KSEBOA - KSEB Officers' Association

Wednesday
Jun 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ മുനയൊടിഞ്ഞ ലാവ്‌ലിന്‍ കേസ്

മുനയൊടിഞ്ഞ ലാവ്‌ലിന്‍ കേസ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

SNC Lavalin'ലാവ്‌ലിന്‍അഴിമതി' കുറേക്കാലമായി മാധ്യമങ്ങളുടേയും നിഷ്പക്ഷരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചില നിരീക്ഷകരുടേയും പ്രധാനപ്പെട്ട വിഷയമായിരുന്നു. ഈ വിഷയത്തില്‍ പ്രതികളായി ചേര്‍ക്കപ്പെട്ട മുഴുവന്‍ പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ട് പ്രത്യേക സി.ബി.ഐ. കോടതി വിധി പറഞ്ഞതോടെ ഈ വാക്കിന്റെ മുന തന്നെയാണ് ഒടിഞ്ഞുവീണത്. 1996 മുതല്‍ 98വരെ സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്ന ശ്രീ പിണറായി വിജയന്‍, നമ്മുടെ സംഘടനയുടെ മുന്‍ പ്രസിഡന്റും പിന്നീട് ബോര്‍ഡ് ചെയര്‍മാനുമായിരുന്ന ശ്രീ സിദ്ധാര്‍ത്ഥമേനോന്‍ തുടങ്ങി ഏഴു പ്രതികളെയാണ് സി.ബി.ഐ കോടതി കുറ്റ വിമുക്തരാക്കിയത്. ഈ കേസിന് പിന്നില്‍ യാതൊരടിസ്ഥാനവുമില്ല എന്ന നിലപാടാണ് നമ്മുടെ സംഘടന ആരംഭം മുതല്‍ സ്വീകരിച്ചു പോന്നിട്ടുള്ളത്. പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം പദ്ധതികളുടെ നവീകരണം സംബന്ധിച്ച് സി.എ.ജി. തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മുടക്കിയ തുകയ്ക്ക് ആനുപാതികമായി നേട്ടമുണ്ടായിട്ടില്ല എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ഒരു കേസ് കെട്ടിച്ചമക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ കേസിന്റെ മെറിറ്റിനേക്കാള്‍ മറ്റെന്തോ ലക്ഷ്യങ്ങളായിരുന്നു ഇങ്ങിനെയൊരു വിവാദത്തിന് പിന്നിലുണ്ടായിരുന്നത്. ആ ലക്ഷ്യങ്ങളാണ് ഇപ്പോഴുണ്ടായിട്ടുള്ള കോടതി വിധിയോടെ പൊളിഞ്ഞിരിക്കുന്നത്.


കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി നിലയമാണ് പള്ളിവാസല്‍. ഈ പദ്ധതിയടക്കം മൂന്ന് ആദ്യകാല നിലയങ്ങളുടെ നവീകരണമാണ് ഈ വിഷയത്തിന് ആധാരം. ഇതു സംബന്ധിച്ച് 1995 ഒക്ടോബര്‍10നാണ് വൈദ്യുതി ബോര്‍ഡും എസ്.എന്‍.സി ലാവ്‌ലിനും തമ്മില്‍ ധാരണാ പത്രം ഒപ്പിടുന്നത്. എം.ഒ.യു റൂട്ടില്‍ പദ്ധതികള്‍ ഏറ്റെടുക്കുക എന്ന കേന്ദ്ര നയത്തിന്റെ ഭാഗമായാണ് അന്നതെ യു.ഡി.എഫ്. സര്‍ക്കാര്‍ ഇത്തരം ഒരു ധാരണാ പത്രം ഉണ്ടാക്കുന്നത്. അക്കാലത്ത് കെ.എസ്.ഇ.ബി ഒപ്പുവെച്ച 11 ധാരണാ പത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇതിന്റെ തുടര്‍ച്ചയായി 1996 ഫെബ്രുവരി 24 നാണ് എസ്.എന്‍.സി ലാവ്‌ലിനും കെ.എസ്.ഇ.ബിയും തമ്മില്‍ നവീകരണക്കരാര്‍ ഒപ്പിടുന്നത്. ധാരണാ പത്രത്തില്‍ ഇരു സ്ഥാപനങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി കരാറിലെത്തണം എന്ന് പറയുന്നുണ്ട്. ഇതനുസരിച്ചാണ് 1996ഫെബ്രുവരിയില്‍ ഇംപ്ലിമെന്റേഷന്‍ കരാര്‍ ഉണ്ടാകുന്നത്. പ്രോജക്ട് മാനേജ്മെന്റിനുള്ള സാങ്കേതിക സേവനങ്ങള്‍, എഞ്ചിനീയറിങ്ങ്, പ്രൊക്യൂര്‍മെന്റ്, സപ്ലൈ, പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടം എന്നിവയാണ് ഈ കരാറിന്റെ ഭാഗമായി ലാവ്‌ലിനെ ഏല്‍പ്പിക്കുന്നത്. ഇതിനൊക്കെ ശേഷം 1996 മെയ് മാസത്തിലാണ് പിണറായി വിജയന്‍ മന്ത്രിയാകുന്നത്. അതിനും ശേഷമാണ് സിദ്ധാര്‍ത്ഥമേനോന്‍ ബോര്‍ഡ് മെമ്പറാകുന്നതും പിന്നീട് ബോര്‍ഡ് ചെയര്‍മാനാകുന്നതും. പക്ഷേ ഇവര്‍ക്കെതിരെയൊക്കെ ചുമത്തിയിരുന്ന പ്രധാന കുറ്റമാകട്ടെ ഗൂഢാലോചനയും. ഒറ്റനോട്ടത്തില്‍ തന്നെ നിലനില്‍ക്കില്ലെന്ന് ബോധ്യപ്പെടുന്നതാണെങ്കിലും നമ്മുടെ നിയമ സംവിധാനത്തില്‍ ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാകാന്‍ വര്‍ഷമേറെ എടുത്തുവെന്ന് മാത്രം.
കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിയിലാണ് എസ്.എന്‍.സി ലാവ്‌ലിനുയുമായി വൈദ്യുതി ബോര്‍ഡ് മറ്റൊരു എം.ഒ.യു ഒപ്പിട്ടിരുന്നത്. അതിന്റെ ഒന്നാമത്തെ കരാര്‍ 1995ഒക്ടോബറിലും തുടര്‍ന്ന് അഡന്റം 1996 ഫെബ്രുവരി 24നും ഒപ്പിട്ടിരുന്നു. ഇതേ നടപടിക്രമങ്ങളാണ് പി.എസ്.പി. പദ്ധതിയില്‍ ആവര്‍ത്തിക്കപ്പെട്ടത്. ഇതില്‍ അഡന്റം ഒപ്പിട്ടത് 1997 ഫെബ്രുവരി പത്തിനാണ്. കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈക്കരാറാക്കി മാറ്റി വലിയ പാതകം ചെയ്തിരിക്കുന്നുവെന്ന മുറവിളി ഉണ്ടായത് ഈ അഡന്റം സംബന്ധിച്ചാണ്. എന്നാല്‍ 1996 ഫെബ്രുവരിയില്‍ ഇതേ നിലയില്‍ കുറ്റ്യാടി പദ്ധതിയില്‍ അഡന്റം ഒപ്പിട്ടത് സംബന്ധിച്ച് യാതൊരു മുറവിളിയും ഉണ്ടായതുമില്ല. ഉണ്ടായ എം.ഒ.യു അനുസരിച്ച് നടപടിക്രമങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തിയാക്കുക മാത്രമേ യഥാര്‍ത്ഥത്തില്‍ അന്നത്തെ വൈദ്യുതി മന്ത്രിയോ ബോര്‍ഡോ ചെയ്യുകയുണ്ടായിട്ടുള്ളൂ. കരാര്‍ ആയിക്കഴിഞ്ഞു എന്നതിനാല്‍ മാത്രമാണ് എം.ഒ.യു. റൂട്ടിലൂടെയുള്ള ഈ പദ്ധതികള്‍ തുടരാന്‍ അക്കാലത്ത് തിരുമാനിക്കപ്പെട്ടത് താനും. എം.ഒ.യു മാത്രമുണ്ടായിരുന്ന മറ്റു ഒമ്പതു പദ്ധതികളുടെ എം.ഒ.യു കാന്‍സല്‍ ചെയ്യാന്‍ അക്കാലത്ത് തീരുമാനമെടുത്തുവെന്നത് ഈ ബഹളത്തിനിടയില്‍ മൂടിവെയ്ക്കപ്പെടുകയും ചെയ്തു.
1996 ഒക്ടോബറില്‍ വൈദ്യുതി മന്ത്രി ശ്രീ പിണറായി വിജയന്‍ കാനഡ സന്ദര്‍ശിക്കുകയും 24-2-1996ലെ കരാറില്‍ നിശ്ചയിച്ചിരുന്ന കരാര്‍ തുക 183കോടി രൂപ 149 കോടി രൂപയായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. കാനഡയില്‍ നിന്ന് സ്വീകരിക്കുന്ന ലോണിന്റെ പലിശ, ഫിനാന്‍ഷ്യല്‍ ചെലവുകള്‍ എന്നിവയെല്ലാം ഗണ്യമായി കുറയ്ക്കാനും ഈ യാത്രയില്‍ ധാരണയായി. കാനഡയില്‍ നിന്ന് വാങ്ങണമെന്ന് 24-2-1996ല്‍ ധാരണയായിരുന്ന ഉപകരണങ്ങളില്‍ 15% ഇന്ത്യയില്‍ നിന്നുതന്നെ വാങ്ങിയാല്‍ മതിയെന്നും തീരുമാനിച്ചു. ഇങ്ങിനെ ഫലപ്രദമായ ഇടപെടലുകള്‍ നടത്താനായ ഈ യാത്രയാണ് കൂട്ടത്തില്‍ സാങ്കേതിക വിദഗ്ധരില്ലായിരുന്നു എന്നൊക്കെ ആരോപിച്ച് എന്തോ മോശപ്പെട്ട ഇടപെടല്‍ നടന്നു എന്ന നിലയില്‍ വിശേഷിപ്പിക്കപ്പെട്ടത്.
ലാവ്‌ലിന്‍കമ്പനി കേരളത്തിലെ വൈദ്യുതി മേഖലയില്‍ എത്തുന്നത് 1976ല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായ ഇടുക്കി പദ്ധതിയോടെയാണ്. ജലവൈദ്യുതി മേഖലയില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയ കാനഡയിലെ പ്രധാനപ്പെട്ട ഒരു സ്ഥാപനം എന്ന നിലയിലാണ് അന്ന് ലാവ്‌ലിന്‍ഇടുക്കി പദ്ധതിയുടെ കണ്‍സള്‍ട്ടന്റും നടത്തിപ്പുകാരുമാകുന്നത്. അതിനുശേഷം ഒട്ടേറെ പദ്ധതികളുമായി കേരളത്തിലും ഇന്ത്യയിലൊട്ടാകെയും ലാവ്‌ലിന്‍ഇടപെട്ടിട്ടുണ്ട്. ഈ ദീര്‍ഘകാല ബന്ധത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കാനഡയിലെ വിവിധ ഏജന്‍സികളില്‍ നിന്ന് മലബാര്‍ കാന്‍സര്‍ സെന്ററിന് 98കോടി രൂപയുടെ ധനസഹായം സംഘടിപ്പിച്ചു നല്‍കാം എന്ന് ലാവ്‌ലിന്‍സമ്മതിക്കുന്നത്. വൈദ്യുതി മന്ത്രിയായിരുന്ന ശ്രീ. ജി. കാര്‍ത്തികേയന്‍ യു.ഡി.എഫ് ഭരണ കാലത്ത് കരാര്‍ വെയ്ക്കുമ്പോള്‍ ഇല്ലാതിരുന്ന ഇത്തരമൊരു വാഗ്ദാനം ഉണ്ടാകുന്നതിന് കാരണമായത് ശ്രീ പിണറായി വിജയന്റെ ശക്തമായ ഇടപെടലാണ്. യു.ഡി.എഫ് കാലത്ത് 157 കോടി രൂപ ഉപകരണ വിലയും 24 കോടി രൂപ കണ്‍സള്‍ട്ടന്‍സി ഫീസും നിശ്ചയിച്ച കരാറിന്റെ തുടര്‍ച്ചയായി 46 കോടി രൂപ സാമൂഹ്യാവശ്യങ്ങള്‍ക്കുള്ള ഗ്രാന്റ് സംഘടിപ്പിച്ചു തരാമെന്ന വാഗ്ദാനമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ശ്രീ പിണറായി വിജയന്റെ ഇടപെടലിനുശേഷം ഉപകരണ വില 131കോടി രൂപയും കണ്‍സള്‍ട്ടന്‍സി ഫീസ് 17 കോടി രൂപയായും കുറയ്ക്കാനായതിന് പുറമേ 98 കോടി രൂപയുടെ ധനസഹായം കാന്‍സര്‍ സെന്ററിന് ലഭ്യമാക്കുമെന്നും ധാരണയായി. കാന്‍സര്‍ സെന്ററിന് ഇങ്ങിനെ ഗ്രാന്റ് കിട്ടാന്‍ നടപടിയെടുത്തതിനേയും അഴിമതിയാണെന്ന നിലയിലാണ് പിന്നീട് വിശേഷിപ്പിക്കപ്പെട്ടത്. ആകെ 148 കോടി രൂപയുടെ കരാറില്‍ 98കോടി രൂപയുടെ കമ്മീഷന്‍ എന്നൊക്കെ പറയുന്നതില്‍ യതൊരു യുക്തിക്കുറവും തോന്നിയില്ല എന്നതാണ് ഇക്കാര്യത്തിലെ വലിയ തമാശകളില്‍ ഒന്ന്.
ഇന്ത്യ ആണവ പരീക്ഷണം നടത്തിയതും അതിനെത്തുടര്‍ന്ന് ഇന്ത്യക്ക് ധനസഹായം നല്‍കുന്നതില്‍ നിന്ന് വികസിത രാജ്യങ്ങളിലെ ഏജന്‍സികള്‍ പിന്നോക്കം പോയതും കാന്‍സര്‍ സെന്ററിന് ധനസഹായം കിട്ടുന്നതിന് തടസ്സം സൃഷ്ടിച്ചു. എന്നിട്ടും 12കോടിയോളം രൂപ മലബാര്‍ കാന്‍സര്‍ സെന്ററി ന് ധനസഹായമായി ലഭിക്കുകയുണ്ടായി. മാത്രമല്ല ആഗോള തലത്തില്‍ ഇത്തരത്തില്‍ ഒരു വിലക്ക് നിലനിന്ന സാഹചര്യത്തിലും 2002 മാര്‍ച്ച് വരെ കാന്‍സര്‍ സെന്ററിന് ധനസഹായം ലഭ്യമാക്കുമെന്ന ധാരണാപത്രം നിലനിര്‍ത്തിപ്പോരുകയും ചെയ്തു. 2001 ല്‍ വീണ്ടും അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ 2002 മാര്‍ച്ചിന് ശേഷം ഈ ധാരണാപത്രം പുതുക്കിയില്ല. അങ്ങിനെ കാന്‍സര്‍ സെന്ററിന് ധനസഹായം നേടി നല്‍കുകയെന്ന ബാദ്ധ്യതയില്‍ നിന്ന് ലാവ്‌ലിന്‍കമ്പനി മുക്തമാക്കപ്പെട്ടു. ഇതില്‍ അഴിമതി ആരോപിച്ച ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ലാവ്‌ലിന്‍ കമ്പനിക്ക് കരാര്‍ പ്രകാരമുള്ള പ്രതിഫലം പൂര്‍ണ്ണമായും നല്‍കുകയും ചെയ്തു. ഇക്കാലത്ത് ശ്രീ കടവൂര്‍ ശിവദാസനും ശ്രീ ആര്യാടന്‍ മുഹമ്മദും കേരളത്തിലെ വൈദ്യുതി മന്ത്രിമാരായിരുന്നു. ധാരണാപത്രത്തെക്കുറിച്ച് ചര്‍ച്ച തുടങ്ങിവെച്ച കാലത്തെ വൈദ്യുതി മന്ത്രി ശ്രീ. സി.വി. പദ്മരാജന്‍, ധാരണാപത്രവും കരാറും ഒപ്പിട്ടകാലത്തെ വൈദ്യുതി മന്ത്രി ശ്രീ ജി. കാര്‍ത്തികേയന്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ സംബന്ധിച്ച ധാരണാപത്രം ലാപ്സാക്കിമാറ്റിയ കാലത്തെ വൈദ്യുതി മന്ത്രി ശ്രീ കടവൂര്‍ ശിവദാസന്‍ തുടങ്ങിയവരൊന്നും പ്രതികളാകാതെ ഇടക്കാലത്ത് കുറഞ്ഞ കാലം മാത്രം വൈദ്യുതി മന്ത്രിയാകുകയും കേരളത്തിന് ഒട്ടേറെ പ്രയോജനകരമായ ഇടപെടലുകള്‍ നടത്തുകയും ചെയ്ത ശ്രീ പിണറായി വിജയന്‍ മാത്രം പ്രതിയാകുകയും ചെയ്തു എന്നതു തന്നെയാണ് ലാവ്‌ലിന്‍അഴിമതി എന്ന വാക്കുപോലെത്തന്നെ ഈ കേസിലെ മറ്റൊരു തമാശ. എന്തായാലും ഈ തമാശ നീണ്ടു പോകാതെ മുഴുവന്‍ പ്രതികളും കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു.
ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല വിഷയങ്ങളിലും സമൂഹത്തിനു വേണ്ടി ഉത്തമ വിശ്വാസത്തോടെ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. അങ്ങിനെ തീരുമാനങ്ങളെടുക്കുന്നില്ലെങ്കില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടക്കില്ല. അതൊക്കെ പിന്നീട് രാഷ്ട്രീയതാല്‍പര്യങ്ങളോടെ കേസുകളായി മാറിയാല്‍ രാജ്യത്തിന്റെ ഗതിയെന്താകും. മന്ത്രിമാര്‍ മാത്രമല്ല പദ്ധതി നടത്തിപ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍മാരും തീരുമാനമൊന്നും എടുക്കാതാവും. ഈ അവസ്ഥ ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല. ഏതായാലും ലാവ്‌ലിന്‍കേസിന്റെ വിധി ഇക്കാര്യത്തില്‍ പുതൊയൊരു കീഴ്വഴക്കം സൃഷ്ടിച്ചിരിക്കുന്നു. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ മാത്രമല്ല ബോര്‍ഡ് ചെയര്‍മാനായിരുന്ന സിദ്ധാര്‍ത്ഥമേനോനടക്കമുള്ള ഉദ്യോഗസ്ഥന്‍മാരുടെ പേരിലുള്ള കള്ളക്കേസുകളും റദ്ദാക്കപ്പെട്ടിരിക്കുന്നു. എന്തായാലും കേരളത്തെ പ്രകാശമാനമാക്കിയ ഒരു കാലഘട്ടത്തെ വികൃതമായി ചിത്രീകരിക്കാനുള്ള ഒരു ശ്രമം അങ്ങിനെ പരാജയപ്പെട്ടിരിക്കുന്നു. നമുക്ക് ഇത് തികച്ചും സന്തോഷകരമാണ്. ഈ സന്തോഷം, കൂടുതല്‍ ഊര്‍ജ്ജസ്വലമായി വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്ക് കരുത്തുതരും എന്ന് പ്രതീക്ഷിക്കുകയാണ്.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3582
mod_vvisit_counterYesterday4115
mod_vvisit_counterThis Month88072
mod_vvisit_counterLast Month141147

Online Visitors: 108
IP: 54.80.247.119
,
Time: 18 : 51 : 32