KSEBOA - KSEB Officers' Association

Friday
Mar 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ബോര്‍ഡ് പുന:സംഘടന, ചില വസ്തുതകള്‍

ബോര്‍ഡ് പുന:സംഘടന, ചില വസ്തുതകള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

2008 സെപ്റ്റംബര്‍ 25ന് സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കപ്പെട്ട സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ആസ്തി ബാദ്ധ്യതകള്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് പുനര്‍നിക്ഷേപിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത് 30-10-13ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 31-10-2013 തീയ്യതി മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിലയില്‍ ബോര്‍ഡിന്റെ പുന:സംഘടന പൂര്‍ത്തിയാക്കിക്കൊണ്ട് ഉത്തരവ് പുറത്തുവന്നുകഴിഞ്ഞു. നവമ്പര്‍ 12നാണ് ഉത്തരവ് പുറത്തുവന്നത്. ബോര്‍ഡ് പുന:സംഘടന സംബന്ധിച്ച് ജീവനക്കാരിലും പെന്‍ഷന്‍കാരിലും വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്..ബി ഓഫീസേര്‍സ് അസോസിയേഷന്‍ അടക്കമുള്ള വിവിധ സംഘടനകള്‍ കൂട്ടായും ഒറ്റക്കും നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. ബോര്‍ഡ് പുന:സംഘടന സംബന്ധിച്ച് തയ്യാറാക്കിയ കരട് കൈമാറ്റ പദ്ധതിയിലും തൃകക്ഷിക്കരാറിലും ഉണ്ടായിരുന്ന അവ്യക്തതകളും വരുത്തേണ്ട മാറ്റങ്ങളും സംബന്ധിച്ച് സംഘടനകള്‍ സര്‍ക്കാരിനും ബോര്‍ഡിനും രേഖാമൂലം തന്നെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകുമെന്നത് സംബന്ധിച്ച് ചര്‍ച്ചകളോ അറിയിപ്പോ കൂടാതെയാണ് പുന:സംഘടന പൂര്‍ത്തിയാക്കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇത് ജീവനക്കാരേയും പെന്‍ഷന്‍കാരേയും സംഘടനകളേയും ഇരുട്ടില്‍ നിര്‍ത്തുന്നതും ആരേയും വിശ്വാസത്തിലെടുക്കാത്തതുമായ സമീപനമാണ്. ഈ നിലപാട് ആര്‍ക്കും അംഗീകരിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് സംഘടനകളെ വിശ്വാസത്തിലെടുക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടും തുടര്‍നടപടികള്‍ സംഘടനകളുമായി കൂടിയാലോചിച്ചുകൊണ്ട് മാത്രമേ ഉണ്ടാകാവൂ എന്നും കെ.എസ്..ബി.ഓഫീസേര്‍സ് അസോസിയേഷന്‍ പ്രതികരിച്ചത്.

സംഘടിത പ്രക്ഷോഭത്തിന്റെ വിജയം

മന്ത്രിസഭാതീരുമാനം വന്ന അന്നുമുതല്‍ ബോര്‍ഡ് പുനസംഘടനയുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ വിവിധ തലങ്ങളിലായി നടന്നുവരുന്നുണ്ട്. ബോര്‍ഡിനെ മൂന്നു കമ്പനികളായി വിഭജിച്ചിരിക്കുന്നു എന്നാണ് ആദ്യ ദിവസം തന്നെ മാദ്ധ്യമങ്ങള്‍ ഫ്ലാഷ് ചെയ്തത്. പിന്നീട് സ്വകാര്യ വല്‍ക്കരണ നിര്‍ദ്ദേശം ഉണ്ട്, ഓഹരി വില്‍ക്കുന്നു, ഓരോ എസ്.ബി.യുവും ശമ്പളച്ചെലവുകള്‍ സ്വയം കണ്ടെത്തണം എന്നിങ്ങനെ വിവിധ തരത്തിലുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. കമ്പനിവല്‍ക്കരണത്തിനെതിരായി സമരപ്രഖ്യാപനവുമായി ചില സംഘടനകള്‍ മുന്നോട്ടുവന്നു. വനഭൂമി അന്യാധീനപ്പെടും, ബോര്‍ഡിന്റെ പല ആസ്തികളുടേയും രേഖ കാണാനില്ലെന്നും അതുകൊണ്ട് അതൊക്കെ സ്വകാര്യ വ്യക്തികള്‍ കയ്യേറുമെന്നുമൊക്കെ പറഞ്ഞുകൊണ്ടുള്ള പ്രചരണങ്ങളും ഉണ്ടായി. പെന്‍ഷന്‍ ഫണ്ട് ആവശ്യമില്ലെന്നും കാഷ് ഫ്ലോയില്‍ നിന്ന് പെന്‍ഷന്‍ കിട്ടണമെന്നുമൊക്കെയുള്ള അപ്രായോഗിക വാദങ്ങള്‍ ഉന്നയിച്ചിരുന്ന ചില സംഘടനകളാകട്ടെ ജീവനക്കാരില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്ന നിലയില്‍ പെന്‍ഷന്‍ അടക്കം സകല ആനുകൂല്യങ്ങളും അപകടത്തിലായിരിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന നിലയും ഉണ്ടായി. എന്നാല്‍ ബോര്‍ഡില്‍ നിലനില്‍ക്കുന്ന സംഘടിത സമരാന്തരീക്ഷം അവഗണിച്ചുകൊണ്ട് ഇത്തരത്തില്‍ നിരുത്തരവാദപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല എന്ന പ്രതീക്ഷയാണ് ഞങ്ങള്‍ പ്രകടിപ്പിച്ചത്. അഥവാ അങ്ങിനെ സംഭവിച്ചാല്‍ ബഹുജനപിന്തുണയോടെ അതിനെ നേരിടാനുള്ള കരുത്ത് ബോര്‍ഡിലെ ഉത്തരവാദപ്പെട്ട തൊഴിലാളി ഓഫീസര്‍ സംഘടനകള്‍ക്കുണ്ടെന്ന പ്രതികരണമാണ് ഇതു സംബന്ധിച്ചു നടന്ന ചര്‍ച്ചകളില്‍ അസോസിയേഷന്‍ മുന്നോട്ടുവെച്ചത്. സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നതിനുശേഷം ഉത്തരവിലെ വിശദാംശങ്ങള്‍ പരിശോധിച്ചുമാത്രമേ കൂടുതല്‍ പ്രതികരണങ്ങള്‍ സാദ്ധ്യമാകുകയുള്ളൂ എന്ന നിലപാടും ഞങ്ങള്‍ സ്വീകരിച്ചു.

ഇപ്പോള്‍ കൈമാറ്റ പദ്ധതിയും കരട് തൃകക്ഷിക്കരാറും പുറത്തുവന്നിരിക്കുന്നു. മേല്‍ സൂചിപ്പിച്ച നിലയിലുള്ള വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കുന്ന പരാമര്‍ശങ്ങളൊന്നും ഈ കൈമാറ്റ പദ്ധതിയിലോ തൃകക്ഷിക്കരാറിലോ കാണാനില്ല. മാത്രമല്ല ബോര്‍ഡില്‍ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നുവെന്നതാണ് ഈ രേഖകളില്‍ കാണുന്നത്. 2011ലും 2012ലും സര്‍ക്കാര്‍ നല്‍കിയ രേഖകളില്‍ സംഘടനകള്‍ ഉന്നയിച്ച അപാകതകള്‍ ഏറെക്കുറെ പൂര്‍ണ്ണമായും മാറ്റി മുന്‍ നിലപാടില്‍ നിന്നും പിന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. ഇത് നമ്മള്‍ നടത്തിയ ഉജ്ജ്വല പ്രക്ഷോഭങ്ങളുടെ വിജയമാണ്. ഈ വിജയത്തിന്റെ നിറം കെടുത്താനും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്ഥാപനത്തിലെ സാധാരണ തൊഴിലാളികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താനുമുള്ള ആസൂത്രിത ഗൂഡാലോചനയാണ് മറിച്ചുള്ള പ്രചാരണങ്ങളിലുള്ളത്.

സംഘടിതപ്രക്ഷോഭങ്ങളിലൂടെയും അര്‍ത്ഥപൂര്‍ണ്ണമായ ഇടപെടലുകളിലൂടെയും സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ ഒറ്റസ്ഥാപനമായി പൊതുമേഖലയില്‍ നിലനിര്‍ത്താനും ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കാനും കഴിഞ്ഞത് ഈ മേഖലയില്‍ രാജ്യവ്യാപകമായി നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്തുപകരുന്നതാണ്. വൈദ്യുതി മേഖലയെ ഒറ്റ സ്ഥാപനമായി പൊതുമേഖലയില്‍ നില്‍ത്താനും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിലും പെന്‍ഷനിലും തുടര്‍ച്ച ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നേടിയെടുക്കുന്നതിലും ഉണ്ടായ ഈ വിജയം രാജ്യത്തിനാകെ മാതൃകാപരമാണ്. ഈ ഉത്തരവും തൃകക്ഷിക്കരാറും കുറ്റമറ്റതാണെന്നല്ല ഇതിനര്‍ത്ഥം. കരട് തൃകക്ഷിക്കരാറില്‍ 1-4-13ന് ശേഷം സര്‍വീസില്‍ വന്നവരുടെ പെന്‍ഷന്‍ സംബന്ധിച്ചും ജനറല്‍ പ്രോവിഡന്റ് ഫണ്ട് സംബന്ധിച്ചും പരാമര്‍ശിക്കുന്ന ഭാഗമടക്കം മാറ്റമാവശ്യമുള്ള ഭാഗങ്ങളുണ്ട്. തൃകക്ഷിക്കരാര്‍ ഒപ്പിടുന്നതിന്റെ ഭാഗമായി അത്തരം മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. കൈമാറ്റ പദ്ധതി നടപ്പാക്കിവരുമ്പോള്‍ പ്രായോഗികമായി അനുഭവപ്പെടുന്ന പരിമിതികളും വകുപ്പുകളുടെ വ്യാഖ്യാനങ്ങളില്‍ വരുന്ന വ്യതിയാനങ്ങളും ഉണ്ടായേക്കാം. ഇവയൊക്കെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താമെന്ന് ഉത്തരവില്‍തന്നെ പറയുന്നുണ്ട്. ഈ സാദ്ധ്യത ഉപയോഗപ്പെടുത്തി കൈമാറ്റ പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്.

സംഗതികള്‍ ഇങ്ങിനെയൊക്കെ ആണെങ്കിലും ഉത്തരവ് ഇരങ്ങിയ ശേഷവും വൈദ്യുതി ബോര്‍ഡ് സ്വകാര്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു, പെന്‍ഷന്‍ അവകാശം നഷ്ടമായിരിക്കുന്നു, ബോര്‍ഡിന്റെ ആസ്തികള്‍ അന്യാധീനപ്പെട്ടിരിക്കുന്നു എന്നൊക്കെ പ്രചരിപ്പിച്ചുകൊണ്ട് ചില സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ഇതിനൊക്കെ തങ്ങള്‍ മാത്രമാണ് എതിരെന്നും മറ്റു സംഘടനകള്‍ക്കെല്ലാം വഞ്ചനാപരമായ നിലപാടാണെന്നും ഒത്തുതീര്‍പ്പ് സമീപനമാണെന്നുമാണ് ഇക്കൂട്ടരുടെ വാദം. ഇത്തരം കുതന്ത്രങ്ങള്‍ ഇപ്പോള്‍ ആദ്യമായി ഉണ്ടാകുന്നതല്ല. എല്ലാകാലത്തും ഇവര്‍ ഇത്തരത്തില്‍ തന്നെയാണ് പ്രവര്‍ത്തിച്ചുപോന്നിട്ടുള്ളത്. ജീവനക്കാരില്‍ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും പരത്തി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാമോ എന്നാണവരുടെ നോട്ടം.

വൈദ്യുതി നിയമവും നവലിബറല്‍ അജണ്ടയും

വൈദ്യുതി ബോര്‍ഡിന്റെ പുന:സംഘടനയുമായി ബന്ധപ്പെട്ട് 2003ല്‍ വൈദ്യുതി നിയമം അംഗീകരിക്കപ്പെട്ട അന്നുമുതല്‍ കൃത്യമായ ഒരു സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്..ബി. ഓഫീസേര്‍സ് അസോസിയേഷന്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഈ മേഖലയില്‍ സ്വകാര്യ മൂലധനശക്തികള്‍ക്ക് സൗകര്യമൊരുക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ വൈദ്യുതി നിയമം 2003ലൂടെ ലക്ഷ്യം വെക്കുന്നതെന്ന കാര്യത്തില്‍ സംഘടനക്ക് യാതൊരു സംശയവുമില്ല. ബോര്‍ഡിനെ വിഭജിച്ച് കമ്പനികളാക്കി മാറ്റണമെന്ന കേന്ദ്ര സമീപനത്തില്‍ സ്വകാര്യവല്‍ക്കരണ താല്‍പര്യം തന്നെയാണുള്ളത്. രാജ്യത്ത് നടപ്പാക്കിവരുന്ന നവലിബറല്‍ പരിഷ്കാരങ്ങളുടെ തുടര്‍ച്ച തന്നെയാണ് വൈദ്യുതി നിയമത്തിലൂടെ ഈ മേഖലയിലും നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ ഈ നയങ്ങള്‍ക്കെതിരായി യോജിക്കാവുന്ന എല്ലാ സംഘടനകളേയും യോജിപ്പിച്ചുനിര്‍ത്തി പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഇലക്ട്രിസിറ്റി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഇഫി) യുടെ ഒരു അഫിലിയേറ്റഡ് സംഘടന എന്ന നിലയില്‍ നല്ല ഇടപെടലും ഓഫീസേര്‍സ് അസോസിയേഷന്‍ നടത്തിവരുന്നുണ്ട്. ഈ നിലയില്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ദേശീയതലത്തില്‍ രൂപീകരിച്ച കൂട്ടായ്മയാണ് നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേര്‍സ് (എന്‍.സി.സി....).

വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്താകെ നടന്നുവരുന്ന പരിഷ്കാരങ്ങള്‍ തികഞ്ഞ പരാചയമാണെന്ന് ഇതിനകം തന്നെ തെളിഞ്ഞിട്ടുണ്ട്. രാജ്യത്ത് കടുത്ത വൈദ്യുതിക്ഷാമം നിലനില്‍ക്കുന്നു. വൈദ്യുതി താരീഫ് വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടും രാജ്യത്തെ വൈദ്യുതി വിതരണ യൂട്ടിലിറ്റികള്‍ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. കേന്ദ്ര പ്ലാനിങ്ങ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം തന്നെ രണ്ടര ലക്ഷംകോടിയിലേറെ രൂപയുടെ കടബാദ്ധ്യതയാണ് രാജ്യത്തെ വൈദ്യുതി വിതരന യൂട്ടിലിറ്റികള്‍ക്കുള്ളത്. ഇത്തരം വായ്പകളൊന്നും തിരിച്ചടക്കപ്പെടാത്തത് പൊതുമേഖലാബാങ്കുകളുടെ പ്രവര്‍ത്തനത്തേയും ബാധിച്ചിരിക്കുന്നു. വൈദ്യുതി മേഖലക്ക് ഇനിയും വായ്പ നല്‍കാനാകില്ലെന്ന നിലപാടാണ് ബാങ്കുകള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഈ അനുഭവങ്ങളില്‍ നിന്നൊന്നും പാഠം പഠിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. കൂടുതല്‍ ശക്തമായി നവലിബറല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി നിയമം കൂടുതല്‍ കര്‍ശനമാക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. കേന്ദ്ര നയങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ചില മേഖലകളിലെങ്കിലും സ്വതന്ത്ര നിലപാടെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിരുന്നത്കൂടി ഇല്ലാതാക്കാന്‍ വൈദ്യുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. വൈദ്യുതി ബോര്‍ഡിനെ ഒറ്റ സ്ഥാപനമായി പൊതുമേഖലയില്‍ നിലനിര്‍ത്താമെന്ന് കേരളത്തിന് തീരുമാനിക്കാനായത് വൈദ്യുതി നിയമത്തില്‍ അതിനുള്ള പഴുത് ഉണ്ടായതുകൊണ്ടാണ്. എന്നാല്‍ വിതരണ മേഖലയെ വിതരണം സപ്ലൈ എന്നിങ്ങനെ വീണ്ടും വിഭജിച്ച് ശിഥിലമാക്കേണ്ട സ്ഥിതിയാണ് ഈ ഭേദഗതി നടപ്പിലായാല്‍ ഉണ്ടാകുക.

കേരളത്തിന്റെ ബദല്‍ സമീപനം

കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതി മേഖലയില്‍ നടപ്പാക്കിവരുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ത്തന്നെ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കേരളത്തിന്റെ വൈദ്യുതി മേഖലയെ സംരക്ഷിക്കുന്നതിനും നിയമത്തിലെ പഴുതുകളും മറ്റും ഉപയോഗപ്പെടുത്തി ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും എന്തു ചെയ്യാന്‍ കഴിയും എന്ന പരിശോധനയാണ് കെ.എസ്..ബി ഓഫീസേര്‍സ് അസോസിയേഷന്‍ അടക്കമുള്ള ഉത്തരവാദിത്തമുള്ള സംഘടനകള്‍ ഏറ്റെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് ഒറ്റസ്ഥാപനമായി പൊതുമേഖലയില്‍ നിര്‍ത്താന്‍ നിയമത്തിന്റെ പഴുതുപയോഗിച്ചുതന്നെ സാധിക്കും എന്നും അതിനുള്ള ഇച്ഛശക്തി സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്നും 2003ഓഗസ്റ്റില്‍ തിരുവല്ല വെച്ചുനടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. എന്നാല്‍ ബോര്‍ഡിനെ കുറഞ്ഞത് രണ്ട് കമ്പനിയെങ്കിലും ആക്കിയേ തീരൂ എന്നാണ് അക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഒറ്റസ്ഥാപനമായി പൊതുമേഖലയില്‍ നിലനിര്‍ത്തുക എന്ന മുദ്രാവാക്യത്തെ അപഹസിച്ചുകൊണ്ട് ഒന്നായാലും പത്തായാലും കമ്പനി കമ്പനിതന്നെയെന്നും, ബോര്‍ഡ് വിഭജനം കാര്യക്ഷമത കൂട്ടുമെന്നുമൊക്കെ പറഞ്ഞുകൊണ്ട് വിവിധ സംഘടനകളും ബോര്‍ഡ് മാനേജ്മെന്റുമൊക്കെ സംഘടനയുടെ നിലപാടിനെതിരെ പ്രചാരണം സംഘടിപ്പിച്ചപ്പോഴും സംഘടന സ്വീകരിച്ച സമീപനത്തില്‍ ഉറച്ചുനിന്നു.

2006ല്‍ സംസ്ഥാനത്ത് ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബോര്‍ഡിനെ ഒറ്റക്കമ്പനിയായി പൊതുമേഖലയില്‍ നിലനിര്‍ത്തുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടായി മാറി. വൈദ്യുതി ബോര്‍ഡ് പുന:സംഘടന പരമാവധി നീട്ടികൊണ്ടുപോകുക എന്ന സമീപനവും സര്‍ക്കാര്‍ സ്വീകരിച്ചു. ഇതിന് സംഘടന പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

വൈദ്യുതി നിയമത്തിന്റെ സെക്ഷന്‍ 172 പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ സമ്മതത്തോടെ വൈദ്യുതി ബോര്‍ഡ് പുന:സംഘടനയുടെ കാലാവധി നീട്ടിക്കൊണ്ടുപോകാന്‍ കഴിയും. ഈ സാദ്ധ്യത ഉപയോഗിച്ച് ബോര്‍ഡിന്റെ കാലാവധി 2008 സെപ്റ്റംബര്‍വരെ നീട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ ബോര്‍ഡ് വിഭജിക്കും എന്ന് ഉറപ്പുനല്‍കിയാലല്ലാതെ ഇനിയും പുന:സംഘടനാ കാലാവധി നീട്ടി നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ശഠിച്ചു. ബോര്‍ഡ് വിഭജനം അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പിച്ചു പ്രഖ്യാപിച്ചതോടെ കേന്ദ്ര അനുമതി കിട്ടാത്തതിനാല്‍ 2008സെപ്റ്റംബര്‍ 24ന് ബോര്‍ഡ് ഇല്ലാതായി. നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് സംസ്ഥാനത്തിന് ചെയ്യാന്‍ കഴിയുന്ന ഏക കാര്യം വൈദ്യുതി നിയമം സെക്ഷന്‍ 131പ്രകാരമുള്ള പുന:സംഘടനാ നടപടികള്‍ സ്വീകരിക്കുക എന്നതായിരുന്നു. സെക്ഷന്‍ 131പ്രകാരം ബോര്‍ഡിന്റെ ആസ്തി ബാദ്ധ്യതകള്‍ സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുകയും ഒന്നോ അതിലധികമോ കമ്പനി/കമ്പനികളിലേക്ക് അവ പുന:നിക്ഷേപിക്കുകയുമാണ് ചെയ്യേണ്ടത്. ഈ രണ്ട് നടപടികളും ഒന്നിച്ച് നടത്തണമെന്ന് നിയമത്തില്‍ കൃത്യമായി പറയുന്നില്ല. ഈ പഴുത് ഉപയോഗിച്ച് ആസ്തി ബാദ്ധ്യതകള്‍ സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുക എന്ന നടപടി മാത്രം ചെയ്തുകൊണ്ട് ബോര്‍ഡിനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തിനുതന്നെ മാതൃകയായ ഈ നടപടിയെ സംഘടന സര്‍വ്വാത്മനാ പിന്തുണക്കുകയും ചെയ്തു.

വിഭജനമടക്കമുള്ള പരിഷ്കരണ നടപടികളില്ലാതെ ബോര്‍ഡിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകില്ലെന്ന വാദം സംസ്ഥാനം അംഗീകരിച്ചില്ല. ഉല്‍പാദന പ്രസരണ വിതരണ മേഖലകളിലെല്ലാം വന്‍പുരോഗതി കൈവരിച്ചുകൊണ്ട് കേരളം കേന്ദ്ര വാദത്തിന് മറുപടി നല്‍കി. പ്രസരണ വിതരണ നഷ്ടം കുറക്കുന്നതിലും സാമ്പത്തിക കാര്യക്ഷമത കൈവരിക്കുന്നതിലുമൊക്കെ കേരളം രാജ്യത്തിന് മാതൃകയായി. സാമ്പത്തിക കാര്യക്ഷമതയില്‍ രാജ്യത്തെ മികച്ച രണ്ടാമത്തെ വൈദ്യുതി യൂട്ടിലിറ്റിയായി പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ കെ.എസ്..ബി.യെ തെരെഞ്ഞെടുത്തു. വിഭജനമടക്കമുള്ള പരിഷ്കരണങ്ങള്‍ക്കുള്ള മാര്‍ക്ക് ലഭിക്കാഞ്ഞിട്ടും 2010ലെ ഇന്ത്യയിലെ മികച്ച വൈദ്യുതി യൂട്ടിലിറ്റിക്കുള്ള പവര്‍ എക്സലന്‍സ് അവാര്‍ഡും കേരളത്തിന് കിട്ടി. സമ്പൂര്‍ണ്ണ വൈദ്യുതീകരണം, ഒന്നരക്കോടി സി.എഫ്.എല്‍ വിതരണം തുടങ്ങി കെ.എസ്..ബി ഏറ്റെടുത്ത വിവിധപ്രവര്‍ത്തനങ്ങള്‍ വലിയ ജനകീയാംഗീകരമാണ് നേടിയത്.

അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഛത്തീസ്ഗഡ് വിധി

വൈദ്യുതി ബോര്‍ഡിന്റെ ആസ്തി ബാദ്ധ്യതകള്‍ സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കി സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും കേരളം പിന്തുടര്‍ന്ന ഈ ബദല്‍ നയത്തിന്റെ ഭാഗം തന്നെയായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയെ പിന്തുണച്ച് കേന്ദ്ര നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനു പകരം സംസ്ഥാനം കൈക്കൊണ്ട തീരുമാനത്തെ അടിസ്ഥാനരഹിതമായി അപഹസിക്കാനാണ് ചിലര്‍ തയ്യാറായത്.

ഛത്തീസ്ഗഡിലെ ഒരു സ്വകാര്യകമ്പനിക്ക് അവിടുത്തെ റഗുലേറ്ററി കമ്മീഷന്‍ വിതരണ പ്രസരണ ലൈസന്‍സുകള്‍ നല്‍കിയതിനെതിരെ അവിടുത്തെ നല്‍കിയ ഒരു പരാതി തള്ളിക്കൊണ്ട് അപ്പലേറ്റ് ട്രിബ്യൂണല്‍ നല്‍കിയ വിധിപ്പകര്‍പ്പ് കാണിച്ചുകൊണ്ട് വൈദ്യുതി ബോര്‍ഡിന്റെ ആസ്തി ബാദ്ധ്യതകള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്ത കേരളത്തിന്റെ നടപടി വലിയ പാതകമായെന്നും വൈദ്യുതി ബോര്‍ഡിന് അങ്ങിനെ തന്നെ നില്‍ക്കാന്‍ യാതൊരു നിയമതടസ്സവുമില്ലെന്നും പ്രചരിപ്പിക്കുകയാണ് അവര്‍ ചെയ്തത്. സര്‍ക്കാര്‍ നടപടിയെ പിന്തുണക്കുന്നവരെ പരിഹസിച്ചുകൊണ്ട് അവര്‍ നാടുനീളെ പ്രസംഗിച്ചു. എന്നാല്‍ വസ്തുതകള്‍ വിശദീകരിച്ച് അവരുടെ വാദത്തിന്റെ അടിസ്ഥാനമില്ലായ്മ വിശദീകരിക്കാനായത് ജീവനക്കാരില്‍ വലിയ ആശയക്കുഴപ്പമൊന്നുമുണ്ടാക്കിയില്ല. പക്ഷേ ഇപ്പോഴും ചിലര്‍ പഴയ ട്രിബ്യൂണല്‍ വിധി ഉദ്ധരിച്ച് പ്രചരണം നടത്തുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യം ഒന്നുകൂടി വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു സ്വകാര്യകമ്പനിക്ക് വിതരണ ലൈസന്‍സിനോടൊപ്പം പ്രസരണ ലൈസന്‍സ് കൂടി അനുവദിച്ച റഗുലേറ്ററി കമ്മിഷന്‍ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് ഛത്തീസ്ഗഡിലെ പൊതുമേഖലാ പ്രസരണ യൂട്ടിലിറ്റി അപ്പലേറ്റ് ട്രിബ്യൂണലില്‍ നല്‍കിയ അപ്പിലിലാണ് ട്രിബ്യൂണല്‍ വിധി പരഞ്ഞത്. ആക്ട് അനുസരിച്ച് പ്രസരണ വിതരണ മേഖലകള്‍ ഒന്നിച്ച് നിര്‍ത്താനാവില്ലെന്നും അതുകൊണ്ടാണ് വൈദ്യുതി ബോര്‍ഡ് പിരിച്ചുവിടേണ്ടി വന്നതെന്നും ഈ സാഹചര്യത്തില്‍ സ്വകാര്യകമ്പനിക്ക് രണ്ട് ലൈസന്‍സുകളുംകൂടി നല്‍കിയത് നിയവിരുദ്ധമാണെന്നുമാണ് പൊതുമേഖലാ പ്രസരണ യൂട്ടിലിറ്റി അപ്പിലില്‍ വാദിച്ചിരുന്നത്. ഇത് തള്ളിക്കൊണ്ട് അങ്ങിനെ പ്രസരണ വിതരണ മേഖലകള്‍ ഒന്നിച്ച് നില്‍ക്കരുതെന്ന് ആക്ട് പറയുന്നില്ലെന്നും ബോര്‍ഡ് വിഭജനമൊക്കെ സര്‍ക്കാര്‍ തീരുമാനമാണെന്നും സര്‍ക്കാരിന് വേണമായിരുന്നെങ്കില്‍ ബോര്‍ഡിനെ നിലനിര്‍ത്താമായിരുന്നെന്നും അതുകൊണ്ട് സ്വകാര്യകമ്പനിക്ക് ലൈസന്‍സ് കൊടുത്ത നടപടിയെ തടയാനാകില്ലെന്നുമാണ് ട്രിബ്യൂണല്‍ വിധിച്ചത്. ഇതില്‍ "സര്‍ക്കാരിന് വേണമായിരുന്നെങ്കില്‍ ബോര്‍ഡിനെ നിലനിര്‍ത്താമായിരുന്നെന്നുള്ള" ഭാഗം അടര്‍ത്തിയെടുത്താണ് മേല്‍പ്പറഞ്ഞ പ്രചരണം അഴിച്ചുവിട്ടത്.

വൈദ്യുതി നിയമത്തിലെ 172 വകുപ്പ് പ്രകാരം കേന്ദ്ര അനുമതിയോടെ സംസ്ഥാന സര്‍ക്കാരിന് ബോര്‍ഡിനെ തുടരാന്‍ അനുവദിക്കാമെന്ന് പറയുന്നുണ്ടല്ലോ. അതിനപ്പുറം ട്രിബ്യൂണല്‍ വിധിയില്‍ യാതൊന്നുമില്ല. "സര്‍ക്കാരിന് വേണമെങ്കില്‍" എന്നതില്‍ കേന്ദ്ര സര്‍ക്കാരും ഉള്‍പ്പെടുമെന്നതിനാല്‍ ഇത് വസ്തുതയുമാണ്. അഥവാ സെക്ഷന്‍ 172നപ്പുറം മറ്റെന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ത്തന്നെ ട്രിബ്യൂണല്‍ വിധി ആക്ടിന് പകരമായി ഉപയോഗിക്കാന്‍ കഴിയുകയുമില്ല. ഹൈക്കോടതിയുടേയോ സുപ്രീം കോടതിയുടേയോ വിധികളെ മാത്രമേ ഇത്തരത്തില്‍ നിയമ വ്യാഖ്യാനത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയുകയുള്ളൂ. പക്ഷേ പ്രായോഗികമായി നടപ്പുള്ളതോ ഇല്ലാത്തതോ എന്നൊന്നും നോക്കാന്‍ ബാദ്ധ്യതയില്ലാത്ത ചില സംഘടനകള്‍ക്ക് തോന്നുന്നതെല്ലാം വിളിച്ചു പറയാമല്ലോ. അവര്‍ ഇപ്പോഴും അതേ നിലപാട് തന്നെയാണ് തുടരുന്നത്.

പുന:നിക്ഷേപം നീട്ടിക്കൊണ്ടു പോകാനാണെങ്കില്‍ എന്തിന് കമ്പനി രജിസ്റ്റര്‍ ചെയ്തു?

കേന്ദ്ര സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കാഞ്ഞതിനെത്തുടര്‍ന്ന് 2008 സെപ്റ്റംബര്‍ 25ന് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഇല്ലാതാകുകയും സര്‍ക്കാരിലേക്ക് നിക്ഷിപ്തമായ ആസ്തി ബാദ്ധ്യതകള്‍ നോക്കിനടത്താന്‍ സര്‍ക്കാര്‍ ഒരു മാനേജ്മെന്റ് കമ്മിറ്റിയെ നിശ്ചയിക്കുകയും ചെയ്തു. ഈ താല്‍കാലിക സംവിധാനമാണ് 2013 ഒക്ടോബര്‍ 31 വരെ തുടര്‍ന്നത്. നേരത്തെ കണ്ടതുപോലെ കമ്പനിവല്‍ക്കരണം പരമാവധി നീട്ടിക്കൊണ്ടുപോകുന്നതിനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദമാണ് ഓരോ ഘട്ടത്തിലും ഉണ്ടായത്. വിവിധ കേന്ദ്ര സ്കീമുകളുടെ അംഗീകാരത്തിനും മറ്റും പുന:സംഘടന പൂര്‍ത്തിയാക്കിയിട്ടില്ല എന്നത് പ്രധാന പ്രശ്നമായി ഉന്നയിക്കുന്ന സമീപനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായി. കേന്ദ്ര പൂളില്‍നിന്നുള്ള വൈദ്യുതി വിഹിതം അനുവദിക്കുന്നതിനുപോലും പുന:സംഘടന വിഷയമാക്കുന്ന സമീപനമുണ്ടായി. പക്ഷേ ഇതൊക്കെ എതിരിട്ടുകൊണ്ടുതന്നെയാണ് സംസ്ഥാനം പുന:സംഘടന പൂര്‍ത്തിയാക്കുന്നത് നീട്ടിക്കൊണ്ടുപോയത്. എന്നാല്‍ പുന:നിക്ഷേപിക്കപ്പെടേണ്ട ഒരു സാഹചര്യം വരുമ്പോള്‍ അതിന് കഴിയുന്ന നിലയില്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനി രജിസ്റ്റര്‍ ചെയ്ത് നിലനിര്‍ത്തുന്നില്ലെങ്കില്‍ ആ ഘട്ടത്തില്‍ വീണ്ടും വിഭജനമടക്കമുള്ള നിബന്ധനകള്‍ ഉയര്‍ന്നുവരാവുന്നതാണ് എന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ കാലാവധിക്കുള്ളില്‍തന്നെ കമ്പനി രജിസ്റ്റ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങിനെ 2011ജനുവരി 14ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് എന്ന കമ്പനി നിലവില്‍ വരുകയും ചെയ്തു.

എന്തിന് കരട് കൈമാറ്റ പദ്ധതി തയ്യാറാക്കി?

കമ്പനി രജിസ്റ്റര്‍ ചെയ്തു എന്നതുകൊണ്ട് അപ്പോള്‍ത്തന്നെ പുന:സംഘടനയും നടത്തണമെന്ന നിലപാടല്ല സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ അത്തരമൊരു സാഹചര്യമുണ്ടാകുമ്പോള്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും അവകാശങ്ങള്‍ സംരക്ഷിച്ചുപോകുന്നതിനുതകുന്ന നടപടികള്‍ ഇടതുപക്ഷ സര്‍ക്കാര്‍ കാലത്തു തന്നെ ഉണ്ടാകണമെന്ന് ബോര്‍ഡിലെ ബഹുഭൂരിപക്ഷം സംഘടനകളും ആഗ്രഹിച്ചു. പലസംഘടനകളും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. മറ്റൊരു സാഹചര്യമുണ്ടായാലും പിന്നോട്ടുപോകാന്‍ കഴിയാത്ത നിലയില്‍ കൈമാറ്റ പദ്ധതിയും തൃകക്ഷിക്കരാറുമൊക്കെ രൂപപ്പെടുത്തി വെക്കുന്നത് നല്ലതാണെന്ന അഭിപ്രായമാണ് പൊതുവേ ഉയര്‍ന്നുവന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ജീവനക്കാരുടെ സംഘടനകളുമായി കമ്പനിവല്‍ക്കരണ നടപടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി പുന:നിക്ഷേപത്തിനുള്ള ഒരു കരട് കൈമാറ്റ പദ്ധതിയും തൃകക്ഷിക്കരാറും വകുപ്പ് തലത്തില്‍ രൂപപ്പെടുത്തുകയും ചെയ്തു. ഈ കൈമാറ്റ പദ്ധതിയിലും തൃകക്ഷിക്കരാറിലും വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് സംഘടനകള്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയും ചെയ്തു.

യു.ഡി.എഫ്. സര്‍ക്കാരും പുന:സംഘടനയും

2011 മെയ് മാസത്തില്‍ സര്‍ക്കാര്‍ മാറി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ബഹു. ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായി. വൈദ്യുതി ബോര്‍ഡിനെ ഒറ്റ സ്ഥാപനമായി പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തും എന്ന കഴിഞ്ഞ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തേയും നൂറുശതമാനം ആത്മാര്‍ത്ഥതയോടെ പിന്തുണക്കുന്ന സമീപനമാണ് കെ.എസ്..ബി.ഓഫീസേര്‍സ് അസോസിയേഷന്‍ സ്വീകരിച്ചത്. ബഹു. മന്ത്രിയെ നേരിട്ടു കണ്ട സംഘടനാ പ്രതിനിധികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ ബന്ധം ബോര്‍ഡിനെ ഇന്നത്തെ നിലയില്‍തന്നെ സംരക്ഷിച്ചുനിര്‍ത്തുന്നതിന് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ നന്നാകുമെന്നും അതിന് കഴിയുന്നില്ലെങ്കില്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയുമൊക്കെ അവകാശങ്ങള്‍ സംരക്ഷിച്ചു നിര്‍ത്താനുതകുന്ന തൃകക്ഷിക്കരാറും കൈമാറ്റ പദ്ധതിയും രൂപപ്പെടുത്തി മാത്രമേ പുന:സംഘടന പൂര്‍ത്തിയാക്കാവൂ എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മുന്‍സര്‍ക്കാര്‍ രൂപപ്പെടുത്തിയ കൈമാറ്റ പദ്ധതിയിലും തൃകക്ഷിക്കരാറിലും സംഘടനകള്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തണമെന്നും ഞങ്ങള്‍ ബഹു. മന്ത്രിയോട് ആവശ്യപ്പെടുകയുണ്ടായി. ഇക്കാര്യങ്ങളോടെല്ലാം തികച്ചും ക്രിയാത്മകമായ പ്രതികരണമാണ് ബഹു. മന്ത്രിയില്‍ നിന്നും ഉണ്ടായത്.

പുന:സംഘടന പൂര്‍ത്തിയാക്കാതെ മാനേജ്മെന്റ് കമ്മിറ്റിയുമായി മുന്നോട്ടുപോകുന്നത് നിയമവിരുദ്ധമാണെന്നും ബോര്‍ഡിന്റെ ഫണ്ടുകളാകെ സംസ്ഥാനത്തിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റേണ്ടിവരുമെന്നും സംസ്ഥാന ബജറ്റിന്റെ ഭാഗമായി മാത്രമേ വൈദ്യുതി ബോര്‍ഡിന്റെ വികസന പ്രവര്‍ത്തനങ്ങളും ശമ്പളമടക്കമുള്ള കാര്യങ്ങളും തീരുമാനിക്കാനാകൂ എന്നും ബഹു മന്ത്രി അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ 25-9-2008ലെ വിജ്ഞാപനത്തില്‍ ഇക്കാര്യങ്ങളെല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും മാനേജ്മെന്റ് കമ്മിറ്റിക്ക് ബോര്‍ഡിന്റെ പ്രവര്‍ത്തനകാര്യങ്ങള്‍ തീരുമാനിക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നും വിജ്ഞാപനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ചുതന്നെ ഞങ്ങള്‍ വ്യക്തമാക്കുകയുണ്ടായി. പിന്നീട് നടന്ന സംഘടനകളുമായുള്ള കൂടിയാലോചനായോഗത്തിലും മന്ത്രി ഈ നിലപാട് പറയുകയുണ്ടായി. സംഘടന വൈദ്യുതി ബോര്‍ഡ് പുന:സംഘടനയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ബുള്ളറ്റിനില്‍ വിജ്ഞാപനത്തിലെ പ്രസക്തഭാഗങ്ങള്‍ ചേര്‍ത്തുകൊണ്ട് ഈ വാദത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കേണ്ടി വന്നത് ഇതിനാലാണ്.

സംയുക്ത സംഘടനാസമിതി

പിന്നീട് ഉണ്ടായ സംഗതികള്‍ അത്ര ആശാവഹമായിരുന്നില്ല. ജീവനക്കാരേയോ സംഘടനകളേയോ വിശ്വാസത്തിലെടുക്കാതെ കമ്പനിവല്‍ക്കരണം ധൃതിപിടിച്ച് നടത്തിത്തീര്‍ക്കുന്നതിനുള്ള ഒരു ശ്രമം എവിടെ നിന്നൊക്കെയോ ഉണ്ടായി. സംഘടനകളുമായി ചര്‍ച്ചയോ തൃകക്ഷിക്കരാറോ കൂടാതെ തന്നെ പുന:സംഘടന പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് ഉണ്ടായത്. റിട്ടയര്‍ ചെയ്യാന്‍ പോകുന്ന ബോര്‍ഡ് ചെയര്‍മാനെ കമ്പനിയുടെ എം.ഡി. ആക്കി മാറ്റാനാണ് ഇങ്ങിനെ ധൃതി പിടിച്ചുള്ള നടപടികളുടെ ലക്ഷ്യമെന്ന് പൊതുവേ അഭിപ്രായമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് ബോര്‍ഡിലെ സംഘടനകള്‍ ഒത്തുചേര്‍ന്ന് ഒരു സംയുക്ത സംഘടനാ സമിതിക്ക് രൂപം നല്‍കുന്നത്. ബോര്‍ഡിനെ ഒറ്റ സ്ഥാപനമായി പൊതുമേഖലയില്‍ സംരക്ഷിക്കുക, തൊഴിലാളികളുടേയും ഓഫീസര്‍മാരുടേയും സേവനവേതന വ്യവസ്ഥകള്‍ സംരക്ഷിക്കുക, പെന്‍ഷന്‍ സംരക്ഷിക്കുന്നതിന് ഫണ്ടില്‍ ആവശ്യത്തിന് തുകയുണ്ടെന്ന് ഉറപ്പുവരുത്തുകയും പെന്‍ഷന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുകയും ചെയ്യുക, ഇതൊക്കെ ഉറപ്പാക്കുന്ന വിധത്തില്‍ തൃകക്ഷിക്കരാര്‍ ഉണ്ടാക്കുക എന്നീ മുദ്രാവാക്യങ്ങളാണ് സംയുക്ത സംഘടനാസമിതി ഉയര്‍ത്തിയത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തനത് പ്രക്ഷോഭം എന്ന നിലയില്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ 2012 മെയ് 31ന് വൈദ്യുതി ഭവനുകള്‍ക്ക് മുന്നില്‍ സൂചനാ സത്യാഗ്രഹം നടത്തുകയും ചെയ്തു. ചെയര്‍മാന്‍ എം.ഡി ആകുമോ ഇല്ലയോ എന്നതല്ല, തൊഴിലാളികളുടേയും ഓഫീസര്‍മാരുടേയും അവകാശങ്ങളും പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളും സംരക്ഷിക്കുകയും ബോര്‍ഡിനെ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുകയുമാണ് നമ്മുടെ മുന്നിലുള്ള പ്രധാന ആവശ്യമെന്നും അസോസിയേഷന്‍ പ്രഖ്യാപിച്ചു. സംയുക്ത സംഘടനാസമിതിലെ മറ്റു സംഘടനകളും തനതായ മാര്‍ഗ്ഗങ്ങളില്‍ ഈ വിഷയത്തില്‍ ഇടപെടുകയുണ്ടായി. ബഹു. മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഇടപെടലുകള്‍ ഉണ്ടായി. എന്തായാലും ധൃതിപിടിച്ചുള്ള പുന:സംഘടനാ ശ്രമത്തെ പരാജയപ്പെടുത്താന്‍ സംഘടനകളുടെ ഈ കൂട്ടായ്മക്ക് കഴിഞ്ഞു.

ബഹു മുഖ്യമന്ത്രി പങ്കെടുത്ത ചര്‍ച്ച

മെയ് മാസത്തിനകം പുന:സംഘടനയെന്ന നീക്കം ഫലിച്ചില്ലെങ്കിലും ബോര്‍ഡ് പുന:സംഘടന ഉടനെ പൂര്‍ത്തിയാക്കണം എന്ന നിലപാടാണ് ബഹു വൈദ്യുതി മന്ത്രി സ്വീകരിച്ചത്. ഇതിനിടെ ബഹു. മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ ഭാഗമായി ബോര്‍ഡ് പുന:സംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും വൈദ്യുതി മന്ത്രിയുമുള്‍പ്പെട്ട ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഈ ഉപസമിതിക്കുവേണ്ടി വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെട്ട ഒരു സമിതിയാണ് കാര്യങ്ങള്‍ പരിശോധിച്ചത്. തുടര്‍ന്ന് കുറച്ചുകാലത്തേക്ക് കാര്യമായ നിക്കങ്ങളൊന്നും പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉണ്ടായില്ല. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പങ്കെടുത്തുകൊണ്ട് വൈദ്യുതി ബോര്‍ഡ് സംഘടനകളുമായി നടത്തിയ 2013 ഫെബ്രുവരി 11ന്റെ യോഗമാണ് പിന്നീടുണ്ടായത്.

ഈ യോഗത്തിന്റെ മുന്നോടിയായി സംയുക്ത സംഘടനാ സമിതി 2013 ഫെബ്രുവരി 7-ന് യോഗം ചേര്‍ന്നു. ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ധാരണയായി. വൈദ്യുതി ബോര്‍ഡ് പുന:സംഘടന ധൃതി പിടിച്ച് പൂര്‍ത്തിയാക്കേണ്ട സാഹചര്യങ്ങളൊന്നുമില്ല എന്ന നിഗമനത്തിലാണ് സമിതി എത്തിച്ചേര്‍ന്നത്. നേരത്തെ ബോര്‍ഡ് സര്‍ക്കുലേറ്റ് ചെയ്ത രേഖകളില്‍ പെന്‍ഷന്‍ ഫണ്ട് അപര്യാപ്തമായിരുന്നുവെന്നത് ചൂണ്ടിക്കാട്ടാനും തൃകക്ഷിക്കരാര്‍, ട്രാന്‍സ്ഫര്‍സ്കീം തുടങ്ങിയവയുടെ പുതുക്കിയ കരട് സംഘടനകള്‍ക്ക് ലഭ്യമായിട്ടില്ലെന്നത് ഉന്നയിക്കാനും തീരുമാനിച്ചു.. ഇതനുസരിച്ചുതന്നെ വിവിധ സംഘടനകള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. എന്നാല്‍ വര്‍ക്കേര്‍സ് ഫെഡറേഷന്‍ തികച്ചും വ്യത്യസ്ഥമായ ഒരു നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചത്. ജീവനക്കാരുടെ പെന്‍ഷന്‍ പുതുതായി രൂപീകരിക്കുന്ന കമ്പനിയുടെ കാഷ് ഫ്ലോയില്‍ നിന്നും നല്‍കണമെന്നും പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കേണ്ടതില്ലെന്നുമാണ് വര്‍ക്കേര്‍സ് ഫെഡറേഷന്റെ പ്രസിഡന്റ് ശ്രീ എ.എന്‍.രാജന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്.

ബഹു വൈദ്യുതി മന്ത്രി ഈ വാദം അപ്പോള്‍ത്തന്നെ അംഗീകരിക്കുകയും എല്ലാ സംഘടനകള്‍ക്കും സമ്മതമാണെങ്കില്‍ ഇതനുസരിച്ച് തീരുമാനിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഒറ്റനോട്ടത്തില്‍ കുഴപ്പമില്ല എന്നു തോന്നുമെങ്കിലും പെന്‍ഷന്‍ ഉറപ്പുവരുത്താന്‍ യാതൊരു നിലയിലും സാദ്ധ്യമല്ലാത്ത ഒന്നാണെന്നതിനാല്‍ ഈ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് യോഗത്തില്‍ നമ്മള്‍ സ്വീകരിച്ചത്. മറ്റു സംഘടനകളും സമാനമായ നിലപാട് സ്വീകരിച്ചു. പുതുക്കിയ രേഖകള്‍ ഉടനെ നല്‍കാമെന്ന ഉറപ്പില്‍ യോഗം അവസാനിക്കുകയും ചെയ്തു.

കരട് കൈമാറ്റ പദ്ധതിയും തൃകക്ഷിക്കരാറും

ഫെബ്രുവരി 11ന്റെ യോഗത്തിനുശേഷം ഒരു മാസത്തോളം കഴിഞ്ഞാണ് ബോര്‍ഡ് പുതുക്കിയ ട്രാന്‍സ്ഫര്‍ സ്കീമും തൃകക്ഷിക്കരാറും അടക്കമുള്ള രേഖകള്‍ സംഘടനകള്‍ക്ക് ലഭ്യമാക്കിയത്. ഈ രേഖകള്‍ വിശദമായി പരിശോധിച്ച് പെന്‍ഷന്‍ ഫണ്ടിന് സര്‍ക്കാര്‍ ഗ്യാരണ്ടി ഉണ്ടാകുക, ഫണ്ടിന്റെ സ്രോതസ്സുകള്‍ കൃത്യമായി നിശ്ചയിക്കുക, ആക്ചൂറിയന്‍ വാല്യൂവേഷന്റെ അടിസ്ഥാനത്തില്‍ ഫണ്ട് പുതുക്കി നിശ്ചയിക്കുക തുടങ്ങി ആവശ്യമായ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് സംഘടന ബോര്‍ഡിനും സര്‍ക്കാരിനും കത്തു നല്‍കി. മറ്റു സംഘടനകളും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടുകള്‍ എഴുതി നല്‍കുകയുണ്ടായി. എന്നാല്‍ സംഘടനകളുടെ പ്രതികരണങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയില്ല എന്നും സര്‍ക്കാര്‍ ആവശ്യമായ തീരുമാനമെടുക്കുമെന്നുമുള്ള സമീപനമാണ് വൈദ്യുതി മന്ത്രി എടുത്തത്. സംഘടനകള്‍ക്ക് ആവശ്യമെങ്കില്‍ തന്നെ വന്നു കണ്ട് ചര്‍ച്ച ചെയ്യാം എന്നതായിരുന്നു ബഹു വൈദ്യുതി മന്ത്രി സ്വീകരിച്ച നിലപാട്.

ഈ സാഹചര്യത്തില്‍ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകുക എന്ന സമീപനമാണ് നമ്മള്‍ സ്വീകരിച്ചത്. എന്നാല്‍ കാഷ് ഫ്ലോ സിദ്ധാന്തം മഹത്തായ ആശയമാണെന്നും അത് തകര്‍ത്തത് ഓഫീസേര്‍സ് അസോസിയെഷനും വര്‍ക്കേര്‍സ് അസോസിയേഷനുമാണെന്നും കമ്പനിവല്‍ക്കരണത്തെ ഫലപ്രദമായി എതിര്‍ക്കുന്നത് തങ്ങള്‍ മാത്രമാണെന്നും പ്രചരിപ്പിച്ചുകൊണ്ട് ഐക്യം തകര്‍ക്കാനുള്ള നീക്കമാണ് വര്‍ക്കേര്‍സ് ഫെഡറേഷന്‍ നടത്തിയത്. എന്നാല്‍ ഈ പ്രചരണങ്ങള്‍ക്ക് മറുപ്രചരണം നടത്തി യോജിച്ച പ്രക്ഷോഭങ്ങളുടെ സാദ്ധ്യത ഇല്ലാതാവരുത് എന്നതുകൊണ്ട് വര്‍ക്കേര്‍സ് ഫെഡറേഷന്റെ അക്രമണങ്ങളെ ഗൗനിക്കാതെ വിടുകയാണുണ്ടായത്.

നിയമസഭാമാര്‍ച്ച്

ഇതിനിടെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും മോശമായ അവസ്ഥയിലെത്തിയതും 2013 മാര്‍ച്ചില്‍ തന്നെ പുന:സംഘടന പൂര്‍ത്തിയാക്കാനുള്ള നീക്കം നടക്കുന്നുവെന്നു അഭ്യൂഹങ്ങള്‍ പുറത്തുവന്നതും കണക്കിലെടുത്ത് ഒരു സംയുക്ത പ്രക്ഷോഭത്തിന് തയ്യാറെടുക്കണം എന്ന് പൊതുവായ ആവശ്യം ഉയര്‍ന്നുവന്നു. ഇതേത്തുടര്‍ന്ന് സംഘടനാ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ വൈദ്യുതി ബോര്‍ഡ് പുനസംഘടനക്ക് ധൃതി വേണ്ട, വൈദ്യുതി ബോര്‍ഡിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, കേരളത്തിന്റെ വൈദ്യുതി വികസനം ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നിയമസഭാമാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. 2013 മാര്‍ച്ച് 18ന് നടന്ന നിയമസഭാമാര്‍ച്ച് വലിയ വിജയമയി. സംഘടനകള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാതെ പുന:സംഘടന നടക്കില്ലെന്ന ബോധ്യം സര്‍ക്കാരിനുണ്ടായി. ഇതേതുടര്‍ന്ന് കരട് കൈമാറ്റ പദ്ധതിയില്‍ ആവശ്യമായ മാറ്റം വരുത്താമെന്നും തൃകക്ഷിക്കരാര്‍ കൈമാറ്റ പദ്ധതിയില്‍തന്നെ പരാമര്‍ശിക്കാമെന്നും പെന്‍ഷന് സര്‍ക്കാര്‍ ഗ്യാരണ്ടി പരിഗണിക്കാമെന്നുമുള്ള സമീപനത്തിലേക്ക് സര്‍ക്കാരെത്തി. ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയ കൈമാറ്റ പദ്ധതിയുടേയും തൃകക്ഷിക്കരാറിന്റേയും കരടുകള്‍ സംഘടനകള്‍ക്ക് നല്‍കാനും സര്‍ക്കാര്‍ തയ്യാറായി. പക്ഷേ സംഘടനകളുമായി പൊതുവായൊരു ചര്‍ച്ചക്ക് വേദിയുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മാത്രമല്ല 2013 ഒക്ടോബര്‍ 31 തീയ്യതി പ്രാബല്യത്തില്‍ ഏകപക്ഷീയമായി പുന:സംഘടന പൂര്‍ത്തിയാക്കുന്ന സമീപനം ഉണ്ടാകുകയും ചെയ്തിരിക്കുന്നു. സര്‍ക്കാരിന്റെ ഈ നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണ്. എന്നാല്‍ ഇത്തരവിന്റെ ഉള്ളടക്കം പരിശോധിക്കാതെയുള്ള വിമര്‍ശനങ്ങളില്‍ നമുക്ക് പങ്കാളിയാകാന്‍ കഴിയുകയുമില്ല.

കൈമാറ്റ പദ്ധതിയിലും കരട് തൃകക്ഷിക്കരാറിലും എന്താണുള്ളത്?

ഉത്തരവ് പുറത്തുവന്നതിനുശേഷം അത് വിശദമായ പരിശോധനക്ക് വിധേയമാക്കുകയുണ്ടായി. മാദ്ധ്യമങ്ങളും ചില സംഘടനകളും ഉന്നയിക്കുന്ന നിലക്കുള്ള അപകടങ്ങളൊന്നും കൈമാറ്റ പദ്ധതിയില്‍ കാണുന്നില്ല. മാത്രമല്ല സര്‍ക്കാര്‍ മുമ്പെടുത്തിട്ടുള്ള പല നിലപാടുകളിലും മാറ്റം വരുത്താന്‍ തയ്യാറായിട്ടുണ്ട്. ബോര്‍ഡില്‍ ഉയര്‍ന്നുവന്ന സംഘടിത പ്രക്ഷോഭങ്ങളുടെ വിജയമാണ് ഇത് സൂചിപ്പിക്കുന്നത്.

 

പെന്‍ഷന്‍

ബോര്‍ഡ് പുന:സംഘടനയില്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുണ്ടായിരുന്ന പ്രധാന ആശങ്ക പെന്‍ഷന്‍ തുടര്‍ച്ച സംബന്ധിച്ചായിരുന്നു. തികച്ചും അപര്യാപ്തമായൊരു തുകയായിരുന്നു പെന്‍ഷന്‍ ഫണ്ടില്‍ നീക്കിവെച്ചിരുന്നത്. പുന:സംഘടന നടക്കുന്ന തീയ്യതിവെച്ച് ആക്ച്യൂറിയല്‍ വാലുവേഷന്‍ നടത്തി അതിനനുസരിച്ച് ഫണ്ടിങ്ങ് ക്രമീകരണം ഉണ്ടാകണം എന്നും പെന്‍ഷന് സര്‍ക്കാര്‍ ഗ്യാരണ്ടി ഉണ്ടാവണം എന്നുമാണ് നമ്മള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ഈ രണ്ട് കാര്യങ്ങളും അംഗീകരീകപ്പെട്ടു എന്നാണ് പുറത്തിറങ്ങിയിരിക്കുന്ന കൈമാറ്റ പദ്ധതിയില്‍ നിന്നും കരട് തൃകക്ഷിക്കരാറില്‍ നിന്നും മനസ്സിലാകുന്നത്.

30-09-2011ല്‍ നടത്തിയ ആക്ച്യൂറിയല്‍ വാലുവേഷന്‍ പ്രകാരം 7584 കോടി രൂപയാണ് പെന്‍ഷന്‍ അടക്കമുള്ള അണ്‍ഫണ്ടഡ് ബാദ്ധയ്തകളെന്ന് കൈമാറ്റ പദ്ധതിയില്‍ പറയുന്നു. ഈ ബാദ്ധ്യതയിലേക്ക് 3186 കോടി രൂപ സര്‍ക്കാരും ബാക്കി കമ്പനിയും വഹിക്കും. എന്നാല്‍ സര്‍ക്കാര്‍ വഹിക്കുന്ന 3186കോടി രൂപയില്‍ 524 കോടി രൂപ വരുന്ന പത്തുവര്‍ഷങ്ങളില്‍ തുല്യ ഗഡുക്കളായി ബജറ്റ് വിഹിതമായി നല്‍കുമെന്നും ബാക്കിതുക ഇലക്ട്രിസിറ്റി ഡ്യൂട്ടി ഇനത്തില്‍ സര്‍ക്കാരിന് കിട്ടേണ്ട തുക കമ്പനിക്ക് വിട്ടുകൊടുത്തുകൊണ്ട് നിറവേറ്റും എന്നുമാണ് കൈമാറ്റ പദ്ധതി പറയുന്നത്. അതായത് സര്‍ക്കാര്‍ വിഹിതത്തില്‍ ബാക്കിയുള്ള 2662 കോടി രൂപയും കമ്പനി വിഹിതമായ 4398കോടി രൂപയും ചേര്‍ത്ത് 7060 കോടി രൂപക്ക് കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ തന്നെ ക്രമീകരണം ഉണ്ടാക്കണം എന്ന് സാരം. ഈ തുകക്ക് 5021കോടി രൂപയുടെ 10% കൂപ്പണ്‍ റേറ്റുള്ള ഒരു ബോണ്ടും 2039 രൂപക്ക് 9% കൂപ്പണ്‍ റേറ്റൂള്ള മറ്റൊരു ബോണ്ടും കെ.എസ്..ബി. ലിമിറ്റഡ് ഇഷ്യൂ ചെയ്യും എന്ന് കൈമാറ്റ പദ്ധതി വ്യക്തമാക്കുന്നു. തുകക്ക് പൂര്‍ണ്ണമായും ക്രമീകരണം ഉണ്ടായി എന്നാണ് ഇത് കാണിക്കുന്നത്. ഇതുവരെ കിട്ടിയിരുന്ന ഡ്യൂട്ടികൊണ്ട് വൈദ്യുതി വാങ്ങിപ്പോയില്ലേ? ആ പണമൊക്കെ വെച്ചുകൊണ്ട് എങ്ങിനെ പെന്‍ഷന്‍ ഫണ്ട് ഉണ്ടാകും എന്നൊക്കെ ചിലര്‍ പറയുന്നുണ്ട്. സര്‍ക്കാരില്‍ നിന്ന് കിട്ടിയ ഡ്യൂട്ടി കെ.എസ്..ബി എങ്ങിനെ ചെലവഴിച്ചുവെന്നോ അത് കെ.എസ്..ബി. ലിമിറ്റഡിന്റെ കയ്യില്‍ നിക്ഷേപമായി ബാക്കിയുണ്ടോ എന്നതൊന്നും ഈ സാഹചര്യത്തില്‍ പ്രശ്നമല്ല. ഈ തുകക്കെല്ലാം ചേര്‍ത്ത് ബോണ്ട് ഇഷ്യൂ ചെയ്യുന്നതോടെ അത് കമ്പനിയുടെ ബാദ്ധ്യതയായി മാറും. അത് നിറവേറ്റാന്‍ കമ്പനി നിയമപരമായി ബാദ്ധ്യസ്ഥമാകുകയും ചെയ്യും.

30-9-11 ന് ശേഷം 31-10-13 വരെയുള്ള കാലത്തെ അണ്‍ഫണ്ടഡ് ലയബിലിറ്റി കൂടി ഇങ്ങിനെ ക്രമീകരിക്കപ്പെട്ടാലേ ഇന്നത്തെ നിലയില്‍ പെന്‍ഷന്‍ ബാദ്ധ്യത പൂര്‍ണ്ണമായി നിറവേറ്റാനാകൂ. ഇക്കാര്യത്തിന് 31-10-13 തീയതി വെച്ച് വീണ്ടും ആക്ച്യൂറിയല്‍ വാലുവേഷന്‍ നടക്കേണ്ടതുണ്ട്. അങ്ങിനെ നടത്തി അതും 7584 കോടി രൂപയും തമ്മിലുള്ള വ്യത്യാസത്തിന് ക്രമീകരണം ഉണ്ടാക്കേണ്ടതുണ്ട്. അങ്ങിനെ ചെയ്യുമെന്നും ഇങ്ങിനെ കണ്ടെത്തുന്ന തുക സര്‍ക്കാരും കമ്പനിയും 35.4 : 64.6 അനുപാതത്തില്‍ വഹിക്കുമെന്നും കൈമാറ്റ പദ്ധതി ഉറപ്പുതരുന്നു.

ആക്ച്യൂറിയല്‍ വാലുവേഷന്‍ പ്രകാരം കണ്ടെത്തിയ തുക പെന്‍ഷന് തികഞ്ഞില്ലെങ്കിലോ എന്നതാണ് അടുത്ത സംശയം. ഓരോ വര്‍ഷവും പെന്‍ഷന്‍ ഫണ്ടിലേക്ക് കെ.എസ്..ബി. ലിമിറ്റഡ് നല്‍കുന്ന വിഹിതം ആക്ച്യൂറിയല്‍ വാലുവേഷന്റെ അടിസ്ഥാനത്തിലായിരിക്കും എന്നതിനാല്‍ ഉണ്ടാകുന്ന വ്യത്യാസം നികത്തപ്പെടും എന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഇതോടൊപ്പം കരട് തൃകക്ഷിക്കരാറില്‍ "എന്തെങ്കിലും കാരണവശാല്‍ പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് പൂര്‍ണ്ണമായോ ഭാഗികമായോ പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടായാല്‍ സര്‍ക്കാരും കെ.എസ്..ബി.ലിമിറ്റഡും അത്തരത്തിലുള്ള എല്ലാ കുറവുകളും പരിഹരിച്ച് യാതൊരുമുടക്കവും കൂടാതെ പെന്‍ഷന്‍ വിതരണം ഉറപ്പുവരുത്തും" എന്ന് ഗ്യാരണ്ടി ചെയ്യുന്നുമുണ്ട്. സര്‍ക്കാരും കെ.എസ്..ബി ലിമിറ്റഡും നല്‍കുന്ന ഗ്യാരണ്ടി ഇക്കാര്യത്തില്‍ മതിയായതാണ്. പട്ടിയുടെ കഴുത്തിലെ ചങ്ങല പൊട്ടുകയും പുഴയിലെ വെള്ളം വഠ്ടുകയും ചെയ്താല്‍ ഇക്കരെ നില്‍ക്കുന്ന തന്നെ പട്ടികടിക്കില്ലേ എന്ന നിലക്ക് ഇങ്ങിനെ ഉറപ്പൊക്കെയുണ്ടെങ്കിലും സര്‍ക്കാര്‍ ഇതില്‍നിന്നൊക്കെ പിന്‍മാറിയാലോ എന്ന് ചോദിക്കുന്ന ചിലരുണ്ട്. ഇങ്ങിനെ ഭാവിയില്‍ നടക്കാനിടയുള്ള സകലകാര്യങ്ങള്‍ക്കും തീര്‍പ്പുണ്ടാക്കാന്‍ ഒരു കരാറുകൊണ്ടും കഴിയില്ല. സംഘടനാ ശേഷി ഉപയോഗിച്ചുള്ള ചെറുത്തുനില്‍പ്പ് മാത്രമാണ് ഇതില്‍ നമുക്ക് ആശ്രയമുള്ളൂ.

പെന്‍ഷന്‍ വിതരണത്തിന്റെ സംവിധാനമെന്തായിരിക്കും എന്നതൊക്കെ സംബന്ധിച്ച് ഇനിയും ക്രമീകരണങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അത്തരം ക്രമീകരണങ്ങള്‍ ഉണ്ടാകുന്നതുവരെ നിലവിലുള്ള സംവിധാനങ്ങള്‍ തുടരുമെന്നാണ് ഉത്തരവില്‍ പറയുന്നത്. സ്വാഭാവികമായും നിലവിലുള്ള പോലെത്തന്നെ എ.ആര്‍.യു.കളിലൂടെ പെന്‍ഷന്‍ വിതരണം തുടരുക എന്നതാണ് ഗുണകരമാകുക. അതിനുള്ള ഇടപെടല്‍ തുടര്‍ന്നും ഉണ്ടാകേണ്ടതുണ്ട്.

കമ്പനിക്ക് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാമെന്ന് പറയുന്നത് സ്വകാര്യ വല്‍ക്കരണത്തിനല്ലേ?

കൈമാറ്റക്കരാറില്‍ സര്‍ക്കാര്‍ അനുമതിയോടെ നിക്ഷേപ തീരുമാനങ്ങള്‍ (investment decisions)എടുക്കാന്‍ കമ്പനിക്ക് സ്വയംഭരണാധികാരമുണ്ടായിരിക്കും എന്ന ഭാഗം ചൂണ്ടിക്കാണിച്ച് സ്വകാര്യ നിക്ഷേപം സ്വീകരിക്കാന്‍ തീരുമാനമായി എന്നൊരു പ്രചാരണം നടക്കുന്നുണ്ട്. സൂക്ഷ്മ പരിശോധനയില്ലാതെ ഇത്തരം പ്രചരണങ്ങള്‍ വിശ്വസിച്ചുപോകുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ടുതാനും. ദേശാഭിമാനി പത്രത്തില്‍പ്പോലും അത്തരത്തില്‍ ഒരു വാര്‍ത്ത വരാനിടയായത് ഈ സാഹചര്യത്തിലാണ്. ഒഹരി വില്‍പന investment അല്ല disinvestment ആണ്. ബോര്‍ഡ് വിവിധ പദ്ധതികളില്‍ മുതല്‍ മുടക്കുന്നതിനെയാണ് നിക്ഷേപം അഥവാ investment എന്ന് പറയുന്നത്. ഇതിന് കമ്പനിക്ക് അധികാരം ഇല്ലെങ്കില്‍ എങ്ങിനെയാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുക? ഇതും സ്വകാര്യവല്‍ക്കരണവുമായി യാതൊരു ബന്ധവുമില്ല.

കമ്പനിക്ക് ഓഹരി വില്‍ക്കാമല്ലോ?

കൈമാറ്റ പദ്ധതിയുടെ 5(vi) ഭാഗത്ത് പറയുന്ന ഒരു വാചകത്തില്‍ “ ........ Kerala Staate Electricity Borad Limited shall have finacials and opening balance sheet and the Kerala State Electricity Borad Limited shall issue shares and for instruments. ....” എന്നുണ്ട്. ഇതിലെ issue shares എന്ന വാക്കിനെ അടര്‍ത്തിമാറ്റി ഇതാ ഓഹരി വില്‍ക്കുന്നു എന്ന നിലയില്‍ വ്യാഖ്യാനിക്കുന്ന ചിലരുണ്ട്. കമ്പനിയിലെ മൂലധനം ഓഹരിയായാണ് നിക്ഷേപിക്കപ്പെടുന്നത് എന്ന പ്രാഥമിക ധാരണയെങ്കിലുമുണ്ടെങ്കില്‍ ഇങ്ങിനെയൊരു വ്യാഖ്യാനത്തിന് സാദ്ധ്യതയില്ല

ഭാവിയില്‍ ഓഹരി വില്‍ക്കപ്പെടില്ല എന്നതിന് എന്താണ് ഉറപ്പ്? ഓഹരിയുണ്ടെങ്കില്‍ വില്‍ക്കുകയും ചെയ്യാമല്ലോ? ഇതാണ് ചിലര്‍ ഉയര്‍ത്തുന്ന മറ്റൊരു ആശങ്ക. കല്‍പ്പാന്തകാലത്തോളം എന്തുണ്ടാകുമെന്ന് നമുക്കുറപ്പൊന്നുമില്ല. സര്‍ക്കാരിന് എപ്പോള്‍ വേനമെങ്കിലും ഓഹരി വില്‍ക്കാനൊ കമ്പനി പൂര്‍ണ്ണമായി സ്വകാര്യ മേഖലയെ ഏല്‍പ്പിക്കാനോ ഒക്കെ തീരുമാനിക്കാവുന്നതാണ്. പക്ഷേ അതു നടക്കുമോ എന്ന് തീരുമാനിക്കുന്നത് ഇപ്പോഴത്തെ കൈമാറ്റ പദ്ധതിയോ തൃകക്ഷിക്കരാറൊ ഒന്നുമല്ല. നമ്മുടെ സംഘടിത ശക്തിയും നാം നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ലഭിക്കുന്ന ജനപിന്തുണയുമാണ്. ഇപ്പോള്‍ ഉണ്ടാകുന്ന കരാര്‍ അവസാനത്തെ കരാറോ ഇപ്പോഴത്തെ സര്‍ക്കാര്‍ അവസാനത്തെ സര്‍ക്കാരോ അല്ല. സകല പ്രശ്നങ്ങളും ഇതോടെ തീര്‍ന്നു എന്ന ധാരണയും വേണ്ട. സംഘടനാപ്രവര്‍ത്തനങ്ങളില്‍ വിശ്വാസമില്ലാത്ത ഇത്തരം സമീപനങ്ങളെ ചെറുത്തു തോല്‍പ്പിച്ചുകൊണ്ടുമാത്രമേ തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടേയും അവകാശങ്ങള്‍ സംരക്ഷിച്ചുപോകാനാകൂ.

നേടിയ നേട്ടങ്ങള്‍ സംരക്ഷിക്കുക, വിട്ടു വീഴ്ച്ചയില്ലാതെ പോരാടുക

വൈദ്യുതി ബോര്‍ഡിന്റെ പുന:സംഘടനയുമായി ബന്ധപ്പെട്ട് നാം നടത്തിയ ഉജ്വല പോരാട്ടങ്ങളുടെ വിജയമാണ് സര്‍ക്കാരിനെ മുന്‍ തീരുമാനങ്ങളില്‍ നിന്ന് തിരുത്തി മെച്ചപ്പെട്ടൊരു കൈമാറ്റ പദ്ധതിയും തൃകക്ഷിക്കരാറും അംഗീകരിപ്പിക്കുന്ന നിലയിലെത്തിച്ചത്. തൃകക്ഷിക്കരാറില്‍ ഇനിയും ചില തിരുത്തലുകള്‍ ആവശ്യമുണ്ട്. അത് അംഗീകരിക്കപ്പെടും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ഈ നേട്ടം സംരക്ഷിക്കുക എന്നതാണ് പ്രധാനം. അതിന് മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല. ഏറ്റെടുത്ത പ്രക്ഷോഭം പൂര്‍വ്വാധികം ശക്തിയായി മുന്നോട്ടുകൊണ്ടുപോകുക. ആശയക്കുഴപ്പവും ഭിന്നിപ്പും സൃഷ്ടിച്ച് മുതലെടുപ്പിനൊരുങ്ങുന്നവരെ ഒറ്റപ്പെടുത്തുകയും കള്ളപ്രചരണങ്ങളെ തുറന്നുകാണിച്ചും യോജിച്ച പോരാട്ടങ്ങളിലേക്ക് തൊഴിലാളികളേയും ഓഫീസര്‍മാരേയും അണിനിരത്തുക. ഇതു മാത്രമാണ് നമുക്കു മുന്നിലുള്ള വഴി.

 

എം.ജി.സുരേഷ് കുമാര്‍

ജനറല്‍ സെക്രട്ടറി

കെ.എസ്..ബി ഓഫീസേര്‍സ് അസോസിയേഷന്‍

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday863
mod_vvisit_counterYesterday5398
mod_vvisit_counterThis Month111782
mod_vvisit_counterLast Month108586

Online Visitors: 97
IP: 54.145.198.123
,
Time: 03 : 26 : 13