്യുതി വികസനത്തിനായി മൂലധനത്തെ ആകര്‍ഷിക്കാനും നിയന്ത്രിക്കാനും കമ്പോളത്തിനുള്ള സ്വതസിദ്ധ ശേഷിയില്‍ അതിയായ വിശ്വാസമാണ് കമ്മീഷന്‍ പുലര്‍ത്തിയത്. പവര്‍ എക്സ്ചേഞ്ചുകളുടെ രൂപീകരണവും ട്രേഡര്‍മാര്‍ക്ക് നല്കുന്ന സ്വാതന്ത്ര്യവും എല്ലാം ഈ വിശ്വാസത്തിന്റെ തുടര്‍ച്ചയാണ്. കമ്പോളത്തില്‍ അനിയന്ത്രിതമായ വിലവര്‍ദ്ധനവ് വന്നപ്പോഴും അതിന്റെ ഫലമായി രാജ്യത്തെ പൊതുമേഖലാ വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ ആകെ സാമ്പത്തികമായി തകര്‍ന്നപ്പോഴും റഗുലേറ്ററി കമ്മീഷനുകള്‍ കാഴ്ചക്കാരായി മാത്രം നിന്നത് കമ്പോളത്തിലുള്ള അമിത വിശ്വാസം തന്നെയാണ് കാണിച്ചത്. എന്നാല്‍ കമ്പോളത്തിന്റെ ഗതിവിഗതികള്‍ കോര്‍പ്പറേറ്റ് മൂലധനത്തിന് പരുക്കേല്‍പ്പിക്കുമെന്നായപ്പോള്‍ സ്ഥിതി മാറി. ഇന്നിപ്പോള്‍ ഒട്ടേറെ ചര്‍ച്ചചെയ്യപ്പെടുന്ന റ്റാറ്റ-അഡാനി കമ്പനികള്‍ക്കനുകൂലമായ ഉത്തരവ് അതാണ് കാണിക്കുന്നത്.


ഗുജറാത്തിലെ മുന്ധ്ര തുറമുഖത്തിനടുത്തായി റ്റാറ്റായും അഡാനിയും സ്ഥാപിക്കാമെന്നേറ്റ 4000 മെഗാവാട്ട് വരുന്ന രണ്ട് വൈദ്യുതി പദ്ധതികളില്‍ നിന്നുള്ള വൈദ്യുതിയുടെ വില കമ്പോളനിയമങ്ങള്‍ക്കനുസരിച്ച് കണ്ടെത്തിയതാണ്. തങ്ങളുടെ ലാഭമുറപ്പാക്കി കച്ചവടം നടത്താന്‍ ഈ വില മതിയാകില്ലെന്ന കമ്പനികളുടെ വാദം അംഗീകരിച്ച് വില വര്‍ദ്ധിപ്പിച്ചു നല്കാനുള്ള കമ്മീഷന്റെ ഉത്തരവ് അതിനാല്‍ തന്നെ നിയമവൃത്തങ്ങളില്‍ വലിയ അമ്പരപ്പാണ് ഉളവാക്കിയത്. നിക്ഷേപകരുടെ ആശങ്ക അകറ്റുന്നത് രാജ്യത്തിന്റെ വൈദ്യുതി വികസനത്തിന് ആവശ്യമാണെന്ന ന്യായമാണ് കമ്മീഷന്‍ ഉത്തരവില്‍ പ്രധാനമായും കാണുന്നത്. കമ്പോളത്തിന്റെ അനിയന്ത്രിതമായ പ്രവര്‍ത്തനത്തിന്റെ ഫലമായി പൊതുമേഖലാ വൈദ്യുത സ്ഥാപനങ്ങള്‍ അനുദിനം സാമ്പത്തികമായി തകരുന്നത് രാജ്യത്തിന്റെ വൈദ്യുതി വികസനത്തെ എങ്ങനെ ബാധിക്കുമെന്ന് ഒരിക്കല്‍ പോലും ചിന്തിക്കാതിരുന്നവര്‍ കോര്‍പ്പറേറ്റ് മൂലധനത്തിനേല്‍ക്കാനിടയുള്ള ചെറിയ പോറലുകള്‍ പോലും ഒഴിവാക്കി നല്കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് ഈ ഉത്തരവുകള്‍ നല്കിയ പാഠം.

കമ്പോളത്തെ പ്രോത്സാഹിപ്പിക്കുക എന്നതിനൊപ്പം വന്‍കിട ഉപഭോക്താക്കള്‍ക്ക് സഹായവുമൊരുക്കുന്ന സംവിധാനമാണല്ലോ പ്രസരണ വിതരണ ലൈനുകളില്‍ അനുവദിക്കേണ്ട ഓപ്പണ്‍ അക്സസ് അഥവാ തുറന്ന പാതയൊരുക്കല്‍. ഈ സംവിധാനമൊരുക്കുമ്പോള്‍ റഗുലേറ്ററി കമ്മീഷനുകള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ വൈദ്യുതി നിയമത്തിലും അനുബന്ധ ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുണ്ട്. വന്‍കിട ഉപഭോക്താക്കള്‍ ഓപ്പണ്‍ അക്സസ് സംവിധാനമുപയോഗിച്ച് വൈദ്യുതി കൊണ്ടുവരുമ്പോള്‍ ക്രോസ് സബ്സിഡി സര്‍ച്ചാര്‍ജ്ജ് വഹിക്കണമെന്നതാണ് അതിലൊരു വ്യവസ്ഥ. വന്‍കിട ഉപഭോക്താക്കള്‍ നിലവില്‍ വഹിക്കുന്ന ക്രോസ് സബ്സിഡി തുടര്‍ന്നും വിതരണ ലൈസന്‍സിക്ക് ലഭിക്കുന്നത് ദുര്‍ബലവിഭാഗങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ വൈദ്യുതി നല്കാന്‍ ആവശ്യമാണെന്ന ഇന്ത്യന്‍ നിയമനിര്‍മ്മാണ വ്യവസ്ഥയുടെ തീരുമാനമാണ് നിയമത്തില്‍ പ്രതിഫലിക്കുന്നത്. വൈദ്യുതി നിയമം 2003 നിലവില്‍ വന്നപ്പോള്‍ ക്രോസ് സബ്സിഡികള്‍ ഇല്ലാതാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നെങ്കിലും തുടര്‍ന്ന് രാജ്യമാകെ നടന്ന പ്രക്ഷോഭങ്ങളുടെ ഫലമായി ക്രോസ് സബ്സിഡി നിലനിര്‍ത്താന്‍ പാര്‍ലമെന്റ് അംഗീകാരം നല്കുകയായിരുന്നു.

ഈ വ്യവസ്ഥ അട്ടിമറിക്കാന്‍ തുടക്കം മുതല്‍ കേന്ദ്രഗവണ്മെന്റ് ശ്രമിച്ചിരുന്നു. വന്‍കിടക്കാര്‍ കമ്പോളത്തില്‍ നിന്നും വൈദ്യുതി വാങ്ങുന്നത് നിരുത്സാഹപ്പെടുത്തുന്നതാണ് ഈ സര്‍ച്ചാര്‍ജ്ജ് എന്നാണ് കേന്ദ്രഗവണ്മെന്റ് നിലപാട്. കമ്പോളം സജീവമാകുന്നതിന് ഇത്യാദി തടസ്സങ്ങള്‍ ഒഴിവാക്കണമെന്ന് നിരന്തരമായി സംസ്ഥാനങ്ങളോട് കേന്ദ്രഗവണ്മെന്റ് ആവശ്യപ്പെട്ട് വരികയായിരുന്നു. കേന്ദ്ര താരിഫ് നയത്തില്‍ ഇതിന് സഹായകരമായ വ്യവസ്ഥകളും ഉള്‍പ്പെടുത്തുകയുണ്ടായി. സംസ്ഥാന ഗവണ്മെന്റ് നല്കുന്ന നയപരമായ നിര്‍ദ്ദേശങ്ങള്‍ മുന്‍പ് പലപ്പോഴും ലംഘച്ചിട്ടുള്ള കേരള റഗുലേറ്ററി കമ്മീഷന്‍ പക്ഷേ സര്‍ച്ചാര്‍ജ് ഇല്ലാതാക്കാന്‍ കേന്ദ്ര നയം പഴുതാക്കിയിരിക്കയാണ് ഇപ്പോള്‍. കേരളത്തിലെ ഏതാണ്ടെല്ലാ വന്‍കിട ഉപഭോക്താക്കളും നല്കേണ്ട സര്‍ച്ചാര്‍ജ്ജ് പൂജ്യമായി നിശ്ചയിച്ചുകൊണ്ടാണ് തങ്ങളുടെ സമ്പന്ന പക്ഷപാതിത്വം പ്രകടമാക്കിയിരിക്കുന്നത്.

കമ്പോളത്തെയും വന്‍കിടക്കാരെയും സഹായിക്കുന്ന നടപടി അവിടംകൊണ്ടും അവസാനിക്കില്ല. ഓപ്പണ്‍ അക്സസ് വഴി കൊണ്ടുവരുന്ന വൈദ്യുതി കൃത്യമായി രേഖപ്പെടുത്തുന്ന മീറ്ററിങ്ങ് സംവിധാനം ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേന്ദ്ര ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ സംസ്ഥാന റഗുലേറ്ററി കമ്മീഷന് അധികാരമില്ലെങ്കിലും കോര്‍പ്പറേറ്റുകളെ സഹായിക്കാനാകുമ്പോള്‍ അതൊന്നും തടസ്സമാകില്ല. റഗുലേറ്ററി കമ്മീഷനെ സമീപിച്ച മുഴുവന്‍ വന്‍കിട ഉപഭോക്താക്കള്‍ക്കും ആവശ്യമായ മീറ്ററിങ്ങ് സംവിധാനമില്ലാതെ തന്നെ ഓപ്പണ്‍ അക്സസ് അനുവദിക്കാനാണ് ഉത്തരവായിട്ടുള്ളത്. കേരളത്തിലെ നിരവധി വന്‍കിട ഉപഭോക്താക്കള്‍ ഇപ്പോള്‍ ഈ വഴിവിട്ട ആനുകൂല്യം നേടിയെടുത്തു കഴിഞ്ഞിട്ടുണ്ട്. ഓപ്പണ്‍ അക്സസ് വഴി വൈദ്യുതി കൊണ്ടുവരുമ്പോള്‍ വഹിക്കേണ്ട പ്രസരണ-വീലിങ്ങ് ചാര്‍ജ്ജുകള്‍, പ്രസരണ വിതരണ നഷ്ടം തുടങ്ങിയവ നിശ്ചയിക്കുമ്പോഴും ഇതേ മൃദുസമീപനം വ്യക്തമാണ്. ശാസ്ത്രീയമായ വിശകലനങ്ങള്‍ക്ക് പകരം വന്‍കിടക്കാരുടെ ബാധ്യത കുറച്ചുനിര്‍ത്തുന്ന വാദങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് ഉത്തരവുകളില്‍ കാണുന്നത്.

രാജ്യവികസനമെന്നാല്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ വികസനമാണെന്നും വികസനം ഉറപ്പുവരുത്താന്‍ സ്വകാര്യ മൂലധനത്തിന് സര്‍വ്വസ്വാതന്ത്ര്യവും അനുവദിക്കുകയാണ് വേണ്ടതെന്നുമുള്ള കേന്ദ്രഗവണ്മെന്റ് നയങ്ങള്‍ വെള്ളം ചേര്‍ക്കാതെ നടപ്പാക്കാനാണ് വൈദ്യുതിരംഗത്തെ സ്റ്റാറ്റ്യൂട്ടറി സംവിധാനമായ റഗുലേറ്ററി കമ്മീഷനുകള്‍ ശ്രമിച്ചുകാണുന്നത്. പ്രധാനപ്പെട്ട ഊര്‍ജ്ജവിഭവമായ പ്രകൃതിവാതകത്തിന്റെ വില അന്താരാഷ്ട്ര കമ്പോള വിലയനുസരിച്ച് നിശ്ചയിക്കുന്ന കേന്ദ്ര തീരുമാനവും ഇറക്കുമതി ചെയ്യുന്ന കല്ക്കരി വില വൈദ്യുതി വിലയിലൂടെ പരിശോധന കൂടാതെ ഈടാക്കണമെന്ന തീരുമാനവുമെല്ലാം വൈദ്യുതി വില കുത്തനെ കൂട്ടാന്‍ ഇടയാക്കും. ജനങ്ങളെയാകെ ദോഷകരമായി ബാധിക്കുന്ന ഈ തീരുമാനങ്ങള്‍ വൈദ്യുതി രംഗത്ത് കാര്‍ക്കശ്യത്തോടെ നടപ്പാക്കുന്ന സംവിധാനമായി റഗുലേറ്ററി കമ്മീഷനുകള്‍ പ്രവര്‍ത്തിക്കുമെന്നതില്‍ സംശയമേതുമില്ല.

ഈ ദ്രോഹകരമായ നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന വൈദ്യുതി വില വര്‍ദ്ധനവിനെ ആ നിലയ്ക്ക് കാണുന്നതിന് പകരം ജീവനക്കാരുടെ വേതനവും പെന്‍ഷന്‍ സുരക്ഷയുമാണ് പ്രശ്നമെന്ന സമീപനം സ്വീകരിക്കുന്നതിന് ഇതേ നയത്തിന്റെ ഭാഗമാണ്. തൊഴിലാളിയുടെ വിയര്‍പ്പിന്റെ വിലയിടിച്ച് മിച്ചമൂല്യം വര്‍ദ്ധിപ്പിക്കുകയെന്ന നയം തന്നെയാണ് ഈ സമീപനത്തിന്റെയും കാതല്‍. വൈദ്യുതി വിലയില്‍ ജീവനക്കാരുടെ വേതനത്തിന്റെ അംശം കൂടുതലാണെന്നാണ് വന്‍കിട ഉപഭോക്താക്കള്‍ നിരന്തരം കമ്മീഷനു മുന്‍പില്‍ ഉയര്‍ത്തുന്ന വാദം. ഈ വാദം വെള്ളം തൊടാതെ അംഗീകരിക്കുന്ന കമ്മീഷന്‍ പക്ഷേ രാജ്യത്ത് നിലവിലുള്ള വിലക്കയറ്റത്തിന്റെ തോതിലുള്ള വര്‍ദ്ധനവ് വൈദ്യുതി വിലയിലെ ശമ്പളചെലവിന് ഉണ്ടായിട്ടില്ലെന്ന വസ്തുത കാണാന്‍ തയ്യാറാകുന്നുമില്ല. ശാസ്ത്രീയമായ പരിശോധനയിലൂടെ എംപ്ലോയീ പ്രൊഡക്ടിവിറ്റി കെ.എസ്.ഇ.ബി.യില്‍ വര്‍ദ്ധിച്ചു വരുന്നതായി വ്യക്തമാകുമെങ്കിലും അത് കണക്കിലെടുക്കാന്‍ കമ്മീഷന്‍ തയ്യാറല്ല. ക്രോസ് സബ്സിഡി കുറച്ചുകൊണ്ടു വരികയെന്ന സമീപനം ശമ്പളചെലവില്‍ എന്തു വെട്ടിക്കുറവ് വരുത്തിയാലും സാധാരണക്കാരന്റെ വൈദ്യുതി നിരക്ക് വര്‍ദ്ധിച്ചുതന്നെ വരും. എന്നാല്‍ വന്‍കിടക്കാരുടെ നില അതല്ല. ശമ്പളചെലവിലെ വെട്ടിക്കുറവിന്റെയും ക്രോസ് സബ്സിഡി കുറയ്ക്കുന്നതിന്റെയുമെല്ലാം നേരിട്ടുള്ള നേട്ടം വന്‍കിടക്കാര്‍ക്ക് തന്നെ.

വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പ്രവര്‍ത്തനം രാജ്യത്തെ മുടിക്കുന്ന നവലിബറല്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയെന്നാണ് ഇവ കാണിക്കുന്നത്. കോര്‍പ്പറേറ്റ് മൂലധനത്തിന്റെ തണലും തലോടലും, തൊഴിലാളിയുടെ വിയര്‍പ്പിന്റെ വിലയിടിക്കലും ആണ് ഈ നയങ്ങളുടെ കാതല്‍. നവലിബറല്‍ നയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളികളൊന്നടങ്കം യോജിച്ച് നിന്ന് തുടരുന്ന പോരാട്ടങ്ങള്‍ക്ക് മറ്റൊരു പോര്‍മുഖം കൂടി അനിവാര്യമായും തുറക്കേണ്ടതുണ്ടെന്നാണ് വൈദ്യുതി രംഗത്തെ സമീപകാല സംഭവവികാസങ്ങള്‍ പഠിപ്പിക്കുന്നതതാണ്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3307
mod_vvisit_counterYesterday4127
mod_vvisit_counterThis Month123290
mod_vvisit_counterLast Month142377

Online Visitors: 64
IP: 54.158.4.4
,
Time: 20 : 53 : 44